Skip to main content

മഴ അനുഗമനം അനുസരണ ആനന്ദം എന്ന അടുപ്പ്കല്ല്

മഴയെ അനുഗമിയ്ക്കുന്നു
അനുഗമിയ്ക്കുന്നവർ ധരിയ്ക്കും
അനുസരണ ധരിച്ച്

അരക്കെട്ടിലെ തണലുൽപ്പാദിപ്പിയ്ക്കുന്ന
ഇല
അതിലെ പച്ചനിറം മറ്റൊരു നിറത്തിന്റെ
ഭിക്ഷു

ജലം കൊണ്ട് ജലം മലിനമാവുമ്പോലെ
മനുഷ്യത്തം കൊണ്ട് മനുഷ്യത്തം മലിനമായ മനുഷ്യനാവുന്നു

ഇലകൾ കൊണ്ട് ഇല മലിനമായ മരം
എന്നൊരുപമ മരത്തിന്റെ
വേരാവുന്നത് പോലെ
മണ്ണിൽ തൊട്ടു മലിനം

മലിനം എന്ന വാക്കിന്റെ പകരക്കാരനെ
കവിതകൊണ്ടുവരുന്നു

മലിനമാവുന്നില്ല കവിത
മലിനമാവുന്നില്ല വാക്കും

തൂവലുകൾ മലിനമായ
ഇരട്ടവാലൻകിളി തിരയും 
രണ്ടാമത്തെ വാക്ക്
കൂടാവുന്നു

മുന്തിരിക്കുലകൾക്കിടയിൽ
മുന്തിരിയിലയിൽ
മലിനം എന്ന വാക്കിനെ
ഊതനിറം കൊടുത്തു തൂക്കി
കവിതയിലെ ഇലവരി

വാക്കുകുടഞ്ഞു
മാലിന്യത്തിലേയ്ക്കുലഞ്ഞു
മുൾച്ചെടിയിലെ മുള്ളായിതുടർന്നു മലിനം

ഓരോ ഇലകളും കഥയാക്കി
തുടർന്നു ചെടി
മൂളിമൂളി കേട്ടു പെയ്ത്തുതുള്ളികളിൽ മഴ

കവിതകൾ
അനുഗമനം മഴ
എന്നിങ്ങനെയുണ്ടായി താളം
 
ആകൃതികളുടെ വള്ളിയിൽ
മുന്തിരിയിലകളിൽ
മഴ, അനുഗമനം, കവിത
എന്നിങ്ങനെ തുടർന്നു
തുള്ളികൾ

കുലകളിൽ
പെയ്ത്തു നിറങ്ങളിൽ
കുലമണങ്ങളിൽ
മുങ്ങിനിവർന്നു മുന്തിരി

മലിനമായ വള്ളികൾ
ശാസനയുടെ കുരുവുള്ള മുന്തിരി
മലിനം എന്ന വാക്കിന്റെ പകരക്കാരനെ മനസ്സ് കൊണ്ടുവരുന്നു
ഉടൽ അതിനേ മേയ്ക്കുന്നു

മേയുന്ന നിശ്ചലതകളേ
അലയുന്ന കലകളേ 
മേഘങ്ങൾ എന്ന് മേയ്ക്കും ചന്ദ്രൻ
ഡിസംബർ അതിന്റെ 
അലയുന്ന പുള്ളികളുള്ള ആട്

നിശ്ചലതയുടെ കലയുള്ള
പുൽച്ചാടി
അത് ചാട്ടത്തിനെ 
ഉള്ളിൽ മേയ്ക്കുന്നു
ഉടലിന് പുറത്തിരിയ്ക്കുന്നു

കുതിരമുഖമുള്ള അരക്കെട്ടുകൾ
അവയുടെ പുല്ല് തിന്നും
തൊഴുത്ത്

കാലുകളിൽ നിന്നും
കുതിരകൾ പുറപ്പെടുന്നു
കുഞ്ചിരോമങ്ങൾക്ക് താഴെ
അനുസരണകൾക്ക് താഴെ
അവ മേഞ്ഞുനടക്കുന്നു

ലായങ്ങൾ കാലുകൾ
പുല്ലുകൾ കുതിരകൾ
എന്നാണ് താളം
അത് ആദിയിൽ നിന്ന് പുറപ്പെടുന്നു

പുല്ലുകൾ കാലുകളിൽ 
മുകളിലേയ്ക്ക് കുതിരയേ
നിർമ്മിയ്ക്കുന്നു
താഴേയ്ക്ക് മേച്ചിൽപ്പുറങ്ങളിലേയ്ക്ക് നടത്തുന്നു

ജീനിവളളികൾക്ക് താഴെ
ഓട്ടം എന്ന ലായമണമുള്ള ചതുരത്തിനുള്ളിൽ 
നിലനിർത്തുന്നു

നിശ്ചലതയുടെ 
അറുപത്തിനാലുകലകൾ
എന്ന് ചന്ദ്രൻ കുതിരയ്ക്കരികിൽ
ഒഴുക്കിന്റേയും എന്ന് തിരിച്ച്
കുതിര

