Skip to main content

സ്വാതന്ത്ര്യത്തിനു ശേഷം

തോക്ക്;  പാറാവ്‌ നിൽക്കുന്ന ഇരുളിൽ
സ്വാതന്ത്ര്യം കുട പിടിച്ചു നനയാറുണ്ട്
കാഴ്ച ഇരുട്ടിൽ പിച്ചവെക്കുന്ന നാട്ടിൽ
കണ്ണീർ; കണ്ണട വയ്ക്കാറുണ്ട്
മഴക്കഞ്ഞിവെള്ളം  തിളയ്ക്കുന്ന തെരുവിൽ-
മഴവെള്ളം കുടിലുകൾ കുടിക്കാറുണ്ട്.
പരസ്യങ്ങൾ പ്പൂക്കുന്ന പാതയോരങ്ങളിൽ
കരിയിലപ്പൂക്കളം തീർക്കാറുണ്ട്,
വൈദ്യുതി മിന്നി മുറിയും  പുരകളിൽ
പുക; ചായം പുരട്ടും മുറികളുണ്ട്.
ഗോൾഫുകൾ ഉരുളുന്ന  മിനുങ്ങുന്ന പുല്ലിൽ
ഗോലികൾ മുട്ട് മടക്കാറുണ്ട്.
ക്രിക്കറ്റ്‌ പന്തുകൾ ഉരുളുന്ന വഴിയിൽ
കൊത്തങ്കല്ലാടാൻ മറക്കാറുണ്ട്.
വാക്ക്വം ക്ലീനെർ ഇഴയുന്ന തറകളിൽ
ചൂലുകൾ മൂലകൾ വാഴാറുണ്ട്.
സൂര്യൻ ഉദിച്ചു നില്ക്കുന്ന  പകലിൽ
വെളിച്ചം കടക്കാത്ത വാതിലുണ്ട്
എന്നോ ഉപേക്ഷിച്ച ജയിലിന്നറകളിൽ
ജനങ്ങൾ പരോളിലിറങ്ങാറുണ്ട്‌.
സ്വാതന്ത്ര്യക്കൊടിയേറ്റം നടക്കും മുഹൂർത്തങ്ങളിൽ
അടിമകളെ സ്വതന്ത്രർ എന്ന് ആട്ടാറുണ്ട്! 

Comments

  1. നമ്മള്‍ നേടിയെന്ന് പറയുന്നത് ..
    മനസ്സുകള്‍ ഇന്നും അടിമത്വത്തിന്റെ അഴികളിലാണ് ...
    കൂടെ പലതും മാറി, പലതും വന്നൂ
    അതിന്റെ കൂടെ മൂലയില്‍ ഒതുങ്ങിയതൊക്കെ
    പൊടി പിടിച്ചില്ലാണ്ടായി , കൂടെ ഇച്ചിരി നന്മകളും ..
    സ്വാതന്ത്ര്യത്തിന്റെ വര്‍ണ്ണപൊലിമകളില്‍
    നെഞ്ചില്‍ കൈവച്ചുറക്കേ " വന്ദേമാതരം " വിളിക്കുമ്പൊഴും ..
    പിന്നില്‍ ചിതറി പൊകുന്നത് പലതും കണ്ടില്ലെന്ന് നടിക്കാനേ കഴിയുന്നുള്ളു ..
    ഒരു എം കേ ലൈന്‍ ഉണ്ടേട്ടൊ .. ഇഷ്ടായി .

    ReplyDelete
    Replies
    1. ഉപയോഗിക്കും തോറും തിളക്കം കൂടുന്ന ഒരു സ്വർണം ആയെങ്കിൽ സ്വാതന്ത്ര്യം
      നന്ദിയുണ്ട് റിനി വാക്കുകളുടെ സ്നേഹത്തിനു ചിന്തകളുടെ ഐക്യ ധാർട്ട്യത്തിനു

      Delete
  2. ക്രിക്കറ്റ്‌ പന്തുകൾ ഉരുളുന്ന വഴിയിൽ
    കൊത്തങ്കല്ലാടാൻ മറക്കാറുണ്ട്.
    വാക്ക്വം ക്ലീനെർ ഇഴയുന്ന തറകളിൽ
    ചൂലുകൾ മൂലകൾ വാഴാറുണ്ട്.
    സൂര്യൻ ഉദിച്ചു നില്ക്കുന്ന പകലിൽ
    വെളിച്ചം കടക്കാത്ത വാതിലുണ്ട്


    നല്ല ചിന്തയുള്ള വരികൾ

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം വായനക്ക് അതിലുപരി സ്വന്തം അഭിപ്രായം കൂടി വരികളിൽ ചേർത്ത് തിരിച്ചെഴുത്തുകൾക്ക്

      Delete
  3. സ്വാതന്ത്ര്യത്തിനുശേഷം ചിലത് മരിച്ചു. ചിലത് ജനിച്ചു

    ReplyDelete
    Replies
    1. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ചവർ ജീവിച്ചിരിക്കണം
      എന്നും അവർ മാത്രമേ ജീവിച്ചിരിക്കൂ ജീവിച്ചിരിക്കാവൂ
      സ്വാതന്ത്ര്യം കിട്ടി ജീവിച്ചവർ അത് അനുഭവിക്കുന്നവർ
      അനുഭവിച്ചു കണ്ണടച്ച് സുഖിക്കുന്നവർ മരിച്ചു പോകും
      മരിച്ചു പോകണം
      നന്ദി അജിത്‌ ഭായ്

      Delete
  4. ഒരുപാടു ചിന്തകൾ ഉയർത്തുന്ന വരികൾ
    മനുഷ്യൻ ചിന്തിക്കുവാൻ പോലും സ്വാതന്ത്ര്യം ഇല്ലാതെ വഴി ഇടറുമ്പോൾ
    ഈ വരികൾ ചില തുറന്നെഴുത്തുകളുടെ നിയോഗം പേറുന്നു
    ആശംസകൾ

    ReplyDelete
    Replies
    1. വളരെ വളരെ നന്ദി സ്വാതന്ത്ര്യം ജനകീയമാകട്ടെ ഭരണകൂട സ്വാതന്ത്ര്യം ജനങ്ങളിലേക്ക് പരക്കട്ടെ. ജനം ഭരണത്തിന് ശക്തി പകരട്ടെ. സ്വാതന്ത്ര്യം കിട്ടി 67 വര്ഷം കഴിഞ്ഞിട്ടും ഭരണകൂടത്തിന്റെ സുബ്സിടി കിട്ടി ജനം ജീവിക്കേണ്ട അവസ്ഥ. ഭരണത്തിന്റെ ശക്തിയിൽ കരുണയിൽ ജനം ജീവിക്കേണ്ട അവസ്ഥ അത് മാറാതെ സ്വാതന്ത്ര്യം നിരർഥകം അല്ലെ?
      വളരെ നന്ദി ഭായ് വായനക്ക് അഭിപ്രായത്തിനു

      Delete
  5. സ്വാതന്ത്ര്യത്തിന് ചിലപ്പോള്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടിവരും.....

    ReplyDelete
    Replies
    1. അത് എല്ലാവര്ക്കും ഒരുപോലെ വേണം അതാണല്ലോ സ്വാതന്ത്ര്യം നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.