Skip to main content

Posts

ദാഹത്തിന്റെ ഒരദൃശ്യദൃശ്യം

ദാഹിക്കുന്നുണ്ടാകണം പെയ്യാറായ മേഘങ്ങൾ മുകളിലുണ്ടെങ്കിലും ചുവർമടക്കി ഘടികാരം താഴേയ്ക്ക് നീളുന്നു അതിൽ നിന്നും നിലത്തിറങ്ങി വെള്ളം കുടിയ്ക്കുന്ന സമയം സമയം നീളുന്നു ഒരരിപ്രാവിനെപ്പോലെ കുറുകുന്ന വെള്ളം വെള്ളത്തിന്റെ കണ്ണുകളിൽ സമാധാനത്തിന്റെ ദാഹം പ്രാവുകളിൽ കലങ്ങി മറിയുന്ന വെള്ളത്തിന്റെ തൂവലുകൾ തൂവലുകൾക്ക് പിന്നിൽ പറന്നിറങ്ങിയത് പോലെ എല്ലും തോലുമായി വന്നിറങ്ങുന്ന സമാധാനത്തിനേക്കാൾ മെലിഞ്ഞ ഒരു മനുഷ്യൻ മനുഷ്യനെന്ന നിലയിൽ ഇനിയും അയാൾ മെലിഞ്ഞു തീർന്നിട്ടുണ്ടാകില്ല അയാളുടേതല്ലാത്തമാതിരി പുറത്തിറങ്ങുന്ന അയാളുടെ എല്ലും തോലും അവ പ്രാവിനെ പോലെ ചിറകടിച്ച് വെവ്വേറെ ഇടങ്ങളിൽ വെവ്വേറെ നിറങ്ങളിൽ സമാധാനപരമായി വെള്ളം കുടിയ്ക്കുന്നു അയാൾക്ക് കൂടിയ്ക്കുവാൻ പാകത്തിന് ഇനിയും വെള്ളം നേർപ്പിക്കപ്പെടേണ്ടതുണ്ടാവും അതിനായി ഒരിടത്തരം മഴ ഇനിയും പെയ്യേണ്ടതുണ്ടാവും അത് വരെ കാത്തിരിക്കുന്നതെല്ലാം വേഴാമ്പലാക്കപ്പെടുന്നതാവും നിശബ്ദത കൊണ്ട് തല തോർത്തുന്ന മാതിരി തോരുന്ന മഴയുടെ ഒച്ച വെള്ളം നനയുന്നു വെള്ളം നേർക്കുന്നു വെള്ളം തണുക്കുന്നു വെള്ളത്തിന് കുളിരുന...

അനുമാനം എന്ന് തന്നെ

ഒരു പൂവിതൾ ഘടികാരത്തിനും പൂരിപ്പിക്കുവാനാകാത്ത വിധം സമയം മാത്രം ഒഴിച്ചിട്ട് നിറം  മുഴുവൻ പൂരിപ്പിച്ച്‌ ശലഭാകൃതിയിൽ വെയ്ക്കുകയായിരുന്നു ഒരപൂർണ്ണ ചുംബനം... ഏതോ ചോദ്യചിഹ്നം കുത്തിക്കെടുത്താൻ മറന്ന സൂര്യന്റെ ആഷ്ട്രേ പോലെ ഇന്നലെ അവിചാരിതമെന്ന് തന്നെ പറയട്ടെ ഇന്നും കണ്ടുമുട്ടി അതേ സമയം അവിടെ തന്നെ..... ഏകാന്തതയുടെ ദൈവമാവണം!

പനി പകുക്കുന്നു

ഞാനും ജലദോഷം പിടിച്ച ചിലന്തിയും ഒരുമിച്ചിരിയ്ക്കുന്നു ഞങ്ങൾക്കിടയിൽ ഒരു ചുവരായി ഞാനെന്ന ഇരപിടിച്ച പനിയിരിയ്ക്കുന്നു അതിൽ ഉയരം കൂട്ടി തൂക്കിയിരിക്കുന്ന പഴക്കമുള്ള ചുമയുടെ ചിത്രം ചിലന്തി കെട്ടാൻ മറന്ന വല പകുത്ത് അതിൽ കുരുങ്ങേണ്ടിയിരുന്ന രണ്ടിരകൾ ഇണചേരുന്നത് പോലെ ചലിയ്ക്കുന്നു പകരാൻ സാധ്യതയുള്ള ഒരു പനി അവരൊരുമിച്ച് പകുക്കുന്നു വെയ്ക്കാൻ മറന്ന ഒരാലിംഗനത്തിൽ ചിലന്തി മൂക്കുതുടയ്ക്കുന്നു പകുതി കറങ്ങി അർദ്ധവൃത്തം മാത്രം പൂർത്തിയാക്കി തിരിച്ചു പോകുന്ന ഫാൻ ഞങ്ങളിരുവരും പകുത്ത് കാണുന്നു!