അലസരാകുവാൻ മിന്നാംമിന്നികളെ
പഠിപ്പിയ്ക്കുന്ന രാത്രി
ഞാൻ അലസതയുടെ അറ്റത്ത്
നക്ഷത്രങ്ങൾ വരച്ച് തൂക്കുന്നു

പുൽച്ചാടികളെ എഴുന്നെള്ളിയ്ക്കും
ക്ഷേത്രമാവും അരക്കെട്ട്

നിശ്ചലത മലിനമായ പുൽച്ചാടി
മലിനത്തിന്റെ കല ചന്ദ്രനോളം മാനത്ത് 

മലിനം എന്ന വാക്ക് 
കവിതയിലെ കാക്കകൾ വന്ന്
കൊത്തികൊത്തി തിന്നുന്നു
അവ പറക്കുന്നില്ല എന്നുറപ്പിയ്ക്കുന്നു
നടക്കുന്നു

അനുസരണയുടെ കറുത്തനിറത്തിന്റെ
അറ്റത്ത് പറക്കുന്നത്
മറച്ച് കാക്കകൾ

പങ്കെടുക്കലുകളുടെ കായകളുളള
ഭാഷയുടെ നെല്ലിയുലുക്കലുകൾ
അതിലെ
ഒരു പുറം അലസം
മറുപുറം ഇന്നലെ
എന്ന ഒരില

അതിലെ ഇന്നലെയുടെ മിനുസമുള്ള
ഒരിലയുടെ കൊഴിച്ചിലിൽ പങ്കെടുത്തുതുടങ്ങുന്നു
അതും പതിയേ

സാവകാശം എന്ന വാക്ക് കൊണ്ട്
മറച്ചിട്ടുണ്ട് ഇല അതിന്റെ ഇന്നലെ
ആനന്ദം എന്ന വാക്കുകൊണ്ട് നിർത്തുന്നുമില്ല കൊഴിച്ചിൽ

മനുഷ്യൻ എന്ന വാക്കുകൊണ്ടലങ്കരിയ്ക്കുന്നു
മലിനം എന്ന വാക്കിന്റെ പകരക്കാരനാവുന്നു

തിരകൾ മുന്നിലേയ്ക്ക് വരുമ്പോൾ
പിന്നിലേയ്ക്ക് പോകും 
ഉടലിലെ കടൽമണഗ്രന്ധികൾ പോലെ
പങ്കെടുപ്പുകളാണ് ഉടൽ നിറയേ

ജനാധിപത്യം പോലെ 
അത് നിർവ്വചിക്കപ്പെടുന്നു
നോവുകൾ കൊണ്ട്
നോവുകൾക്ക് വേണ്ടി
നോവുകളാൽ എന്നാണ് താളം

ഏതാണ്ട് 
അങ്ങിനെയൊക്കെ തന്നെയാണ്
മനുഷ്യനും
മാലിന്യവും
ഇടകലർന്ന് തങ്ങളിൽ താളത്തിൽ

ഒരുവിധത്തിൽ പറഞ്ഞാൽ
ഓർമ്മയൊഴിച്ച് കത്തിയ്ക്കുകയാണ്
മനപ്പൂർവ്വം
കണക്കുക്കൂട്ടലുകൾ എന്നോ കടലെടുത്ത
നിശ്ശബ്ദകുലത്തിന്റെ
കൃഷ്ണൻ എന്ന 
മയിൽപ്പീലിവെച്ച ട്രാജക്റ്ററി

ഭരണഘടനാഗ്രന്ധികൾ പൂക്കുന്നത് ജനാധിപത്യപരമായി നിർത്തി
കുറ്റം എന്ന വാക്ക് കൂർപ്പിച്ച്
മരത്തിന്റെ തണലിൽ നിന്ന് മരത്തിനെ 
എന്നിങ്ങനെ തുടരാം 
അതും വേണമെങ്കിൽ താളത്തിൽ

നിറങ്ങൾ മലിനമായ ശലഭങ്ങൾ
എന്നാണ് വസന്തവിവക്ഷ

ഭ്രാന്തെന്നെഴുതി ഒപ്പ്
അതാണ് നിർത്തുവാൻ
ഏറ്റവും നല്ലത്

തൊട്ടുകൂട്ടാൻ ഒരിത്തിരി ചുവപ്പ്,
ചുണ്ടിന്റെ അറ്റത്ത്.
പറക്കാൻ ചിറകിന്റെ ഒഴിച്ചുകറികൾ
ഇലകൾക്കിടയിൽ ചില്ലയിൽ
തത്തയെ വിളമ്പിവെയ്ക്കുന്നിടത്ത്
മാലിന്യമെന്തെന്നറിയാത്ത
ആനന്ദത്തിന്റെ വിളമ്പുകാരൻ മരം.
ഞാൻ അത് മാത്രം നോക്കിനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