Skip to main content

കണ്ണീർ സംശ്ലേഷണം

ആദ്യം കിളിർത്തത് നാമ്പായിരുന്നു
കിളിർത്തുതീരും മുമ്പേ നിറമാർന്നിരുന്നു
ഋതുകാലം ഹരിതാഭമാകുംമുമ്പേ
സ്വന്തം ഞരമ്പുകൾ ഉറയ്ക്കുംമുമ്പേ
ഉടലിൽപടരുന്നു വൃദ്ധഞരമ്പുകൾ

മേനി ദിനങ്ങൾ പകുത്തെടുക്കുന്നു
കണ്ണീരിൽ കുതിരുന്നു  ഹരിത ഭംഗി
കൗമാരപൂമണം മാറുംമുമ്പേ
യവ്വനമോഹങ്ങൾ  കുറുകും മുമ്പേ
മേനിയിറുക്കുന്നു കറുത്തഞരമ്പുകൾ

ആരൊക്കെയോ ദൈവനാമം ജപിക്കുന്നു
മുഖചിത്രം കരിയിലനിറമായി മാറുന്നു
ആശ്ലേഷപാടുകൾ മായും മുമ്പേ
ചുംബനമുറിവുകൾ ഉണങ്ങുംമുമ്പേ
വയറിൽനിറയുന്നു കുഞ്ഞുഞരമ്പുകൾ

ഞെട്ടോന്നടർക്കുന്നു കാലം മെല്ലെ
മൊഴിയോന്നുചൊല്ലുന്നു തണ്ട്മെല്ലെ
കണ്ണുനീർ പോലും ഒന്നിറ്റും മുമ്പേ
കഥ എന്തെന്നോന്നു അറിയും മുമ്പേ
കൊഴിഞ്ഞുവീഴുന്നു സംശ്ലേഷണഞരമ്പുകൾ

Comments

  1. കഥകളൊന്നും അറിയുന്നീല
    അതിനും മുന്‍പെ കഥ കാര്യമാവുകയാണ്!

    ReplyDelete
    Replies
    1. അജിത്‌ ഭായ് സന്തോഷവും സമാധാനവും എല്ലാ ജീവജാലങ്ങൾക്കും പകുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം
      നന്ദി

      Delete

  2. ജീവിതപുസ്തകം വായിക്കാൻ അവർക്ക് അവസരം കിട്ടുന്നില്ല.അല്ലെങ്കിൽ ചിലർ അതിനനുവദിക്കുന്നില്ല.
    വളരെ നന്നായി എഴുതി.അഭിനന്ദനങ്ങൾ.

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സന്തോഷം സമാധാനം സുഖം എല്ലാവര്ക്കും ഒരുപോലെ കിട്ടാൻ പ്രാർത്ഥിക്കാം സൌഗന്ധികം നന്ദി

      Delete
  3. എല്ലാമനുഷ്യരിലും ഒരു ചെകുത്താനുണ്ടെന്ന് തോന്നിപ്പോകുന്നു.....

    ReplyDelete
    Replies
    1. ചെകുത്താന്റെ കാര്യം വില്ലൻ ആയിട്ടാണെങ്കിലും ചിലപ്പോൾ വഴി തെറ്റിയ ഒരു കുഞ്ഞാടാവും ചെകുത്താനും
      നന്ദി അനുരാജ്

      Delete
  4. മനുഷ്യന്റെ ഉള്ളിൽ നല്ലതും ചീത്തയും ഉണ്ട് (ദൈവവും പിശാചും). അവൻ ചിലപ്പോൾ ദൈവത്തെ അനുസരിക്കുന്നു, പലപ്പോഴും പിശാചിനെയും. പൈശാചിക ചിന്തകളും പ്രവര്ത്തികളും കൂടുമ്പോൾ, പാരമ്പര്യമായിത്തന്നെ, അനുഭവിക്കേണ്ടിവരുന്നു. പറയാൻ കാരണങ്ങൾ ഉണ്ടാകാം. ഈ വിധ ചിന്തകളിലെക്കാണ് ഈ വരികൾ എന്നെ എത്തിച്ചത്. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ പറഞ്ഞത് ശരി യാണ് നല്ലതും ചീത്തയും ചേര്ന്നതാണ് ലോകം
      മരണം ചീത്ത എന്ന് പറയാൻ കഴിയുമോ അസമയത്ത് ആണെങ്കിൽ പറയും അല്ല സമയത്ത് ആയാലും മരണം നമ്മൾക്ക് ഇപ്പോഴും മോശം ആയിട്ടല്ലേ കാണാൻ കഴിയാറുള്ളൂ. ആകര്ഷണ വികർഷണത്തിന്റെ ഇടയിലെ ഒരു സന്തുലനം തന്നെ അല്ലെ ഭൂമി പോലും
      നന്ദി ഡോക്ടർ ഡോക്ടറുടെ തത്വ ചിന്ത മനസ്സിന് ആശ്വാസം പകര്ന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!