Skip to main content

അന്നും

 



ഒരു ചിറകടി പക്ഷി പൂർത്തിയാക്കിയിട്ടില്ല

വൈകി നീലനിറമാർന്ന ആകാശം

ഇനി വൈകുന്നത് നീലനിറമാണെങ്കിലോ

പറക്കുന്നത് ഓർത്തെടുക്കുവാൻ

ശ്രമിക്കുന്ന പക്ഷിയേപ്പോലെ

ഓർത്തെടുക്കലിൽ അന്നും ആകാശവും

പങ്കെടുക്കുന്നു


തൂവലുകളുടെ സ്‌മരണിക

അന്നും അവയുടെ പ്രകാശനങ്ങൾ


ഓർത്തെടുക്കുവാൻ വൈകുന്ന 

ഒരു വാക്കായി

മേഘനിഘണ്ടുവിൽ വിരലിനൊപ്പം

ആകാശവും നീങ്ങുന്നു

പക്ഷിനിഘണ്ടുവിൽ

അന്നും കൂടുതൽ ചിറകടികൾ


നീക്കങ്ങളുടെ

അളവുതൂക്ക വകുപ്പ്

മേഘങ്ങളുടെ ഉദ്യോഗസ്ഥൻ

പരിശോധനക്ക് പകരം,

അന്നും കുറിച്ച്കൊടുക്കുന്നത് 

ഒരു വാക്കാണെങ്കിൽ

അതിൻ്റെ ഭാരമില്ലായ്മ

അതിട്ട് വെക്കുവാൻ 

നോക്ക് തിരയും അതിൻ്റെ പരിസരങ്ങളും


നിനക്കെന്തിനാണിത്രയും മേഘങ്ങൾ

എന്ന ചോദ്യം 

നിന്നിൽനിന്നുണ്ടായേക്കും അന്നും

ക്ഷമിക്കണം,

എന്നിൽ നിന്നുണ്ടാകില്ല

അന്നും

നിനക്ക്  ചോദിക്കുവാനാണെന്ന

ഭാരമുള്ള ഉത്തരം 


പക്ഷേ ഒരു നെടുവീർപ്പുണ്ടാവും

അന്നും

ഭാഷയിൽ!


ഹേ പ്രശാന്തതേ

സത്ത എന്ന വാക്കിൽ 

തൃപ്തി പോരാതെ

ആത്മീയതയുടെ എസ്സൻസ് 

ഇത്തിരി ചേർത്തേക്കും അന്നും 

ഞാൻ കവിതയിൽ


കുപ്പി ചരിച്ച്നോക്കുമ്പോൾ

മൂലയിൽ ബാക്കിവരും ഒരിത്തിരി

സുതാര്യതയേ അന്നും

ഞാൻ അവഗണിച്ചേക്കും


ഉറക്കച്ചടവ് പിടിച്ച്നിൽക്കുന്ന ബസ്സ്

ജാലകങ്ങൾ പൂർത്തിയാകുമ്പോൾ

പുലരിയാകുമെങ്കിൽ


ചതുരപ്പുലരികൾ അന്നും പൂർത്തിയാക്കുന്നു


കാറ്റ്,

മല്ലയുദ്ധങ്ങളുടെ ലായനി

യോദ്ധാക്കളേ അന്നും അതണച്ചേക്കും

ഉറപ്പ്


ചുംബിക്കുമ്പോൾ തുമ്പികണ്ണുകളും

അതിൻ്റെ ചിറകടിയും

ഒപ്പം തുമ്പിക്ക് പാകമായ ഒരിത്തിരി

ആകാശവും അരികിൽ വേണം എന്ന്

 നിർബന്ധമുള്ള ഒരാൾക്ക് 

അന്നും ഞാൻ ഓർമ്മ പകുത്തേക്കും


പേരിൽ

അതിൻ്റെ പ്രായത്തിൽ തുമ്പിവന്നിരിക്കുന്നു

വിരൽക്കാലങ്ങളുടെ ഋതുവേ

എന്ന് അന്നും അവൾ ചുംബിക്കുന്നു


ഊതിക്കെടുത്താവുന്ന

വായുവിൻ്റെ തുഞ്ചത്ത്

അന്നും ഉടൽനാളം 


ഞാൻ വിരമിച്ച തത്തയിൽ

എത്തിനോട്ടം കുടഞ്ഞിടുമ്പോലെ

കണ്ണിന് ചുറ്റും വട്ടം വരക്കുന്നു

പച്ചയെ കൊന്തിത്തൊട്ട് കളിക്കുന്നു

ഒരു പക്ഷേ അന്നും


ഞാൻ നനഞ്ഞ റേഡിയോയിലെ

പാട്ട് ചെയ്യുമ്പോലെ 

കേട്ട പാട്ടിന് തല തുവർത്തുന്നു

കാത് താരാട്ടിലേക്ക് ചാരുന്നു


വിരമിച്ചവരുടെ റേഡിയോചെല്ലങ്ങളിൽ

നിന്ന് 

പണ്ടുള്ളവർ ചെയ്യും മ്പോലെ 

ഉച്ചത്തിൽ അന്നും ഒരു പാട്ടെടുത്തേക്കും

ഞരമ്പ് കീറിയ വെറ്റിലയിൽ

ഈണം പുരട്ടിയേക്കും

വാ തുറന്ന് ഉള്ളിലേക്ക് 

അന്നും ഒരു ഭാഷ വെച്ചേക്കും

റേഡിയോ കൂട്ടി ഉച്ചത്തിൽ 

അന്നും ഒന്ന് മുറുക്കിയേക്കും


എന്നാലും അന്നും

ചാരിനിൽക്കുവാൻ 

ഒരു വേനൽക്കാലമുള്ള സൂര്യൻ

എന്നാണ് അയാൾ

 പറഞ്ഞുവെക്കുന്നതെങ്കിലോ?

Comments

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം