Skip to main content

കറങ്ങുന്നതിനിടയിൽ ഭൂമിക്കു പാർക്ക് ചെയ്യാൻ മുട്ടുന്നു!!!

സഞ്ചരിക്കുന്നതിനിടയിൽ,
കറങ്ങുന്നതിനിടയിൽ,
ഭൂമിക്കു ഒന്ന്; നിർത്തിയിടണം-
എന്ന് തോന്നുന്നു..
ഒന്ന് വിശ്രമിക്കണം എന്ന് തോന്നുന്നു.
ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി
മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,
 എന്റെ കൊച്ചു വീട്ടു മുറ്റം..
ആ  വീടിന്റെ മുറ്റത്ത്‌,
ഒരു യുക്തിക്കും നിരക്കാത്ത വിധത്തിൽ,
കുറച്ചു നിരപ്പ് മാത്രം ഉള്ള,
മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്-
കറക്കത്തിന്റെ വേഗത കുറച്ചു,
ഒരു കുലുക്കത്തോടെ,
എന്നെ ഒന്ന് ഭയപ്പെടുത്തി
ഭൂമി കയറ്റി നിർത്തുന്നു ...
അതിൽ നിന്ന് ആദ്യം ഞാനിറങ്ങി
എന്റെ വീട്ടിലേയ്ക്ക് കയറി പോകുന്നു..
ആ സമയത്ത്,
വീടുകളിലെ ഘടികാരങ്ങൾ;
പെട്ടെന്ന് നിലക്കുന്നു.
സൂചികൾ താഴേക്ക്‌ തൂങ്ങിയാടുന്നു,
അതിലൊരു ഘടികാരം താഴെ വീഴുന്നു,
ആ ഘടികാരത്തിൽ കൂട്ടി വച്ച നിമിഷങ്ങൾ;
ഒരു തിരക്ക് പോലെ;
പുറത്തേയ്ക്കിറങ്ങുന്നു.
അത് വിവിധ രാജ്യക്കാരാകുന്നു,
അവർ പല ഭാഷ പറയുന്നു,
അവരവരുടെ മതക്കാരെ കുറിച്ച് മാത്രം;
രഹസ്യമായി തിരക്കുന്നു.
മാദ്ധ്യമങ്ങളിൽ; കേരളത്തിൽ-
ഭൂമി ഇറങ്ങിയ കാര്യം,
ദ്രുത വാർത്തയായി;
കടന്നു പോകുന്നു..
അത് ഒരു തീവണ്ടി ആണെന്ന്,
ആരും തെറ്റിദ്ധരിക്കുന്നില്ല.
അത് കൊണ്ട് കേരളം പെട്ടെന്ന്;
പാളം തെറ്റുന്നുമില്ല.
പക്ഷെ തീവണ്ടി ചക്രങ്ങൾ; പുതുതായി,
ചതുരത്തിന് പഠിച്ചു തുടങ്ങുന്നു.
പൊടുന്നനെ-
കേരളത്തിലെ എല്ലാ വീടുകളും,
'കടകൾ' എന്ന് നാമകരണം ചെയ്യപ്പെടുന്നു,
തങ്ങളെ ഒഴിച്ച്,
ഓരോരുത്തരും കയ്യിലുള്ളതെല്ലാം,
വില്പ്പനയ്ക്ക് വെയ്ക്കുന്നു.
ആഗോള വല്ക്കരണം എന്ന് ചാനൽ ചർച്ച
വൈകി ഉണരുന്ന ഭരണകൂടം,
മുതലാളിമാർ  അവസരം മുതലെടുക്കുന്നു.
എല്ലാവരും തിരിച്ചു കയറി പോകാൻ,
തയ്യാറെടുക്കുന്ന ഭൂമിയിലേയ്ക്ക്,
റിയൽ എസ്റ്റേറ്റ്‌ കഷ്ണങ്ങളായി മുറിച്ച
കടലാസുമായി, അവർ-
വില്പ്പനയ്ക്ക് കയറുന്നു..
ഓരോരുത്തരുടെയും മടിയിലിട്ടു
കാശിനു കൈ നീട്ടുന്നു..
കാശു വാങ്ങി ഇറങ്ങുന്നതിനു മുമ്പ്,
ഭൂമി മുമ്പോട്ടെടുക്കുന്നു...
മുന്നോട്ടെടുത്ത ഭൂമിയിൽ;
കേരളം പറ്റിപിടിച്ചുപോയ വാർത്ത‍,
നാളത്തെ പത്രത്തിൽ..
ഇന്നേ ഒട്ടിപ്പിടിച്ചു തുടങ്ങുന്നു!

