Sunday, 8 September 2013

സ്വർഗ്ഗസ്ഥൻ

സ്വർഗത്തിന് തൊട്ടടുത്തെത്തിയിട്ടും സ്വർഗ്ഗത്തിന്റെ വാതിൽ തേടി നടക്കുകയായിരുന്നു  സ്വർഗ്ഗസ്ഥൻ.. വലതു കാൽ വച്ച് അകത്തു കടക്കാൻ. ഇനിയിപ്പോൾ ഇടതു കാൽ വച്ച് കേറി സ്വര്ഗസ്ഥ ജീവിതം ആയാലും മോശം ആക്കണ്ടല്ലോ! വിശ്വാസം അല്ലെ എല്ലാം? അയാൾ ഓർത്തു.
സ്വർഗ്ഗത്തിലെ ചിട്ടവട്ടങ്ങൾ ഒന്നും അറിയില്ല. പുതുതായി എത്തുന്ന എല്ലായിടത്തും ആദ്യം കാത്തിരിക്കുന്ന ഒരു അവഗണന അയാൾ അവിടെയും പ്രതീക്ഷിച്ചിരുന്നു. എന്നാലും  ഇവിടിപ്പോൾ അവഗണന പോയിട്ട് എന്തെങ്കിലും ഒന്ന് ചോദിയ്ക്കാൻ പോലും ഒരു ജീവിയെ  എങ്ങും കാണുന്നില്ല..  പലതവണ കറങ്ങിയിട്ടും ആളനക്കം തോന്നാതിരുന്ന  സ്വർഗത്തിന്റെ   വാതിൽ മാത്രം കണ്ടില്ല. എന്നാൽ പിന്നെ ജനലുണ്ടാവുമോ? അതായി അടുത്ത നോട്ടം.. ഭാഗ്യം അവസാനം അത് കണ്ടു പിടിച്ചു! തുറന്നിട്ടിരിക്കുന്ന ഒരു കൊച്ചു ജനൽ! അതിലൂടെ ഊർന്നിറങ്ങുമ്പോഴും കൂർത്ത എന്തൊക്കെയോ തറച്ചു കേറുമ്പോഴും വേദനിച്ചില്ല. സ്വർഗ്ഗത്തിൽ ഇല്ലാത്തതാണല്ലോ വേദന! അത് പിന്നെയാണ് ഓർമ വന്നത് .
അകത്തു കടന്നപ്പോൾ പിന്നെയും ശങ്ക ബാക്കി ആയി..
ചെയ്തത് ശരിയായോ? ഒരു ജനൽ വഴി കടക്കുന്നത്‌ ചോരനല്ലേ?
മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങി. ചെയ്തത് ശരി ആയോ? പിടിക്കപ്പെട്ടാൽ? കുറ്റം തെളിയിക്കപ്പെട്ടാൽ! സ്വർഗ്ഗം നിഷേധിക്കപ്പെടുമോ? ഒരു ജന്മം സഹിച്ചതും ക്ഷമിച്ചതും ദാനം നല്കിയതും വൃതാനുഷ്ടാനങ്ങൾ മുറ പോലെ ചെയ്തതും, വിശ്വസിച്ചതും, എല്ലാം വെറുതെയാകില്ലേ?
"വേവുവോളം ക്ഷമിക്കാം എങ്കിൽ ആറുവോളം കൂടി ക്ഷമിക്കണം" എന്നല്ലേ ചൊല്ല് പോലും!
ഒന്നും മോഷ്ടിക്കാതെ മോഷ്ടാവിനെ പോലെ ജീവിക്കേണ്ടി വരിക! മോഷ്ടിച്ചിട്ടാണെങ്കിൽ സമ്മതിക്കാം  കള്ളനാകാം, ഇത് അകത്തു കടന്നു എന്നത് ശരി തന്നെ! പക്ഷെ ഒന്നും മോഷ്ടിച്ചിട്ടില്ല... എന്നിട്ടും കുറ്റബോധം... കള്ളാ.. എന്നാരോ വിളിക്കുമ്പോലെ!
എന്നാൽ തിരിച്ചിറങ്ങാം..  
 തിരിച്ചിറങ്ങി നേരായ വഴിയിലൂടെ അകത്തു കയറാം..
സ്വര്ഗത്തിന്റെ വാതിൽ വരെ എത്തിയിട്ട് ഒരു നിസ്സാര് തെറ്റ് കാണിച്ചിട്ട് നരകത്തിലേക്ക് പോകേണ്ടി വരുന്നത് കഷ്ടമല്ലേ?
കേറിയതിനെക്കാൾ കഷ്ടപ്പെട്ടു അയാൾ തിരിച്ചിറങ്ങി..
ഹോ ആശ്വാസം സ്വര്ഗത്ത്‌ കേറിയില്ലെങ്കിലും സാരമില്ല ഇപ്പൊ മനസമാധാനം ഉണ്ട് ..അയാൾ വിചാരിച്ചു.
എത്ര അലഞ്ഞു എന്ന് ഓർമയില്ല! പക്ഷെ ഹോ ആശ്വാസം അതാ.. ആരോ ഒരാൾ...
കുറച്ചകലെയാണ് കാലുകൾ തളർന്നിരുന്നു.. ക്ഷീണം കാരണം.. പക്ഷെ ഇപ്പോൾ അയാൾ അക്ഷരാർത്ഥത്തിൽ പായുകയായിരുന്നു കുറച്ചകലെ കണ്ട ആളുടെ അടുത്തേക്ക് ..

സുഹൃത്തേ...
ശബ്ദം പുറത്തു വന്നില്ല എങ്കിൽ കൂടി അപരൻ കേട്ട പോലെ തോന്നി. അപരിചിതൻ തിരിഞ്ഞു നിന്നു. സ്വർഗസ്ഥൻ നോക്കി... കണ്ടു ഒരു പരിചയവും ഇല്ല തീര്ത്തും അപരിചിതൻ തന്നെ!

എന്താ വിളിച്ചത്? ചോദിച്ചത് അപരിചിതൻ ആയിരുന്നു

ഒരു കാര്യം അറിയാനായിരുന്നു.. സ്വർഗസ്ഥൻ വിനയാന്വീതനായി..
അത് പറയാം പക്ഷെ താങ്കൾ എന്താ വിളിച്ചത്? അത് ആദ്യം പറയൂ ....
അപരിചിതന്റെ സ്വരം കടുത്തു

അത്... അത്... സുഹൃത്തെന്നു ... സ്വർഗസ്ഥൻ ഒന്ന് പരിഭ്രമിച്ചു...

ഉടനെ അപരിചിതന്റെ സ്വരം പൊങ്ങി ഇത് സ്വര്ഗം ആണെന്നറിയില്ലേ?
ഇവിടെ ഒരു വിധത്തിലുള്ള കള്ളവും അനുവദനീയമല്ല..

സ്വർഗസ്ഥൻ ഇടയ്ക്കു കയറി പറയാൻ തുടങ്ങുന്നതിനു മുമ്പ് അപരിചിതൻ ചോദിച്ചു
ഞാൻ നിങ്ങളുടെ സുഹൃത്തോ?
സ്വർഗസ്തനു കാര്യം പിടികിട്ടി പറഞ്ഞത് തെറ്റാണു. പക്ഷെ ഒരു അപരിചിതനെ സുഹൃത്തേ എന്ന് വിളിക്കുന്നത്‌ ഇത്ര വല്യപാപമോ?
സ്വർഗത്തിലാണ്  ഇവിടെയും; ഇനിയും വിചാരണയോ?.. സ്വർഗസ്ഥൻ ആലോചിച്ചു നിൽക്കുമ്പോൾ  അപരിചിതൻ മുന്നോട്ടു നടന്നു തുടങ്ങി..

