Skip to main content

നൃത്തം ചെയ്യുന്ന രക്ഷിതാക്കളേ വിളിച്ചുവരുത്തുന്ന വിദ്യാലയങ്ങൾ

 കുട്ടികൾ വികൃതി കാണിച്ചതിൻ്റെ പേരിൽ

നൃത്തം ചെയ്യുന്ന രക്ഷിതാക്കളേ

വിളിച്ചുവരുത്തുന്ന വിദ്യാലയങ്ങൾ


അവിടുത്തേ ഒരു അധ്യാപിക

എന്നേക്കാൾ വികൃതിയാണ്

എന്നാലും അത് എനിക്ക് ഉസ്‌കൂളിൽ

പോകാതിരിക്കുവാനുള്ള കാരണമാകുന്നില്ല


സ്കൂളിൽ പോകാതിരിക്കുവാൻ വേണ്ടി കാരണങ്ങൾ ഒരുപാട് കണ്ടുപിടിച്ച്

സ്‌കൂളിൽ പോകാതിരുന്ന കുട്ടിയായിരുന്നു ഞാൻ

അതിപ്പോൾ പറഞ്ഞിട്ട് ഒരു കാര്യവുമില്ല

ഞാനൊട്ടു ശാസ്‌ത്രജ്ഞനുമായിട്ടില്ല


പ്രണയം പഠിപ്പിച്ചിരുന്ന കാലങ്ങളിൽ

എന്നേ ഏറ്റവും കൂടുതൽ 

മുട്ടേൽ നിർത്തിച്ചത് അവളായിരുന്നു

എന്നിട്ടെന്താ ഇന്നിപ്പോൾ  ഉസ്‌കൂളിലേക്ക് എന്നോടൊപ്പം വരേണ്ടത് അവളാണ്


അപ്പോഴും എനിക്ക് കവിതയിൽ 

ഇത്രയും ഗൃഹപാഠം ഇട്ട് തരുന്ന 

അധ്യാപിക ആരാണെന്ന

സംശയം അവൾക്കില്ലാതില്ല


അത് പക്ഷേ കവിതയെഴുതുന്ന കാലത്താണ്


അന്ന് പുഴയിൽ 

വെള്ളം പൊങ്ങിയിരുന്നു

എന്നൊരു കളവ്

എൻ്റെ കവിതയേ ആവർത്തിച്ച് നനച്ചു

ഒരുമിച്ച്  ഒരു കുട ചൂടി ഞങ്ങൾ 

ആ നനവ് നടന്നുതീർത്തു


മഴക്കാലത്ത് തടിപ്പാലം പോലെ 

കാതിലെ തുളസിക്കമ്പ്

ഞങ്ങളുടെ നിശ്ശബ്ദതകൾക്കിടയിൽ അപ്പോഴും വഴുക്കി


അന്നേരവും

അവളുടെ കാതിലെ തുളസിക്കമ്പ്

ഞങ്ങൾ ഭാഷ പോലും

പണയം വെച്ചിരുന്ന കാലത്തെ

ഓർമ്മിപ്പിച്ചില്ല


നിശ്ശബ്ദതയുള്ള നാല് കാതുകൾ

രണ്ട് തലയിണകൾ

ഒരു പുതപ്പ് എന്നിവ വെച്ച് 

പുറത്തെ മഴയേ അകത്തിരുത്തി

പെയ്യിപ്പിച്ചു വിട്ടു


ഒരു പക്ഷേ അന്നത്തെ

വിഷാദങ്ങളുടെ അറ്റെഡൻസ് രജിസ്‌റ്റർ

അതിൽ,

ഇന്ന് വരാത്ത വിഷാദം

എന്ന് അടയാളപ്പെടുത്തപ്പെട്ടവ


കുട്ടികൾ 

കാർഡ്ബോഡിലുണ്ടാക്കിയ

വീടുകൾ 

പഴയ മാതൃകകൾ

അവരുടേതായ നിർമ്മിതികൾ

എന്നിവ

പശ ചേർത്ത്

ഉണ്ടാക്കിയതിനേക്കാൾ

ഭദ്രമായി സൂക്ഷിച്ച് 

വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് കൊണ്ട് പോകുന്നത് പോലെ


നൃത്തം വെക്കുന്നവർ എന്ന നിലയിൽ

ഞങ്ങൾ, 

ഞങ്ങൾ വെച്ച നൃത്തങ്ങൾ

തെറ്റിക്കാൻ ഇടയുള്ള ചുവടുകൾ

പഴയമുദ്രകൾ ഏറ്റവും പുതിയ നടത്തങ്ങൾ പോലും ഞങ്ങൾ

അത്രയും സൂക്ഷിച്ച് സ്‌കൂളിലേക്ക് കൊണ്ട് പോകേണ്ടതുണ്ട്


ഒപ്പം രക്ഷിതാക്കളായി എന്ന 

ഓർമ്മയും നിശ്ശബ്ദതയും

അതൊരു സുരക്ഷിതത്ത്വം കൂടിയാവണം

ഇപ്പോൾ ഞങ്ങൾ അതെടുക്കുന്നു

നടക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....    

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!