Comments

  1. ആദ്യഭാഗം വളരെ ഇഷ്ടമായി കേട്ടോ...ചില വരികള്‍ ഞാന്‍ കുറിച്ചുവെച്ചിട്ടുണ്ട് തരം പോലെ പ്രയോഗിക്കാന്‍....

    //ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി
    മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,//

    //മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്-//

    മനോഹരം!

    ReplyDelete
  2. ഭൂമി കറക്കം നിറുത്തിയിട്ടും നമ്മുടെ ചാനൽക്കാരൊന്നും അറിഞ്ഞില്ലേയാവോ....?

    ReplyDelete
  3. വിചിത്രം നിന്റെ ഭാവനകള്‍!!
    സ്നേഹാധിക്യം അറിയിക്കട്ടെ

    ReplyDelete
  4. നല്ല ചിന്ത ...നന്നായി ...!

    ReplyDelete
  5. നന്നായിരിക്കുന്നു.

    ReplyDelete
  6. അതിന് ഒരു പാർക്കിങ്ങ് ഏരിയ കിട്ടണ്ടേ..?

    ReplyDelete

  7. മുന്നോട്ടെടുത്ത ഭൂമിയിൽ;
    കേരളം പറ്റിപിടിച്ചുപോയ വാർത്ത‍,
    നാളത്തെ പത്രത്തിൽ..
    ഇന്നേ ഒട്ടിപ്പിടിച്ചു തുടങ്ങുന്നു!
    ഭേഷായി....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത്

നീലിച്ച ഞരമ്പുകൾ മരങ്ങളിൽ പിടയ്ക്കുന്നു  ഇനിയും തിരിച്ചു വന്നിട്ടില്ല മൈലാഞ്ചി അരച്ചിടാൻ ഒരു കുരുവിയും കൂട്ടി തെരുവിലേയ്ക്ക്  പോയ പച്ചിലകൾ കത്തിക്കിടക്കുന്ന ചുവന്ന വെളിച്ചങ്ങൾ കെട്ടുകഴിഞ്ഞാൽ വാഹനങ്ങളെ; നിങ്ങൾ തെരുവിലെ തിരക്കിലേയ്ക്ക് തുളുമ്പരുതേ.. അനങ്ങരുതേ നടക്കാനിരിക്കുന്നത് തെരുവുകളെ;  മരങ്ങളായി പ്രഖ്യാപിക്കുന്ന ചടങ്ങാണ് ചലിച്ചു കഴിഞ്ഞാൽ നിങ്ങളാവും പിന്നെ ആ മരങ്ങളിലെ ഇലകൾ വെയിലിനെ നേരിട്ട് തണലാക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് കേട്ടിട്ടുണ്ടോ മരങ്ങളുടെ ആവശ്യമില്ലിനി വീതികൂടിയ തെരുവുകൾക്ക്‌ മരങ്ങളുടെ പേര് മതി അതാ മഹാഗണി തെരുവ് അശോക തൈതെരുവ് ചുവന്ന തെരുവിന് ഒരു പേരിന്റെ  ആവശ്യമേ ഇല്ല ഇതൊന്നും കേട്ട് ഭയക്കരുത് ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന കറുത്തപുകയാണ് നല്ലൊരു നാളയെ പോലും ഭൂമുഖത്തുനിന്നും കത്തിച്ചു  കളയാൻ നിങ്ങൾ ഭയക്കുന്ന ആ പുക മാത്രം മതി വികസനം  അതിന്  നല്ലൊരു  മറയാണ്!