Skip to main content

Posts

താക്കോൽ പഴുത്

എല്ലാറ്റിനും അപ്പുറം വീടുവരെ തെരുവ് വലിച്ചു നീട്ടുന്ന  ഒരാൾ അയാൾ വലിച്ചു നീട്ടിയ തെരുവിനും   വീടിനും  ഇടയിലെ ഒരു വിടവ് വാതിലിനെ പോലെ ഉയരം വെയ്ക്കുന്നു അതിലെ  വീർപ്പുമുട്ടിയ താക്കോൽ പഴുത് താക്കോൽ ഇല്ലാത്ത നേരം നോക്കി വീടിന്റെ നഗ്നത വാതിലിന്റെ അത്രയും ഉയരത്തിൽ  അഴിച്ചു വെച്ച്  നിഴലിന്റെ നീളം വെച്ച  കുപ്പായം എടുത്തിട്ട് വൈകുന്നേരത്തിലേയ്ക്ക്  ഇറങ്ങി പോകുന്നു വരിമുറിച്ചുവിറ്റു ജീവിക്കുന്ന കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ പാട്ടുകൾ മുറിച്ചു കടന്നു ചിതറിപ്പോയ കാലുകളിൽ നിന്നും  ഉറുമ്പുകൾ പെറുക്കിക്കൂട്ടുന്ന ഉടഞ്ഞുപോയ ഭൂപടങ്ങൾ ചുറ്റിക്കടന്നു വെയിൽ അവസാനിച്ചു  നിഴൽ തുടങ്ങുന്നതിന്റെ ഓരത്ത് കൂടി അതിന്റെ  അരികിന്റെ തുന്നൽ പോലെ നടന്നു പോകുന്നു ജീവിതവുമായുള്ള തയ്യൽ വിട്ടത് പോലെ  ഒരാൾ സ്വയം കീറി പറിഞ്ഞ ഒരാൾ ജീവിതത്തിന്റെ താക്കോൽ കളഞ്ഞുപോയ ഒരാൾ കണ്ടു കിട്ടിയ താക്കോൽ കണ്ടെടുക്കുന്നത് പോലെ താക്കോൽ പഴുത് കുനിഞ്ഞെടുക്കുന്നു സ്വന്തം മുറിയിൽ വൈകി വന്നു കയറുന്ന താമസക്കാരനെ ...

കൊലുസ്സ് നഷ്ടപ്പെട്ട പെണ്‍കുട്ടി

വെറും കാൽനടയായി നിന്റെ കൊലുസ്സിലേയ്ക്ക് തീർത്ഥാടനം നടത്തുന്ന സഞ്ചാരിയായിരുന്നു ഞാൻ നീയോ എന്നെ തിരഞ്ഞു നടക്കുന്നതിനിടയിൽ കൊലുസ്സ് നഷ്ടപ്പെട്ട പെണ്‍കുട്ടിയും നീ എന്നെയും ഞാൻ നിന്റെ കൊലുസ്സിനെയും തിരഞ്ഞുനടക്കുന്നതിനിടയിൽ വല്ലാതെ കൂട്ടിമുട്ടിപോകുന്ന നമ്മുടെ പാദങ്ങൾ ഘടികാരങ്ങളെ മാത്രം വലം വെച്ച് കടന്നു പോകുന്ന സമയം ഓരോ വലത്തും കാലത്തിനു സമ്മാനിക്കുന്ന ഗണപതി ഉമ്മകൾ ചെമ്മരിയാടുകൾ മേയുന്ന കുന്നിൻ ചെരുവുകളിൽ കളഞ്ഞുപോയ നിന്റെ കൊലുസ് കിലുക്കം കൊടുത്തു വളർത്തുന്ന പള്ളിമണികൾ അവനാലുമണിപ്പൂക്കളെ പോലെ വിരിഞ്ഞു തുടങ്ങുന്ന വൈകുന്നേരങ്ങൾ ആ വൈകുന്നേരങ്ങളിലൊന്നിൽ ചില മണികൾ മാത്രം നിനക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ കൂട്ടമണിയടിച്ചു തുടങ്ങുന്നു..