ഒറ്റപ്പെടൽ

ഒറ്റപ്പെടാതിരിക്കുവാനുള്ള ഗുളിക പതിവായി ഓരോന്ന് വെച്ച് കഴിക്കേണ്ട ഒരാൾ കൂടുതൽ ഒറ്റപ്പെടൽ അനുഭവപ്പെടുന്ന ഒരു ദിവസം കഴിക്കേണ്ട ഗുളികയുടെ പകർപ്പുകൾ ഒറ്റയ്ക്കിരുന്ന് അയാൾ എടുത്തുകൂട്ടുന്നു അയാളറിയാതെ ഗുളിക എടുക്കുന്ന പല പല രോഗത്തിന്റെ കൂടുതൽ പകർപ്പുകൾ രോഗി എന്ന നിലയിൽ അയാൾക്ക് സൗജന്യമായി കിട്ടുന്ന കൂടുതൽ കൂടുതൽ ഏകാന്തത ഒറ്റപ്പെടാതിരിക്കുവാൻ ചന്ദ്രന്റെ ഗുളിക കഴിച്ച് വിശ്രമിക്കുന്ന രാത്രി ഇരുട്ടിൽ കൂട്ടംകൂട്ടമായ് തിളങ്ങുന്ന നക്ഷത്രങ്ങൾ ഒരു കവിൾവെള്ളത്തിൽ മുങ്ങി രണ്ടിറക്ക് പൊങ്ങി എന്നത്തേയും പോലെ അന്നും അയാൾ ഉറങ്ങാൻ കിടക്കുന്നു ഉറക്കത്തിന്റെ ഒരു കൂട്ടം അതിൽ പല നിറങ്ങളിൽ സ്വപ്നങ്ങളുടെ പല പല കൂട്ടങ്ങൾ അതിലൊരു സ്വപ്നത്തിൽ അയാളൊരു ഒറ്റപ്പെട്ട കുട്ടിയാകുന്നു മുലപ്പാൽ നിറഞ്ഞ മാറിടങ്ങളുമായി വാൽസല്യം ഒഴുകുന്ന താരാട്ടുമായി അമ്മമാരുടെ ഒരു കൂട്ടം അതേ സ്വപ്നത്തിൽ അയാളുടെ ചുറ്റും പ്രത്യക്ഷപ്പെടുന്നു!

നിലാവുള്ളപ്പോൾ മാത്രം

നിലാവുള്ളപ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു മരം ആ മരത്തിന്റെ തണലിൽ പകൽ മാത്രം വന്നിരിക്കുന്ന രണ്ടുപേരിൽ ഒരാൾ ഒറ്റപ്പെടുമ്പോൾ അയാൾ കിളികൾക്ക് പണിഞ്ഞു കൊടുക്കുന്ന ഭാരമില്ലായ്മ നിറമുള്ള വിഷം കൊണ്ട് പ്രണയമുള്ള ഇരയെ മാത്രം പിടിക്കുന്ന ഋതുവിന്റെ മൂലയിലെ വലയില്ലാത്ത ചിലന്തിയാവണം വസന്തം പുഴയിലേയ്ക്ക് മാത്രം വഴിയുള്ള വീട്ടിൽ, മഴയിലേയ്ക്ക് മാത്രം തുറക്കുന്ന ജാലകം; ജലത്തിന്റെ വിരലുകളാൽ തുറന്ന് അപ്പോഴൊക്കെ അവൾ അയാളെ നോക്കിയിരിക്കുമായിരിക്കും!

വിത്തും ഞാറും

പ്രണയത്തിന്റെ ഞാറ് ഉടലിലാകെ നട്ട് പിറകിലേക്ക് നടന്നിറങ്ങുകയായിരുന്നെന്റെ പ്രായം അപ്രതീക്ഷിതമായി കിട്ടുന്ന കുറച്ച് അതിശയത്തിന്റെ വിത്തുകൾ നട്ടില്ല സമയക്കുറവ് കൊണ്ടല്ല, എടുക്കുവാനുണ്ടായിരുന്നില്ല ഒരു തരി മണ്ണ് എന്നിട്ടും കിളിച്ചു വന്നു തീരെ ശബ്ദമില്ലാതെ ശാന്തതയുടെ അഞ്ചുവിരലുകൾ മാന്തിനോക്കുമ്പോൾ കുഴിയിലാകെ മണ്ണിന്റെ ചുണ്ടുകൾ, പ്രതിമയിൽ അന്യനെ പോലെ നനഞ്ഞ ബുദ്ധനും!