നില്കൂ.... പറയട്ടെ ..സ്വർഗസ്ഥൻ പിറകെ കൂടി.
ഒരു അബദ്ധം പറ്റിയതാണ് ക്ഷമിക്കണം.. ഇത് താങ്കൾ പുറത്തു പറയരുത്.
താങ്കൾ ആരാണെന്നു എനിക്കറിയില്ല പക്ഷെ ഈ പറഞ്ഞതിലെ ഒരു ചെറിയ തെറ്റ് ഞാൻ മനസ്സിലാക്കുന്നു. ഇതും... ഇത് പോലുള്ള മറ്റു തെറ്റുകളും ഒഴിവാക്കുവാൻ എന്തെങ്കിലും പോംവഴി യുണ്ടോ?
അപരിചിതൻ തിരിഞ്ഞു നിന്നു. 
ഓ പുതിയ ആളാണല്ലേ? നോക്കൂ.. ആദ്യത്തെ തെറ്റ് നിങ്ങളുടെ ഇവിടുത്തെ രേഖകളിൽ അടയാളപ്പെടുത്തിക്കഴിഞ്ഞു. രണ്ടാമത്തെ ചോദ്യം അതിലും ഗുരുതരമാണ്. എന്തെങ്കിലും പോംവഴി എന്നുള്ള വാക്കിൽ നിങ്ങൾ ഉദ്ദേശിച്ചത് ഏതു മാർഗത്തിലൂടെയും എന്നുള്ളതാണ്! അത് ഇവിടെ ഗുരുതര പിഴവാണ്..ഒരു തെറ്റിനെ മറു തെറ്റ് കൊണ്ട് നേരിടുന്ന ഭൂമിയിലെ കളി ഇവിടെ നടക്കില്ല. ഒരു കാര്യം പറയാം.. നിങ്ങൾ നിരീക്ഷണത്തിലാണ്! നിങ്ങളുടെ ഓരോ പ്രവർത്തിയും വാക്കും ഇവിടെ രേഖപ്പെടുത്തുന്നുണ്ടാവും.. പിന്നെ പുതിയ ആളെന്നുള്ള  നിലയ്ക്ക് ഒരു പൊതു പരിഹാരം ഞാൻ പറഞ്ഞു തരാം..
സ്വര്ഗസ്തന്റെ കണ്ണുകൾ വിടർന്നു
പറയൂ എന്താണത്?.. എന്താണാ പരിഹാരം? സ്വർഗസ്ഥൻ അറിയാതെ ഒരടി മുന്നോട്ടു നടന്നു ആവേശം കാരണം!
അത്.. ആ നില്ക്കുന്ന മരം കണ്ടോ? അതിൽ സൂക്ഷിച്ചു നോക്കൂ  ഇനി നാലു ഇലകൾ കൂടിയേ കൊഴിയാൻ ബാക്കി ഉള്ളൂ. അത് കൊഴിഞ്ഞു വീഴുന്നതിനു മുമ്പ് ഭൂമിയിലെ കാര്യങ്ങൾ എല്ലാം ... 
ആ വാചകം മുഴുമിക്കുന്നതിനു മുമ്പ് ഒരില കൂടി മരത്തിൽ നിന്നു കൊഴിഞ്ഞു വീണു..
അത് കണ്ടു അയാൾ പറഞ്ഞത് വീണ്ടും ആവർത്തിച്ചു
ആ മരത്തിൽ നില്ക്കുന്ന മൂന്നില കൊഴിയുന്നതിനു മുമ്പ് ഭൂമിയിലെ മുഴുവൻ കാര്യങ്ങളും നിങ്ങൾ മറക്കണം!

സ്വർഗസ്ഥൻ ഞെട്ടി തന്റെ മുമ്പിലാണ് ഒരില കൊഴിഞ്ഞു വീണത്‌ അക്കണക്കിന് ഇനി ഈ മൂന്നില വീഴാൻ ഏതാനും നിമിഷം മതി! അതിനു മുമ്പ് ഭൂമിയിലെ എല്ലാ കാര്യവും മറക്കണം എന്ന് പറഞ്ഞാൽ പറയാൻ പറ്റുമെങ്കിലും മറക്കാൻ പറ്റില്ല.. മറക്കാനുള്ള സമയവും ഇല്ല. ഇനി മറക്കാൻ കഴിയാതിരുന്നാൽ ഉണ്ടായേക്കാവുന്ന എന്ത് വിപത്താണ് തന്നെ കാത്തിരിക്കുന്നതെന്നുള്ള പേടി യോടെ സ്വർഗസ്ഥൻ പറഞ്ഞു.
നോക്കൂ ഞാൻ ഒരുവിധം എല്ലാ കാര്യങ്ങളും മറന്നു കഴിഞ്ഞു എന്റെ പേര് പോലും ഇപ്പോൾ ഞാൻ ഓർക്കുന്നില്ല.. 
അതിരിക്കട്ടെ എന്തെ ഈ വിരളിലെണ്ണാവുന്ന ഇലകൾ മാത്രം ഈ പടുമരത്തിൽ?
അപരിചിതൻ കുറച്ചു തണുത്തത്‌ പോലെ തോന്നി.. അയാൾ പറഞ്ഞു തുടങ്ങി..
അതോ ഇവിടെ സ്വർഗത്തിൽ അഞ്ചു വരെയുള്ള അക്കങ്ങളെ കണ്ടു പിടിച്ചിട്ടുള്ളൂ.. അതിനപ്പുറം ഇവിടെ അക്കങ്ങൾ ഇല്ല!
എന്തോ പ്രകാശം പതിച്ച മാതിരി സ്വർഗസ്തന്റെ മുഖം തിളങ്ങി..
അതെയോ?... എങ്കിൽ എനിക്ക് ഒന്ന് മുതൽ 9 വരെയുള്ള അക്കങ്ങൾ അറിയാം.. പിന്നെ പൂജ്യവും അത് എനിക്ക് ഇവിടെ പരിചയപ്പെടുത്തുവാൻ കഴിയും.
എന്തോ മഹാകാര്യം പറഞ്ഞ പോലെ നിന്ന സ്വർഗസ്തനോട് അപരിചിതൻ പറഞ്ഞു..

