Skip to main content

നാണംകുണുങ്ങികളുടെ ദൈവം

നാണംകുണുങ്ങിയായി
ദൈവത്തിന്റെ പരിസരങ്ങളിൽ
വന്നുനിൽക്കും,
ആദ്യകാലകവിതകൾ

നിർവ്വചനങ്ങൾക്കുമപ്പുറം
പൂർണ്ണമായി രൂപപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത
ഒന്നായി
മനുഷ്യർക്കിടയിൽ
ഒളിച്ചുംപാത്തും കഴിയും
പ്രണയം

മനുഷ്യർ കവിതകളെ 
അടുത്തേയ്ക്ക് വിളിക്കുന്നു

നാണിച്ചും മടിച്ചും 
കവിതകൾ, 
മനുഷ്യർക്കടുത്തേയ്ക്ക് വരുന്നു

കവിതകൾ അടുത്തേയ്ക്ക് വരും,
മനുഷ്യരുടെ മുഖത്തും,
നാണം
അതും കാണാവുന്ന വിധം

ദൈവമിപ്പോൾ ആ രംഗം
ചിത്രീകരിക്കും സംവിധായകൻ.

2

കാലം,
മനുഷ്യരുടെ മുഖത്തേയ്ക്ക് തിരിയും
ട്രോളിയുടലുള്ള 
പഴഞ്ചൻക്യാമറ

ദൈവം ഇപ്പോൾ
മനുഷ്യരുടെ കൂടുതൽ അടുത്ത്.
കവിതകളിൽ നിന്നകന്ന്

പ്രണയം അനേകം നിറങ്ങളിൽ.
കാലം, 
അതിനും പിന്നിൽ
അപ്പോഴും ബ്ലാക്ക് & വൈറ്റിൽ

ദൈവത്തിനിപ്പോൾ,
ആ നിമിഷങ്ങൾ ആലേഖനം ചെയ്യും 
ഛായാഗ്രാഹകന്റെ നോട്ടം,
ഭാവം

3

തുടർച്ചയുമായി ഇടകലർന്നിട്ടുണ്ടെന്നേയുള്ളു
ദൈവം ഇപ്പോഴും 
തന്റെ
കറുപ്പിലും വെളുപ്പിലും

സംഭാഷണങ്ങൾ പോലും 
സംവിധാനം ചെയ്യപ്പെടേണ്ടതുള്ളത് കൊണ്ടാവണം,
നിർമ്മിയ്ക്കപ്പെടും
ഡോക്കുമെൻറികളിൽ പോലും
എന്റെ ദൈവത്തിനിപ്പോൾ
അധികം സംസാരങ്ങളില്ല

ദൈവമിപ്പോൾ,
സംസാരിക്കുവാൻ നാണമുള്ള 
ഒരാളെന്ന് നീ
അതും കവിതയിൽ.

4

വിരിഞ്ഞുകഴിഞ്ഞ പൂവിന്റെ നാണം
നീ എടുത്തുവെയ്ക്കും ഇടങ്ങൾ

ഇപ്പോൾ,
ദൈവത്തിന്റെ മുഖത്തും
സൂചിമുഖിപ്പക്ഷികൾ കൂട് കൂട്ടും
നാണം

ദൈവത്തിന്റെ ഉടൽ
തൂക്കണാംകിളികളുടെ കൂട്

നീ പക്ഷികൾക്കും മുമ്പേ
നാണം കുണുങ്ങുന്നു.
നാണം ഇപ്പോൾ കിഴക്ക്
അതും ഉദിച്ചിട്ടില്ലാത്ത വണ്ണം
സൂര്യന്നടുത്ത്

5

ദൂരെ നിന്ന് നോക്കിയാൽ
കുണുങ്ങലുകളുടെ കാലടികളിൽ
നടന്നുപോകും
ദൈവം

കൃത്യമായി പറഞ്ഞാൽ
നിന്റെ നാണംകുണുങ്ങലിൽ 
പങ്കടുക്കുന്ന ദൈവം

നീ നാണംകുണുങ്ങുന്നു
ദൈവവും നാണംകുണുങ്ങുന്നു

തിരിഞ്ഞുനോക്കുമ്പോൾ
നിന്റെ നാണത്തിന് 
അവതാരികയെഴുതും ദൈവം

പരസ്പരം പരിചയപ്പെടുന്നില്ല
നാണംകുണുങ്ങികളുടെ ദൈവം.
നാണം, 
അവയുടെ ദേവാലയങ്ങൾ.