വിരസത ഒരു കവിതയാണ്

1 ഞാൻ എന്തുചെയ്യുകയാണെന്ന് എത്തിനോക്കുകയായിരുന്നു മീനുകൾ ഞാനൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല എത്തിനോക്കുന്നതിന് മുമ്പ് മീനുകളും ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല ഇപ്പോൾ എത്തിനോക്കിയത് കൊണ്ട് മീനുകൾക്ക് ഇല്ല എന്ന വാക്കുകൾ കീറിക്കീറി ഇട്ടുകൊടുത്തുകൊണ്ടിരിക്കുകയാണ് എന്റെ വിരസത ശരീരത്തിന്റെ പ്രതിദ്ധ്വനി പോലെ ഉള്ളിലാകെ മുഴങ്ങുന്ന വിരസത. കൂട്ടം കൂട്ടമായി വന്നു ഇല്ല എന്ന വാക്കുകൾ കൊത്തിവലിച്ചു തിന്നുകയാണ് മീനുകൾ അതിനിടയിൽ എന്നെ തിരിഞ്ഞ് തിരിഞ്ഞ് നോക്കുന്ന ഒരൊറ്റ മീൻ അതിന് ചുറ്റും അതിന്റെ മാത്രം ഏകാന്തത മീനുകൾക്കിടയിലെ ബുദ്ധനാവണം ആ മീൻ 2 ബോധി മരം പോലെ ആ മീനിന്റെ ഉള്ളിലുണ്ടാവണം സ്വന്തം മുള്ള് അതിന്റെ ചോട്ടിൽ അതേ മീനിന്റെ കഴിഞ്ഞ ജന്മത്തിലെ പൂർത്തിയാക്കാനാവാത്ത ധ്യാനം ധ്യാനിക്കുന്ന മീനിന് ബുദ്ധന്റെ കണ്ണുകൾ അവയ്ക്ക് ഭൂതകാലത്തിന്റെ ചലനം ഇന്നിന്റെ ഇമകൾ 3 വല്ലാതെ തിരക്കിലായിരിക്കുന്നു ജലത്തിൽ പ്രതിഫലിക്കുന്ന എന്റെ പ്രതിബിംബം കൊത്തിതിന്നാൻ വരുന്ന മീനുകളെ ബഹുവചനത്തിലും കരയിലിരിക്കുന്ന കാക്കയെ ഏകവചനത്തിലും അത് ആട്ടിയോടിക്കുവാൻ ...

വെറുതെ

വെറുതെ കണ്ണാടിയിൽ നോക്കുമ്പോൾ ഇന്നെന്തോ പതിവില്ലാതെ എന്നേക്കാണാൻ നല്ല ഭംഗിതോന്നി അതിനിടയിൽ ഇന്നലെകൾ ജീവിതരസങ്ങളായി കണ്ണാടിയിയ്ക്ക് പിറകിൽ എന്റെ പഴയപ്രതിബിംബങ്ങളുമായി കലഹിക്കുന്നത് കാണാമായിരുന്നു. ചുറ്റും ശരി എന്ന മയിൽ നൃത്തം വെയ്ക്കുന്നു തെറ്റുകളാണ് പീലികൾ...... ഇന്നലെ വരെ ഈ കണ്ണാടിയിൽ കണ്ടിരുന്ന ആൾ മരിച്ചുപോയെന്ന് പൊട്ടിപ്പോകാതെ അങ്ങനെയല്ലാതെ അവയോടെങ്ങനെ തുറന്നുപറയും? ജീവിതം എന്ന മൃതദേഹം കേടുകൂടാതിരിക്കുവാൻ ഇല്ലാത്ത കണ്ണാടിയിൽ ഐസിട്ടവാക്കുകൾ കൊണ്ടെഴുതുന്ന കാഴ്ച്ചകളുടെ പ്രതിബിംബമാവണം കവിത!

വിശ്വസിക്കുമോ നീ

ഒരു ചുംബനത്തിനും പാകമായിട്ടില്ല എന്റെ ചുണ്ടുകൾ നിർഭാഗ്യവശാൽ ഒരു പരിചയത്തിനും തിരിച്ചറിയുവാനായിട്ടില്ല എന്റെ ചിരികൾ ഞാനിന്നും എന്റെ നൃത്തത്തിന്റെ ഉറവ സ്വന്തം ഭ്രാന്തിന്റെ ഖനി എന്നിട്ടും അവളിലേക്കുള്ള ഓരോ വഴിയും എന്റെ തന്നെ താഴുകളാവുന്നു താക്കോലുകൾ പോലെ കിലുങ്ങുന്ന എന്റെ കാലടികൾ നടന്നു തീരുമ്പോൾ ഓരോ തവണയും എന്നിലേയ്ക്ക് മാത്രമെത്തുന്നു. വിശ്വസിക്കുമോ നീ? നമ്മൾ ഒരിക്കലും കണ്ടുമുട്ടില്ല എന്ന തെറ്റ് എന്നേ ചെയ്തു കഴിഞ്ഞവർ ഇനി ചെയ്യുവാൻ തെറ്റുകളില്ലാതെ എല്ലാ പരിശുദ്ധിയോടും കൂടി പ്രണയത്തിന്റെ നുണയിലേയ്ക്ക് പുതുക്കപ്പെടുന്നവർ!

ഒന്നേ രണ്ടേ മൂന്നേ കവിതകൾ

1 ദിവസങ്ങളുടെ ചിത്രശലഭങ്ങൾ പറന്നുവന്നിരുന്ന കാപ്പിപൂന്തോപ്പായിരുന്നെന്റെ കലണ്ടർ എത്ര പെട്ടെന്നാണ് ഒരു ദിവസം ഇരുട്ടി വെളുത്തപ്പോൾ അത് സ്വന്തം ചുവരിൽ സ്വന്തമല്ലാത്ത ദിനങ്ങളുടെ മറ്റൊരു എ ടി എം കൗണ്ടറായി മാറിയത് ഇനിയും പിൻവലിച്ചു കഴിഞ്ഞിട്ടില്ല എന്റെ അവസാന ദിനങ്ങൾ അധിനിവേശങ്ങളുടെ ആര്യസൂര്യ വെയിലു കൊണ്ട് ഞങ്ങളുടെ പകലുകൾ വെളുപ്പിച്ചു തരാമെന്ന് നീ എന്തിനാണ് കളവ് പറഞ്ഞത്? 2 കറുപ്പിനപ്പുറം ഞങ്ങളുടെ ഇരുണ്ട രാത്രികൾ തൊലിപ്പുറത്ത് സമാധാനപൂർണ്ണമായിരുന്നു അവിടെ നാടകങ്ങൾ നടന്നിരുന്നെങ്കിലും കലകൾ അരങ്ങേറിയിരുന്നു അരക്ഷിത അക്ഷരങ്ങളിൽ സാഹിത്യം സന്നിവേശിച്ചിരുന്നു അടുത്ത ചുവടറിയില്ലെങ്കിലും തെറ്റാത്ത നൃത്തം സമാധാനപരമായി വെച്ചിരുന്നു കറുത്തിരുന്നെങ്കിലും സുരക്ഷിതമായിരുന്നു ഞങ്ങളുടെ ദളിതരാത്രികൾ തിരിച്ചെടുത്തോളൂ നിങ്ങളുടെ വാഗ്ദാന പൗർണ്ണമികൾ തിരിച്ചു തരൂ ഞങ്ങളുടെ ഇന്നലകളോളം പോന്ന അമാവാസികൾ നോക്കൂ പറുദീസയിലെ നിലാവു കൊണ്ട് പോലും നിനക്ക് വെളുപ്പിക്കുവാനാവില്ല ഞങ്ങളുടെ ദ്രാവിഡചന്ദ്രനെ 3 ഓർമ്മകൾ കൊണ്ടുള്ള പ്രാർത്ഥനകളാണിവിടുത്തെ കിളികൾ അവ പറക്കുവാൻ മറന്നേക്കാവുന്ന നാളത്തെ ദിവസത്തിനെ എന്തിനാണിത്ര ആരാധിക്കുന്നത് ദ...

അൽപ്പം ഉലയാം അല്ലേ?

എന്നും കലാപകാരികളാണ് പൂക്കൾ; എന്നിട്ടും മൊട്ടുകളിൽ പൂരിപ്പിക്കാതെ ഇട്ടിരിക്കുന്ന ലഹളയുടെ കോളങ്ങൾ ഒപ്പിയെടുത്തു ദൂരേയ്ക്ക് പറന്നു പോവുകയാണ് സമാധാനശലഭങ്ങൾ. ഘടികാരത്തിന്റെ ആകൃതിയിൽ പിള്ള വാതത്തിന് അച്ചുക്കുത്തിയ, സമയത്തിന്റെ മടുപ്പിനോട് കാത്തിരിപ്പിന്റെ പഞ്ഞി ചോദിക്കരുത്: കാത് തന്നെ പഞ്ഞിയുടെ ആകൃതിയിൽ വെച്ച കാലമേ., എന്നാലും വരൂ... ഇനി വെറുതേയിരിക്കണ്ട.. നമുക്ക് കഴിഞ്ഞ കാലത്തേയ്ക്ക് പോകാം.. അവസാനത്തെ രണ്ടുദിവസത്തെ നിലാവിനെ പിടിച്ച് പരസ്പരം ഇരുട്ടിന്റെ അറ്റത്ത് കെട്ടിയിടാം. ചന്ദ്രൻ പിടിച്ചുവലിയ്ക്കുമ്പോൾ; ഇന്നലെകൾ ഉലയുന്നത് കാണാമല്ലോ!

പരാതി

ബൾബുകൾ പരമ്പരാഗതമായി സ്വർണ്ണപ്പണിക്കാരാണ് അണയുന്നതിന് മുമ്പ് അവ ഓരോ മണിക്കൂറിനും ഓരോ പണത്തൂക്കം വീതം നാണം പണിഞ്ഞു കൊടുക്കുന്നു നീലബെറികൾ പിടിച്ചു കിടക്കുന്ന രാത്രിയുടെ കരിനീലിച്ച ചുണ്ടുകൾ കറുത്തത് കൊണ്ടാവും പുറത്തിറങ്ങാതെ എന്റെ ഉടലിൽ പറന്നുനടക്കുന്ന അവളുടെ മുടന്തൻശലഭം പരമ്പരാഗതമായി ചങ്ങലകൾ കിളിച്ചു വരുന്നത് അവളുടെ കാലുകളിലാകണം എന്റെ ഉടലിൽ പോലും ഇറങ്ങി നടക്കുവാനാവാത്ത അവളുടെ വന്യമായ ഭ്രാന്തിനെ ഞാനിനി ഏത് നിറത്തിൽ ഉമ്മവെച്ച് സമാധാനിപ്പിക്കും കെട്ടുപോയ വെളിച്ചമേ?

ആരാധന

ഞാനൊരിക്കലും തെറ്റിച്ചു നടന്നിട്ടില്ല കുപ്പായമോ അതിന്റെ കുടുക്കോ സ്ഥാനം തെറ്റിച്ചിട്ടിട്ടില്ല മറ്റൊരാളുടെ കുപ്പായക്കുടുക്ക് അനുവാദമില്ലാതെ അഴിച്ചിട്ടില്ല തെറ്റുകാരൻ അവനാണ് ഞങ്ങളുടെ തുന്നൽക്കാരൻ അയാൾ അറ്റമില്ലാത്ത നൂലിൽ തിരിച്ചിട്ട തുന്നൽ യന്ത്രങ്ങളിൽ തല തിരിഞ്ഞിരുന്നു മാത്രം എപ്പോഴും ഞങ്ങളുടെ കുപ്പായങ്ങൾ തുന്നുന്നു സ്വന്തമായി ഞങ്ങൾക്ക് വസ്ത്രങ്ങളില്ല സ്വന്തമായി അയാൾക്ക് യന്ത്രങ്ങളും ആകെയുള്ളത് നഗ്നതയ്ക്ക് സ്ത്രീധനം പോലെ കിട്ടിയ സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യത്തേക്കാൾ നഗ്നമായി ഞങ്ങളുടെ നാട്ടിൽ ഒന്നുമില്ല അത് ഞങ്ങളിൽ നിന്നും മറച്ചുപിടിക്കുവാൻ ഞങ്ങളെ ഓരോരുത്തരേയും കൊണ്ട് മറ്റാരുടേയോ അളവിൽ തുന്നിയ വസ്ത്രങ്ങൾ കാലാകാലങ്ങളായി ഞങ്ങളെ നിർബന്ധമായി ധരിപ്പിക്കുന്ന ചടങ്ങാണ് ജനാധിപത്യം ജനങ്ങളെന്ന നിലയിൽ ഞങ്ങളോരോരുത്തരുടേയും നഗ്നത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ശിശിരകാലമരങ്ങളെ മാതൃകയാക്കി ശരീരങ്ങളിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചു വാങ്ങി, താഴേയ്ക്ക് തിരിച്ചു തുന്നിയ കീശകളെ കുപ്പായമായി പ്രഖ്യാപിക്കുവാനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞിരിക്ക...

പ്രണയം എന്ന് വിളിക്കുന്നതിനെ 'ചൊല്ലി' ഒരു പിൻകുറിപ്പ്

പ്രണയിക്കുന്ന രണ്ട് പേർ എനിയ്ക്ക് മുന്നേ നടന്നുപോകുന്നു എപ്പോഴും പ്രണയിക്കുന്നവർ കാലത്തിന് മുന്നേ നടന്നവരാകണം അവർക്ക് മുന്നേ നടന്നിട്ടുള്ളത് അവരുടെ കാൽപ്പാടുകൾ മാത്രമാവണം നടക്കുന്നതിനിടയിൽ അവർ തൊടുന്നു പരസ്പരം പിടിക്കുന്നു തമ്മിൽ നിൽക്കുന്നു നിൽക്കുമ്പോൾ അവരുടെ കാലടിപ്പാടുകളിൽ തൂവലുകൾ കൊഴിച്ചിട്ട കിളികൾ അവരുടെ ചുണ്ടുകൾ കൊണ്ട് ചിലയ്ക്കുന്നു. അവരുടെ വിരലുകളിൽ കൂടുകൂട്ടുന്നു.. എത്ര പെട്ടെന്നാണ് ആകാശം കുശുമ്പിന്റെ പര്യായപദമാവുന്നത് അവർക്കിടയിൽ തോരാത്ത ഒരു മഴ പണിതുവെയ്ക്കുന്നത് അതെന്തായാലും അവരിലൊരാൾ സ്പർശം കൊണ്ട് ഞാനാണ് തങ്ങളിൽ അകലമുണ്ടെങ്കിലും മറ്റേയാളുടെ ശൂന്യതയെ നിന്നേക്കൊണ്ട് പൂരിപ്പിക്കുവാനുള്ള എന്റെ വിനീതശ്രമത്തെയാവണം കാലം പ്രണയമെന്ന് വിളിക്കുന്നത്! 

