Skip to main content

പുലരി പത്രം

ഒരിക്കലുംമുടങ്ങാത്തദിനപ്പത്രംപോലെ   പകലിന്റെ മുറ്റത്തുവന്നുവീഴുന്നു അച്ചടിച്ചരാത്രിയിൽഉണർന്നു  ക്ഷൗരംചെയ്തുമുറിഞ്ഞ നിണം ഒഴുകുന്ന പുലരികൾ
ഉറക്കച്ചടവിൽകണ്ണുപിടിക്കാതെ   വന്നപുലരിയുടെ മുഖത്തേക്ക്പോലും നോക്കാതെ പൗഡറിട്ട്പോകാനിറങ്ങുന്നു  കാലിടറുന്ന നരച്ച വൃദ്ധരാവുകൾ
ചെയ്തയാത്രയുടെ ക്ഷീണംതീർക്കാൻ മുന്നിലെമുറിയിൽകടന്നിരുന്നു  പകൽവെളിച്ചത്തിന്  തിരികൊളുത്തുന്നു വെറുംചായകുടിച്ച പുലരി

ഇന്നലത്തെഎന്തോഎടുക്കാൻ വെച്ച്മറന്നപോലെ പ്രഭാതത്തിൽ
തിരിഞ്ഞുനടക്കുന്നു പ്രായംതുളുമ്പുന്ന പ്രണയമേദസ്സും
മണിക്കൂറുകൾക്കിടയിൽ അട വയ്ക്കുന്നു സ്വർണംനിറച്ച കോണ്‍ക്രീറ്റ്മുട്ടകൾ വിരിഞ്ഞിറങ്ങുന്നു  ഉപയോഗശൂന്യപ്രണയമാലിന്യങ്ങൾ
വാർത്തകൾ പോലെനിറയുന്നു മുന്നിൽ പൂവിന്റെനിറമാർന്നപരസ്യങ്ങളും പിന്നിൽ അഴുകുന്നകരിയിലപോലുള്ള ജീവിതവും

ഫ്ലെക്സ് ചെയ്തുറപ്പിച്ച പരസ്യങ്ങൾക്കിടയിൽ  വെട്ടിവളച്ചുഒതുക്കുന്നു മരങ്ങൾ എന്തോ ഒളിക്കുന്ന വാർത്തകൾ പോലെ
തെരുവിന്റെ ഓരങ്ങളിൽ പരസ്യമെഴുതുന്നു മരണകോളംതുറന്നിട്ട അത്മവിദ്യാലയത്തിന്റെ ശവപ്പെട്ടികോട്ടകൾ
ഉച്ചയാകുമ്പോൾകാണാം പലനിറമുള്ളനിഴലുകളും അതിന്റെ തണലിൽ പൊള്ളുന്ന വർണമില്ലാത്തമനുഷരെയും

പുറത്തിടുന്നതെന്തും ഉണക്കാൻവിധിക്കപ്പെടുന്ന വെയിലിനെപോലെ
കാണുന്നതെന്തുംവായിക്കാൻനോക്കുന്ന വിളറിവെളുത്തകണ്ണുകളും
ആരുടെയും നോട്ടത്തിനു കാത്തുനില്ക്കാതെ  മായുന്നു ഒച്ചുകൾഇഴഞ്ഞ കണ്ണുനീർപാടും നിഴലുകൾപോലെ ചുരുങ്ങുന്നഉച്ചയും
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ  എഡിറ്റോറിയൽഎഴുതി ഉച്ചയൂണ് നോട്ടുകെട്ടിൽപൊതിഞ്ഞ്  അന്നത്തെപുലരിയും ഉച്ചയിലേക്ക് നാടുനീങ്ങി

Comments

  1. നല്ല ഭാവന.
    പുലരി വരും പോകും. എന്നിരിക്കിലും, ''പുലരിപ്പൊൻ വെട്ടം'' കടന്നു വരുമ്പോൾ, വീണ്ടും ഒരു തുടക്കം. സ്വയം തോന്നിയാലും ഇല്ലെങ്കിലും, മറ്റുള്ളവർ ഒര്മ്മപ്പെടുത്തും / മറ്റുള്ളവരെ ഓർമ്മപ്പെടുത്തണം - ആശംസകൾ.... സുപ്രഭാതം, ഗുഡ് മോർണിംഗ്......

    ReplyDelete
    Replies
    1. ശരിയാണ് ഡോക്ടർ ശുഭദിനം നേരുന്നു നന്ദിയും ആശംസകളും

      Delete
  2. പുറത്തിടുന്നതെന്തും ഉണക്കാൻവിധിക്കപ്പെടുന്ന വെയിലിനെപോലെ
    കാണുന്നതെന്തുംവായിക്കാൻനോക്കുന്ന വിളറിവെളുത്തകണ്ണുകൾ

    അതു കൊള്ളാം. നല്ല ഉപമ തന്നെ.വാർത്തകൾ വെറും ഉപചാര വായനയ്ക്കായൊതുക്കപ്പെടുന്നു.കച്ചവടം പ്രമോട്ട് ചെയ്യപ്പെടുന്നു. നവ മാധ്യമ സംസ്ക്കാരം. അല്ലേ ഭായ്.കവിത വളരെയിഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം പത്രങ്ങൾ മാധ്യമങ്ങൾ മതങ്ങൾ പാർട്ടികൾ വ്യവസായ ഭീമൻ മാർ കയ്യടക്കുമ്പോൾ ജനത്തിന് ഇന്ന് ഒരു പത്രം ഉണ്ടോ മാധ്യമം ഉണ്ടോ
      സൌഗന്ധികം പറഞ്ഞത് വളരെ ശരിയാണ് നന്ദി

      Delete
  3. വര്‍ത്തമാനപ്പത്രം
    വര്‍ദ്ധമാന’പ്പത്രം

    ReplyDelete
    Replies
    1. അതെ അജിത്ഭായ് ഞാൻ പല വരികൾ എടുത്തിട്ടും പ്രകടിപ്പിക്കാൻ കഴിയാതിരുന്ന സത്യം രണ്ടു വാക്കുകളിൽ അജിത്‌ ഭായ് വരച്ചിട്ടു
      വളരെ സന്തോഷം നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