Skip to main content

പുറത്തുകടക്കുന്നു


വാക്കിന്റെ സ്വീകരണമുറിയിൽ
ഒരതിഥിയായി പണിയെടുക്കുകയായിരുന്നു
കവിത

ആകാശത്തിന് 
വിളമ്പുന്ന
ഒരതിഥിമേഘത്തിന്റെ പാതി

ആരുടെ നിശബ്ദതയാണ് വാക്ക്
എന്ന സംശയത്തെക്കുറിച്ച്
പുറത്തേയ്ക്കിറങ്ങി ഒരെത്തിനോട്ടം
കുറിച്ചിടുന്നു

2

നിശ്ശബ്ദതയുടെ തുള്ളികൾക്കും
കള്ളത്തിനും പിന്നിൽ 
ഞാൻ 
എനിയ്ക്ക് പിന്നിൽ ആരുമില്ല
സത്യം പോലും

ഞാൻ മഴ നോക്കുന്ന 
കള്ളത്തിന്റെ പഞ്ചാംഗം

മഴപെയ്യുമ്പോൾ 
വാരിക്കീഴ് ചെയ്യുന്നപണി 
എന്റെ കവിതയിലെ
ആദ്യവരി ചെയ്യുന്നു
ഞാനതിന്റെ കീഴെ
മടുപ്പെന്ന് രേഖപ്പെടുത്താവുന്ന
ആഴത്തിന്റെ തുടക്കം

32

അലോസരപ്പെടുത്തിയേക്കാം
കവിത 
അതിന്റെ നീളം
കള്ളങ്ങളിൽ

തോരണത്തിന്റെ രൂപത്തിൽ
കള്ളം മുറിച്ചെടുക്കുന്നു
അലോസരങ്ങളിൽ
മടുപ്പുകളിൽ
നീളത്തിൽ തൂക്കുന്നു

കാലത്തിന്റെ അലോസരം സമയമാകുന്നത് പോലെ കൃത്യം

ചുണ്ടിൽ 
അവസാനം തൊട്ടതിന്റെ പാടുള്ള
മടുപ്പിന്റെ മട്ടടിഞ്ഞ കാപ്പിക്കപ്പ്

വാക്കിന്റെ കാപ്പിക്കപ്പുകളിൽ കവിത
നീക്കി നീക്കി വെയ്ക്കുന്നു
ഒപ്പം മടുപ്പും.

34

മഴ പെയ്യുമ്പോൾ
അർദ്ധസത്യങ്ങളുടെ കുടം 
പുറത്തെടുത്ത് വെച്ച് 
ശേഖരിയ്ക്കാറുണ്ടായിരുന്ന
ഭൂതകാലത്തിന്റെ ജലം

മഴയ്ക്ക് താഴെ പക്ഷി
ഒരു പെയ്ത്തുകല്ല് 

കുടം പാതി 
അതിൽ ജലം പാതി
അർദ്ധസത്യങ്ങളുടെ തുളുമ്പൽ
അതിലും പാതി

പ്രതിബിംബങ്ങളും തുളുമ്പും കുടം
അതിൽ കല്ല് പാതി
തുളുമ്പൽ പാതി
പാതിയാവുന്നതിൽ നിന്നും കുടത്തെ
കള്ളം മാത്രം തടയുന്നു

എനിയ്ക്ക് മുന്നിൽ
ചിറകിനടിയിൽ പറക്കലഴിച്ചിട്ട്
കറുപ്പിൽ ചാരി
നടത്തം എടുത്തുടുത്ത കാക്ക

56

അരയ്ക്ക്‌ താഴേയ്ക്ക് മഴ
തലയ്ക്ക് മുകളിൽ കുടം
ജലത്തിനുവേണ്ടിയുള്ള അലച്ചിൽ
കള്ളം മാത്രം തുടർന്നു

കള്ളങ്ങളുടെ തുള്ളി വീണ് 
നിറഞ്ഞിരിയ്ക്കും കുടം
അതിൽ നിന്നും 
തുളുമ്പും ജലം

അപ്പോഴും ഒഴിഞ്ഞുകിടക്കുമോ
സത്യത്തിന്റെ പാതി
തുളുമ്പുമോ കള്ളം?

67

മഴ പുറം 
അകം കുടം
തമ്മിൾ ബന്ധിപ്പിക്കും കണ്ണിയായി ജലം
കള്ളം അതിൽ
മഴയിടാൻ മറന്നുപോകും 
ആടും കൊളുത്ത്
കള്ളം കുടുക്കിന്റെ പാതി

മഴ ഒരു കുറ്റി
ജലം കൊളുത്ത്
കുടത്തിൽ കള്ളം അടച്ചുവെയ്ക്കുന്നു
അനങ്ങിയോ സത്യം?

