Skip to main content

Posts

തെരുവ്

എങ്ങോട്ടോ പോകണം എന്ന്  പെട്ടെന്ന് തോന്നുമ്പോൾ  തെരുവ് ഉടനെ ഒരു  കറുത്ത ഉടുപ്പെടുത്തിടും ആദ്യത്തെ ഒന്ന് രണ്ടു ബട്ടൻസ് നെഞ്ചത്ത്‌ തന്നെ  ഗട്ടർ പോലെ വെറുതെ തട്ടി ഇടും  ചില രോമങ്ങൾ അപ്പോൾ  യാത്രക്കാരെ പോലെ  എഴുന്നേറ്റു നില്ക്കും  ആദ്യം വരുന്ന ഏതെങ്കിലും  വാഹനത്തിന്റെ തേഞ്ഞു തീരാറായ  ടയറിലേയ്ക്ക്  അശ്രദ്ധമായി എന്ന് തോന്നത്തക്കവണ്ണം  തന്നെ ഓടിക്കയറും  കയറുന്നതിനു മുമ്പ്  ഒന്ന് ചവച്ചു മുറുക്കാൻ പോലെ  ചുവപ്പിച്ചു എന്തോ ഒന്ന് നീട്ടി തുപ്പും  തുപ്പി തീരും മുമ്പേ  അപകടം എന്ന് ബോർഡ്‌ വച്ച വളവുള്ള സ്ഥലത്ത്  ആളിറങ്ങണം എന്ന് പറയാതെ  വെറുതെ കാറ്റ് കൂടി ഊരി ടയറിൽ  നിന്ന് തെരുവ് ഇറങ്ങി പോകും  അവിടുന്ന് ഇടത്തോട്ടു തിരിഞ്ഞു  വലത്തോട്ട് മാറി  ഏതെങ്കിലും വീട്ടിലോട്ടു വെറും  വഴിയായി കയറി ചെല്ലും കുറച്ചു കണ്ണുനീർ വാങ്ങി കുടിച്ചു  വിലാപയാത്രയായി  തിരിച്ചിറങ്ങി അനുശോചനം പോലെ നടന്നു പോകും

പ്രായോഗിക പ്രണയം അഥവാ മരണത്തിന്റെ പ്രിന്റ്‌ഔട്ട്‌

കിളികൾ മറക്കാതെ  വിളിച്ചുണർത്തും വരെ നമുക്ക്  സ്വപ്നമായി കിടന്നുറങ്ങാം  ഉണർന്നാൽ  നമുക്ക് നമ്മുടെ ഒറ്റ ചില്ലയിലെയ്ക്ക്  മരംപോലും നമ്മുടെ മതം അറിയാതെ  സമാധാനപരമായി പറന്നുയരാം മരങ്ങളുടെ ഇലകളിൽ  ഹരിതകം പുരട്ടി മഴയിൽ കുളിച്ചു വെയിലിന്റെ ലേപനംപുരട്ടി രാത്രിയുടെ ഇരുണ്ട അഴുക്ക് കഴുകി കളയാം എന്നിട്ട് രണ്ടിന്റെ ഇരട്ടിപ്പിലെയ്ക്കും പൂജ്യത്തിന്റെ ശൂന്യതയിലെയ്ക്കും അനായാസേന കയറി ഇറങ്ങാവുന്ന എണ്ണൽ സംഖ്യയായി പ്രായോഗിക പ്രണയത്തിന്റെ താഴെത്തട്ടിലെയ്ക്കിറങ്ങി ഗാഡമായി ഒന്നാകാം പിന്നെ പിരിഞ്ഞു പുതുകോടി കൊണ്ട് ശരീരം അളന്ന് തിട്ടപ്പെടുത്തി ബ്രൈലി ലിപിയിൽ അടയാളപ്പെടുത്തി അടുത്തുള്ള വൈദ്യുത ശ്മാശാനത്തിലെയ്ക്ക് ഒരു ആഘാതമായി ചെന്ന് ചാരത്തിൽ മരണത്തിന്റെ പ്രിന്റ്‌ഔട്ട്‌ സ്വയം എടുക്കും വരെ സന്തോഷമായി മനുഷ്യരായി ജീവിച്ചിരിക്കാം

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ

മരുമഴഭൂമി

വരൾച്ച  ഉണക്കി പൊടിച്ചു  മണലാക്കി മരുഭൂമികൾ  വെയിൽ  വളർത്തി വലുതാക്കി  കാലു നീട്ടി ഒട്ടകങ്ങൾ  ഒട്ടകത്തിൽ നിന്ന്  നിറം എടുത്തു  ചായം പുരട്ടുന്ന മണൽതരികൾ വെള്ളമില്ലാത്ത പുഴ നീന്തി മരുഭൂമിയിലേയ്ക്ക് വരണ്ടമഴ മലയാളം ചവച്ചരച്ചു ജലം അയവിറക്കി ഒട്ടകത്തിന്റെ മുഖം മൂടി വച്ച് പച്ചപിടിക്കാൻ വരൾച്ചയിലലയുന്നു

തീർത്ഥയാത്ര

ജീവിതത്തിന്റെ വിവിധ അവസ്ഥകളിലേയ്ക്കു ജലം പോലെ  തീർത്ഥയാത്ര പോകുവാൻ ടിക്കറ്റിന് വേണ്ടി ഒരു തീവണ്ടി പോലെ കാത്തു നില്ക്കുന്നു ഞാൻ എനിക്ക് മുമ്പിൽ നീണ്ടു കിടക്കുന്ന ഐസ് ഇട്ടുറപ്പിച്ച പൊള്ളുന്ന പാത ഒരു തീപാളം മുമ്പിൽ ഒരു തിക്കും തിരക്കുമില്ലാതെ കാത്തു നില്ക്കുന്നവർ മരിച്ചവർ ഒരു ചിത കടന്ന് ടിക്കെറ്റിനു നീളുന്ന കൈകൾ നിമിഷ സൂചി പോലെ വിറയ്ക്കുന്ന കൈയുള്ള സമയം ടിക്കറ്റ്‌ പോലെ മുറിച്ചു തരുന്ന മഴ പറ്റിയ ഒരു പഴയആകാശം പാളത്തിലൂടെ താളത്തിൽ ഒഴുകുന്ന ഒച്ച അതു കേൾപ്പിച്ചു കടന്നു വരുന്ന പുഴ ഞാനെന്ന തീവണ്ടി പുഴയിലേക്ക് ഇറങ്ങുന്നു അല്ല തിരുത്തലോടെ കയറുന്നു ഓളം തെറ്റിയ പാളങ്ങളിൽ  പുഴയുടെ അവസാന  ബോഗ്ഗി  മഴ ഒരു പച്ച സിഗ്നൽ പുഴ വേഗം കൂട്ടുന്നു എനിക്ക് മുമ്പേ മരിച്ചവർ നിറയെ പുഴയിൽ ഞാൻ തനിയെ കാത്തിരിക്കുവാൻ ആരും ഇല്ലാത്ത വസന്തം എന്ന് രേഖപ്പെടുത്തിയ സ്റ്റേഷനുകൾ ഇടയ്ക്കിടെ വേനലിന്റെ അടയാളങ്ങൾ പുഴ നിർത്തി ഇടുന്ന ഇടങ്ങൾ പാലങ്ങൾ പുഴ മുറിച്ചു കടക്കുന്നു ഇരുന്നിരുന്ന് മടുപ്പ് മലർന്ന് കിടപ്പ് പൊള്ളുന്ന പകൽ കാറ്റിന്റെ താരാട്ട് രാത്രി കറുത്ത മഞ്ഞ് വെറും തളർന്ന ഇരുട്ട് മിന്നാം മിന്നികൾ സ്വപ...

മരുന്ന്

മരുന്ന് ______________ ഏതു നിമിഷവും വിഴുങ്ങിയേക്കാവുന്ന മധ്യഭാഗത്ത്‌ വെട്ടുള്ള വെളുത്ത ഗുളിക പുതച്ചു കിടക്കുകയാണ് ജീവിതം അരികത്തൊരു മരം ഏതു നിമിഷവും നിലവിളി പടർന്നു തീ പിടിക്കാൻ പാകത്തിന് ഇല കൊഴിഞ്ഞ് ഉണങ്ങി നില്പ്പുണ്ട് കണ്ണുകളിൽ ഇഴയുന്ന കണ്‍ പീലികൾ ഉറുമ്പിനു വഴി പറഞ്ഞു കൊടുക്കുന്നുണ്ട് തുറന്ന മരുന്ന് കുപ്പിയുടെ കഴുത്തിൽ അടപ്പിന്റെ ബാക്കി പോലെ തിളങ്ങുന്നുണ്ട് താലി പോലൊരു കൊളുത്ത് മരുന്നിനും മന്ത്രത്തിനും മീതെ പിടയ്ക്കുന്ന ജീവൻ ഇപ്പോഴും പിടിച്ചുനിർത്തുന്ന ഒന്ന്

ഋതുക്കളിൽ ചിലത് മാത്രം

പ്രായപൂർത്തി ആയി കഴിഞ്ഞാൽ ശ്വസിക്കുന്ന വായുവിനു ഇലയുടെ മണമാണ് ആ ഇല  വരയ്ക്കുവാൻ വിലയായി ഒരു മരം മുഴുവൻ വേണമെന്നും ഹേമന്തത്തിന്റെ നിറം നിറയെ വേണമെന്നും കടൽക്കരെ നിന്ന്   വാശി പിടിച്ചത് അവളാണ് അപ്പോൾ ഉപ്പു മാറ്റി  തിര കളഞ്ഞു ഒരു കടലിനെ കായലാക്കുന്ന തിരക്കിലായിരുന്നു അവൾ അങ്ങിനെയാണ്  നരച്ച മുടി വേരാക്കി തലകീഴായി ഒരു മരത്തിലേയ്ക്കു ഞാൻ മതം മാറിയത് അപ്പോൾ പൂത്തുലഞ്ഞത് അവളാണ് അത് കണ്ടാണ്‌  കായലിനെ അവളുടെ കണ്ണുകളോടെ ചേർത്ത് രണ്ടു ഭാഗത്തേയ്ക്ക്  പിന്നി ഒരു പുഴയാക്കി ഞാൻ മാറ്റിയത് ആ തിരക്കിനിടയിൽ ആണ് അവൾ  ഒരു വസന്തത്തിന്റെ കൂടെ ഒളിച്ചോടിയതും, എന്നെ പുഴക്കരയിൽ മറന്നു വച്ചതും വസന്തം ബാക്കി വച്ച നിറം എടുത്തു രക്തമാക്കി ഒരു ശിശു ആയി ശിശിരത്തിലെയ്ക്ക് നിസ്സഹായനായി ഞാൻ  തിരിച്ചു പോയത്, അപ്പോൾ  വസന്തം മടുത്ത് പുഴയെ ഉണക്കി ഒരു കാറ്റത്ത് ഇട്ടു പാറ്റി   മഴയാക്കുന്നുണ്ടായിരുന്നു അവൾ എന്റെ മരത്തിലെ ഇലകളിലെ മഞ്ഞായി മറ്റൊരു ഋതുവിന്റെ പച്ചപ്പിലേയ്ക്ക് തിരിച്ചു വരാൻ 

