Skip to main content

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ്
മേഘം ഒരു മേശവിരിയാകുന്നിടത്ത്
കാത്തിരിപ്പുകൾക്ക് കുരുവികൾ
എന്ന് പേരിട്ട്
അവ കൊത്തിത്തിന്നതിൻ്റെ 
ബാക്കിക്ക്
തീയതികൾ എന്നും

എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി
അവ പേരാവുന്നില്ല
എന്നാലും

ഒരു ജാലകവിരി നേർപ്പിക്കുവാൻ
കാലമെടുക്കുന്ന സമയം
എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു

മാറിലെ താലി പോലെ
തീയതികൾ മാറിക്കിടക്കും
കലണ്ടർ
കലണ്ടറിലെ താളിളക്കങ്ങൾ

എഴുതിപ്പോയേക്കാവുന്ന
കവിതകളുടെ തടവിൽ കിടക്കുന്നു
ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന
വാക്കുകളിൽ മുഖം പൊത്തുന്നു

അകലങ്ങൾ ചുരുണ്ടുകിടക്കുന്ന
ആകാശത്തോട് കൂടുതൽ ചേർന്ന് 

വേനൽച്ചൂരുള്ളവളേ
വരണ്ട് കിടക്കുന്ന കാടിന്
കാട്ടുതീ പിടിക്കും മുമ്പ് 
കിതക്കുവാൻ
ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ

നഖമുള്ള ജലത്തിനെ
വിരൽ എന്ന് വിളിക്കുവാൻ അവൾ
നിർബന്ധിക്കുന്നത് പോലെ
തൊടുന്നു

അനുഗമിക്കുന്നവരുടെ
പിൻവലിക്കുന്നിടത്തെ ഉടലിൽ
തുടരുന്നു

പിൻ കഴുത്തുകളിൽ മാത്രം
ഉദിക്കും സൂര്യനെ
നനുത്ത രോമങ്ങൾ ഉള്ള 
കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു
മുത്തങ്ങളുടെ മോചനദ്രവ്യം
എന്ന് അവളുടെ മാത്രം പകലുകൾ

ചൂടുള്ളപ്പോൾ വെയിലത്ത്
വെളിച്ചത്തിനെ 
മുരിങ്ങയിലവൃത്തങ്ങൾ
കൂടുതൽ ശുദ്ധീകരിക്കുന്നത് പോലെ
നഖം വെയിലാകുന്നിടത്ത്
വിരൽ ചെന്ന് നിൽക്കുന്നു

തേടുന്നവരുടെ കാതുകൾ
എന്ന് പാട്ടുകൾ

ചുംബനങ്ങൾ 
മൂളിപ്പാട്ടുകളേക്കുറിച്ചുള്ള
പഠനങ്ങൾ എന്ന് അവൾ
ഉടൽ ചുംബനങ്ങളുടെ ആല
ഒപ്പം ആയയും

ചുംബനങ്ങളുടെ ദ്വീപസമൂഹം
ഉപദ്വീപ് ആയി പണിയെടുക്കും ഉടൽ

അകമുന്തിരികളുടെ കുലകൾ
എന്ന് അകലങ്ങളിൽ നമ്മൾ

പ്രണയിക്കുന്നവർ ഉള്ളിൽ
ഉടലിൽ മുന്തിരികൾ
വളർത്തുന്നു

ചന്ദ്രനിൽ ചവിട്ടി നിന്നിട്ടില്ല ഒരിക്കലും

പ്രണയിക്കുന്നവരുടെ തലക്കും മുകളിൽ
അകലം ഒരു കലയാവുന്നു
വിരലുകളുടെ അകലം ഒഴുകി നടക്കും ജലം
എന്ന് ഉടലിനെ!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...