Skip to main content

കവിതയിലെ തുന്നൽ കഥയിലെ ആന

 ഉപമ കൊണ്ട് കുളിച്ച് കയറാമെങ്കിൽ

ആനയേപ്പോലെ അഴിച്ചിറക്കി

നടത്തി കൊണ്ട് പോയി 

തെളിച്ച്


തുടരാനാവില്ല കുളിയിൽ

ജലത്തിൽ

തിരികേ വന്ന് 

കയറേണ്ടതുണ്ട്

ഉടലിൽ

മേഘമാണെങ്കിൽ ജലത്തിൽ

ആനക്കും മനുഷ്യനും

ഇടയിൽ 

ഉടലിൻ്റെ തുടർച്ചകളുണ്ട്


കേൾക്കാവുന്ന ചങ്ങലക്കിലുക്കങ്ങൾ

ഇട്ടുവെക്കാവുന്ന പൗഡർടിൻ 

ആന കൊണ്ട് നടക്കുന്നു


കുട്ടിക്കൂറ മണമുള്ള

ഗൃഹാതുരത്തങ്ങളിൽ  ആനയും

മനുഷ്യനും

കറുപ്പിലും കറുപ്പിലും

കറുപ്പിലും വെളുപ്പിലും പുറത്തിറങ്ങുന്നു


വെളുപ്പ് പുറന്തള്ളുന്ന

പകലിൽ

ആന നടത്തം അടങ്ങിയിരിക്കുന്നു

നടക്കുമ്പോൾ ചലനങ്ങളിൽ

പൊന്തി വരും ആന മുഴക്കങ്ങൾ


പകലിനുമുണ്ട് സമയം ചലിക്കുമ്പോൾ

തെളിഞ്ഞ് വരും നിഴലിൽ ഒതുങ്ങാ

പകൽമുഴകൾ


ചലനം കലർന്ന ദിനങൾ പോലെ

കലങ്ങിയ പകൽ


കലങ്ങിയ നദി തെളിയുന്ന ശബ്‌ദം

കോരിയൊഴിച്ച്

കോരിക്കുളിച്ച്

അപ്പോഴും ആന കുളിക്കുന്നു


സൂചിക്കുത്ത് കൊണ്ട ഭാഗം മാത്രം

തിരിശ്ശിട്ട്

തുമ്പിക്കൈയ് നിറയേ ജലം ശേഖരിച്ച്

നടത്തം

നടത്തം

നടത്തം എന്ന തുന്നലാവുകയാണ്

തിരികേ ആന


എഴുന്നെള്ളിപ്പ് 

കുട തിടമ്പ് നെറ്റിപ്പട്ടം

ആലവട്ടം വെഞ്ചാമരം എന്നിവ

മാറ്റി നിർത്തിയാൽ

കൂടെ ആകാശവും


തുന്നി വെച്ച കല

ചന്ദ്രക്കല എന്ന് തന്നെ മുകളിൽ


കലങ്ങിയും തെളിഞ്ഞും

കൂടെ ആനയും പകയും പകലും


നദിയിൽ 

ജലാശയത്തിൽ ഇറക്കി കുളിപ്പിച്ച് 

തിരിച്ച് കൊണ്ട് വന്ന്

കെട്ടുവാനാകുമോ ആകാശത്തെ

അതിൻ്റെ അനാദിയെ

അതിൻ്റെ നീലനിറത്തേ

അതിൻ്റെ ശൂന്യതയേ

അതിൻ്റെ കലങ്ങിയ കൊമ്പിന്നേ

നീലയുമായി പുലബന്ധം പോലുമില്ലാത്ത

കഥയിലെ കറുത്ത നിറത്തേ


അനാദി എന്നത്

വിട്ടുപോയ വാക്കുകളുടെ ഒരു കീറലാണെങ്കിൽ

ശൂന്യതയുടെ തുന്നൽക്കാരാ

നുണ നീലിക്കുന്നു

നിന്നേക്കാൾ ഇളം നീലനിറത്തിൽ


ഇനി  ഇവിടെ എൻ്റെ കവിത 

കഥയിലെ

തുന്നൽക്കാരനായാൽ

പതിവായി അന്ന് ആനക്ക് കൊടുത്തിരുന്ന 

പഴം അവൽ കദളി ശർക്കര തേങ്ങാ 

തുടങ്ങിയ ഉപഹാരങ്ങൾ


അല്ലേൽ ഇവിടെ ആന വേണ്ട

ആകാശം മതി

അതിൻ്റെ ശൂന്യത 

അതിൻ്റെ നീല മതി

വേണമെങ്കിൽ

നിമ്മതി എന്ന വാക്കിനേ വരുത്തും

തമിഴിൽ നിന്ന് 

അതിൻ്റെ ഭംഗിയോട് കൂടി 

ശാന്തതയോട് കൂടി

സമചിത്തത കൂട്ടി

അത്രയും ഹൃദ്യമായി


ഇവിടെ ഇപ്പോൾ

എൻ്റെ കവിതയിലെ സൂചി

ചിലപ്പോൾ അതൊരു വാക്കാവാം

ചലനമാവാം

ശമനമാകാം

നോവാകാം നൂലാവാം

ചിലപ്പോൾ അത് കണ്ടെന്ന് തന്നെ ഇരിക്കില്ല

ചില തിരഞ്ഞുപോക്കുകളിൽ


ഇനി

അത് എത്ര തുന്നിലാലും

കവിയെന്ന നിലയിൽ കൊണ്ട മറക്കാത്ത .കുത്തുകളാവാം

തുന്നിച്ചേർക്കാൻ കഴിയാത്ത

കീറലാവാം

വിള്ളലാവാം


ഏറ്റവും പുതിയ നീക്കമുള്ള 

തുന്നൽക്കാരൻ മേഘം

മഴത്തുന്നൽ


തയ്യൽമെഷീൻ്റെ

ചക്രക്കറക്കം

കവികൾക്കിട്ട് മാത്രം കിട്ടും

അതിൻ്റെ അടിച്ചവിട്ട് 

കവികളേ മുക്കും

വരികളുടെ അടിയൊഴുക്ക്


ആദിയിലുണ്ടായ മേഘമേ

ദൈവത്തിലേക്കുള്ള അതിൻ്റെ

മാർഗ്ഗമേ ദൂരമേ

ദൈവത്തിൻ്റെ അടിവയറേ

പകലിൻ്റെ രതിമൂർച്ഛയേ


നഗ്‌നതയുടെ ദൈവം

തുന്നൽക്കാരനിൽ അന്നും ഒളിച്ചിരിക്കും

ഇടമേ


വസ്‌ത്രങ്ങൾക്കിടയിലൂടെ കത്രിക

നഗ്‌നതയിൽ തൊടും അതിൻ്റെ ജലമൂർച്ചകൾ


നഗ്‌നതയിലേക്ക് മടങ്ങാനൊരുങ്ങും

ദൈവത്തിന് 

അന്നും പതിവായി കിട്ടും

തയ്യൽക്കാരൻ്റെ കുത്ത്


ജലത്തിനും

കുത്തിനും ഇടയിലൂടെ

പതിവുകളുടെ തുമ്പികൈ നീട്ടം

വിരലറ്റങ്ങൾ


രതിമൂർച്ഛകൾ പതിവുകൾ

ദൈവം ഒറ്റപ്പകയുടെ പാതി


പതിവുകൾക്കപ്പുറത്തേക്ക്

നോവുകൾക്കും

രതിമൂർച്ഛകൾക്കും അന്നും

ജലത്തിനും

ജലോപരിതലത്തിന്നുമൊപ്പരം

ചിന്നംവിളി തുന്നിക്കൊടുക്കുന്നതെന്തും!

Comments

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം