Skip to main content

Posts

നട്ടെല്ല് അഴിച്ചെടുക്കുമ്പോൾ

രാജ്യം ഉപേക്ഷിച്ച കർഷകൻ   അയാളുടെ വേദനകളെ അയാളുടെ തലയിൽ പശുക്കളെ പോലെ മേയാൻ അഴിച്ചു വിട്ടു കണ്‍പോളകളെ ഇരുട്ടിൽ കൊണ്ട് കെട്ടി അയാൾക്ക് ഉപേക്ഷിക്കാനാവാത്ത രാജ്യത്തിൻറെ   നട്ടെല്ലിന്റെ ചോട്ടിൽ ബുദ്ധനെ പോലെ വന്നിരിക്കുന്നു   ഒരു ദീർഘനിശ്വാസത്തിൽ അയാളുടെ മുന്നിലൂടെ വെറുംകരിയില പോലെ പറന്നു പോകുന്നു; കരച്ചിൽ എന്ന വരവിനും ചിരി എന്ന ചെലവിനുമിടയിൽ  കാലങ്ങളായി മിച്ചം പിടിച്ചു വെച്ചിരുന്ന  ചുണ്ടുകൾ   വെയിലിലും  കാറ്റിന്റെ തണൽപച്ച  കാട്ടാത്ത  ഇലകളെ പോലെ ഒന്നുംമിണ്ടാതെ ശബ്ദമുണ്ടാക്കുന്നു ചുറ്റുമുള്ള  നൂറായിരം ചുണ്ടുകൾ അങ്ങിനെയിരിക്കുമ്പോൾ അയാൾക്ക് മാത്രമായി നേരമിരുട്ടുന്നു!      തന്റെ ഭാരം കുട്ടയിലെടുത്തുവെച്ചു തലയിൽചുമന്നു  ഒരുനിമിഷം കൊണ്ട യാൾ കർഷകനല്ലാതായി- മാറുന്നു   ഇരുന്ന നട്ടെല്ല് ആരുടേതാണെന്ന്പോലും നോക്കാതെ യാന്ത്രികമായി അയാൾ കയറുപോ ല ഴിച്ചെടുത്തു തുടങ്ങുന്നു!

മുള്ളുകളുള്ളൊരു അലമാര

നിറയെ മുള്ളുകളുള്ളൊരു അലമാര അതിനെ ഞാൻ  മീനെന്നു വിളിക്കുന്നു ചോരയിൽ അലക്കിയെടുത്ത മുറിവുകൾ അത് അടുക്കി വെയ്ക്കുന്നതിനിടയിൽ കടലെന്ന് മീൻ തിരിച്ചു വിളിക്കുന്നു ഞാൻ ആഴത്തിൽ നിന്ന് കയറി കരയ്ക്കിരിക്കുന്നു കടലാസ്സെന്നു തിരുത്തുന്നു അത് കേട്ട് ഒരു തിര വന്നു എഴുതിയതൊക്കെ മായ്ച്ചു കളയുന്നു കാതിൽ മഴയെന്ന് മന്ത്രിയ്ക്കുന്നു തണുത്ത് വിറങ്ങലിച്ച എന്റെ ശരീരത്തിൽ തിരമാല പുതപ്പിക്കുന്നു ഞാൻ പുഴയെന്ന് തിരുത്തുന്നതിനിടയിൽ തിരിച്ചു പോകുന്നു ഞാനും  മീനും പുഴയും പിന്നെ ഞങ്ങൾ കണ്ട സ്വപ്നവും ഒരു കൊലുസ്സിട്ട തീവണ്ടി പുഴ മുറിച്ച പാളത്തിന്റെ ഒറ്റ വരമ്പിലൂടെ ഒച്ചയുണ്ടാക്കാതെ കടന്നു പോകുന്നു ശവം പോലെ ഒരു തോണി കരയ്ക്കടിയുന്നു അതിൽ ഒരു ഉൽപ്രേക്ഷ മരിച്ചിരിക്കുന്നു...  

ഒരാളിറങ്ങുന്നു അഥവാ കുറേ ആളുകൾ ഉറങ്ങുന്നു

പുഴ അതിന്റെതല്ലാത്ത കര വഞ്ചി അതിന്റേത് മാത്രമായ പുഴ വഞ്ചിയുടേതു മാത്രമല്ലാത്ത ഉലച്ചിൽ അതിന്റെ ഇല്ലാത്ത ചുവരിൽ ചില്ലിട്ടു വച്ചിരിക്കുന്ന പുഴയുടെ ചിത്രം ആ ചിത്രത്തിൽ കാണപ്പെടുന്ന ഉണങ്ങിപ്പോയ മരം അതിന്റെ ചില്ലയിൽ പ്രതിഫലിക്കുന്ന ഒരു കിളിക്കൂടിന്റെ രൂപം അതിൽ കിളിയിട്ടു കൂട്ടിയിരിക്കുന്ന വിരിയാത്ത മുട്ടകൾ അടയിരിക്കാൻ മറന്നു പറന്നുപോയ ഏതോ കിളി വഞ്ചി ഉലയാത്ത ഏതോ ദുർബല നിമിഷത്തിൽ എന്തോ ഓർത്തപോൾ പറന്നുവരുന്ന അതേ കിളി ഒരു മീൻ കൊത്തിയെടുക്കുന്നു പറക്കുന്നു പിടയ്ക്കുമ്പോഴും ആ മീൻ വിടാതെ കടിച്ചു പിടിച്ചിരിക്കുന്ന പുഴ അതിൽ ഒന്നും അറിയാതെ നീന്തുന്ന അതേ മീനിന്റെ കുഞ്ഞുങ്ങൾ ഒന്നുലഞ്ഞു അപ്പോഴും അതിലുള്ള അതേ വഞ്ചി ആ വഞ്ചിയിൽ അത് വരെ ഇല്ലാതിരുന്ന ഒരാൾ കട്ടിലിൽ ഉറങ്ങി കിടന്നിരുന്ന ഒരാൾ പെട്ടെന്ന് കട്ടിലിൽ ഒന്നുലഞ്ഞു മുട്ട വീണുടയുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നയാൾ ആ വഞ്ചിയിൽ ഉണ്ടായിരുന്നത് പോൽ എണീറ്റ്‌ ഉറക്കെ വിളിച്ചു പറയുന്നു ഒരാളിറങ്ങണം

മുല്ലപ്പൂമഴ

ഇന്നലെ എല്ലാം പതിവ് പോലെ കൃത്യസമയത്ത് പടിഞ്ഞാറു തന്നെ അസ്തമിച്ച സൂര്യൻ ഒട്ടും വൈകാതെ ഉദിച്ച ചന്ദ്രൻ ഉദിച്ചതിന്റെ പാകത്തിന് കൃത്യമായി ചേർത്ത നിലയിൽ കാണപ്പെട്ട നിലാവ് മുല്ലയിൽ അവസാന മൊട്ടും വിരിഞ്ഞു കഴിഞ്ഞപ്പോൾ ഇരുട്ടിനെ കൂട്ടിരുത്തി ഉറങ്ങാൻ പോകുന്ന ഞാൻ അതും പതിവുള്ളത് തന്നെ ഉറക്കവും പാകത്തിന് രാവിലെ ഉണരുമ്പോൾ ഞാൻ വെറും കുട്ടി കട്ടിൽ വെറും തൊട്ടിൽ കേൾക്കുന്നതെങ്ങും താരാട്ട് കാണുന്നത് മുഴുവൻ വേണമെങ്കിൽ വീട്ടമ്മമാർ എന്ന് വിളിക്കാവുന്ന അമ്മമാർ അവരുടെ ചിരിയിലൂടെ ഒലിച്ചിറങ്ങുന്ന മുലപ്പാൽ മണം ഉണരണോ ഉറങ്ങണോ എന്നൊരു ശങ്കയിൽ ഞാൻ കിടക്കുമ്പോൾ എന്റെ തൊട്ടടുത്ത്‌ എഴുന്നേറ്റിരിക്കുന്നു എന്റെ കിടക്ക മുഴുവൻ നനച്ചു രാത്രി മുഴുവൻ കിടന്നുപെടുത്ത മുല്ലപ്പൂകുഞ്ഞുങ്ങൾ!

അമ്മ തീവണ്ടികൾ

പുലരി  പോലെ ചിറകടിച്ചു രണ്ടു തീവണ്ടികൾ പറന്നിറങ്ങുന്നു ചുള്ളിക്കമ്പ് പോലെ കുറെ പാളങ്ങൾ കൊത്തി വലിച്ചു അങ്ങോട്ടും ഇങ്ങോട്ടുമിട്ട് കൂട് കൂട്ടുന്നു അതിൽ ഒരായിരം ചക്രങ്ങളിൽ ഉരുണ്ടു കളിക്കുന്ന മുട്ടകളിടുന്നു അതിൽ അമ്മ തീവണ്ടികൾ ഒന്ന് ചിലച്ചു കുറെ ചലിച്ചു വീണ്ടുമൊരായിരം അടയിരിക്കുന്നു മുട്ടവിരിഞ്ഞു ഒരായിരം ജാലക കുഞ്ഞുങ്ങൾ വിരിയുന്നു അവ പല വീടുകളിൽ വിശന്നു ചേക്കേറുന്നു ചിലത് കാര്യാലയങ്ങളിൽ കലണ്ടറുകളിൽ കളങ്ങളിൽ തീയതികളിൽ വീണ്ടും അടയിരിക്കുന്നു മാസാവസാനം ശമ്പളമായി ചിലവെന്നു വിരിഞ്ഞു ചിറകടിച്ചു പറന്നു പോകുന്നു പിന്നെ വിരിയുന്നതെല്ലാം വാതിലുകൾ അതിൽ വിരിയുന്നതെല്ലാം യാത്രക്കാർ ഓരോ തീവണ്ടിയും  വന്നു നിൽക്കുമ്പോൾ യാത്ര വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ പോലെ അവരവരുടെ ആകാശങ്ങളിലെയ്ക്ക് ചിറകു വിരിച്ചു പറന്നു പോകുന്നു  

ചതുരമുട്ടകൾ

നമ്മൾ ആദ്യമായി കണ്ടുമുട്ടി പിരിഞ്ഞപ്പോൾ നിന്റെ ദേഹത്തേയ്ക്ക് കൊഴിഞ്ഞു വീണ എന്റെ തൂവൽ അതിൽ നീ നിന്റെ  ചിറകു വരയ്ക്കുന്നു അറിയാവുന്ന നിറങ്ങൾ എടുത്തു പുരട്ടുന്നു അതെടുത്തു വെച്ച്  നീ ഒരു കൂടുണ്ടാക്കുന്നു തിരികെ പോയ നാല് ചുവരുകൾക്കുള്ളിൽ നീ ചതുരമുട്ടകൾ ഇട്ടു കൂട്ടുന്നു അതിൽ നീ പക്ഷിയെ പോലെ അടയിരിക്കുന്നു മുട്ടകൾ വിരിഞ്ഞു പുറത്തു വരുന്ന നീലാകാശത്തിൽ നീ നിന്നെ ഒരു പുതിയ  മേഘമായി നീലനിറത്തിൽ എടുത്തു വയ്ക്കുന്നു നിറം എന്നിലേയ്ക്ക് പറക്കുന്നു വൈകി എത്തിയ രാത്രിയിൽ നീങ്ങി തുടങ്ങിയ നിലാവിൽ  ചന്ദ്രനെ പോലെ  ഓടിക്കയറുന്ന ഞാൻ കാണുന്ന ഓരോ ജാലകത്തിലും നക്ഷത്രം  പോലെ നിന്നെ  തിരയുന്നു  തൂവലുകളും ചിറകുകളും  ഊരി വെച്ച്  ഇണചേരുന്ന പക്ഷികളെ  മാത്രം  മാനത്ത് കാണുന്നു  