കുടയ്ക്ക് തീ പിടിക്കുമ്പോൾ

ഇന്നലെയിൽ നിന്ന് നിന്നിലേയ്ക്ക് നടന്നു വരികയായിരുന്നു ഞാൻ ആകാശത്ത് അർദ്ധവൃത്താകൃതിയിൽ ചന്ദ്രക്കല താഴെ അതെ ആകൃതിയിൽ മണ്ണിൽ വീണുകിടക്കുന്ന നിലാവ് ഒരു ജാലകത്തിന്റെ ചതുരം പിടിച്ചു നിലാവിൽ ചവിട്ടാതെ രാവ്  കടക്കുന്ന പുലരി ആ പുലരിയിലെ ഒരു സഞ്ചാരിയായി ഞാൻ തിരിഞ്ഞു നോക്കുമ്പോൾ തെരുവ് നിറയെ വീടുകളുടെ  ആകൃതിയുള്ള കാൽപ്പാടുകൾ നിന്നിലേയ്ക്കുള്ള അകലം അത്രയും അലിഞ്ഞു ഒറ്റരാത്രി കൊണ്ട്  ശുദ്ധജലമായി ഭൂമിയിൽ അത്രമാത്രം കുറയുന്ന ദൂരം കടന്നു പോകുന്ന വാഹനങ്ങളുടെ ജാലകങ്ങളിൽ തൊട്ടടുത്ത്‌ ഒട്ടിച്ചിരിക്കുന്ന അതാത്  യാത്രക്കാരുടെ ലക്ഷ്യങ്ങൾ ഞാൻ നിന്റെ വളരെ അടുത്ത് അടുത്ത് വരുന്തോറും എന്റെ കൂടുന്ന ഭ്രാന്ത്‌ അതിൽ നീ ദൂരെനിന്നും വളർത്തുന്ന ചോപ്പ്നിറമുള്ള ചെമ്പരത്തിമുള്ളുകൾ  അത്രയും വേദനിപ്പിച്ചു അവ കൊണ്ടുകയറുന്ന  ഞാൻ നടന്നു വന്നു കൊണ്ടിരിക്കുന്ന  എന്റെ പൊള്ളുന്ന ഉടലിൽ ഒട്ടിച്ചേർന്നു കിടക്കുന്ന നീ നിന്റെ  അളവിൽ  ഞാൻ കൃത്യമായിഅടങ്ങിയിരിക്കുന്ന ഇന്നലെ  കടന്നു നീ അമിതമായി അടങ്ങിയിരിക്കുന്ന നാളെയിൽ  എത്ത...

യാത്ര

കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ ചെയ്യുന്നതെല്ലാം യാത്രയാവും കടന്നു പോകുന്ന ഇടങ്ങളിൽ കാലങ്ങളെ പോലെ ദൂരം അടയാളപ്പെടുത്തി നില്ക്കുന്ന മൈൽകുറ്റികൾ തോരാതെ തിരിച്ചുകുഴിച്ചിട്ട മഴകളാവും യാത്ര ചെയ്തു തളരുമ്പോൾ കയറി നില്ക്കുന്നതും അപ്പോഴങ്ങോട്ട്‌ തോർന്ന ഒരു മഴയുടെ കീഴിലാവും യാത്ര എല്ലാം കഴിഞ്ഞു ചെന്ന് കയറുന്നത് പെയ്യാൻ വെമ്പി ആരെയോ കാത്തിരുന്ന കൂട്ടിവെച്ച ഒരായിരം മഴയുടെ കുളിരിലേയ്ക്ക് തന്നെയാവും..

ഒരു കത്ത്

ഒരു സ്റ്റാമ്പിന്റെ ആകൃതിയിൽ വെട്ടിയെടുക്കണം പെയ്യുന്ന മഴ ഒട്ടിക്കണം സമുദ്രമുദ്ര പതിച്ച തിരമാലയൊന്നിൽ എന്റെ മനസ്സ് തന്നെ 'ഉള്ള'ടക്കമാക്കി; പറക്കുന്ന ശലഭം പോലെ നിന്റെ മേൽവിലാസം എഴുതി നിനക്കയക്കുന്ന കത്തിൽ കാത്തിരിക്കണം ഏതു നിമിഷവും വറ്റിപ്പോയേക്കാവുന്ന ജലം പോലെ  ഒരിക്കലും വരാത്ത മറുപടിയ്ക്കുള്ള അടങ്ങാത്ത  ദാഹവുമായി... 