ഭരണപ്പെടുത്തൽ

ട്രാഫിക്ക് സിഗ്നലിനടുത്ത് നിൽക്കുന്ന മരം മാറുന്ന നിറങ്ങളെ ചാഞ്ഞു നിൽക്കുന്ന സ്വന്തം ഇലകൾക്ക് എന്തിനെയാവും പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടാവുക? തെളിയുന്ന പച്ചയെ വെളിച്ചത്തിന്റെ ഇലകൾ എന്ന് അവ തെറ്റിദ്ധരിക്കുന്നുണ്ടാവുമോ? അവരുടെ പ്രകാശസംശ്ലേഷണ വേഗത കണ്ട് അസൂയപ്പെടുന്നുണ്ടാവുമോ? അപ്പോൾ കടന്നു പോകുന്ന പലനിറങ്ങളിലുള്ള വാഹനങ്ങളെ വസന്തങ്ങൾ എന്ന് അതിശയിക്കുന്നുണ്ടാവുമോ? വേഗത കുറച്ച് വിരിഞ്ഞു വരുന്ന മഞ്ഞയെ ഹായ് പൂക്കൾ! എന്ന് പറഞ്ഞ് കൊതിക്കുന്നുണ്ടാവുമോ? തൊടാൻ തുടങ്ങുമ്പോൾ ചോരയിലേയ്ക്ക് നിറം മാറുന്ന ചുവപ്പിനേ കണ്ട് ഭരണം എന്ന് ഭയക്കുന്നുണ്ടാവുമോ?

തിരിച്ചറിവുകൾ

ആകുലപ്പെടുവാനുള്ള ഒരവസരവും പാഴാക്കിക്കളയാത്തവരാവും വാഴ്ത്തപ്പെട്ടവരാൾ ഭൂമിയിൽ മനുഷ്യരായി ഉയർത്തപ്പെട്ടിട്ടുണ്ടാവുക ആകുലപ്പെടുവാൻ ഒരു പക്ഷേ നാളെ നമ്മളില്ലെങ്കിലൊ? നമ്മളേക്കാൾ നന്നായി ആകുലപ്പെടുവാൻ മറ്റൊരാൾക്ക് കഴിയില്ല എന്ന ധാരണ തന്നെയാവണം നാളെയും ജീവിച്ചിരിക്കുവാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടാവുക. ആകുലതകൾ നിറഞ്ഞ ഇന്നലെകൾ പിൻവലിയ്ക്കുവാൻ നാളെയ്ക്ക് വേണ്ടി ഇന്നെന്ന വരിയിൽ കൂടുതൽ കൂടുതൽ കാത്തുനിൽക്കുന്നവരാവുകയാണ് ഓരോ നിമിഷവും നമ്മൾ വരിയിൽ നിൽക്കുന്നവരൊക്കെ ഒരു പക്ഷേ കാത്തുനിൽക്കുവാൻ ആരുമില്ലാത്തവരാകണം ഒറ്റപ്പെടലല്ലാതെ അവർക്ക് കൂടുതൽ ഒന്നും പിൻവലിയ്ക്കുവാനുമുണ്ടാകില്ല എന്നിട്ടും അവർ വരിനിൽക്കുന്നത് നമ്മളിൽ ഒരാളായി തോളോട് തോളുചേർന്ന് നമ്മളോട് ഒട്ടി നിൽക്കുവാൻ മാത്രമാവും ഇപ്പോൾ നിങ്ങൾക്ക് കാണാനാവും കാത്തുനിന്നു കിളികളെ പിൻവലിച്ചു പറന്നുപോകുന്ന ഒരാൾ വരി നിന്ന് കാലുകൾ പിൻവലിച്ച് നടന്നു പോകുന്ന വേറൊരാൾ പുഴ പിൻവലിച്ച് ഒഴുകി പോകുന്നവർ കുടയുമായി വന്ന് മഴ പിൻവലിച്ച് നനഞ്ഞു കൊണ്ട് തിരിച്ചു പോകുന്ന പലർ ഒരാളായി വന്ന് അക്കങ്ങൾ പിൻവലിച്ചു പലരായി ചിതറി പോകുന്ന ചിലർ തനിയ്ക്ക് പിന്നിൽ നിൽക്കുവാനുള്ള ഒരു വരി...

അവഗണനയ്ക്കുള്ള അപേക്ഷ എന്ന നിലയിൽ കവിത

കൂട്ടത്തിലിരിയ്ക്കുമ്പോൾ നിരന്തരമായ അവഗണന ആവശ്യപ്പെടുകയും അവഗണന അനുഭവപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിയ്ക്കുവാനാവാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരുകയും ചെയ്തിരിയ്ക്കുന്ന ഒരാളും, കഴിഞ്ഞ മാസത്തിലെ ഒരു തീയതിയും. അങ്ങിനെ ഒറ്റയ്ക്കിരിക്കണം, അവഗണിക്കപ്പെടണം, എന്ന് തോന്നിയിട്ടാവണം; വിജനമായ പാർക്കിൽ ചെന്ന് ഒരാൾ തനിച്ചിരിയ്ക്കുന്നത് പോലെ കലണ്ടറിൽ നിന്നും ഇറങ്ങിവന്ന് ഒരു തീയതി അയാളുടെ അരികിലിരിയ്ക്കുന്നു. കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക് യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ പൊടുന്നനെ വിജനമായ ഒരിടമാകുന്ന അയാൾ കാറ്റടിയ്ക്കുമ്പോൾ ഇളകുന്ന കലണ്ടറിൽ ഒഴിഞ്ഞുകിടക്കുന്ന ആ തീയതിയുടെ കള്ളി അവിടെ ഏതെങ്കിലും കൂടില്ലാത്ത കിളി ചേക്കേറുമോ, കൂടു കൂട്ടുമോ; എന്ന ഭയം പുതിയ മാസമാവുന്നു ആ മാസത്തിൽ തീയതിയാവാനുള്ള ഒരു സാധ്യത തള്ളിക്കളയാനാവാത്ത വിധം അയാളുടെ ജീവിതമാവുന്നു കൈയ്യിലാകെയുള്ളത് മണ്ണിന്റെ ഒരിത്തിരി വിത്താണ് വിരലുകൾ കിളിർത്തുവന്നത് ഉടയോന്റെ നെഞ്ച് നടാൻ നിമിഷങ്ങളെണ്ണി കാത്തുവെച്ചത് കവിത എന്നത് അവഗണിക്കപ്പെടുവാനുള്ള എഴുത്തപേക്ഷയാവുന്നിടത്ത്, അവഗണന ഒരു തീയതിയാവണം അണയ്ക്കുവാനാവാത്ത വിധം ഏത് നിമിഷവും തീ പ...

വായനയുടെ മൃതദേഹം

 മരിയ്ക്കാത്ത എന്റെ മൃതദേഹമാവണം ഓരോ തീയതിയും വായന പോലെ നിനക്കത് കടന്നു പോകാനാവുമെങ്കിൽ മാത്രം എന്റെ രാത്രികൾക്കായി നീ സാരിയെടുത്തുടുക്കുക എന്റെ കലണ്ടറിൽ പതിയ്ക്കുന്ന നിലാവാവുക... ഇന്നലെകളുടെ മുല്ലപ്പൂ ചൂടിയ ജനാലകളാവണം നാളെ മുതൽ നിന്റെ ദിവസങ്ങൾ ഒരു പക്ഷേ തീയതികൾ ഇല്ലാത്തത് എന്നാലും ഈശ്വരൻ നിമിഷങ്ങളെ പോലെ ഒളിച്ചുതാമസിയ്ക്കുന്ന ഘടികാരത്തിലും ദൈവമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ദേവാലയത്തിലെ അഴിഞ്ഞു പോയ മണി നിശ്ശബ്ദം മേഞ്ഞിട്ട് വരുന്ന ഓരോ രാത്രിയിലും പത്രങ്ങൾ പോലെ എല്ലാ മിന്നാമിന്നികളും നക്ഷത്രങ്ങൾ വരുത്തുന്ന യാമങ്ങളിലും ഓരോ ചുവന്നചുംബനങ്ങളിലും അറിവ് പോലെ പുതുക്കപ്പെട്ട് നീ എന്റെ ചുണ്ടിൽ പച്ചകുത്തപ്പെടുന്ന സൂഫീസംഗീതമാവുക!

