Skip to main content

മൂളലിൻ്റെ മെനു


നിങ്ങളുടെ കാതുകൾ കലണ്ടറിലെ 
രണ്ട് താളുകളാണ്
അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ്

വേനൽക്കാലം കാലികളല്ല
അവയുടെ കഴുത്തിൽ 
കിലുങ്ങുന്ന കുടമണികളില്ല

ആരേയും ഹിപ്നോട്ടൈസ്
ചെയ്യുന്നില്ല വേനൽ
അത് എഴുതുവാൻ നിങ്ങൾ 
ഒരു കാലത്തും ഒരു സമൂഹത്തിലും
നിലയും വിലയുമില്ലാത്ത
കവിയുമല്ല

അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള
ഏതോ ഭരണാധികാരിയുടെ ശ്രമത്തേ
ഭരണം എന്ന് വിലയിരുത്തുവാൻ
ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം
നിങ്ങൾ

അന്തസ്സുള്ള ആകാശം
ഓരോ വ്യക്തികൾക്കും ഉണ്ടെന്ന്
നിയമം മൂലം അത് ഓരോ വ്യക്തികൾക്കും
ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ 
ആഗ്രഹിക്കുന്നുണ്ട്.

അന്തസ്സിനുള്ള അവകാശം
അന്തസ്സിനുള്ള നിയമം

സാധാരണ ജനം എന്ന നിലയിൽ
ഒരു പൗരന്
എന്തിനാണിത്രയും അന്തസ്സ്
എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു
കൊഴിയുന്നു
എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ്

ധർമ്മം എന്നത് ഒരു പരിഗണനാ
വിഷയമേ അല്ലാതായിട്ടുണ്ട്

ധർമ്മം എന്നത് ഭിക്ഷ പോലെ
നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന
എന്തോ ഒന്ന് ആയത്
എന്ന് മുതൽക്കാണ്

അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ
അതിന് വേണ്ടിയുള്ള കൈനീട്ടൽ
യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്സ്
ഔദാര്യം പോലെ സ്വാതന്ത്ര്യം

മറ്റാർക്കും ഇല്ലാത്ത പോലെ
മനുഷ്യത്വം നിങ്ങൾക്ക് മാത്രം ഉള്ള 
ഒരു കലയായത്
എന്ന് മുതലാണ്

നിങ്ങൾ ഒരു സർക്കാർ സ്ഥാപനത്തിലേക്ക് കയറിച്ചെല്ലുമ്പോൾ
തെരുവിൽ 
പൊതുഇടങ്ങളിൽ നിൽക്കുമ്പോൾ
ഒരാവശ്യവുമായി പോലീസ്സ്റ്റേഷനിൽ കയറിയിറങ്ങേണ്ടി വരുമ്പോൾ
കൂർത്തനോട്ടം പുറത്തേക്കിട്ട്
ഒരു പോലീസ് വാഹനം മുന്നിലൂടെ കടന്ന് പോകുമ്പോൾ

ചുവരെഴുത്തുകളില്ലാതെ
ഒഴിഞ്ഞുകിടന്നു
മതിലുകൾ 

നടന്നിട്ടേയില്ല എന്ന വണ്ണം
തിരഞ്ഞെടുപ്പുകൾ
അവയുടെ കോലാഹലങ്ങൾ കെട്ടിക്കിടക്കും ഇടങ്ങളിൽ
എക്സിക്യൂട്ടീവുകൾ
മധ്യവർത്തികൾ നിങ്ങളേ ഭരിക്കുന്നു

തെരഞ്ഞെടുപ്പുകൾ
പാർട്ടിഓഫീസുകളിൽ 
അതീവരഹസ്യമായി നടന്നു
സ്ഥാനാർത്തികളില്ലാതെ പൂത്തു
വോട്ടിൻെറ മൊട്ട് വന്നു 

ഒരാളും അയാളുടെ
ആത്മാഭിമാനത്തിനപ്പുറം നീളുന്ന
അന്തസ്സും

അന്തസ്സുള്ള ഒരാൾ എന്ന നിലയിൽ
അയാൾ
അയാളുടെ ഉള്ളിൽ നിന്നും
മദ്യപിച്ച് ബോധരഹിതനാവുന്നതിൽ നിന്നും
അയാളെ തടയുന്ന പൗരബോധങ്ങൾ
അലക്ഷ്യമായി മാലിന്യങ്ങൾ ചവർ
എന്നിവ വലിച്ചെറിയുന്നതിൽ നിന്നും
അയാളെ വിലക്കുന്ന 
സാമൂഹ്യഅന്തസ്സ്

തെരഞ്ഞെടുപ്പ് കല
തെരഞ്ഞെടുപ്പിൻ്റെ മെനു
വോട്ടേഴ്സ് ലിസ്റ്റിൽ
മുങ്ങിയും പൊങ്ങിയും കിടക്കും
നിങ്ങളുടെ പേര്

സൂര്യൻ 
മാസത്തിൻ്റെ മൊത്ത വ്യാപാരിയാകുന്ന ഇടത്ത്
മഞ്ഞ് മേലാകെ പച്ചകുത്തിയ ഒരു വെയിറ്റർ
നിങ്ങൾക്ക് മുന്നിൽ 
മൂളലിൻ്റെ മെനു
കൊണ്ട് വെക്കുന്നു 

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....