Skip to main content

കുരുവിമുഖമുള്ള ദുഃഖം

നെടുവിർപ്പിൻ്റെ മ്യൂസിയങ്ങളിൽ
ദുഃഖം ഒരു സന്ദർശകനല്ലാതായി
ദുഃഖം ഒരു മേൽവിലാസമല്ലാതായി

നിങ്ങൾ ആവശ്യപ്പെട്ട ചലചിത്രഗാനം
പോലെ
ദുഃഖത്തിൻ്റെ കേൾവിക്കാർ
അവർക്കിഷ്ടമുള്ള ദുഃഖം മാത്രം
ആവശ്യപ്പെട്ട് കേട്ടുതുടങ്ങി

പഴയകാല റേഡിയോ പോലെ
ചതുരപ്പെട്ടിയിൽ ചടഞ്ഞിരുന്ന് ദൈവം പാട്ട് തുടങ്ങി

നെടുവീർപ്പിൻ്റെ യൂണിഫോം ഇട്ട്
പഴയകാലങ്ങളിൽ നിന്ന് 
ഒരു പോസ്‌റ്റ്മാന് 
കൊണ്ടുവരാവുന്ന 
തപാൽഉരുപ്പടി പോലെ 
ദുഃഖം മാറി

ഒരു പോസ്റ്റ്മാൻ വന്ന് പോകുമ്പോൾ 
പഴയഗ്രാമങ്ങൾ
ഗൃഹാതുരത്തമറിയാതേ
മടക്കത്തപ്പാൽ എന്നോണ്ണം 
മതിയായ സ്‌റ്റാമ്പൊട്ടിച്ച്
ശാന്തമായി കരുതുന്ന
ഒരേകാന്തയുണ്ട്

കുരുവിമുഖമുള്ള ഏകാന്തതയേ
ദുഃഖം അഭിസംബോധന ചെയ്യുകയാവണം

പോസ്‌റ്റോഫീസുകൾ എല്ലാം
അടച്ചരാത്രി
ആ ഏകാന്തതക്കുള്ള കാത്തിരിപ്പ് പോലെ 
കുരുവിമുഖമുള്ള ദുഃഖം
എൻ്റെ ഗ്രാമം എടുത്തുവെക്കുന്നു.



Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....