സവർണവെയിൽ

ഒരു കയറു പോലും ഇല്ലാതെ എന്റെ തൊടിയിലേയ്ക്ക്  കയറി പകലെന്ന കളവും  പറഞ്ഞു ഉള്ള വെള്ളവും കുടിച്ചു ഞാൻ പാടുപെട്ടു വളർത്തുന്ന പച്ചപ്പിൽ  കയറി പുല്ലുപോലെ മേഞ്ഞിട്ടിറങ്ങിപ്പോകുന്നു പശു എന്ന്  പേരുള്ള സവർണവെയിൽ!

ഒറ്റയ്ക്കിരിക്കുന്ന തുമ്പി

 ഉം... ആകാശം മൂടി കെട്ടിയിട്ടുണ്ട് ഒരു മഴ വരുന്നുണ്ട് വരുന്ന മഴ അറിഞ്ഞമട്ടില്ല; പെയ്തുകൊണ്ടിരിക്കുന്ന മഴ ചർക്കയിൽ നിന്ന് നൂൽനൂക്കുന്ന ലാഘവത്തോടെ മഴനൂലുകൾ പോലെ മേഘങ്ങളിൽ നിന്ന് മഴത്തുള്ളികൾ നൂൽത്തെടുക്കുകയാണവ കണ്ട കിനാവുകൾ കൊണ്ട് നനയാനുള്ള മഴ സ്വയം നെയ്തെടുക്കുകയാണവ പ്രണയിക്കുന്നവർ അങ്ങിനാ പ്രണയിക്കുമ്പോൾ അവരൊന്നുമറിയുന്നില്ല അവർക്ക് അപ്പോൾ എവിടെയെങ്കിലും ചെന്നിരുന്നാൽ മതി അതിന് ഒരു തുമ്പിക്കിരിയ്ക്കുവാനുള്ള സ്ഥലം മതി പെയ്യുന്ന ഒരു മഴത്തുള്ളിയിലോ ആടുന്ന ഒരു പുൽക്കൊടിയിലോ എരിയുന്ന ഒരു തീനാളത്തിലോ ഒഴുകുന്ന പുഴയിലെ ഒരോളത്തിലോ എവിടെയും അവ ചെന്നിരിക്കും ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും ഒന്നും പറ്റാത്ത ഇണകളാണവർ നമ്മളെ പോലെ അതേ പ്രണയിക്കുന്ന രണ്ടുപേരാണ്; ഒരിടത്ത് ഒറ്റയ്ക്കിരിക്കുന്ന തുമ്പി!

ടൈമിംഗ്

തീ പിടിച്ച പൂച്ചയാണയാൾ പിടിച്ച  തീ അണയ്ക്കുവാൻ അത്രയും തിരക്കുള്ള വഴിയിലൂടെ അയാളുടെ അടുത്തേയ്ക്ക് ഓടി പാഞ്ഞു വരേണ്ട ഫയർഎഞ്ചിനും അയാൾ തന്നെയാണ് വരുന്ന ഫയർ എഞ്ചിന്റെ വേഗത്തിനനുസരിച്ച്  കത്തലിന്റെ വേഗത നിയന്ത്രിക്കുന്ന തിരക്കിലാണ് അയാൾ ആ തിരക്കിനിടയിൽ പെട്ടാണ് അയാളോളം വെള്ളവും കൊണ്ടുവരുന്ന അയാളുടെ ഫയർ എഞ്ചിൻ   അയാളുടെ തീ കാത്തുകിടക്കുന്നത് അവസാനം വല്ലാതെ പിടയ്ക്കുമ്പോഴും  തീയും വെള്ളവും മുഖാമുഖം കാണുമ്പോൾ കൊണ്ട് വന്ന  വെള്ളത്തിന്‌ അണയ്ക്കുവാൻ പാകത്തിന്  കുറച്ചു തീ കെടാതെ കൃത്യമായി കാത്തുസൂക്ഷിക്കുന്ന തിരക്കിലാണയാൾ അപ്പോഴും  പൂച്ചയാണയാൾ

ജീവപര്യന്തം

അത്രമേൽ നിന്നെ  പ്രണയിച്ച തെറ്റിനാവും ശിക്ഷിച്ചത് മഴയുടെ തടവറയിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് തടവ്‌ കഴിഞ്ഞു പുറത്തിറങ്ങും... ഉറപ്പു, നിന്റെ ഉടലിലെയ്ക്ക് തന്നെ, തടവ്‌ ചാടിയ മാതിരി! 

