ഒരു അടർന്ന് വീഴൽ
ഇതിലും മനോഹരമായി
വലിച്ചിഴക്കുവാനാകില്ലതന്നെ
എടുത്തുവെയ്ക്കുവാനാകില്ല പൂവിൽ
കൊള്ളില്ല ഒരിലക്കുമ്പിളിൽ
ആയതിനാൽ
കുതിർത്ത് മെടയും മുമ്പ്
ഒരു തുമ്പി പൂരിപ്പിച്ച് വിടും
അതിൻ്റെ വിട്ടുവിട്ടു പറക്കലിൽ
ചെന്ന് മുട്ടുന്നു
പിന്നേ തിരികേവരുന്നു
ഒരു കൊഴിഞ്ഞുവീഴലിൽ
ഋതു എടുത്തുവെച്ചതെല്ലാം പൂക്കളാവുന്ന പോലെ
വസന്തത്തിൻ്റെ മേൽവിലാസം
അവൾ വസന്തത്തിൻ്റെ മേൽവിലാസമുള്ള കത്തായിരുന്നു
എന്നും, എന്നാകിലും
ഒരു ഓലേഞ്ഞാലിക്കുരുവി
അടക്കിപ്പിടിക്കും അതിൻ്റെ ആത്മരഹസ്യം
അത് കാതിൽ പറഞ്ഞ പോലെ
കാറ്റിൻ്റെ ഓരോ അടരിലും
അതിൻ്റെ പാതിയുലച്ചിൽ
മഴ മെടയും തുരുമ്പുമണമുള്ള
ജലത്തിനോടാണ്
വാരിയിൽ നിന്നും ഇറ്റുവീഴും മുമ്പ് തോരുന്നതിൻ്റെ നോവിട്ടു വെച്ച
മൺകലത്തിൽ
അതിൻ്റെ അവസാനതുള്ളികളോട്
മഴയുടേയും ഓലയുടേയും തള്ളവിരൽക്കാലങ്ങൾ
കൃത്യമായിപ്പറഞ്ഞാൽ അമ്മജലം
കൊഴിഞ്ഞ് വീഴലുകൾ അവിടെ നിർത്തി
പൂക്കൾ ഇതളുകൾ
വിരിയലുകൾ ഞൊറിഞ്ഞുടുക്കുന്നു
അടർന്ന് വീഴലുകൾ അടക്കിപ്പിടിച്ച്
മണം പൊതിഞ്ഞെടുത്ത്
വെളുപ്പിൽ ഒരു മുല്ലപ്പൂ എടുക്കും ഭാരം,
അതിലും പതിയേ നിലത്തിടുന്നു
കുഞ്ഞുമഞ്ഞപ്പൂക്കളിൽ,
മഞ്ഞ്,
കാലവുമായി വെച്ച ഉടമ്പടിയിൽ
പുലരി ചാരിയിരിക്കുമ്പോഴും
അവധിയിൽ പ്രവേശിക്കുന്നില്ല
ആരുടേയും വിരലുകൾ
രാവിലെ വന്ന ആഴ്ച്ചപ്പതിപ്പിൽ
തൊട്ടുവായിച്ച കവിത
താൾ മറിക്കുമ്പോൾ
ഒരു കുമ്പിളിൽ പൂവ് നിലനിർത്തി
തണുവ് നിലനിർത്തി
കവിയുടെ പേര് പോലും നിലനിർത്തി
അതിലെ മഞ്ഞുതുള്ളി
തൊട്ടാവാടി ഇലകളിൽ തൊട്ടമാതിരി
ആരോ മടങ്ങുന്നു
അതിൻ്റെ താളുകളുടെ മടക്കമുള്ള
ആഴ്ച്ചപ്പതിപ്പുകൾ
അതും ഗൃഹാതുരത്തത്തിലേക്ക്
ഓരോ നാളുകളുടേയും താളുകളുടേയും
ഓളത്തിലേക്ക് മുങ്ങിനിവരുന്നു
കവിതയിലേക്ക് തന്നെ മടങ്ങുന്നു
മുദ്ര വെക്കുമോ
നൃത്തത്തിൻ്റെ ഒരു തുള്ളിയൂറും മഞ്ഞിൽ
ഒരു മോതിരത്തിലലിയും കല്ല്
അത് തൊട്ടെടുത്ത് വിരലിൽ വെക്കുമ്പോലെ തുമ്പികൾക്കുള്ള നിയമന ഉത്തരവിൻ്റെ ഭംഗി,
കൈ പറ്റുകയായിരുന്നു
കണ്ടിട്ടുണ്ടോ?
വീട് ഒരു പൂങ്കാവനമാവുന്ന പുലരികൾ
I G S എന്ന് രേഖപ്പെടുത്തിയ കവറിൽ
അതിൻ്റെ കനത്തിൽ പൊതിഞ്ഞ്
കാത്തിരിപ്പിൽ നനഞ്ഞ്
കടന്നുവരും കാക്കി നിറമുള്ള
കാപ്പിപ്പൂ മണമുള്ള നിയമന ഉത്തരവുകൾ
ഒരാൾ അയാളുടെ ആനന്ദമാകുന്നത്
പോലെ അതിലെ മേൽവിലാസം
അതിലെ പൊന്മാൻ ചുവടുകൾ
ഒരു ചെമ്പരത്തി പൂവിലേക്ക്
സ്ഥലം മാറി വന്ന പ്രഭാതം
കുരുവി, കുരുക്കുത്തിമുല്ലകളിൽ
അതിൻ്റെ ഒപ്പിട്ടുനിർത്തുന്നു
സ്ഥലംമാറിവന്ന കൊടൈക്കനാൽ,
പോലെ അരികിൽ അവൾ
ഒരു നിയമന ഉത്തരവാകും മഞ്ഞ്
കൈപ്പിയിട്ടുണ്ടാവുമോ മഞ്ഞിൻ്റെ ഭംഗി
എന്നെങ്കിലും പ്രണയം
മഞ്ഞിനേ നിയമിക്കുന്നു.
പുലരിയിൽ പൂക്കൾ,
ചാരിനിൽക്കുമ്പോലെ മഞ്ഞിൽ ചാരിനിൽക്കുന്നു.
Comments
Post a Comment