Skip to main content

കാതുകളുടെ തൊഴുത്ത്

വേനലിന്റെ ഒരു കട്ടയെ
കൊത്തിത്തിന്നുന്നു
കാക്കകൾ

കാക്കകളുടെ ഭാരത്തെ
വെയിലിലേയ്ക്ക് ഇറക്കിവെയ്ക്കും
സൂര്യൻ

ഇടഞ്ഞ കാക്കയെ മെരുക്കും
ആകാശത്തിന്റെ നീല

ഇടയുന്ന കാക്കകൾക്കിടയിലൂടെ
പുനർജ്ജനി നൂഴും ആകാശം

കാക്കകളെ ഇടത്തേയ്ക്ക്
സൂര്യനോടിയ്ക്കുന്നു 
വെയിലിന്റെ ആകൃതി
വീണ്ടെടുക്കുന്നു

കാക്കയുടെ പഴയകറുപ്പ്
കൊത്തിത്തിന്നും
പുതിയ കാക്കകൾ

പുഴയെ കൊത്തിയെടുത്ത്
പറക്കും
ഒഴുക്കിന്റെ കാക്കകാലുകൾ

കാക്കകൾ കറുപ്പ് 
തങ്ങളിൽ നിലനിർത്തുന്നു

ഇലകൾ കടൽത്തീരത്തെ ശംഖുകളാണെന്ന്
വേരുകൾ തിരകളാണെന്ന്
മരം വിചാരിയ്ക്കുന്നു
കടലത് കേൾക്കുന്നു

മണ്ണ് ഉടമ
മരം വളർത്തുനായ
മണ്ണിന്നടിയിൽ വേരുകൾ വാലാട്ടുന്നു
മുട്ടിയുരുമുന്നു

നമ്മുടെ ശവശരീരങ്ങൾ
നമ്മളുടെ വളർത്തുനായകൾ

കോട്ടുവായ്കൾക്കിടയിൽ
നമ്മൾ ശവശരീരങ്ങൾ അടുക്കുന്നു

പുഴ, ഒഴുക്കറുത്ത് തൂക്കും
മാംസക്കട

മഴ ഒരു റാത്തൽ
ഒരു കോട്ടുവായയിൽ റാന്തൽ
തൂക്കിയിടുന്നു

റോഡ്റോളർ മെറ്റലിൽ  
ബുൾഡോസർ മഞ്ഞയിൽ
നിശ്ശബ്ദത ഒരു കല്ലിൽ കയറിയിറങ്ങും
സ്വരം

അവകാശികളില്ലാത്ത 
നോവിന്റെ സമാന്തരത
ഏകാന്തത എന്ന് കുറിച്ചിടുവാനാകാത്തത്

പേറ്റുനോവിന് സമാന്തരമായി
പൂക്കുന്നതിന്റെ നോവിനെ  എടുത്തുവെയ്ക്കും പൂക്കൾ

അസ്തമയവും അതിന്റെ പറ്റുവരവും
കുറിച്ചിടുന്ന
നോവിന്റെ പുസ്തകം
അത് സൂര്യനാവുന്നു

ഒരു കല്ലിൽ,
കാളവണ്ടികയറിയിറങ്ങും സ്വരം, 
വാങ്ങിമടങ്ങും
ഒരു കൂട്ടം മനുഷ്യർ
അവരെ ഞാൻ അനുഗമിയ്ക്കുന്നു
നിശ്ശബ്ദത അവരുടെ ഉടൽ

അഴിച്ചുവിട്ടാൽ പാട്ടുകേട്ടിട്ടുവരും
രണ്ട് കാതുകളുണ്ടായിരുന്നു
എനിയ്ക്ക്

ഞാനിപ്പോൾ പാട്ടുകേട്ടിട്ടുവരും
രണ്ട് കാതുകളുടെ തൊഴുത്ത്.

Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...