Skip to main content

പക്ഷിത്തൂവൽ ശേഖരം കൊണ്ട് അവളെ കൊള്ളയടിയ്ക്കും വിധം

നക്ഷത്രങ്ങൾ കാൽ നനയ്ക്കും
ചന്ദ്രക്കലയിലെ കടവിനെ
അവളുടെ മാലയിലെ 
ലോക്കറ്റിന്റെ തണുപ്പിൽ നിന്നും കണ്ടെടുക്കുകയായിരുന്നു
ഞാൻ

സ്വർണ്ണം കാൽ നനയ്ക്കും ലോക്കറ്റ്
അതായിരുന്നു അവളുടെ മാറിൽ
കിടക്കുമ്പോഴെല്ലാം 
ലോക്കറ്റുമായി തലവെച്ച് മാറുമ്പോഴും
ഞങ്ങൾക്കിടയിലെ ധാരണ

അപ്പോഴെല്ലാം അവൾ സ്വർണ്ണമായി
സ്വർണ്ണത്തിനും മുകളിലേയ്ക്ക് തുളുമ്പീ അവൾ

നനവ് നനഞ്ഞ നീല
ചുണ്ടുകളും നനഞ്ഞിട്ടുണ്ട്
അതിൽ മഴനനച്ച മാവില,
ചേർത്തുവെയ്ക്കും മയക്കം
തണുപ്പിൽ അതിന്റെ 
സ്വർണ്ണമണം കുനുകുനേ.

പൊട്ടിയ്ക്കുന്നതിന് മുമ്പ്
കുയിൽ കുലുക്കിനോക്കും
മഴയിട്ടു വെയ്ക്കും 
വേഴാമ്പലിന്റെ കുടുക്ക അവളുടെ ലോക്കറ്റിൽ കൊത്തി മരംങ്കൊത്തി.

അധികം ചിലയ്ക്കാത്ത പക്ഷിവശം
ശബ്ദവും കുലുക്കങ്ങളുമായി
ഞാനെന്റെ കാത് കൊടുത്തുവിടുകയായിരുന്നു

അവൾ കൊടുത്തുവിട്ടു
മാറത്ത് വെച്ച ചുണ്ടും ചൂടും
ചന്ദ്രക്കലയും

അടുത്തടുത്ത് അടുക്കിവെച്ച 
ചെറിയചതുരങ്ങളിൽ
അവളുടെ ഉടലിൽ
പ്രാവുകളുടെ കൂടുകൾ നിർമ്മിക്കുന്ന
പക്ഷിവളർത്തുകാരനാവുന്നു ഞാൻ
ഇടയ്ക്കിടയ്ക്ക് പക്ഷിയും

കുറച്ചുകൂടി ഏകാന്തത വേണമെന്ന്
തോന്നിയാൽ
ഒരു പക്ഷേ പക്ഷിയ്ക്ക് കൂടാവുന്നതുൾപ്പടെ
മനുഷ്യൻ ചെയ്യുന്നതെല്ലാം
ഇതിനിടയിൽ ചെയ്യുന്നുണ്ട് 
ഞാൻ

അവളിലേയ്ക്ക് മാനത്തിനെ താഴ്ത്തിയിറക്കുന്നു
ഞാനെന്ന പക്ഷി
ഞാനവളിൽ ഇട്ടുവെയ്ക്കുന്നു
എന്റെ പറക്കലുകൾ
എന്നിട്ടും പലപ്പോഴും
പറക്കുവാൻ മറക്കുന്നു

മഴയുടെ പെയ്ത്തുടൽ ശേഖരമുള്ള പെണ്ണാവും അവൾ

അവളുടെ കാലിലെ
നൃത്തവിരലിലെ 
വെള്ളികൊണ്ടുണ്ടാക്കിയ മഴമിഞ്ചി
കൊത്തിയഴിയ്ക്കും പക്ഷിയാവുകയായിരുന്നു ഞാൻ

ജാലവിദ്യക്കാരന്റെ തൂവാല
വീടാകുന്നു 
ചുംബനങ്ങൾ ജാലകങ്ങളാണ്
എന്നടക്കം പറയുന്ന ഞങ്ങൾ

കാക്കക്കറുപ്പിന്നെ ചരിച്ചുപിടിയ്ക്കുന്ന
അവൾ
കാക്കയുടെ കണ്ണിൽ നിന്നും
കരിമഷി മോഷ്ടിക്കുന്ന ഞാൻ
കാക്കക്കറുപ്പിനെ തുളുമ്പുവാൻ പഠിപ്പിയ്ക്കും അവളുടെ ഉടലിന്റെ നീല

അധികം വന്ന മഷിപോലെ
വിരലിലെ വിരിയുന്നതിന്റെ താമര
അതിനിടയിൽ നൃത്തം പോലെ 
ഉടലാകെ തൊട്ടുപുരട്ടുന്ന
അവൾ

അവൾ കടൽ അതിന്റെ 
ആഴം ഇട്ടുവെയ്ക്കുന്ന കുടുക്ക
ഇടയ്ക്ക് കാട് അതിന്റെ പഴക്കം 
ഇട്ടുവെയ്ക്കുന്ന മരം
അതിന്റേതല്ലാത്ത തിരകൾ 
ഇട്ടുവെയ്ക്കുവാൻ 
കടലും ഇതിനിടയിൽ എപ്പോഴോ എടുത്തിട്ടുണ്ടാവണം അവളെ 

ഞാനിപ്പോൾ ഒരു കൊത്തിൽ
തിര മോഷ്ടിക്കുവാൻ
അവളിൽ കടന്ന പക്ഷി.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...