നോക്കൂ നിങ്ങൾ ഇപ്പോഴും ഭൂമിയിലെ കാര്യങ്ങൾ മറന്നിട്ടില്ല...

പിന്നെ ഇവിടെ അഞ്ചുകഴിഞ്ഞു ഒരു സംഖ്യയുടെ ആവശ്യം ഇല്ല. അഞ്ചു വര്ഷം എന്ന് പറയുന്നത് ഇവിടെ പുതുതായി സ്വർഗത്തിലേക്ക് വരുന്നവര്ക്ക് സ്വർഗ്ഗ വാതിൽ  കാണപ്പെടുവാൻ വേണ്ടി കാത്തിരിക്കേണ്ടി  വരുന്ന പരമാവധി കാലാവധിയാണ്. അത് വേണ്ടി വരുന്നത്; ഭുമിയിൽ ജനാധിപത്യം ഉള്ള രാജ്യങ്ങളിൽ നിന്നു വോട്ട് ചെയ്തിട്ട് അവർ വോട്ട് ചെയ്ത സ്ഥാനാർഥി അല്ലെങ്കിൽ മുന്നണിയോ പാർട്ടിയോ ജയിക്കുകയും അവർ ഭരണത്തിൽ എത്തുകയും  പക്ഷെ ഭരണത്തിന്റെ കാലാവധി കഴിയുന്നതിനു മുമ്പ് വോട്ട് ചെയ്ത വ്യക്തി മരിച്ചു സ്വർഗത്തു  വരുകയും ചെയ്യുന്നവർക്കാണ്‌.
അതിനു കാരണം സമ്മതിദാനം എന്ന വോട്ട് അവകാശം മുൻ‌കൂർ ആയി ജനങ്ങൾ ഭരണാധികാരികൾക്ക് സദ്ഭരണം കാഴ്ച്ചവെയ്ക്കുവാൻ കൊടുക്കുന്ന ഒരു അവസരം ആണ്.
അത് ഒരു വിശ്വാസം ആണ്, ആ വിശ്വാസം ഭരിക്കുന്നവർ പാലിച്ചില്ലെങ്കിൽ അവരെ തിരഞ്ഞെടുത്തതിനുള്ള പാപഭാരവും തെറ്റും പേറുക എന്നുള്ളത്  വോട്ട് ചെയ്ത ഓരോ സമ്മതിദായകന്റെയും ബാധ്യതയാണ്...ആരെങ്കിലും വോട്ട് രേഖപ്പെടുത്തുകയും അതിനു ശേഷം അവർ വോട്ട് ചെയ്ത സ്ഥാനാർഥി ജയിച്ചു ഭരിക്കുന്ന മുന്നണിയുടെ ഭാഗവും ആയാൽ.. ചെയ്താൽ ഭരണം പൂർത്തിയാക്കുന്നതിനു മുമ്പ് വോട്ട് ചെയ്ത വ്യക്തി മരണപെട്ടാൽ അയാൾ സ്വർഗത്തു   വരാൻ കർമം കൊണ്ടോ പ്രവർത്തി കൊണ്ടോ യോഗ്യനാണെങ്കിൽ അയാൾ വോട്ട് ചെയ്തു വിജയിപ്പിച്ച ഭരണ കൂടം ജനോപകാരപ്രദം ആയ ഭരണം അല്ല  കാഴ്ച്ചവെയ്ക്കുന്നതെങ്കിൽ അയാൾക്ക്‌ മുമ്പിൽ സ്വർഗവാതിൽ പ്രത്യക്ഷപെടുകയില്ല. അയാൾ ഈ മരത്തിലെ ഇല കൊഴിയുന്നത് വരെ കാത്തിരിക്കുകയോ അല്ലെങ്കിൽ ഭൂമിയിലെ ഭരണം മാറുകയോ താഴെവീഴുകയോ ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടി വരും.  ഇത് വോട്ട് ചെയ്തത് കൊണ്ട് ജയിച്ച ഭരിക്കുന്ന സ്ഥാനാർത്തിക്ക് വോട്ട് ചെയ്ത ആൾക്കാർക്ക് മാത്രം ബാധകം ആയ ഒരു വ്യവസ്ഥയാണ്‌.  ഇത് പോലുള്ള വലുതും ചെറുതുമായ പല തരം മരങ്ങൾ വിവിധ രാജ്യങ്ങളുടെ പതാകയുടെ നിറം ഉള്ളതും അല്ലാത്തതുമായ ഇലകളോട് കൂടി ഇവിടെ പലസ്ഥലങ്ങളിലും കാണാം. ഒരു പഞ്ചായത്ത് ഭരണം ആയാലും അതിനു ഇവിടെ ഒരു കുറ്റി ചെടി എങ്കിലും കാണും. കാരണം ഭൂമിയിലെ കാര്യം മറക്കാൻ ആര്ക്കും സാധിക്കില്ല എന്ന് ഈ നിയമം ഉണ്ടാക്കിയ സ്വര്ഗത്തിലെ ഭരണാധികാരികൾക്ക് നന്നായി അറിയാം. അതുകൊണ്ട് അവർക്ക് കാത്തിരിക്കുകയെ നിവർത്തിയുള്ളൂ
പിന്നെ ആ മരത്തിലെ ഇലയും നിങ്ങൾ പേടിക്കുന്നത് പോലെ ഇപ്പൊ ഒരില കൊഴിഞ്ഞു എന്ന് കരുതി ഉടൻ കൊഴിഞ്ഞു തീരില്ല അത് കൊഴിഞ്ഞു തീരാൻ ഓരോ ഇലയ്ക്കും ഓരോ വര്ഷം എടുക്കും.അല്ലെങ്കിൽ ആ രാജ്യത്തെ തിരഞ്ഞെടുത്ത ഭരണം കാലാവധി തീരുന്നതിനു മുമ്പ് താഴെ വീഴുകയാണെങ്കിൽ   ഇതിലെ ബാക്കിയുള്ള ഇലയോ ഇലകളോ അപ്പോൾ തന്നെ ഒരുമിച്ചു അടര്ന്നു വീഴുകയും ചെയ്യും..

അത് കേട്ട് സ്വർഗസ്ഥൻ ബോധം കെട്ടു  മരം പോലെ നിലത്തു വീണു. തിരിഞ്ഞു പോലും നോക്കാതെ അപരിചിതൻ മുമ്പോട്ടു നടന്നു ...

4 comments:

 1. ഇത് കേട്ടാല്‍ ആരായാലും ബോധം കെട്ടുപോവൂലേ

  ReplyDelete
 2. ഞാന്‍ ബോധം കെട്ടിട്ട്, പേടികൊണ്ടു വീണ്ടും ഞെട്ടി എഴുന്നേറ്റു...

  ReplyDelete
  Replies
  1. അത് കാര്യം ആയി അല്ലെങ്കിൽ 108 ആംബുലൻസ് വിളിക്കണോ ലോഡിംഗ് കാരെ വിളിക്കണോ ചുമന്നു മാറ്റാൻ എന്ന് ഞാൻ വെറുതെ ടെൻഷൻ അടിച്ചു എന്റെ ബോധം പോയേനെ
   ഏതായാലും സെന്സേ ഓഫ് ഹുമർ ഉള്ള ഒരു അഭിപ്രായത്തിനു വായനക്കും ആസ്വാദനത്തിനു നന്ദി

   Delete