Skip to main content

വിരസത ഒരു കവിതയാണ്

1

ഞാൻ
എന്തുചെയ്യുകയാണെന്ന്
എത്തിനോക്കുകയായിരുന്നു
മീനുകൾ

ഞാനൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല

എത്തിനോക്കുന്നതിന് മുമ്പ്
മീനുകളും
ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല

ഇപ്പോൾ
എത്തിനോക്കിയത് കൊണ്ട്
മീനുകൾക്ക്
ഇല്ല എന്ന വാക്കുകൾ
കീറിക്കീറി
ഇട്ടുകൊടുത്തുകൊണ്ടിരിക്കുകയാണ്
എന്റെ വിരസത

ശരീരത്തിന്റെ പ്രതിദ്ധ്വനി പോലെ
ഉള്ളിലാകെ മുഴങ്ങുന്ന
വിരസത.

കൂട്ടം കൂട്ടമായി വന്നു
ഇല്ല എന്ന വാക്കുകൾ
കൊത്തിവലിച്ചു തിന്നുകയാണ്
മീനുകൾ

അതിനിടയിൽ
എന്നെ തിരിഞ്ഞ് തിരിഞ്ഞ്
നോക്കുന്ന
ഒരൊറ്റ മീൻ

അതിന് ചുറ്റും
അതിന്റെ മാത്രം
ഏകാന്തത

മീനുകൾക്കിടയിലെ
ബുദ്ധനാവണം
ആ മീൻ

2

ബോധി മരം പോലെ
ആ മീനിന്റെ ഉള്ളിലുണ്ടാവണം
സ്വന്തം മുള്ള്

അതിന്റെ ചോട്ടിൽ
അതേ മീനിന്റെ
കഴിഞ്ഞ ജന്മത്തിലെ
പൂർത്തിയാക്കാനാവാത്ത
ധ്യാനം

ധ്യാനിക്കുന്ന
മീനിന്
ബുദ്ധന്റെ കണ്ണുകൾ

അവയ്ക്ക്
ഭൂതകാലത്തിന്റെ
ചലനം
ഇന്നിന്റെ ഇമകൾ

3

വല്ലാതെ തിരക്കിലായിരിക്കുന്നു
ജലത്തിൽ പ്രതിഫലിക്കുന്ന
എന്റെ പ്രതിബിംബം

കൊത്തിതിന്നാൻ വരുന്ന
മീനുകളെ
ബഹുവചനത്തിലും
കരയിലിരിക്കുന്ന
കാക്കയെ
ഏകവചനത്തിലും
അത്
ആട്ടിയോടിക്കുവാൻ
ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു

വർത്തമാനകാലത്തിന്റെ
വ്യാകരണമാണ്
ഇപ്പോൾ
വിരസത

4

വിരസതയിൽ
കൊത്തുന്ന മീനുകളൊക്കെ
ആൺ മത്സ്യങ്ങൾ
അവയ്ക്ക് വീട്ടിലിരിക്കുന്ന
പെൺമത്സ്യങ്ങളുടെ ചുണ്ടുകൾ

അവയുടെ പുറത്ത്
പൂർവ്വാശ്രമത്തിലെ
വാത്മീകചെതുമ്പലുകൾ

പരവേശത്തിന്റെ പരാശരച്ചെകിളകൾ

ആഴം കൊത്തിക്കൊണ്ട് വന്ന്
ജലോപരിതലം
പണിയുന്ന
മത്സ്യഗന്ധി
മീനുകൾ

അവയെ നീലനിറത്തിൽ
ഉയരങ്ങളിലേയ്ക്ക്
കൊത്തിപ്പറക്കുന്ന
പൂന്താനപൊന്മാനുകൾ

മീനുകളെ
തൊടണമെന്നുണ്ട്
തൊട്ടാൽ
അവ വിരലുകളിൽ
കൈകൾ
പണിഞ്ഞുവെക്കുമോ
എന്ന ഭയം
വെള്ളത്തിൽ
നാരായണീയത്തോളം
ആഴങ്ങൾ തീർക്കുന്നു

