Skip to main content

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത്

നീലിച്ച ഞരമ്പുകൾ
മരങ്ങളിൽ
പിടയ്ക്കുന്നു


 ഇനിയും
തിരിച്ചു വന്നിട്ടില്ല
മൈലാഞ്ചി അരച്ചിടാൻ
ഒരു കുരുവിയും കൂട്ടി
തെരുവിലേയ്ക്ക്
 പോയ പച്ചിലകൾ

കത്തിക്കിടക്കുന്ന
ചുവന്ന വെളിച്ചങ്ങൾ
കെട്ടുകഴിഞ്ഞാൽ
വാഹനങ്ങളെ; നിങ്ങൾ
തെരുവിലെ തിരക്കിലേയ്ക്ക്
തുളുമ്പരുതേ..
അനങ്ങരുതേ

നടക്കാനിരിക്കുന്നത്
തെരുവുകളെ;
 മരങ്ങളായി
പ്രഖ്യാപിക്കുന്ന ചടങ്ങാണ്

ചലിച്ചു കഴിഞ്ഞാൽ
നിങ്ങളാവും പിന്നെ
ആ മരങ്ങളിലെ
ഇലകൾ

വെയിലിനെ നേരിട്ട് തണലാക്കുന്ന
സാങ്കേതിക വിദ്യയെ കുറിച്ച്
കേട്ടിട്ടുണ്ടോ

മരങ്ങളുടെ ആവശ്യമില്ലിനി
വീതികൂടിയ തെരുവുകൾക്ക്‌
മരങ്ങളുടെ പേര് മതി

അതാ മഹാഗണി തെരുവ്
അശോക തൈതെരുവ്
ചുവന്ന തെരുവിന്
ഒരു പേരിന്റെ  ആവശ്യമേ ഇല്ല

ഇതൊന്നും കേട്ട് ഭയക്കരുത്
ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന
കറുത്തപുകയാണ്

നല്ലൊരു നാളയെ പോലും
ഭൂമുഖത്തുനിന്നും
കത്തിച്ചു  കളയാൻ
നിങ്ങൾ ഭയക്കുന്ന ആ പുക
മാത്രം മതി


വികസനം  അതിന്
 നല്ലൊരു  മറയാണ്! 

Comments

  1. വെയിലിനെ നേരിട്ട് തണലാക്കുന്ന
    സാങ്കേതിക വിദ്യയെ കുറിച്ച്
    കേട്ടിട്ടുണ്ടോ...?
    പലതും കേള്‍ക്കേണ്ടി വരുമിനി ..
    വികസനത്തിന്റെ പേരിലേക്ക്
    കുതിച്ചുയരുമ്പൊള്‍ , മരമേ എന്ന്
    വേവലാതി പെടുന്നവരുടെ വായില്‍
    മണ്ണിടാന്‍ മുന്നിലേക്ക് എറിഞ്ഞ്
    കൊടുക്കുന്ന മധുരമുള്ള നാളേയുടെ
    അപ്പ കഷ്ണങ്ങളാകും ഇത്തരം
    പുതു കേള്‍വികള്‍ .. മരത്തിന് സമമാകാന്‍
    ഒരു മനുഷ്യനുപൊലും ആവില്ലെന്നിരിക്കേ
    നമ്മുക്ക് ഇങ്ങനെ ഭയത്തിന്റെ പുക മറകള്‍
    തീര്‍ത്ത് നേര്‍കണ്ണുകളേ മറച്ച് പിടിക്കാം .....!
    അന്നുമിന്നുമെന്നും വരികളില്‍ പ്രകൃതിയോട് ,
    മരത്തൊട് പ്രണയം സൂക്ഷിക്കുന്ന , വിലപിക്കുന്ന
    ഒരു കവി മനസ്സ് മാഷിലെപ്പൊഴും കാണാറുണ്ട്

    ReplyDelete
  2. കുറുക്കുവഴികള്‍ ....!