ഹർത്താൽ

ഹർത്താൽ ദിനം എങ്ങും വിജനത അടച്ചിട്ട കടമുറ്റങ്ങളിൽ ചീട്ടുകളിക്കുന്ന  കുണുക്കിട്ട പൂട്ടുകൾ തിരക്കിനെ ഏകാന്തത കൊണ്ട്  ഗുണിച്ച്‌ തെരുവ് തെറ്റി പോയ ഉത്തരം പോലെ  ഏതാനും വാഹനങ്ങൾ  ഓടുന്ന വണ്ടിയുടെ ജാലകത്തിൽ മാത്രം ഒരു മുറുക്കാൻ കട തുറന്നിരിക്കുന്നു ഒരു നനഞ്ഞ കുട മുറിച്ചു നാരങ്ങാവെള്ളം പിഴിയുന്നു മഴമാങ്ങകൾ ആഞ്ഞു വലിക്കുന്ന സിഗററ്റിനുള്ളിലേയ്ക്ക് കയറി പോകുന്ന ഒരാൾ എങ്ങു നിന്നോ തിരക്കിട്ട് ഓടി വന്ന  ഒരു ചില്ലിട്ട കല്ല്‌ ഉച്ചത്തിൽ ഒച്ച ചോദിച്ച് തപ്പുന്നു മുറിവിന്റെ ചില്ലറകൾ..!

ജാലകം കൊത്തുന്നു

ഒരു അലസമായ ഉറക്കവും കഴിഞ്ഞു, ഒരു വിരസമായ-  പ്രഭാതത്തിലേയ്ക്കുണരുന്ന ഞാൻ കണ്ട സ്വപ്‌നങ്ങൾ ഓർമയിൽ, നിറങ്ങളിൽ മഴ തന്നെ മുക്കി  അലക്കിയിടുന്നു   ചൂടിന്റെ നിറം പുരട്ടി ഒരു ചായ വരയ്ക്കുന്നു ചായ ഞാൻ കുടിക്കുന്നു ഞാൻ ഇന്നലെ  പോലെ തണുക്കുന്നു മറവിയിൽ നിന്നും കുറച്ചു നിറമെടുത്ത്‌ ഞാനൊരു പൂവ് വരയ്ക്കുന്നു പൂവ് ഒരു ചെടിയോടു കൂടി ഒരായിരം പൂമൊട്ടു  ഇങ്ങോട്ട് തിരികെ വരയ്ക്കുന്നു ഞാൻ അത് മായ്ക്കാതെ പുതിയൊരു  പൂമ്പാറ്റ വരയ്ക്കുന്നു പൂമ്പാറ്റ പറക്കാൻ മടിച്ചു; അതിന്റെ ചിറകിലെ- ഒരു നിറത്തിൽ ചെന്നിരിക്കുന്നു. പൂവിനേയും പൂമ്പാറ്റയെയും  അതിന്റെ പാട്ടിനു വിട്ടു ഞാൻ ഒരു കിളിയെ വരയ്ക്കുന്നു കിളി ഒരു പാട്ട് പാടി; ആ പാട്ട് തന്നെ കൊത്തി തിന്നുന്നു വരയ്ക്കുന്നതോന്നും ശരിയാവാതെ ഞാനൊരു യാത്ര പോകുവാൻ തീരുമാനിക്കുന്നു ഒരു വഴി വരയ്ക്കുന്നു അതിലൂടെ കൈ വീശി നടക്കുന്നു വീശിയ കൈകൾ വീശലിന്റെ ചുളിവു നിവർത്തി  ഞാനറിയാതെ ഒരു പാളം ഒരുക്കുന്നു വെയിലേറ്റു തിളങ്ങുമ്പോൾ ആ പാളത്തിൽ ജാലകം ഇല്ലാത്ത ദൂരം കയറ്റിയ  ഒരു  തീവണ്ടി ...

തൊട്ടു മുമ്പ്

ആത്മാവിൽ;  ആകാശത്തിന്റെ വിത്തുമായി,  പെയ്യുന്ന മഴയെ- ഒരു പൂർണ വലം വെയ്ക്കണം,  അപ്പൂപ്പന്താടി പോലെ; മരണത്തിലേയ്ക്ക് പറക്കുന്നതിന്- തൊട്ടു മുമ്പ്..

ജലമാല ചാർത്തുവാൻ

മൂന്നാല് മിന്നലുകൾ ചേർത്ത് വെച്ച്  ഇരുട്ടിന്റെ നഗ്നതയ്ക്ക്-  മിന്നാമിന്നികൾ കുപ്പായം തുന്നുന്ന  രാത്രിയിൽ,  മഴയെ അർദ്ധവലം വച്ച്  പുഴ തെളിക്കുന്ന വഴിയെ നാണത്തിന്റെ- പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലേയ്ക്ക് നിന്റെ കൈമാത്രം പിടിച്ചു  ഒരു തീർത്ഥയാത്ര പോകണം... നിശാ ശലഭങ്ങൾ; മാറ് മറച്ചു വെച്ച്, നിറമില്ലാ ചിറകുകൊണ്ടു ഭാരമില്ലാത്ത കുരവയിടുന്ന വേളയിൽ പളുങ്ക് കൊണ്ട് തുന്നിയ ജലമാല പരസ്പരം ചാർത്തുവാൻ....

ഫയർ എഞ്ചിൻ ചിറകുള്ള ശലഭം

പൂവിൽ നിന്നും തീ പിടിച്ചു ചിറകു കരിഞ്ഞു പോയ ശലഭമുണ്ടാവും അതിനു തീ കൊണ്ട് ചിറകു വരച്ചു കൊടുക്കണം അതിനിഷ്ടമുള്ള നിറങ്ങൾ ചൂടോടെ എഴുതി കൊടുക്കണം ചിറകു ഉറച്ചു കഴിഞ്ഞാൽ പറക്കാൻ പറഞ്ഞു കൊടുക്കണം വീണ്ടും പറന്നു തുടങ്ങിയാൽ പഴയ പൂവിൽ ചെന്ന്  പുതിയ തീ കൊളുത്താൻ പറയണം നോവ്‌ വെന്തു തേൻ  വരുമ്പോൾ കാതിൽ ചെന്ന് തീ ഊതി അണയ്ക്കാൻ പഠിപ്പിക്കണം പ്രണയിക്കുന്ന ആണിനെ പോലെ 

ചോർച്ചയുടെ മേൽവിലാസം എഴുതിയ മഴത്തുള്ളികൾ

മഴ വരുമ്പോൾ-  പിൻ വാതിലിൽ കൂടി; മുൻവാതിൽ- ഇറങ്ങി പോകുന്ന ഒരു വീടുണ്ട്  അപ്പോൾ ഒരു ചോർച്ച അകത്തു കയറി,  കതകു ചേർത്തയ്ക്കും.. വീട്ടിൽ നിന്ന് അടക്കി പിടിച്ച തേങ്ങലുയരും.. അപ്പോൾ ജനാല; ഒരു തൂവാലയായി- വീടെടുത്ത് മുഖം തുടയ്ക്കും.. ആ വീട്ടിലെയ്ക്കുള്ള എല്ലാ വഴിയും- പകൽ; അന്നത്തേയ്ക്കു മായ്ച്ചു കളയും.. അന്നത്തെ വിശപ്പ്‌; വീടെടുത്ത് പിറ്റെന്നത്തെയ്ക്ക്- മാറ്റിവെയ്ക്കും!

കാലുകളിൽ നിന്നിറങ്ങി നടക്കുന്നത്

നിന്റെ അടുത്തെത്താനുള്ള- തിടുക്കത്തിൽ,  എന്റെ കാലുകളിൽ നിന്നിറങ്ങി  നടക്കുകയാണ് ഞാൻ..   വഴികൾ തീരുന്ന ഒരി- ടനാഴിയിൽ വെച്ച്,  ഞാൻ- നിന്റെ; കാലുകളിലെയ്ക്ക്, നടന്നു കയറുന്നു.. നീ നിന്റെ കാലുകളിൽ നിന്ന്;  നിന്റെ ഉടലിലെ- യ്ക്കെന്നെ കൈ പിടിച്ചു നടത്തുന്നു.. ഞാൻ  ആ  കൈ കുടഞ്ഞു; ഒരു മഴപെയ്യിക്കുന്നു നീ ആ മഴ എടുത്തുവെച്ച്; ആകാശത്താകെ തോരണം കെട്ടുന്നു.. അതിൽ  നമ്മൾ  പക്ഷികളുടെ; വിത്ത് വിതയ്ക്കുന്നു!

നനഞ്ഞാൽ പനി പിടിക്കുന്ന മീൻ

നനഞ്ഞാൽ ഉടൻ- പനി പിടിക്കുന്ന; ഒരു മീനുണ്ടായിരുന്നു, അതിനെ- ഒരു മഴയുടെ- മരുന്ന് കൊടുത്തു വളർത്തുകയാണ്‌; ഞാനായി, നിനക്ക് വേണ്ടി!   

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു" എന്ന് പേരുള്ള പൂച്ചയും ഞാനും

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു"  എന്ന് പേരുള്ള പൂച്ചയും,  പിന്നെ ഞാനും.. ഞങ്ങൾ ഒരു കുറുമ്പിലേയ്ക്ക്; പരസ്പരം മുറിച്ചു കടക്കാനുള്ള രണ്ടുപേർ മാത്രമുള്ള,  മത്സരത്തിനു കാത്തു നില്ക്കുന്നു.. ഞാൻ എന്ന് പറയുന്ന ഇടവേളയിൽ; പൂച്ചയുടെ പുച്ഛം നിറഞ്ഞ തിരിഞ്ഞു നോട്ടത്തിൽ, പട്ടി എന്ന പദം- അടങ്ങിയിട്ടില്ല; എന്ന് വിശ്വസിക്കുവാൻ, ഒരു നിമിഷം ഞാൻ കൂടുതൽ എടുക്കുന്നില്ല.. രണ്ടു പേരെ ഉള്ളു എങ്കിലും; മത്സര സമയം ആകുവാൻ, കടന്നു പോകേണ്ട ഓരോ നിമിഷവും, ഒരു മത്സരാർഥി ആണെന്ന്; ഒരു യുവ കവിയെ പോലെ ഞാൻ; സങ്കല്പ്പിക്കുന്നുമില്ല... അതിനിടയിൽ മുടി അഴിച്ചിട്ടു; എന്റെ മുമ്പിലൂടെ- കടന്നു പോകുന്ന പെണ്‍കുട്ടിയെ ഞാൻ; നോക്കുന്നുണ്ട്;സമയം പോലെ.. കൂടെ കൂടെ.. അവളോടൊപ്പം പോകുന്ന; ആണിന്; എന്നേക്കാൾ സമയം ഉണ്ടല്ലോ, എന്ന് അതിശയിക്കുന്നുമുണ്ട്.. ആ അതിശയത്തിനിടയിൽ നോക്കുമ്പോൾ; എന്റെ വാച്ചിൽ നിന്നും- അവന്റെ വാച്ചിലേയ്ക്ക്; നടന്നു പോകുന്ന; രണ്ടു മൂന്നു മണിക്കൂറുകളും; ഞെട്ടലോടെ കാണുന്നു.. പിന്നെ കണ്ടില്ലെന്നു നടിക്കുവാൻ തീരുമാനിക്കുന്നു! അതിനിടയിൽ ഞാൻ തള്ളി നീക്കുന്ന, വിരസ നിമിഷങ്ങളെ; ആരും കാണാതെ; പൂച്ച- ഒരു മ്യാവൂ ശബ്ദത്...

കറങ്ങുന്നതിനിടയിൽ ഭൂമിക്കു പാർക്ക് ചെയ്യാൻ മുട്ടുന്നു!!!

സഞ്ചരിക്കുന്നതിനിടയിൽ, കറങ്ങുന്നതിനിടയിൽ, ഭൂമിക്കു ഒന്ന്; നിർത്തിയിടണം- എന്ന് തോന്നുന്നു.. ഒന്ന് വിശ്രമിക്കണം എന്ന് തോന്നുന്നു. ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,  എന്റെ കൊച്ചു വീട്ടു മുറ്റം.. ആ  വീടിന്റെ മുറ്റത്ത്‌, ഒരു യുക്തിക്കും നിരക്കാത്ത വിധത്തിൽ, കുറച്ചു നിരപ്പ് മാത്രം ഉള്ള, മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്- കറക്കത്തിന്റെ വേഗത കുറച്ചു, ഒരു കുലുക്കത്തോടെ, എന്നെ ഒന്ന് ഭയപ്പെടുത്തി ഭൂമി കയറ്റി നിർത്തുന്നു ... അതിൽ നിന്ന് ആദ്യം ഞാനിറങ്ങി എന്റെ വീട്ടിലേയ്ക്ക് കയറി പോകുന്നു.. ആ സമയത്ത്, വീടുകളിലെ ഘടികാരങ്ങൾ; പെട്ടെന്ന് നിലക്കുന്നു. സൂചികൾ താഴേക്ക്‌ തൂങ്ങിയാടുന്നു, അതിലൊരു ഘടികാരം താഴെ വീഴുന്നു, ആ ഘടികാരത്തിൽ കൂട്ടി വച്ച നിമിഷങ്ങൾ; ഒരു തിരക്ക് പോലെ; പുറത്തേയ്ക്കിറങ്ങുന്നു. അത് വിവിധ രാജ്യക്കാരാകുന്നു, അവർ പല ഭാഷ പറയുന്നു, അവരവരുടെ മതക്കാരെ കുറിച്ച് മാത്രം; രഹസ്യമായി തിരക്കുന്നു. മാദ്ധ്യമങ്ങളിൽ; കേരളത്തിൽ- ഭൂമി ഇറങ്ങിയ കാര്യം, ദ്രുത വാർത്തയായി; കടന്നു പോകുന്നു.. അത് ഒരു തീവണ്ടി ആണെന്ന്, ആരും തെറ്റിദ്ധരി...

നമ്മൾ ഇരുകൊമ്പിൽ മാങ്ങകളായി പിടിക്കുന്നു പരസ്പരം തിന്നുന്നു

ഒരു തിങ്കളാഴ്ച ആണെന്നുള്ള ആലസ്യത്തിൽ മാനത്ത് കുറച്ചു വൈകി ഉദിക്കുന്ന അലസചന്ദ്രൻ താഴെ വിജനതയിൽ ഒഴുകുന്ന തെളിനീർപുഴ കരയിലെ ഒരൊറ്റ മരം  നിലാവിന്റെ വെട്ടത്തിൽ; പുഴ- ഓളങ്ങളിൽ തെറ്റി കാണുന്ന വെട്ടിത്തിളങ്ങുന്ന സ്വപ്നം അതിൽ മരം; ചേറ്റിൽ തെറ്റി വിരിഞ്ഞ രാതാമര പുഴയോ; പൂത്തുലയുന്ന രാത്രി മഴ! നനയുന്ന ഇതൾ നാണങ്ങൾ തീപിടിച്ച ജലത്തുള്ളികൾ ജലശീൽക്കാരങ്ങൾ തോരാത്ത മഴയിൽ ഇടയ്ക്കിടെ നിർവൃതി കുട നിവർത്തി ഇതൾ കുടയുന്ന താമര തുള്ളിച്ചിതറുന്ന വെള്ളത്തുള്ളികൾ.. ആകാശം ആ സ്വപ്നം അരണ്ട വെളിച്ചത്തിൽ ഒളിച്ചു കണ്ട മാതിരി മേഘങ്ങൾ മാനത്ത് ഉരുണ്ടു കൂടുന്നു ഇടയ്ക്കിടെ തെളിയുന്ന ഒറ്റനക്ഷത്രത്തിന്റെ മൂക്കൂത്തിത്തിളക്കം അഴിച്ചിട്ട മുടിപോലെ ഇളകുന്ന മേഘങ്ങൾ ആരോ മുത്തി കുടുക്കഴിച്ച പോൽ താഴേക്കിറ്റുവീഴുന്ന ജലത്തുള്ളികൾ അതിന്റെ മുലയാഴങ്ങളിൽ ആരോ പരതിയ പോൽ തെളിയുന്ന വിരിയാൻ കൊതിക്കുന്ന ഞെട്ടറ്റ പൂമൊട്ടുകൾ.. അത് തട്ടിയെന്ന പോൽ പെട്ടെന്ന് ഇരു സ്വപ്നങ്ങളിൽ നിന്ന് ഒരുമിച്ച് ഞെട്ടി ഉണരുന്ന നമ്മൾ അടുത്തടുത്ത്‌ മുട്ടിഉരുമി നില്ക്കുന്ന മകരമാവിലെ ഇരുകൊമ്പുകളിൽ ചാഞ്ഞു പടർന്നുകയറുന്ന നമ്മൾ അതിൽ പെട്ടെ...