അമ്പലമണിയുടെ ഒച്ചയിൽ മുഴങ്ങുന്ന ഇടി

മഴത്തുള്ളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ പ്രദക്ഷിണം വെച്ച് കുളിച്ചു തൊഴാൻ വരുന്ന  മഴയാണ് നീ നീ ചതുരത്തിൽ വെയ്ക്കുന്ന വലത്തിനെ വലം വെച്ച് നിന്റെ കൊലുസ്സിന്റെ താളത്തിൽ ജലമന്ത്രങ്ങൾ ഉരുവിട്ട് പതിയെയൊരു  പുഴയൊഴുകുന്നു നീ ചവിട്ടാതെ ഒഴിഞ്ഞു പോകുന്ന ഇടങ്ങളിൽ യഥാസ്ഥാനത്ത് കൊത്തുപണികളോടെ മേഘങ്ങളിൽ കൊത്തിവെച്ചിരിക്കുന്ന ബലിക്കല്ലുകൾ തൊഴുതു മടങ്ങുമ്പോൾ ശീവേലിക്ക് സമയമായതു പോലെ അമ്പലമണിയുടെ ഒച്ചയിൽ ഒരിടി മുഴങ്ങുന്നു!  

ഒരേമഴയിലെ രണ്ടുതുള്ളികളിലെയ്ക്കു

ഒരേ മഴയിലെ രണ്ടു തുള്ളികളിലെയ്ക്ക് യാത്രപോകുവാൻ കാത്തുനില്ക്കുന്ന രണ്ടു പേരാണ് നമ്മൾ പോകേണ്ട തുള്ളിയിലെയ്ക്കുള്ള വഴി നിനക്കറിയില്ല എനിക്ക് പോകാൻ പ്രത്യേകിച്ച് തുള്ളിയൊന്നുമില്ല അതെ മഴയത്ത് വെച്ച് ഒരു തുള്ളി നനയാതെ നീ എന്നോട് വഴി ചോദിക്കുന്നു ഞാൻ അത്രയും നനഞ്ഞു കൂടെ വന്നു നിനക്ക് വഴി കാട്ടിത്തരുന്നു കാട്ടി തന്ന വഴിയിൽ നീ എന്നെകാണിക്കുവാൻ മൊട്ടില്ലാതെ ചെമ്പരത്തികൾ വിരിയിക്കുന്നു ശിഖരങ്ങൾ ഇല്ലാതെ ഇലകൾ ഇല്ലാതെ വേരുകൾ മാത്രമുള്ള മരങ്ങൾ കാട്ടി തരുന്നു അവസാനം ഇറങ്ങാനുള്ള തുള്ളിയിൽ ജീവിതം ഇറ്റിച്ചു നിർത്തുമ്പോൾ; ഒരു വാക്ക് മിണ്ടാതെ, ഒന്ന് തോരുക പോലും ചെയ്യാതെ; ഒരു മഴയായി നീ- ഇറങ്ങി പോകുന്നു!