ഞാനല്ലാത്ത ഒരാൾ

നഗരം അതിന്റെ തിരക്കിനുള്ളിലേയ്ക്ക് ഒരാളെക്കൂടി കൂട്ടുവാനുള്ള തയ്യാറെടുപ്പിലാണ് അതിനിടയിൽ എന്റെ തിരക്കിനെ മറ്റൊരാളെ വിട്ടു ലാളിയ്ക്കുന്നു താരാട്ടുന്നു ഉറക്കുന്നു ഉറങ്ങിക്കഴിഞ്ഞാൽ ഉമ്മ വെച്ച് നഗരം മറക്കുന്ന ഒരാളെന്ന നിലയ്ക്ക് ഇനി എന്തിന് എന്ന വാക്കിനെ എനിയ്ക്ക് ഇറക്കി വിടണം പക്ഷേ എവിടെ? എങ്ങിനെ? എന്ന ചിന്തയിലാണ് ഞാൻ അങ്ങിനെ ചിന്തിയ്ക്കുമ്പോൾ ഞാൻ തന്നെ എന്തിന് എന്ന വാക്കാകുന്നു ആരോടും ഒന്നും പറയാനാവാത്തത് പോലെ വിക്കുന്നു വിങ്ങുന്നു അടക്കാനാവാത്തത് പോലെ കരയുന്നു വലിയ്ക്കുന്ന പുക പോലെ അടുക്കാനാവാത്ത കാലുകളിൽ നടന്നു പോകുന്ന ചിലർ എന്നേ നോക്കി ചിരിയ്ക്കുന്നു നേർത്ത് നേർത്ത് ഒരു വരയെന്ന നിലയിൽ ഒരു വരിയിലും ഇറക്കിവിടാനാവാതെ അധികം തിരക്കില്ലാത്ത ഒരുനിറത്തിലേയ്ക്ക് ഒറ്റനോട്ടത്തിൽ കയറിപ്പോകുന്ന ഞാൻ ഐസ് കട്ട ഇട്ട ഗ്ലാസിൽ നിന്നും ഊഷ്മാവിനേയും സുതാര്യതയേയും പുറത്താക്കുന്ന ലാഘവത്തോടെ ലഹരി എന്ന നൃത്തം നിറത്തിൽ നിന്നും എന്നെ പുറത്താക്കുന്നു കറുപ്പെന്ന നിറം മാത്രം ചെറുപ്പമാകുന്ന രാത്രിയിൽ ജലവും ഗോളാകൃതിയും പകലോളം വൃദ്ധരാകുന്നത് എന്തിന...

നിറങ്ങൾക്ക് പുറത്ത്

നിറങ്ങളിൽ ഊർജം നിറയ്ക്കുകയായിരുന്നു അവൾ നീലയിൽ മാത്രം കണ്ണുകളാവണം ഒരു തുള്ളി തുളുമ്പാതെ വെള്ളം നിറച്ചു വെച്ചിരിയ്ക്കുന്നു നിറം മാറുന്നോ എന്ന സാധ്യതകളിലേയ്ക്ക് നോക്കി നിന്നാവണം അത്രമേൽ കറുക്കേണ്ട രാത്രി പലദിവസങ്ങളിലും ഒരോന്തായി പോകുന്നുണ്ട് ഏകാന്തതയും ശൂന്യതയും നിറയ്ക്കുവാനാകാത്ത രണ്ട് നിറങ്ങളാണെന്ന് അവൾ തിരിച്ചറിഞ്ഞത് സ്വയം നിറഞ്ഞാവണം എന്നിട്ടും ഒരു കൊളളിയിൽ തീ നിറച്ച് അന്നന്ന് അവൾ അടുപ്പ് വരയ്ക്കുന്നുണ്ട് വെള്ളം കൊണ്ട് മേൽക്കൂര നിർമ്മിച്ച മുറിയിൽ അവൾ ഇപ്പോൾ തനിച്ചാണ് അതേ കാറ്റേറ്റ ഒരൊറ്റ മഴത്തുള്ളി അടുക്കളയിൽ ആകാശം അടച്ചു വെച്ചിരുന്ന കുപ്പികൾ ഏതാണ്ട് ഒഴിഞ്ഞിരിയ്ക്കുന്നു അതിൽ അടപ്പില്ലാത്ത രണ്ടു മൂന്ന് ജനാലകൾ മാത്രം സ്ഥാനം തെറ്റിച്ച് കാലം തുറന്നുവെച്ചിട്ടുണ്ട് അല്ലെങ്കിലും പല വീടിന്റേയും തുറക്കുന്നതും അടയുന്നതുമായ എല്ലാ വാതിലുകളും പണ്ടേ അടുക്കളയിലാണല്ലോ പൊതിയഴിയ്ക്കാത്ത നിലയിൽ രാത്രി വാങ്ങിക്കൊണ്ട് പോകുന്നുണ്ട് രണ്ട് മൂന്ന് പെൺമിന്നാമിന്നികൾ ദൂരെ നിലാവിനെ ആദരിയ്ക്കുന്ന കറുത്ത പക്ഷി അതിന്റെ തൂവലിൽ പറ്റിയിരിയ്ക്കുന്ന അവളുടെ അനാഥത്വത്തിന്റെ ഉറക്ക്പാട്ട് കാണുന്നു!