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

തീവണ്ടിയുടെ ഒച്ചയിൽ പച്ചപ്പ്‌ തലവെയ്ക്കുന്നു!

കേരളത്തിൽ നിന്ന് തെക്കോട്ടേയ്ക്ക് പോകുന്ന പതിവ് തീവണ്ടി അതിന്റെ ഒറ്റപ്പെട്ട മൂലയിൽ കൃഷി ഉപേക്ഷിച്ച അവസാന കൃഷിക്കാരൻ അയാൾ ഉപേക്ഷിച്ച കൃഷിക്കും ചെയ്യുന്ന യാത്രക്കും ഇടയിലെ ഒഴിഞ്ഞ ഏക ഇരിപ്പിടം പാടത്തിന്റെ ഭൂപടം കൃഷിക്കാരനിൽ നിന്നും യാത്രക്കാരനിലേയ്ക്കുള്ള കുറയുന്ന ദൂരം ജനൽകമ്പിയിൽ ഇരിപ്പിടം കിട്ടാത്ത തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന അവസാനമഴയും ഉപേക്ഷിച്ച വെള്ളത്തുള്ളികൾ ഓരോ ജാലക കാഴ്ചയിലും വിടപറയാൻ മടിച്ച് കൂടെ വരുന്ന ശലഭങ്ങൾ, കൃഷിസ്ഥലങ്ങളുടെ ചിത്രങ്ങൾ അതിലെ കരിയാൻ മടിക്കുന്ന പച്ചപ്പുകൾ ഒരു ഒരു നീണ്ടചൂളംവിളിയിൽ അതിർത്തി കടക്കുന്ന തീവണ്ടി അതിർത്തി കടക്കുവാനാവാതെ തളർന്നു വീഴുന്ന കേരളത്തിന്റെ സ്വന്തം പച്ചപ്പുകൾ കടന്നു പോയ തീവണ്ടിയുടെ കടകട ഒച്ചയിൽ ഗത്യന്തരമില്ലാതെ തലവെയ്ക്കുന്ന അവസാനകർഷകനും ഉപേക്ഷിച്ചു പോയ പച്ചപ്പ്‌ പച്ചപ്പിന്റെ രക്തം പതിച്ചു കേരളത്തിലേയ്ക്ക് തെളിയുന്ന ചുവപ്പിന്റെ ഒരു പുതിയ വെളിച്ചം!

ഇലയും ജലവും സതീര്‍ത്ഥ്യപ്പെടുന്നു

ഇലയും ജലവും  ഒരുമിച്ചു പഠിച്ചതാണ്;  നാലാം ക്ലാസ്സിൽ.. ഇല പഠിച്ചു പഠിച്ചു  ഉയരത്തിലെത്തി ആലിലയായി.. മയിൽ‌പീലി വച്ച് കൃഷ്ണനായി. കുളക്കടവിൽ ചേല കട്ടില്ലെങ്കിലും ദാഹിച്ചു പഠിച്ചിട്ടും ദാരിദ്യം കൊണ്ട് ജലം എന്നും വേനലിൽ കുചേലൻ വേരിലൂടെ ഒരു നാൾ മരത്തിന്റെ മുകളിൽ ഓർമകളിൽ സതീര്‍ത്ഥ്യപ്പെടുമ്പോൾ അവിൽ നിറത്തിൽ പല നിലകളിൽ ഒരു ഇലനീല ജലമഴ!