മുറിവ്

 മുറിവേറ്റവനായിരുന്നു ഞാൻ.. ശരീരം മുഴുവൻ മുറിവുകൾ ചോര പോലും മുറിവ് പക്ഷെ എല്ലാ മുറിവുകളും എന്റെതായിരുന്നില്ല; ഏറെയും നിന്റെ.. പൊറുക്കുമ്പോൾ തിരിച്ചെടുക്കാം എന്ന ഉറപ്പിൽ പലപ്പോഴായി നീ മുറിവേൽപ്പിച്ചു പോയവ! എന്റെ ഹൃദയം പോലും നിന്റെ മുറിവിന്റെ സ്പന്ദിക്കുന്ന- തത്സമയ സംപ്രേക്ഷണം; എന്ന് തിരിച്ചറിയുമ്പോഴേക്കും; വല്ലാതെ പൊറുത്തുപോകുന്ന ഞാൻ... എന്നാലും വേദനിക്കുന്ന പ്രണയത്തിന്റെ പുറത്തു ഉണങ്ങിയിട്ടും തിരിച്ചെടുക്കാൻ മറന്നുപോയ വെറും മുറിവായി ഞാൻ.. ഇനി.. തീയിൽ നിന്നും ചാരത്തിലെയ്ക്കുള്ള കത്തുന്ന കനൽ ദൂരം ചോരയ്ക്ക് പോലും തീ പിടിച്ചിരിക്കുന്നു അവിടെയും എരിയുന്ന പന്തവുമായി നിന്റെ മുറിവ് ഏറ്റെടുക്കാതെ, എന്റെ പൊള്ളലിനു മാത്രം; വഴികാട്ടുന്ന നീ ..

ഒരു ഇലക്കത്ത്

തണലിന്റെ സ്റ്റാമ്പ്‌ ഒട്ടിച്ചു വന്നതാണ്... പച്ചനിറത്തിൽ ഒരു കവർ ആരോ പൊട്ടിച്ചു വായിച്ചതു പോലെ ഉച്ചത്തിൽ പുറത്തെഴുതിയിരുന്നു; മരത്തിന്റെ നിലവിലില്ലാത്ത മേൽവിലാസം.. അകത്ത് ഇലയാവും എന്ന് കരുതി അത്രമേൽ നിശബ്ദമായി പൊട്ടിച്ചതാണ്; എന്നോ മേൽവിലാസംതന്നെ നഷ്ടപ്പെട്ട മരം.. തുറന്നു നോക്കുമ്പോൾ; കാണുന്നു.. അകത്തില്ലാത്ത ഉള്ളടക്കം പോലെ; ദിവസത്തിന് വെളിയിൽ ഒരു പകൽ നിറയെ പറക്കുന്ന പൂമ്പാറ്റകളുടെ ശൂന്യത!

നടക്കുന്നതിനിടയിൽ കാത്തുനില്ക്കുന്ന ഒരാൾ

സ്വന്തം  വൈകുന്നേരം  ചുമന്നു കൊണ്ട് പോകുന്ന ഒരാൾ അയാളുടെ തന്നെ ഇന്നലെ, പുതുക്കിപണിയുവാനായിരിക്കും.. ആ നടപ്പിലും കാത്തുനില്ക്കുകയാണയാൾ; തുറന്നിട്ടില്ലല്ലോ.... കുറഞ്ഞ വിലയ്ക്ക് പഴയ നിലാവ് വില്ക്കുന്ന നാളത്തെ കട 

മനുഷ്യന്റെ ഞെട്ടിൽ പിടിച്ചു കിടക്കുന്ന സമൂഹത്തിന്റെ കുല

ആപ്പിളുകൾ കൂടുതൽ കൂടുതൽ ആപ്പിളുകൾ ആവുകയും ഓറഞ്ചുകൾ കുറെ കൂടി ഓറഞ്ച് നിറത്തിലേയ്ക്കു ഉരുളുകയും ചെയ്യുന്ന കാലം കുലകൾക്ക് പുറത്തേയ്ക്ക് മധുരം കൂട്ടി വിളയുന്ന മുന്തിരികൾ പക്ഷെ അവയൊന്നും മറ്റൊന്നിന്റെ ആകൃതിയിലെയ്ക്കോ പ്രകൃതിയിലേയ്ക്കോ   തലയിടുന്നില്ല പുറത്തേയ്ക്ക് കൈ നീട്ടി മുദ്രാവാക്യം  വിളിക്കുന്ന ചെമ്പരത്തിപ്പൂവിന്റെ കേസരങ്ങൾ പോലും ഇതളുകളുടെ ചുവന്നപരിധിക്കുള്ളിലാണ്  വേരുകീറി മരങ്ങളുടെ രാജ്യസ്നേഹം പരിശോധിക്കുന മണ്ണിൽ.. ഭൂഗുരുത്വാകർഷണം കൂട്ടി സമൂഹത്തിന്റെ ഞെട്ടിൽ പിടിച്ചു  നില്ക്കുന്ന മനുഷ്യന്റെ തലയ്ക്കും മീതെ, ഏതു നിമിഷവും അടർന്നു വീഴാവുന്ന നിലയിൽ തൂങ്ങികിടക്കുന്നു അതേ സമൂഹത്തിന്റെ മറ്റൊരുകുല!

മാവേലിവേരുകൾ

അത്രമേൽ മണ്ണോടു മണ്ണ്ചേർന്ന് ഭരിച്ചിരുന്നതാവും ചോദിച്ചു വന്നതാവും തണൽ; മൂന്നടി... ചോദ്യം മനുഷ്യന്റെ   പേരിലാവും വളർന്നിട്ടുണ്ടാവും ഉയർന്നിട്ടുണ്ടാവും  അളന്നെടുത്തിട്ടുണ്ടാവും മണ്ണും വെള്ളവും ചവിട്ടി താഴ്ത്തിയതാവും വേരിനെ, മാവേലിയെ പോലെ; മനുഷ്യവാമനൻ കൊടുത്തിട്ടുണ്ടാവും മരത്തിന്റെ പേരിൽ ഒരു വരവും ഇന്നും തണലുള്ളിടത്തെല്ലാം  ഉണ്ടല്ലോ കൊണ്ടാടാനെങ്കിലും; ഊഞ്ഞാല് പോലെ, മണ്ണിൽ തൊടാത്ത; ഒരോണം! 

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി അടക്കി തുടങ്ങിയ അസ്തമയസന്ധ്യ ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ കണ്ണ് പൊത്തി   വൈകുവോളം കളിച്ചിട്ടും  കൊതി തീരാത്ത  ഇരുട്ട് ആ ഇരുട്ടത്തും വഴിയിൽ കാണാവുന്ന അന്തിച്ചന്ത.. നല്ല പാകം വന്ന നൃത്തം; മൊത്തവിലയ്ക്കെടുത്തു, ചുവടുകളാക്കി, ആ ചന്തയിൽ ചില്ലറയ്ക്ക്; മുറിച്ചു കൊടുക്കുന്ന മുടന്തൻ മയിൽ.. നീ... ആ മയിൽ എന്ത് വിലകൊടുത്തും എന്നും മോഹവിലയ്ക്കെടുക്കുന്ന മനോഹര നൃത്തം! ഞാനോ ആ   മയിലിന്റെ കാലിലെ ഒടുക്കത്തെ  മാറാത്ത  മുടന്തും ഇന്ന് ആ മുടന്ത് അടക്കിയ കല്ലറയ്ക്ക് മുന്നിൽ.. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;  മയിലിനെ പോലെ നൃത്തവും    വെച്ച്; നീ  കടന്നു പോകുന്നു  .... കാലത്തോടൊപ്പം !

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....    

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

ശലഭത്തിന്റെ ശബ്ദരേഖ

ഉണരാൻ വൈകിയത് പോലെ ധൃതിപിടിച്ചു ഒരു പൂവ് വിരിയുന്നു വലിച്ചെറിഞ്ഞ പത്രം പോലെ  ഇതളിൽ  അലക്ഷ്യമായി കാണപ്പെട്ട തേൻ എടുത്തു പാലുകാച്ചുന്നു മൊട്ടുകൾക്ക് താരാട്ടു പാട്ട് വരച്ചു  കൊടുക്കുന്നു വീട്ടുജോലികൾ തിരക്കിട്ടു  ചെയ്യുന്നത് പോലെ ധൃതിപിടിച്ചു പരാഗണം നടത്തുന്നതിനിടയിൽ കഴിഞ്ഞു കാണുമോ? എന്നാകുലപ്പെട്ടു റേഡിയോ വെച്ചു 'നോക്കുമ്പോൾ' കേൾക്കുന്നു.. ഇതുവരെ കാണാത്ത നിറങ്ങളിൽ  ശലഭത്തിന്റെ കഴിയാറായ  ശബ്ദരേഖ...