മരത്തിന്റെ മിന്നാം മിന്നി വീട്

മഴ ഒന്ന് മാറി നിന്ന തിരുവാതിര ഞാറ്റുവേല പുര പണിയുന്ന ചിതലുകൾ ഇലയനക്കം പോലെ മണ്ണിന്റെ ശ്വാസോച്ച്വാസം മിന്നാമിന്നികൾ പാല് കാച്ചുന്നു പുര പണിയാൻ പൂതി പെരുത്ത്‌ മരം രണ്ടില  കിളിർത്ത് നിന്ന  തൈയുടെ ദീർഘകാല വായ്പ്പ ചീവിട് കുറിച്ച് തന്ന നല്ല  മുഹൂര്ത്തം വെളുത്ത വേര് കൊണ്ട് അടിസ്ഥാനം പദ്യത്തിലെ വൃത്തം പകർത്തിയ   തടി കൊണ്ട് തീർത്ത മുൻ ഭിത്തി നൃത്തത്തിലെ മുദ്രകൾ കൊത്തിയ ചില്ലകളാൽ ആരൂഡം   പച്ച നിറത്തിന്റെ ഉത്സവം പോലെ ഇലകൾ  മേഞ്ഞ മേൽകൂര മിനുസം ഉള്ള കരിയില കൊണ്ട് നീളെ പാകിയ തറ ഇളം കാറ്റിൽ തീർത്ത    ഇരു പാളി ജനൽ വെയിൽ ഉരുക്കി പണിത ഒറ്റത്തടി വാതിൽ വള്ളി പടർത്തി ചുവരിൽ പൂശിയ ഇളം പച്ച നിറമുള്ള വെള്ള കിളികൾക്ക് പാർക്കാൻ ചില്ലയിൽ മാറി എരുത്തിൽ പോലെ തീർത്ത കൂട്  മഴ വെള്ളത്തിൽ വരച്ച ആഴമില്ലാ കിണർ പുഴ നീട്ടി വളർത്തിയ അഴകുള്ള  വഴി തണൽ കൊണ്ട് മുറ്റം പച്ചില ചെടികളാൽ  അതിൽ പൂന്തോട്ടം മേയുന്ന ആടുകളാൽ ചുറ്റിലും കെട്ടിത്തിരിച്ച വേലി മഞ്ഞു കൊണ്ട് പാല് കാച്ചി വീട്ടിൽ താമസം തു...

ഇന്ന്

ഇന്ന് ________ ഒരു കാലത്ത് ബുദ്ധനും മുനിമാരും യഥേഷ്ടം തളിർത്ത്‌ കായ്ച്ചു കിടന്നിരുന്ന തണൽ മരങ്ങൾ അവരുപയോഗിക്കാതെ  ഉപേക്ഷിച്ചു പോയ കണ്ണീർ ഗ്രന്ഥികൾ കിളിർത്ത് മതങ്ങളായി മരങ്ങൾക്ക് മേലെ വളർന്നു നില്ക്കുന്നു ഒരു കാലത്ത് ബുദ്ധനിരുന്നിടം ആരും തിരിഞ്ഞു നോക്കാതെ മരത്തിന്റെ ചുവട്ടിൽ തരിശു കിടക്കുന്നു ഇലകളിൽ തപസ്സിരിക്കുന്ന കൊടുംവെയിൽ മന്ദഹാസം ഇറ്റിയ ചുണ്ടുകൾ ശാന്തത കൈവിട്ടു വിശക്കുന്ന കിളികളിലെയ്ക്ക് കരഞ്ഞു ചേക്കേറിയിരിക്കുന്നു ഇലയ്ക്കും വേരിനും ഇടയിൽ നഷ്ടപ്പെട്ട തടികൾ തേടി മരങ്ങൾ കരിയിലകൾ കിളിർത്ത വള്ളിച്ചെടികളായി മണ്ണിൽ മേഘങ്ങൾക്കും ഭൂമിയ്ക്കും ഇടയിൽ കാണാതെ പോകുന്ന പ്രായമാകാത്ത മഴത്തുള്ളികൾ ഉമിനീരു വറ്റിയ മഴ പ്രകൃതിയിൽ നിന്ന് നിറങ്ങളെ അടർത്തി മാറ്റി മതത്തിലേയ്ക്ക് ചേക്കേറിയ മനുഷ്യർ മതത്തിന്റെ മടിയിൽ ഇരുന്നു കലാപങ്ങൾക്ക് പേരിടുന്നു ഒരേ നിറമുള്ള രക്തവും നിറമില്ലാത്ത കണ്ണുനീരും ഒരു മതവും നോക്കാതെ പരസ്പരം കെട്ടിപ്പുണർന്നു ഇരകളെ പോലെ തെരുവിൽ