ചന്ദ്രക്കലയനക്കം
അകത്തേയ്ക്കോ പുറത്തേയ്ക്കോ
ഇനി തുളുമ്പുമോ വാക്കിന്റെ
കല
ചന്ദ്രക്കലവളവ്

78

മഴ തോരുമ്പോൾ
നെടുവീർപ്പൊരു കവല
ശ്വാസം അത് ചുറ്റിപ്പോകും 
മുൻവശദൃശ്യങ്ങൾ എടുക്കുവാൻ 
മറന്നുപോയ ഘോഷയാത്ര

മഴ പെയ്യുമ്പോൾ 
മഴ ഒരു കവല
കുടം അത് ചുറ്റിപ്പോകും
വാഹനം

മഴ പെയ്യുമ്പോൾ
മഴ
മഴക്കടുവയുടെ പടമുള്ള
മഴനിറമുള്ള പോസ്റ്റ്കാർഡ്

കള്ളം അതിൽ എഴുതിയ 
മേൽവിലാസവും
വിശേഷവും

കള്ളം അതിൽ ഇരതേടും
പാടുകൾ തുളുമ്പും 
കാൽപ്പാടുകൾ മാഞ്ഞുപോയ കടുവ

മാഞ്ഞുതുടങ്ങിയ മേൽവിലാസത്തിൽ
കടുവയോളം മെല്ലെ തൊടും 
കള്ളം
സത്യം അതിന്റെ ഇര
 
ഗൃഹാതുരത്വങ്ങളുടെ ചന്ദനനിറങ്ങളിൽ
മെല്ലെ എന്ന വാക്കിന്റെ വാസന
ഉള്ളിൽ ഇളംമഞ്ഞ കാലത്തെ കള്ളം

89 & 90 ML

മഴ 
ഒരു പഴയ ഓലക്കൊട്ടക
അവിടെ പഴക്കം
കറുപ്പിലും വെളുപ്പിലും 
തുളുമ്പും പഴയചിത്രങ്ങൾ
കള്ളങ്ങൾ ദിവസേന മൂന്ന് കളികൾ

പഴയ എന്ന തുണ്ട്
അതിടുമ്പോൾ മാറുന്ന 
പശ്ചാത്തലസംഗീതം 
പതിയേ വാക്കുകൾക്ക് വെളിയിൽ കവിതയാവുന്നു


മഴ പെയ്യുമ്പോൾ കുളം
കള്ളം കുത്തിവെച്ച
മഴയുടെ  
പെയ്ത്തുഹോർമോൺ
കള്ളം അതിന്റെ കരക്കിരിയ്ക്കും
കൊറ്റി
മഴ തിളച്ചയെണ്ണ
കള്ളം കുമിളകളിൽ കാച്ചിയെടുക്കും
പെയ്ത്തുപപ്പടം

അത്രമേൽ നിശ്ചലതയിൽ കൊറ്റി
കാത്തിരിപ്പിന്റെ പുകയുള്ള ഒരു ചന്ദനത്തിരി
അതിന്റെ വെളുപ്പ് ഉയർന്നുപൊങ്ങുവാൻ
മറന്നുപോയ പുക

നിശ്ചലതയ്ക്കരികിൽ
ഒടിഞ്ഞൊടിഞ്ഞു വീഴുന്ന 
എന്റെ കാത്തിരിപ്പ്
ഒടിയുന്നിടത്ത് വെച്ച് നിന്റെയെന്ന്
തിരുത്തപ്പെടുന്ന അതിന്റെ ചാരം

മഴ തോരുമ്പോൾ
മഴ വേർപെടും ഇടങ്ങളിൽ
മഴ പെയ്ത്തിന്റെ പെയ്ത്തുപോസ്റ്റർ
തോർന്ന ഇടങ്ങളിൽ
കുട്ടികൾ കള്ളം ചേർത്ത്
കൊണ്ടൊട്ടിയ്ക്കും
മഴത്തുള്ളികൾ

99L

പെയ്തിരുന്നു എന്ന കള്ളം കൊണ്ട്
ചുറ്റും നനഞ്ഞുകിടക്കും ഇടം
നിറഞ്ഞിരിയ്ക്കും കുടം

അന്തരീക്ഷം എന്ന ആനുകാലികത്തിന്റെ
ആദ്യം മറിയുന്ന താൾ
എന്ന വിധം മഴ
സാംസ്കാരികം എന്ന തുള്ളി

മഴ മറിയുന്ന ഒരു താള്
കള്ളം അതിലെ ഒരു പിൻപേജ് കവിത

അതിൽ ആദ്യം കാണുന്ന
ശ്രദ്ധയിൽ പതിയുന്ന
പരസ്യം എന്ന തലത്തിൽ 
കള്ളം അതിൽ ഉള്ളടക്കം

അതിൽ മറിയുന്നതിന്റെ
പ്രതിഫലനം
വിരൽ കൊണ്ട് തൊടുന്നു
വിരലിന്റെ അറ്റത്ത് കള്ളം

ഉള്ളടക്കം ഒഴിച്ചിട്ട എന്തും 
കള്ളം ആവുന്ന കുടം പോലെ
ചരിവുകളിൽ കള്ളം
അതിന്റെ ആട്ടം ശേഖരിയ്ക്കുന്നു

ശേഖരിക്കുക എന്നതാവണം
ഓരോ കുടത്തിന്റേയും
ഏറ്റവും ലളിതമായ ലക്‌ഷ്യം

എന്നിട്ടും വെള്ളത്തിൽ മുക്കുമ്പോൾ
കുടം ആടും
ഉള്ളടക്കത്തിന്റെ നാടകം

ഏറ്റവും പരന്ന 
കുടം തന്നെയാണ് ആനുകാലികങ്ങൾ
മറിയ്ക്കുമ്പോൾ അവ
ശേഖരിയ്ക്കുന്നു

അത് വരെ അവ ഒഴിഞ്ഞ കുടങ്ങൾ
ഉള്ളടക്കത്തിന്റെ അച്ചടിയന്ത്രങ്ങൾ

ഒഴിഞ്ഞ എന്ന മഷികൊണ്ട്
കുടം അതിന്റെ ഇനിയും പൂർത്തിയാക്കാത്ത അച്ചടി
കളിമണ്ണിൽ കള്ളം 
കുടത്തിന്റെ പ്രിൻറിങ്ങ് പ്രസ്സ്

201 M

ഒഴിഞ്ഞ എന്നത് തന്നെയാവണം
കുടം മറയ്ക്കാൻ ആഗ്രഹിയ്ക്കും
കുടത്തിന്റെ ദുർവിധി

കമഴ്ത്തിക്കളയുക 
എന്നത്  ഏതൊരു
കുടത്തിന്റേയും കള്ളത്തിന്റേയും
ശക്തിയും ദൗർബല്യവും

തുള്ളികളിൽ 
കള്ളങ്ങളുടെ അമ്മാനയാട്ടമാവുകയാണ് മഴ

ഉള്ളടക്കത്തിന്റെ പെയ്ത്ത് തുള്ളി
മഴ അതിലടക്കം
മഴ അതിന്റെ പെയ്ത്ത് കുടം
തലയിൽ ചുമക്കുന്നു

മണ്ണിന്റെ ആൽബമായിരുന്നിരിയ്ക്കണം
മറിച്ചുനോക്കുമായിരുന്നു 
വിത്തുകൾ

അരികിന്റെ വിത്താണ് 
കുടിവെള്ളമില്ലാത്ത 
അയൽക്കാരോട്
മനുഷ്യത്വത്തിന്റെ 
ബഹുമാന്യതകൾ ചേർത്ത് 
അയലിന്റെ വിത്തുനീട്ടും
വേനലെന്ന നുണ
വെയിലിന്റെ ഇല
സൂര്യനൊരു വള്ളിച്ചെടി
അറ്റത്ത് കാലമെന്ന കള്ളം 
അതും പിടിയ്ക്കാൻ മറന്നത്

വെച്ചുനീട്ടുന്നതിൽ കൊളളും
ഒരിത്തിരി കള്ളം
തൊണ്ടനനയ്ക്കാൻ പാകത്തിന്
അതും ഒരിത്തിരി സത്യത്തിലേയ്ക്ക് കിളിർത്തത്

202 XXL

പാകമാണ് കള്ളം
സൗകര്യങ്ങളിൽ തൊട്ട്
അസൗകര്യങ്ങളിൽ തട്ടി
അത് ഏറ്റവും അടുത്ത താളത്തിൽ
സത്യമാകുന്നു

കള്ളം ഒരു രാഗം
മേളകർത്താരാഗത്തിൽ മഴ

കുടം എന്നും 
സൗകര്യങ്ങളിൽ 
ശേഖരിച്ചുവെയ്ക്കുന്നു കള്ളം

അർദ്ധം എന്ന വാക്കിന് മുകളിൽ
കുടം തുറന്നുവിട്ട 
ഭൂതം കണക്കേ
അധികം വരും കള്ളം
ഒപ്പം കവിതയും

സൗകര്യങ്ങളിൽ പൂക്കുന്ന
കള്ളത്തിന്റെ കുറിഞ്ഞി 
അത്
പലനിറങ്ങളിൽ തുളുമ്പുന്നു

നോക്കിനിൽക്കേ
കുടത്തിൽ
നോട്ടത്തിന്റെ ചോട്ടിൽ
തുളുമ്പലാവും
കള്ളം

304

ഉള്ളടക്കവുമായി 
ഇണ ചേരുന്ന മണ്ണ് 
കള്ളം ഇണ ചേരുന്ന മണം

കള്ളം തലയിൽ വെച്ച് 
തുമ്പികൾ കൊണ്ടുവരുന്നു
ഒരു കുടം രതി

ഉടലിൽ തുളുമ്പും
കള്ളത്തിന്റെ ഉള്ളടക്കമുള്ള
ഒരു കുടം മറുക്

നഗ്നതയുടെ ഉള്ളടക്കം
കുടത്തെ നിർമ്മിച്ച്
അതിന്റെ അരികിലിരിയ്ക്കും രാത്രി

രതി കള്ളങ്ങളുടെ ഭാഷയിൽ 
ഒരു തുടം നഗ്നത

ഒരു കുടം കള്ളമാവും
ഉടൽ

രാത്രിയായിട്ടുണ്ടാവണം
മഴ ഒരു ജീപ്പ്
കള്ളം അതിൽ തെളിയും 
രണ്ട് ഹെഡ്ലൈറ്റുകൾ

477

രാത്രി
കണ്ണ് കെട്ടിയ ഗാന്ധാരിയാവുന്നു
കവിത
പരതുന്ന വിരലിന്റെ അറ്റത്തു കുരുങ്ങും
വാക്കിന്റെ കറുത്തകൃഷ്ണൻ

കണ്ണ് കെട്ടപ്പെട്ടിരിയ്ക്കുന്നു കവിത
വാക്കിന്റെ മുമ്പിലും പിമ്പിലും
ഒരു പിടി മണ്ണ്

മറവികൾ ചതുരക്കട്ടകളാണെന്ന്
മറവിയുടെ വശം 
ചതുരത്തിലുരയുമ്പോൾ മായുന്നതെന്തും


കവിതയിലെ അബേദ്ക്കർ
ജീവിതത്തിന്റെ ഗാന്ധിയോട്
വൃത്തത്തിന് വെളിയിൽ കലഹിക്കും
ഒരു പക്ഷേ അന്ന് നിലവിലില്ലാത്ത
ഭരണഘടനയുടെ താളബോധം

ആരുടെ നെടുവീർപ്പാണ് അഹിംസ
ബുദ്ധൻ ആരുടെ ബിംബം

555T

നിലാവിന്റെ മയം
പകലിനെ 
അടുത്തവീട്ടിലെ കുട്ടിയാക്കുന്നു
പേരയിലകൾക്കിടയിലെ പേരയ്ക്ക പോലെ
അവന്റെ മുറ്റത്ത് കവിതയുടെ പച്ച
പേരയ്ക്കയിൽ കുരു എന്ന് വിളിയ്ക്കുവാനാകാത്ത വിധം
പിടിയ്ക്കുന്നതിലെല്ലാം
കള്ളത്തിന്റെ അരികൾ

ഭിക്ഷാടകനായ ഭ്രാന്ത്
എന്റെ കവിതയിലെ കഥാപാത്രം
അതിന് സംഭാഷണങ്ങളില്ല
മറവികൾ മാത്രം

മഴ ഒരു രാജാരവിവർമ്മ ചിത്രമെന്ന്
ചരിത്രം
ഞാനത് ചുവരിൽ തൂക്കുന്നു
ചുവര് മണ്ണ് കൊണ്ട്

കട്ടളയ്ക്കിടയിൽ വെയ്ക്കും
കുഴച്ചമണ്ണ് പോലെ കള്ളം
ചോരുന്നതിന്റെ അരികിൽ മഴ
അതും മേൽക്കൂര മണമുള്ളത്
കവിത അതിലടക്കം

ഉപസംഹരിയ്ക്കും മുമ്പ്
കള്ളം ഇവിടെ
തോരുന്നതിന്റെ പുരസ്ക്കാരം
ഏറ്റുവാങ്ങും മഴ,
ഉപചാരപൂർവ്വം പറഞ്ഞേക്കാവുന്ന
രണ്ട് വാക്ക്.

ഒരു തുളുമ്പലെടുത്ത്
സ്വീകരണമുറി ഒഴിയുന്നതെന്തും








Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...