    ReplyDelete
  3. തെരുവിലേയ്ക്ക്
    പോയ പച്ചിലകൾ
    ഓരോ വരിയിലും നേരിന്‍റെ തുടിപ്പുകള്‍.....
    ആശംസകള്‍

    ReplyDelete
  4. ഭയപ്പെടുത്തുന്ന വികസനം.... !! ഭയപ്പെടുത്തിക്കൊണ്ടുള്ള വികസനം..... !!! ഭൂമുഖം തന്നെ തുടച്ചുനീക്കാനുള്ള വികസനം...അല്ലേ ഭായ് ? വികസനത്തിന്റെ മനുഷ്യത്വരഹിതമായ ഭീകരമുഖം നന്നായി വരച്ചുകാട്ടുന്നു ഈ കവിത. ഇഷ്ടം.

    ശുഭാശംസകൾ......

    ReplyDelete
  5. നല്ല കവിത.. (y)

    ReplyDelete
  6. ചലിച്ചു കഴിഞ്ഞാൽ
    നിങ്ങളാവും പിന്നെ
    ആ മരങ്ങളിലെ
    ഇലകൾ
    പിടയുന്ന നമ്മള്‍

    ReplyDelete
  7. നല്ല കവിത....

    ReplyDelete
  8. വികസനം അതിന് നല്ലൊരു മറയാണിത്...... ബൈജുഭായി...... വായിച്ചു വരുമ്പോള്‍ മനസ്സില്‍ വരുന്ന കമന്‍റ് ..... താങ്കള്‍ അവസാനവരിയായി എഴുതിയിരിക്കും.....
    മനോഹരമായ കവിത .....ആശംസകൾ......

    ReplyDelete
  9. ഒരു മരണപ്പിടപ്പിൽ പോയ ഇലകളെ കാത്തിരിക്കുന്ന മരത്തേയും, പുതിയ മരത്തിന്റെ ഇലകളായേക്കാവുന്ന വണ്ടികളേയും, ഭയമെന്ന കറുത്ത പുകയേയും കുറേ ഇഷ്ടമായി.
    എന്നാലും ചുവന്ന തെരുവിന് ഒരു പേരിന്റെ ആവശ്യം ഇല്ലേ. എവിടെങ്കിലും തൂങ്ങിക്കിടക്കുന്ന വള്ളിയോ പറ്റിപ്പിടിച്ചു കിടക്കുന്ന പായലോ എങ്കിലും.
    കവിത എപ്പോഴത്തേയും വളരെ നന്നായി ഭായ്. ഇഷ്ടം.

    ReplyDelete
  10. വികസനത്തിന്റെ മറയിൽ
    ഇനി വരുവാൻ പോകുന്ന ഒരു കാറ്റ് പോലും
    കടക്കാത്ത മരത്തിന്റെ പേര് മാത്രം ഉള്ള റോഡുകൾ , തെരുവുകൾ...

    ReplyDelete
  11. വെയിലിനെ തണലാക്കുന്ന വിദ്യയുടെ കഴുത്തില്‍ത്തന്നെ പിടിച്ചു.
    എല്ലാപേര്‍ക്കും വികസനം മാത്രം.
    അതിന്‍റെ ക്രൂരതയിലേക്ക് ചൂണ്ടിയതിന് നന്ദി.

    ReplyDelete
  12. ബൈജു ഭായ്,

    നാട്ടില്പ്പോയോ.? ഞാനേ വീണ്ടുമൊന്നു മുങ്ങുവാ. ഇനി അടുത്ത ഓണത്തിനു കാണാട്ടാ..? റിനു ഭായിയോടും പറഞ്ഞേക്ക്. നുമ്മളെ മറന്നു കളയല്ലേ. :) സ്നേഹത്തോടെ തത്ക്കാലം നിർത്തുന്നു

    സന്തോഷവും സമാധാനവും നിറഞ്ഞ ഒരോണക്കാലമാശംസിക്കുന്നു.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