Skip to main content

പൊന്മാൻ പൊത്ത് കൊത്തി കവിതയെ ആകാശമാക്കും വിധം

കടപ്പുറത്തു കൂടി സഞ്ചരിയ്ക്കും 
നിറയെ ജാലകങ്ങളുള്ള വണ്ടി
വണ്ടിനിറയെ പൊന്മാനുകൾ

പുറത്ത്
വണ്ടിയ്ക്ക് പുറത്ത്
കൂടെ പറന്ന്
വണ്ടിയിൽ
കൂടുതൽ ജാലകങ്ങൾ കൊത്തുന്ന
പൊന്മാനുകൾ

കൊത്തിത്തീരുമ്പോൾ
വണ്ടി നിറയെ 
പൊത്തുകളുള്ള മരമാകുമോ
എന്ന് സംശയിക്കുവാൻ
ഒരു ഇലയെ പച്ചപുരട്ടി കൂടെ കൂട്ടിയിരുന്നു ഞാൻ
ആ ഇലയാണ് കാറ്റിനെ കൂടെ കൂട്ടിയത്

എന്നിട്ടും ഞാൻ കാറ്റിന്റെ കണ്ണിൽ
പൊന്മാനുകൾ ജാലകം
കൊത്തുന്ന വണ്ടി

അകത്ത് 
പൊന്മാനുകൾ
പൂർത്തിയായ ജാലകത്തിനടുത്ത് വന്നിരിയ്ക്കുന്നു
കാഴ്ച്ചകൾ കാണുന്നു

അപ്പോഴും
മുകളിലിരുന്ന് ഒരു പൊന്മാൻ
മഴ കൊത്തുന്നു

കൊത്തിപ്പൂർത്തിയായ മഴ 
താഴെ വീഴുമ്പോൾ
പെയ്ത്തെന്ന് സാക്ഷ്യപ്പെടുത്തുവാൻ
വേഴാമ്പലിനെ മഴ കരുതുകയായിരുന്നു

സാക്ഷ്യപ്പെടുത്തലിൽ ചേർന്ന് പൂർത്തിയാകാത്ത മഴയിരിയ്ക്കുന്നു 
പൂർത്തിയാകാത്തതിനെയൊക്കെ
നീയെന്ന് സാക്ഷ്യപ്പെടുത്തി ഞാനും

മഴ പെയ്യുമ്പോൾ
അതിലൊരു പൊന്മാൻ പിടിച്ചിടും
ടാർപ്പായ

ജാലകം അപ്പോഴും കടപ്പുറം
പിടിച്ചിടുന്നു
മഴ എന്നെയും

ഞാൻ കൊത്തിത്തീർന്ന ജാലകമാണെന്ന്
കരുതി എനിയ്ക്കരിക്കിൽ
വന്നിരിയ്ക്കും പൊന്മാൻ

മീനിന്റെ അതിഥിയായ ഞാൻ

നീ കാതുകുത്തുന്ന കുഞ്ഞ്,
കൂടെ കൊണ്ടുപോകും കാതാണെന്ന്
കുത്തിക്കഴിഞ്ഞാൽ 
ആ കുഞ്ഞ് കൊണ്ടുവരുന്ന
വാവിട്ട കരച്ചിലാണെന്ന്
ആ കരച്ചിലിന്റെ സുഷിരത്തിൽ
ഇട്ടുകൊടുക്കും ഭംഗിയുള്ള 
സ്വർണ്ണക്കമ്മലാണെന്ന്
കരച്ചിൽ അടക്കിയ കുഞ്ഞിന്റെ
മനോഹരമായ ചിരിയാണെന്ന്
മീനുകൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നുണ്ട് ഞാൻ 

പറഞ്ഞുതീർന്നിട്ടില്ല
അരികിൽ നീയുണ്ട്
നീയൊരു പൊന്മാനാണെന്ന് പറഞ്ഞ് മീനുകളെല്ലാം കൂടി
ഇപ്പോ എന്നെ കൊത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