Skip to main content

എൻ്റെ ഒന്നാമത്തെ ഏകാന്തത അതിൻ്റെ രണ്ടാമത്തെ ഏകാന്തതയോട് തെളിവ് ചോദിക്കുന്നു

എൻ്റെ ഒന്നാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു?
ഒന്നുമില്ല, അത് എൻ്റെ രണ്ടാമത്തെ  ഏകാന്തത എന്ത് ചെയ്യുന്നു എന്ന് 
എത്തിനോക്കുക മാത്രം ചെയ്യുന്നു

രണ്ടും മൂന്നും ഏകാന്തതകൾ
ഒന്നും ചെയ്യുന്നില്ല എന്നിട്ടും
എൻ്റെ രണ്ടാമത്തെ ഏകാന്തത
നിൻ്റെ ഒന്നാമത്തെ ഏകാന്തതയെ അനുഗമിക്കുക മാത്രം ചെയ്യുന്നു

അനുകരിക്കുവാനാകാത്ത
ഒരേകാന്തത നീ കൊണ്ട് നടക്കുന്നു
എന്ന് തോന്നിയിരുന്നു

എൻ്റെ കാണാതെപോയ
ഒരേകാന്തതയേ നിൻ്റെ രണ്ടും മൂന്നും
ഏകാന്തതകൾ,
അവയുടെ നിഗമനങ്ങൾ, 
തിരഞ്ഞ് പോയിട്ടുണ്ടാവണം

2

ഒരു പ്രണയ ഗാനത്തിൽ കമിതാക്കൾ 
പ്രണയവും ഗാനവുമായി ഒരകലം
വേണുനാഗവള്ളിമുഖമുള്ള ഏകാന്തത പാലിക്കുന്നത് പോലെ
നീ എൻ്റെ അനേകം ഏകാന്തതകളുടെ പാലക

ഏറ്റവും അവസാനം അനുഭവപെട്ട
ഒരേകാന്തത, അതിൻ്റെ ഒരു ശരിപ്പകർപ്പ്
എൻ്റെ ഉടൽ കൊണ്ടുനടന്നിരുന്നു
കാലവുമായുള്ള അതിൻ്റെ അകലം
പ്രണയമാവുന്നു

ഒരു പരിമിതിയാവുന്നില്ല ഇരുട്ട് 
ഉടലിൻ്റെ സ്‌ക്രീൻഷോട്ട്,
സ്വതന്ത്രഏകാന്തത എന്നൊക്കെയുള്ള
അതിൻ്റെ വിലയിരുത്തലുകൾ

നിലാവുമായി ഇടകലർന്ന് ഉടൽ
അതിൻ്റെ പരിധി ലംഘിക്കുന്നത് പോലെ
ഇരുട്ടിൻ്റെ പരിമിതികൾ 
പരമാവധി ഇട്ടുവെക്കാവുന്ന 
ഒന്നാവുകയാവണം ചന്ദ്രൻ

എൻ്റെ ഏകാന്തത
നിൻ്റെ ഒന്നും രണ്ടും ഏകാന്തതകളുടെ
നിഗമനം മാത്രമായിരുന്നു
എന്ന ഒരു തീരുമാനത്തിലെത്തുന്നു!


Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....