നിളയുടെ ആധുനിക പോസ്റ്റർ

1) മഴയുടെ പോസ്റ്റർ __________________ ആകാശം എന്ന തീയേറ്ററിൽ മഴ എന്ന സിനിമ സൌജന്യമായി പ്രദർശിപ്പിച്ചിട്ടും ഇറങ്ങി നനഞ്ഞു കാണുവാൻ ആൾക്കാർ കുറവായത് കൊണ്ടാവും കടലിലെ തിരയിലും കായലിലെ ഓളത്തിലും കിണറിന്റെ ആഴത്തിലും  പുഴയുടെ ഒഴുക്കിലും വഴിയിൽ കെട്ടികിടക്കുന്ന കുഴിയിൽ പോലും മഴയുടെ പോസ്റ്റർ ആയി ജലം ഇപ്പോഴും ഒട്ടിച്ചിരിക്കുന്നത് 2) ആധുനികതയ്ക്ക് പഠിക്കണം  ------------------------------ ------ മഴയെ വെള്ളമില്ലാതെ  എഴുതാൻ പഠിക്കണം  ജല സംരക്ഷണം എന്ന് പറയുമ്പോഴും  പുഴ എത്രമാത്രം വെള്ളമാണ്  പാഴാക്കി കളയുന്നതു  പ്രവാസിയെ പോലെ മഴ കടലിൽ പണിയെടുത്തു ആകാശത്ത് നിന്ന് സമ്പാദിച്ചു കൊണ്ടുവരുന്ന ജീവജലം വെള്ളം ഇല്ലാതെ പുഴകൾ എന്നാണ് ഒന്ന് ഒഴുകാൻ പഠിക്കുക വായു ഇല്ലാത്ത ഇന്ന് നാളയെ ശ്വസിക്കുന്നത് പോലെ 3) പാടി മുഷിഞ്ഞ നിള കഥ __________________ വറ്റിവരണ്ട വരൾച്ചയിൽ മണൽ മാറ്റി ഒരു ജലത്തുള്ളി കുഴിച്ചിടത്തക്ക വിധത്തിൽ ആഴത്തിൽ അഗാത ഗർത്തം പുക വരാതെ കത്തിക്കുവാൻ അവസാനം ബാക്കി വച്ച കുറച്ചു വെള്ളം കുളിപ്പിക്കാൻ ഒരു തുള്ളി പോലും പാഴാക്കാതെ പണ്ടെങ്ങോ ഒരു മാമാങ്ക പതിപ്പിന്...