ആഴം കൂടുന്തോറും
വെള്ളത്തിലേക്കിറങ്ങുവാൻ
പേടികാണിക്കുന്ന
കുട്ടിയായി
മാറിക്കൊണ്ടിരിക്കുന്ന
ഞാൻ

5

എന്നെ വെള്ളത്തിലേയ്ക്ക്
തള്ളിയിട്ട്
മീനുകളായി
ശരീരം
കൊത്തിത്തിന്നു തുടങ്ങിയിരിക്കുന്നു
മനസ്സ്

അപ്പോഴും
മീനുകൾക്ക്
നുണക്കുഴിമണമുള്ള ഉമ്മകൾ
വെയ്ക്കുന്ന
അഴുകിത്തുടങ്ങിയ
ശരീരത്തിന്റെ
തണുപ്പ്

വെള്ളത്തിൽ
അപ്പുപ്പന്താടികളുടെ
നനഞ്ഞ
കാൽപ്പാടുകൾ

പണ്ടെന്നോ
പണ്ടുപണ്ടെങ്ങോ
പിച്ചവെയ്ക്കുമ്പോഴേ
കടലിലേയ്ക്ക് നടന്നുതുടങ്ങിയ
കുട്ടിയുണ്ടാവണം

തിരിച്ചുവരാത്ത ആ കുട്ടിയുടെ
നാളാവണം
തിരമാലകൾ!

Comments

  1. As usual this is a beautiful unique poem.Getting bored is dexterously delineated as a beautiful poem . The imagery is excellent. the images of fish ,Sir Buddha.....Getting bored is the grammar of the present..This classic poem has a pretty stanza 5 that captivates the sensitive reader..Dear poet congratulations from the recesses of my heart

    ReplyDelete
  2. വിരസതയിൽ നാമ്പെടുക്കുന്ന
    കിണ്ണങ്കാച്ചി വരികളാൽ വിരിയുന്ന
    കവിതയുടെ മുകുളങ്ങളാകുന്ന കാഴ്ച്ചകൾ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

ചൂണ്ടുവിരലിനരികിലെ പകൽ

അനുഗമിക്കുന്നവരുടെ പകൽ അനുഗമിക്കലുകൾ ഇട്ട് വെക്കുന്ന ഇടം എന്നിങ്ങനെ മനുഷ്യരെ മടങ്ങിപ്പോക്കുകൾ കൊണ്ട് നിർമ്മിക്കുന്നു പിന്നാലെ എന്ന വാക്കിലേക്ക് കാല് നീട്ടി ഞാനിരിക്കുന്നു നീളൻനിഴൽ കഴിഞ്ഞ് ശ്വാസത്തിൻ്റെ ഫ്ലവർവേസ് ഇരിക്കുന്നവരുടെ ഫ്ലവർവേസുകൾ എനിക്കരികിൽ നടക്കുന്നവരുടെ ഫ്ലവർവേസുകൾ എനിക്ക് മുന്നിൽ കുരുവികൾ അവരെ പിൻഭാഗം കൊണ്ട് അനുഗമിക്കുന്നു മൊട്ടുകളിൽ, വസന്തം കടത്തും പൂക്കൾ വിരിയിച്ചെടുക്കുവാൻ മഞ്ഞുകളുടെ മൊട്ടുകൾ നാളെയെന്ന വാക്ക് ഇപ്പോൾ അവൾക്കരികിൽ ഇനിയും  ഒരു ഋതുവും ഒപ്പുവെക്കാത്ത, ഋതുക്കളുടെ  അറ്റൻഡെൻസ് രജിസ്റ്റർ എന്നവൾ ഒപ്പിടാതെ മടങ്ങിപ്പോകുന്ന ഒരു ഋതുവിനേ അവൾ  ഒളിഞ്ഞുനോക്കുന്നു പ്രഭാതങ്ങളെ ഫ്രൈയിം ചെയ്ത് വെയ്ക്കുന്നു പ്രഭാതത്തിലേക്കുള്ള വഴി എന്നെഴുതിയ ഒരു മരപ്പലക, ചൂണ്ടുവിരലിന് സമീപം സൂര്യനാകുന്നു.