Skip to main content

ഒരു കവിൾ കവിത

ജെൻസിബുദ്ധൻ 
വിൻ്റേജ് റഹ്മാനേ കേൾക്കുന്നു
തെറ്റൊന്നുമില്ല
ധ്യാനമുള്ള ബീറ്റുകൾ

പക്ഷേ എങ്ങിനെ കേൾക്കുവാനാകും
ചിന്നച്ചിന്ന ആശൈയോ
ആശൈ ആശൈകളോ ഒക്കെ ഇടക്ക്
പ്ലേലിസ്റ്റിൽ കയറിവരില്ലേ

ചിലപ്പോഴെങ്കിലും 
ആശങ്കകളുടെ ബീറ്റുകൾ ഉള്ള
ബുദ്ധനാണ് ഹൃദയം
എന്ന് തോന്നി

ഒത്തുതീർപ്പുകളുടെ പ്രതിമയായി
ബുദ്ധനേ സങ്കൽപ്പിച്ചുനോക്കി 
നല്ല ചേർച്ചയുണ്ട്

നിശ്ചലതക്കും മേൽ
കാലത്തിനോട് ചേർന്നിരിക്കുവാനുള്ള
ബുദ്ധൻ്റെ കഴിവ്
അതിശയിപ്പിച്ചിട്ടുണ്ട്

കാതുകൾ മുഴുകിയിരിക്കുന്നതിനാൽ
ഒന്നും ചോദിക്കുവാനാകുന്നില്ല

ഞാനന്ന് ഗംഭീരമായി ചായയിടുന്ന കാലമാണ്
ചുണ്ടിലുണ്ട് മൂളിപ്പാട്ടിൻ്റെ 
അനക്കങ്ങൾ

ഓരോ മൂളിപ്പാട്ടിലും ഒളിച്ചിരിക്കും
പൂർണ്ണമായും അഴിയാത്ത
ഏതോ പാട്ടിൻ്റെ ഈണത്തോടൊപ്പമുള്ള അതിൻ്റെ ഒളിച്ചോട്ടങ്ങൾ

കാതുകളിലേക്കുള്ള ഒളിച്ചോട്ടം ഒരു പാട്ടിന്നിടയിൽ ചുണ്ടുകൾ എടുത്ത് വെക്കും പോലെ എന്ന് തോന്നി

കുടിക്കുമ്പോൾ നിശ്ശബ്ദനായിരിക്കണം
എന്നാലും ചായയിടുമ്പോൾ 
ഇളയരാജയേ കേൾക്കണം
അതെനിക്ക് നിർബന്ധമാണ്

ഇളയരാജയേ 
കേട്ടുകഴിഞ്ഞ കാതിന് 
ഏലക്കയും ഗ്രാമ്പുവും ചേർന്ന
കട്ടൻകാപ്പിയുടെ മണമാണ്.
അഥവാ ഒരു കാലത്തിൻ്റെ 
പഴയ അരണ്ട മണം

ഇളയരാജയെന്നൊക്കെ പറഞ്ഞാൽ
ഗൃഹാതുരത്വത്തിലേക്കുള്ള
മടങ്ങിപ്പോക്കാണ്
സ്വകാര്യതയിലേക്കുള്ള ഒഴുക്കിൻ്റെ മടങ്ങിപ്പോക്ക് പോലെ
കടലിനേക്കാൾ ചെറിയ സ്വകാര്യം
കാതിലെടുക്കാവുന്ന കടൽ പോലെ
ശംഖുകൾ ഉള്ളിൽ 
കരുതുന്നത്

ചായ കേൾക്കുവാൻ ചുണ്ടുകൾ
കാതുകളാവുന്ന കാലമാണ്
ചൂട്ചായക്ക് മുന്നിൽ
ചുണ്ടുകളും കാതുകളും
വേണമെങ്കിൽ ഉടലിന്
പരസ്പരം വെച്ചുമാറാം

ആവശ്യാനുസരണം കാതുകളും
ചുണ്ടുകളും വിരലുകളും
ഹൃദയമിടിപ്പുകളും
പരസ്പരം കൂട്ടിച്ചേർക്കാം
അങ്ങനെയുള്ള രണ്ട് പേർ
എന്ന് തന്നെ

ഇറുത്ത് വെച്ചിട്ടും
വിളിക്കാത്ത പേരുപോലെ മല്ലിയില
അന്നവൾക്ക് ഞാൻ മല്ലിയില എന്ന 
പേരിട്ട് വിളിച്ച് തുടങ്ങിയിട്ടില്ല
വിളിക്കാത്തപ്പോൾ വാടി
വിളിക്കുമ്പോഴൊക്കെ 
അവൾ തളിർത്തു

ചുംബിക്കുന്നവർ
ചുണ്ടുകൾ കൂട്ടിവെച്ച ഉടലിൽ
അഥവാ ചൂട് ചായയിൽ
ചിലപ്പോൾ ഒരു കടിമാത്രം എടുത്ത്
ചിലപ്പോൾ അത് പോലുമില്ലാതെ
തുടരുന്നത് പോലെ

കടുപ്പമുള്ള ചൂടുള്ള  ചായ
ഉടലിൽ തുളുമ്പുന്നു
ചായ, ചൂടുള്ള തുളുമ്പുന്ന ഉടലിൻ്റെ തുടർച്ചയാവുന്നു

ഇലയപ്പമാവുന്നില്ല
മണമുള്ള വയണയില മടക്കങ്ങൾ
എന്നാലും ഗൃഹാതുരത്വമുള്ള
വിശപ്പിന്നെ പൊതിഞ്ഞെടുപ്പാണ്
ധാരാളമാണത്

മഞ്ഞുള്ള കാലത്തിൻ്റെ അകമ്പടി
മാതൃമഞ്ഞ് എന്ന് പുലരികൾ

ഞാനിടുന്ന ചായയും ഗംഭീരം
കാലവും ഗംഭീരം
ആരുടെ കാതാവാം കാലം എന്നൊരു ഒരാന്തലാവാം അത്

അപൂർണ്ണതയുടെ ഒരു കവിൾ
എത്ര കുടിച്ചാലും
ബാക്കി വന്നേക്കാം
എന്ന് തോന്നുന്നു എന്നാലും

നിശ്ശബ്ദതക്കരികിലാണ് ഞാൻ 

ചൂടുള്ള കട്ടൻകാപ്പി പോലെ
അവളുടെ കാതുകൾ
ഊതിയാറ്റി ഒരു പാട്ടിനേ
ഇപ്പോഴും കേൾക്കുന്നു..

Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