6

ഒരേ നാണത്തിന്റെ രണ്ടറ്റത്ത്
നീയും ദൈവവും

ദൈവം ഇപ്പോൾ 
രണ്ട് നാണങ്ങൾക്കിടയിൽ കൂടുതൽ ഞെരുങ്ങുന്നു

ഒരു പക്ഷേ ദൈവത്തിന് 
കൂടുതൽ നാണം

ശരിയ്ക്കും പറഞ്ഞാൽ 
കവിതയിൽ,
കൂടുതൽ നാണം,
ദൈവത്തിനനുവദിക്കുന്ന നീ

നാണം കുണുങ്ങികളുടെ ദൈവം 
എന്ന് നീ കവിതയിൽ

7

നാണം, 
കടുംനിറമുള്ള
ഒരു ജമന്തിപ്പൂവാണെന്ന് നീ

പൂക്കൾ ആടുംവണ്ണം
ദൈവം അത് കേൾക്കുന്നു
തലകുലുക്കുന്നു
ശരിവയ്ക്കുന്നു

ദൈവം,
നാണത്തിന്റെ അയൽക്കാരൻ.
നാണം കുണുങ്ങലുകളുടെ തയ്യൽക്കാരനും

ഒരേ സമയം ദൈവം
നാണത്തിൽ തലപൂഴ്ത്തിവെച്ച്
കൈകളും കാലുകളും  
തുണിയിൽ ചലിപ്പിയ്ക്കുന്നു

നാണം ഒരു എബ്രോയിഡറിവർക്കാണെന്ന്
അപ്പോഴും നീ കവിതയിൽ

തുണിയിൽ
തയ്യൽമെഷിനുകളുടെ കുരുവികൾ
നാണം നാണം എന്ന് അവയ്ക്ക്
ചിറകടികൾ

അതേസമയം പ്രണയത്തിൽ 
പാട്ടുരംഗത്തിൽ  
നിറമുള്ള വസ്ത്രങ്ങൾ
അയയിൽ 
അലക്കിവിരിയ്ക്കുന്ന നീ

8

നിന്റെ ഋതുക്കളെല്ലാം നഗ്നം.
വസന്തം ഒഴിച്ച്.
നിന്റെ വസന്തത്തിന്റെ നാണം ,
ഒരു ജമന്തിപ്പൂ കൊണ്ട് മറയ്ക്കുന്ന നീ

പ്രസക്തി നഷ്ടപ്പെട്ട നാണമാണ്,
ദൈവം എന്ന് നീ 
അപ്പോഴും കവിതയിൽ 

നാണം ഒരു കുരുവി
നീയത് വശങ്ങളിലേയ്ക്ക് 
നീക്കിനീക്കി വെയ്ക്കുന്നു
ആകാശം ശൂന്യം

അറുപത്തിനാലു കളങ്ങളിൽ
ദൈവത്തിന്റെ ഉടൽ
നഗ്നത ഒരു കരു
നാണം ഒരു പക്ഷി

9

നാണവും പുസ്തകങ്ങളും 
നാണത്തിന്റെ പുസ്തകമെടുക്കുവാൻ വരും ദൈവം

കടുംനിറത്തിന്റെ നാണമുള്ള ദൈവം

നാണത്തിന്,
മറിച്ചുനോക്കാത്ത
പുത്തൻ പുസ്തകത്തിന്റെ മണമാണെന്ന് 
ലൈബ്രേറിയനായ പൂവ്

നീ നാണത്തിന്റെ ലൈബ്രറി

നിന്റെ രതിജന്യതീർത്ഥാടനങ്ങൾ
എന്ന പുസ്തകത്തിലെ
നാലുമണിയ്ക്ക് നാണം വരുന്ന ദൈവങ്ങൾ, 
എന്ന അധ്യായത്തിലെ
വെറും ഒരു സൂചിക മാത്രമായിട്ടുണ്ട്
ഇപ്പോൾ ദൈവം

പങ്കൊന്നുമില്ല എനിയ്ക്ക് ഒന്നിലും
എന്നാലും
എനിക്കിപ്പോൾ 
ഒരു ജമന്തിപ്പൂവെങ്കിലും 
ഇറുക്കാതെ വയ്യ, 
കാരണം,
കവിതയിൽ നാണം മറയ്ക്കുവാൻ അതിന്റെ നിറമെങ്കിലും ...








Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!