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം 

മടക്ക ശിൽപം

എല്ലാവരും ഉണ്ടായിട്ടും അനാഥനെ പോലെ ഏതോ പുഴ എവിടുന്നോ കടത്തി കൊണ്ട് വന്നതാണ് കടൽ എന്നത് വളരെ ദൂരെ നിന്നു വായിക്കാവുന്ന ഏതോ അനാഥാലയത്തിന്റെ  ബോർഡായിരുന്നു അറബി കടൽ സംസാരിക്കുന്ന ഭാഷയും എന്നാലും എനിക്കിനി വയ്യ അലയുന്ന  കടൽ ജീവിതം എനിക്ക് ഓർക്കണം ആ പഴയ  പുഴ ജീവിതം വീണ്ടും ആ പുഴയുടെ രക്തമാവണം അലിയണം ഈ അലച്ചിൽ മതിയാക്കി തിരിച്ചു പോകണം പുഴയിലേക്ക് അതിലെ ഒഴുക്ക് വകഞ്ഞു മാറ്റി നീന്തുന്ന മീനുകളുടെ കണ്ണുകൾ തെളിക്കുന്ന വെളിച്ചം കണ്ട് പുഴയിലെ വഴിയിലൂടെ പ്രകാശമില്ലാത്ത തകരുന്ന  മിന്നലിൽ എന്നും പുതുക്കപ്പെടുന്ന  മഴയിലേയ്ക്ക്‌ അതിലെ ഒരൊറ്റ മഴത്തുള്ളിയാകണം ചിന്നി ചിതറിച്ച ഇലകളിലൂടെ   നടന്നു തിരിച്ചു മരം കയറി മുകളിലേയ്ക്ക് മടങ്ങി പോകണം ഒരൊറ്റ  തണുത്ത മഴയിലേയ്ക്ക്‌ അതിനിടയിൽ  പുഴയിൽ പുതിയൊരു  വെള്ളച്ചാട്ടത്തിന്റെ മരം നടണം ഘനീഭവിച്ചു പയ്യെ പയ്യെ  പെയ്യിച്ച അന്തരീക്ഷത്തിലേയ്ക്ക്  ഒരു കാറ്റിന്റെ  തോണി തുഴഞ്ഞു ഒച്ച ഉണ്ടാക്കാത്ത ഒരു നിശബ്ദ  ഇടിയിൽ ഇടി ഒഴിഞ്ഞ മേഘത്തിലെയ്ക്ക്  തിരി...

സ്റ്റാറ്റസ് പോസ്റ്റുകൾ രണ്ടാമൻ

കടലാസ് ചെടിയുടെ കോപ്പിയടി   പഠിക്കാതെ അവിടെയും ഇവിടെയും  കറങ്ങി നടന്നിട്ടും  , പരീക്ഷയ്ക്ക് തോല്ക്കാതിരിക്കുവാൻ അപ്പുറത്ത് നില്ക്കുന്ന പനിനീര്ച്ചെടിയെ ആരും അറിയാതെ എത്തി നോക്കി     മുള്ള് പോലും കളയാതെ സ്വന്തം പേപ്പറിലേയ്ക്ക് പകർത്തി എഴുതുന്നുണ്ട് വേലിക്കൽ നില്ക്കുന്ന കടലാസ് ചെടി സസ്യാഹാരി പുറമേ  സസ്യാഹാരി എന്ന്  തോന്നിക്കുമെങ്കിലും  ആരും അറിയാതെ  രഹസ്യമായി  മത്സ്യം കഴിക്കുന്നവരാണ്‌  റോസാച്ചെടികൾ അത് കൊണ്ട് തന്നെ  മുള്ള് കളഞ്ഞില്ലെങ്കിലും  പനിനീരിന്റെ  അത്തർ പൂശാൻ  അവർ  മറക്കാറില്ല വെൽഡർ മിന്നൽ നനഞ്ഞ തുള്ളികൾ ഉണങ്ങാതെ ഒട്ടില്ല എന്നറിയാതെ ഇടി വെട്ടുമ്പോഴും പെരുമഴയത്ത് മഴ തുള്ളികൾ വിളക്കി ചേർക്കുവാൻ ശ്രമിക്കുന്നുണ്ട് നനയുമ്പോഴും ഉണങ്ങി മെലിഞ്ഞ മിന്നൽ  തിരകൾ ചിപ്പി പിടിച്ചു മുകളിൽ  വെച്ചിട്ടും  കാറ്റടിച്ചു തിരികെ  വെള്ളത്തിൽ വീണു നനയുന്നുണ്ട്  കടൽ കഴുകി  തീരത്ത് ഉണങ്ങാൻ വിരിച്ചിടുന്ന  തിരകൾ ഉറക്കം നിന്...