Skip to main content

നെടുവീർപ്പിൻ്റെ വിത്ത്



ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ
നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം
കിളിർത്ത് വരുന്നത്
നോക്കിയിരിക്കുകയായിരുന്നു

 പക്ഷിയും അതിൻ്റെ കൊത്തലും
ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക്
ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു
പക്ഷി ശ്വാസം കൊത്തി തിന്ന്
ആയുസ്സ് നീട്ടുന്നു

കണ്ണ് കൊണ്ട് നോക്കുന്നു
മണ്ണ് മണ്ണ് എന്ന് അത്
വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു
കൊത്തുകളുടെ വീണ്ടെടുപ്പാണ്
എൻ്റെ പക്ഷി
അത് തൂവലിൽ ഇട്ടുവെക്കുന്നു
വെന്നേയുള്ള

ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന
ബുദ്ധനെ ഒരു ഗൃഹാതുരത്തം
തട്ടിമറിച്ചിടും പോലെ
ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും
തകരപ്പാട്ട മറിയുന്നു
നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ
ഒരു പർപ്പിൾ പൂവ്
ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ
നിന്നും ശാന്തമായി 
കണ്ടെടുക്കുന്നു

ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന
ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ
നിലത്ത് ഋതുക്കൾ
യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല
അത് വിരിയുക മാത്രം ചെയ്യുന്നു

എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക് 
ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു

മിടിപ്പുകളുടെ കാടിൽ നിന്നും
ഇനിയും പുറത്ത് കടക്കാത്ത ഹൃദയം
ഉടലിൽ
മൃഗം പോലെ പതുങ്ങുന്നു
നെടുവീർപ്പുകൾക്ക് എതിരേ
ചാടുന്നു
മൃഗനെടുവീർപ്പുകളിലെ മുരൾച്ചകൾ
കാലടികളുടെ അനുസരണകളേ
പാലിക്കുന്നു

ഇനി തോന്നലുകളുടെ മേഘമേ
എന്ന വരി എഴുതിയാലും
എവിടെ വെക്കും?

മേഘങ്ങൾക്ക് ഒരു തോന്നലുണ്ട്
ഞാൻ ആകാശമാണെന്ന്
ഞാൻ ആദ്യം തോന്നലുകളേയും പിന്നേ
ഇപ്പോൾ ഇപ്പോൾ മേഘങ്ങളേയും
ഉള്ളിൽ നിന്ന് നുള്ളിനുള്ളി കളയുന്നു

എനിക്ക്
എല്ലാ വിത്തുകളും മാനത്തിൻ്റെ
നെടുവീർപ്പുകളാണെന്ന് വിശ്വസിക്കുവരാൻ തോന്നുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....