Skip to main content

സൂര്യൻ ഒരു wow വ്വാൽ

സൂര്യൻ ഒരു വൗവ്വാൽ
പകലിൻ്റെ കിഴുക്കാം തൂക്കുകളിൽ
തലകീഴായി 
തൂങ്ങിക്കിടന്ന് 
ദിവസത്തിന്നേ നോക്കുന്നു

രാത്രിയല്ല എന്ന് സ്ഥാപിക്കുവാനുള്ള
അതിൻ്റെ ശ്രമങ്ങളിൽ
ചില റാത്തൽ ചിറകടികൾ 
വിളക്കിച്ചേർക്കുന്നു
കറുപ്പ് ചേർത്തും കുറച്ചും
ഇരുട്ട്  തൂക്കുന്നു

രഹസ്യമായി നാണം കുണുങ്ങുന്ന സൂര്യനിൽ
വീജാവരിക്കാലത്തിലേക്ക് 
സ്വകാര്യമായി തുറക്കാവുന്ന ജനാല
അതിൻ്റെ കൊളുത്ത്
ഞാത്തുന്നു

പുലരിയുടെ 
പുരാതനഭൂപടം വിടർത്തുമ്പോൾ 
ഒരു നാവികനാവും സൂര്യൻ.
കടൽ കഴിഞ്ഞ്
ഒരു ക്രിസ്‌റ്റഫർ കൊളമ്പസ് നാണം
എവിടെ വയ്ക്കണം എന്ന്
തിടുക്കപ്പെട്ട് പരതുന്നു

ഇവിടെ,
കാതുകൾ നീന്തുന്ന
ജലമാണ് ഉടൽ
എന്ന ഒരു അരയന്നത്തിൻ്റെ
നിഗമനം
ദൈവം മുഖവിലക്കെടുത്തിട്ടുണ്ടെന്ന്
തോന്നുന്നു

കാണികൾ നടന്ന് കയറുന്ന
നാടകം പോലെ
അഭിനയത്തിൻ്റെ പടവുകളിൽ
തളർന്നിരിക്കും സൂര്യൻ

തിരശ്ശീലക്ക് പിന്നിൽ
ചമയങ്ങളില്ലാത്ത പകൽ

നീന്തുന്ന അരയന്നത്തിൻ്റെ നടത്തം
ദൈവം കട്ടെടുത്ത് അരക്കെട്ടിൽ
വെക്കുന്നു
ചേമ്പിലയിൽ ജലം പോലെ
ദൈവത്തിൻ്റെ അരക്കെട്ടിൽ
തുളുമ്പും നീന്തൽ
ഒപ്പം തുളുമ്പും ഒരിറ്റ് നാണവും

കാണികളുടെ നിൽപ്പിൽ
നാടകം തുളുമ്പുന്നു
നാടകം കഴിയുമ്പോൾ
അഭിനയമെല്ലാം തുടച്ച്
കാണികൾ ഒരു നടനെ തിരിച്ച്
അണിയറയിലേക്ക് 
കൊണ്ട് വെക്കുമ്പോലെ
പകൽ

ഒരൊറ്റദൈവമേയുള്ളു
എന്ന് ഏതാണ്ട് എല്ലാ മതങ്ങളും
തല കുലുക്കി സമ്മതിച്ച വേദിയിൽ 
ദൈവം കാണി.
മതം ഓരോ മനുഷ്യരിലേക്കും
തുളുമ്പും നാടകം കണ്ടുകൊണ്ടിരിക്കുന്നു

തുളുമ്പുന്ന മതം
ദൈവം തുടക്കുന്നില്ല
കാണികൾ അറിയുന്നില്ല

ഒറ്റപ്പെട്ടവരുടെ ദൈവത്തിനെ
എവിടെയിട്ട് വെക്കും എന്ന 
ഒരു കുട്ടിയുടെ സംശയം 
നാടകത്തിനിടയിൽ പൊങ്ങിവരുന്നു
അതോ ജീവിതത്തിന്നിടയിലോ എന്ന് ദൈവം സംശയിക്കുന്നു
ദൈവം അവഗണിക്കുന്നു

ദൈവത്തിനെ പോലും നിഷേധിക്കപ്പെടുന്നവർ
എന്ന് ചീറിയിട്ടുണ്ടാവണം കാലം
കൂടുതൽ ഒറ്റപ്പെടുന്നുണ്ടാവണം ദൈവം

ചേർത്തുപിടിക്കണം എന്നാവും
ഉള്ളിൽ ആഗ്രഹം
കുട്ടിയുടേയും ദൈവത്തിൻ്റേതും

വേദിയിൽ കുട്ടികൾ ദൈവത്തേ
നടത്തിക്കൊണ്ട് പോകുന്നു

ഒറ്റപ്പെട്ടവരുടെ ദൈവത്തെ ഇട്ടു വെക്കുവാൻ ഇടം തിരഞ്ഞൊരു കുട്ടിയേ 
ദൈവം അണിയറയിൽ 
പിടിച്ചുമാറ്റുന്നു

മതത്തിൽ നിന്നും മനുഷ്യരെ 
പിടിച്ചുമാറ്റുന്ന ദൈവത്തിന് 
കുട്ടികൾ അണിയറയിൽ 
ചമയങ്ങളിടുന്നു
ദൈവം അടങ്ങിയിരിക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....