Skip to main content

മീനിനെ വിട്ട് പുഴയെ പിന്തിരിപ്പിക്കുവാൻ ശ്രമിയ്ക്കുന്നു

മീനിന് പിന്നാലെ സമയം
മുന്നിൽ പുഴ
ഞാനിരുപ്പ് നീട്ടുന്നു

നീലനിറമുള്ള പകൽ 
ഉടലിലെ തീർത്ഥാടന ഗ്രന്ഥിയ്ക്ക് വഴി

വഴി തെറ്റിയ
ശിശിരം
കൂട്ടിവെയ്ക്കുന്നില്ല കൊഴിഞ്ഞ ഇലകൾ 

നിശ്ശബ്ദതയുടെ മഞ്ഞുകാലത്തിന്
വഴിതെറ്റിയിരിയ്ക്കുന്നു
വഴി ചോദിയ്ക്കുന്ന മഞ്ഞുകാലത്തിന്
ഇല കൊഴിച്ച് 
വഴികാണിച്ചുകൊടുക്കുന്ന
ഒറ്റ മരമാവുകയായിരുന്നു ഞാൻ

കത്തുമ്പോൾ 
തീ പിടിച്ച കടലാസ് വളയുന്നത് പോലെ
എഴുതുമ്പോൾ  
അക്ഷരങ്ങൾക്ക് താഴേ 
വളയുന്നുണ്ടായിരുന്നു ഞാൻ

കൈയ്യക്ഷരകോക്കാച്ചി വന്ന് പിടിച്ചുകൊണ്ടുപോകും എന്ന് പറഞ്ഞ്
പേടിപ്പിച്ചിരുന്ന
എന്റെ അക്ഷരവളവുകൾ 

കണ്ണടച്ച് കയറിയിരുന്നാൽ
കവിതയിലെത്തിയ്ക്കും എന്ന്
വിചാരിച്ചിരുന്ന
സങ്കടം എന്ന് പേരുള്ള
വാക്കിന്റെ വരയൻകുതിര

അത് കരകവിയുന്നതറിയാതെ
പുഴയ്ക്കരികിൽ
വാക്കുകൾക്കൊപ്പം
മേയുന്നു.

വിരഹത്തിന്റെ ആകൃതിയുള്ള
കാപ്പിപ്പൊടി നിറമുള്ള കാതുകൾ
ഒരു ചന്ദ്രക്കല മാത്രമെടുത്ത്
എന്റെ കാപ്പിക്കപ്പിന്നരികിൽ വന്നിരിയ്ക്കുന്ന ആകാശം

വിദൂരതയെ സൃഷ്ടിയ്ക്കും പുല്ലാങ്കുഴലിലെ
ഒരു വിരലിനും അടിപ്പെടാത്ത സുഷിരം
കാതുകളിൽ ചാരി
ചുണ്ടുകൾ 
ആ വിരഹത്തിന് കൂട്ടിരിയ്ക്കുന്നു

കൈയ്യെത്താത്ത വിധം
കുറച്ചുകൂടി മുകളിലേയ്ക്ക് വെച്ച
പക്ഷിക്കൂടാവുകയായിരുന്നു
എനിയ്ക്ക് എഴുത്ത്
അതെന്നേ പക്ഷിയാണെന്ന്
നിരന്തരം ഓർമ്മിപ്പിയ്ക്കുന്നു

എന്നിട്ടും
ഞാനൊരു പുഴയെ നിർമ്മിച്ച്
അതിന്റെ കരയിലിരിയ്ക്കുകയായിരുന്നു

പുഴ ചുമന്നുകൊണ്ട് പോകും
ഒഴുക്കിന്റെ നാലാംവളവ്
കരകവിയുന്നുണ്ട് പുഴ

ഞാനൊരു മീനിനെ വിട്ട്
പുഴയെ പിന്തിരിപ്പിയ്ക്കുവാൻ ശ്രമിയ്ക്കുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം