Skip to main content

കടൽകൊള്ളക്കാരന്റെ ഭാര്യ

നീ കടൽക്കൊള്ളക്കാരന്റെ ഭാര്യ
ഓരോ കൊള്ളയും കഴിഞ്ഞാൽ അയാളിത്ര
നന്നാവുന്നതെന്തിനാണെന്ന് ഞാൻ വിചാരിക്കുന്നു

കടൽകൊള്ള കഴിഞ്ഞാൽ
അയാൾ ഏറ്റവും കൂടുതൽ സമയം,
ചിലവഴിയ്ക്കുന്നത് 
നിന്നെ സ്നേഹിക്കുവാനാണെന്ന് 
നീ പറയുന്നു

അയാൾക്ക് താമരവിരിയുന്ന മണമാണെന്ന്,
അയാൾക്ക് മാറത്ത്
നീലപ്പൊന്മാൻ നിറമുള്ള ചുണങ്ങുണ്ടെന്ന്,
അത് പക്ഷിയോളം പറക്കുമെന്ന്

കൊള്ളയുടെ ഭാഗമായി അയാൾ
ഭാര്യയും കുഞ്ഞുമുള്ള ഒരു നാവികനെ 
അതിക്രൂരമായി കൊന്നിട്ടുണ്ട്.
അത് നീ എന്നോട്,
ഒരു കൂസലുമില്ലാതെ പറയുന്നു.

എന്തിനാണ് അയാളിങ്ങനെ കൊള്ളയടിക്കുന്നത് ?
എന്ന് ചോദിക്കുമ്പോൾ നീ ചിരിക്കുന്നു
അതും ഉറക്കെയുറക്കെ.
പക്ഷികൾ അകന്നകന്നുപോകുമ്പോലെ.

അവരുടെ സമയം കൊള്ളയടിക്കുന്നുണ്ടാവും
അല്ലാതെ അയാൾ ആരെയും കൊല്ലുന്നുണ്ടാവില്ല
സ്വയം ആശ്വസിപ്പിക്കുവാനെന്നോണ്ണം
ഞാൻ പറയുന്നു

അപ്പോഴും,
എന്റെ ഓർമ്മ അതിന്റെ ഗൂഗിളിൽ
തിരയുന്നുണ്ട്,
എന്തിനാണ്
കടൽകൊള്ളക്കാർ അവരുടെ ഒരു കണ്ണ്
മറയ്ക്കുന്നത് ?
എന്തിനാണ് അവർ 
മക്കാവു എന്ന പേരുള്ള തത്തകളെ
ഓമനകളായി
ചുമലിൽ കരുതുന്നത്

കണ്ണുകൾ പാതിമറച്ചാൽ,
ഒരു പകൽ കൊള്ളക്കാരനാവുകയാണ്
സൂര്യൻ.
ജീവിതം പാതി മറച്ചവർ,
ഏത് നിമിഷവും കൊള്ളയടിക്കപ്പെട്ടേക്കാവുന്ന,
കൊല്ലപ്പെട്ടേക്കാവുന്ന
നാവികരും വഴിയാത്രക്കാരും

എല്ലാ കൊള്ളകൾക്കൊടുവിലും
അയാൾ അരികിൽ കരുതി
നിന്നിലേക്ക് തുറക്കുന്ന ഒരു ജാലകം

കപ്പലൊഴിയും നേരം,
അരക്കെട്ടിന്റെ അഴിയുള്ള ജാലകം
എന്ന് ഉടലിനെ
എടുത്തുവെയ്ക്കുന്നിടമെല്ലാം 
അപ്പോൾ അയാൾക്ക് വീടായി

അരക്കെട്ടുകളും ജാലകങ്ങളും

ഒരു കടൽക്കൊള്ളക്കാരന്റെ അരക്കെട്ടിന്
ഒരുലച്ചിൽ കൂടുതലാണ്
എന്നാവും നിന്റെയുള്ളിൽ

ഇപ്പോൾ അയാളുടെ ഉലച്ചിലിനെ
കൊന്തിത്തൊട്ടുകളിക്കുന്ന
ഒരു കുട്ടിയുണ്ടാവും നിന്റെ ഉള്ളിൽ

ഒരു ഓർമ്മറാഞ്ചിപ്പക്ഷിയാവുകയാണ്
കാലം.

പഴക്കം ഒരു പുള്ളിപുലി
അതിനെ കൊള്ളക്കാരൻ 
കഥകൾ കൊടുത്ത് ഓമനിയ്ക്കുകയാണ്
അവളുടെ ഓർമ്മകളിൽ

കടൽകൊള്ളക്കാർ കയറുമ്പോൾ
കപ്പലുകൾ ഓർത്തുവെയ്ക്കും
ഒരുലച്ചിലുണ്ട്

മുള്ളുകളുള്ള കടൽ
കപ്പൽ മാത്രം മാറുന്നു

കൊലകളുടെ, കൊള്ളകളുടെ
പഴക്കമുള്ള കപ്പലിൽ
ഭാരമുള്ള കഥകളാണ്,
പല കപ്പലുകളുടേയും
നങ്കൂരം

പറക്കലൊതുക്കുന്നു
പക്ഷി അതിന്റെ നങ്കൂരമായി
നീലയും നിലത്തേയ്ക്കിടുന്നു

കാക്കകളെ കടൽ മണപ്പിച്ചുനോക്കുന്നു
അവയുടെ കറുപ്പ്
വെളുപ്പിൽ നേർപ്പിച്ച് കടൽകാക്കകൾക്ക്
വിതറുന്നു

കടൽചൂര് കലർന്ന
ഉണങ്ങിയ കുരുമുളകിന്റെ
മണമാണ് ഇപ്പോൾ അവൾക്ക്

ഒരു തിരമാല മാത്രം തിരശ്ശീല
പ്രതീക്ഷ എന്ന കൊളുത്തിവെച്ച നാളം.
കാലം എന്ന നിലവിളക്ക്.
കപ്പലുകൾ,
കടലുകളിലെ ആടും കഥകളിവേഷക്കാർ

കഥകളിലെ മിത്ത് 
ചുറ്റിവരും കപ്പൽ

മുദ്രവെച്ച കവറിൽ
ഞാൻ കൊല്ലപ്പെട്ട നാവികൻ
എന്ന എന്റെ ഓർമ്മ 

നീയാ നാവികനാവല്ലേ എന്ന 
നിന്റെ അടുത്തടുത്തുവരും
പ്രാർത്ഥന

മുറിവേറ്റതിനും മരിയ്ക്കുന്നതിനുമിടയിലെ
ഓർമ്മയുടെ കടലിടുക്ക്

അടുത്ത ജന്മം എന്ന കപ്പലിൽ
നമ്മൾ രണ്ട് യാത്രക്കാർ

അവളെത്തൊടും നീയെന്ന വാക്കാണ്
കടൽ

നിനക്കിപ്പോൾ
വല്ലാതെ ഇറുകിത്തുടങ്ങിയിട്ടുണ്ട്,
കൊള്ളക്കാരന്റെ ഭാര്യയാകുന്നതിന് മുമ്പ്
നീ ധരിച്ചിരുന്ന 
കൊല്ലപ്പെട്ട നാവികന്റെ ഭാര്യ എന്ന കുപ്പായം.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...