Skip to main content

കവിതകൾ നിർത്തുന്ന വിധം

മിന്നാംമിനുങ്ങുകൾക്ക് 
പെറ്റുകിടക്കുവാൻ
ഞാനെന്റെ സൂര്യനെ വിട്ടുകൊടുക്കുകയായിരുന്നു

പകൽ കൊണ്ട് മറച്ച മുറികൾ

പൂച്ചയേപ്പോലെ വെളിച്ചം
അതിന്റെ നാവുകൊണ്ട് നക്കി
പൊള്ളലേറ്റ സൂര്യൻ

അതിലൊരു മിന്നാമിന്നിയുടെ
പേറ്റുനോവിന്
പകലുകൾ കൊണ്ട് മറച്ച മുറിയിൽ
വയറ്റാട്ടിയെ പോലെ 
കൂട്ടിരിയ്ക്കും നിന്റെ കാത്

കണ്ണുകൾ പ്രസവമെടുക്കുന്നു

ഓർമ്മയുടെ വയറ്റാട്ടി
മടക്കിവെച്ച കാലുകളിൽ
ആടുന്ന തുടയിൽ 
വെളിച്ചം ഓർമ്മയുടെ കുഞ്ഞ്

നമ്മൾ
ആകാശത്തിന്റെ പ്രസവമെടുത്തു
തളർന്ന രണ്ടപ്പൂപ്പന്താടികൾ

നിന്റെ മൂക്കൂത്തിയിലെ
വെളിച്ചത്തിന്റെ കടത്തുകാരൻ കല്ല്
ഞാൻ ഒഴുക്ക് ഒളിച്ചുകടത്തും പുഴ

നിന്റെ മൂക്കൂത്തിയിലെ സുഷിരം
ഒരു മൃഗമാണ്
അത് വെള്ളം കുടിക്കുവാൻ വരും
അരുവിയായി
നിന്റെ മൂക്കൂത്തിക്കല്ലിൽ
ഞാൻ തെളിഞ്ഞുകിടക്കുന്നു

പ്രതിഫലനങ്ങൾ വെള്ളാരങ്കല്ലുകൾ
മീനുകൾ അവ ചുറ്റിപ്പോകുന്നു

ആകാശത്തിന്റെ നാഭിക്കുഴികളിൽ
ആകാശം ശേഖരിയ്ക്കുന്ന ഒരു നക്ഷത്രമുണ്ടായിരുന്നു എനിയ്ക്ക് 
എന്നൊരു കളവ് പറഞ്ഞു
കവിത നിർത്തുവാൻ
തുടങ്ങുകയായിരുന്നു ഞാൻ

കടുംനീലകൾക്ക് പാലൂട്ടും
മുലഞെട്ടുകളിലെ ഞാവൽ

ശലഭം കയറുമ്പോൾ
ഹൈറേഞ്ചിലൊക്കെ
ആകാശം എഴുന്നേറ്റ് 
സീറ്റൊഴിഞ്ഞു കൊടുക്കുമായിരുന്നു എന്ന് 
കവിതയ്ക്കരികിലെ നീ.

ഞാൻ കഥ നിർത്തികൊടുക്കുന്നു
നിന്റെയൊരു മൂളൽ കവിതയിലേയ്ക്ക്
കയറുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി