Skip to main content

മരുന്ന്

മരുന്ന്
______________
ഏതു നിമിഷവും
വിഴുങ്ങിയേക്കാവുന്ന
മധ്യഭാഗത്ത്‌ വെട്ടുള്ള
വെളുത്ത ഗുളിക
പുതച്ചു കിടക്കുകയാണ്
ജീവിതം

അരികത്തൊരു മരം
ഏതു നിമിഷവും
നിലവിളി പടർന്നു
തീ പിടിക്കാൻ പാകത്തിന്
ഇല കൊഴിഞ്ഞ്
ഉണങ്ങി നില്പ്പുണ്ട്

കണ്ണുകളിൽ ഇഴയുന്ന
കണ്‍ പീലികൾ
ഉറുമ്പിനു വഴി പറഞ്ഞു
കൊടുക്കുന്നുണ്ട്

തുറന്ന
മരുന്ന് കുപ്പിയുടെ
കഴുത്തിൽ
അടപ്പിന്റെ ബാക്കി
പോലെ തിളങ്ങുന്നുണ്ട്
താലി പോലൊരു
കൊളുത്ത്

മരുന്നിനും മന്ത്രത്തിനും
മീതെ
പിടയ്ക്കുന്ന
ജീവൻ ഇപ്പോഴും
പിടിച്ചുനിർത്തുന്ന ഒന്ന്

Comments

  1. മരുന്നിനും മന്ത്രത്തിനും മീതെ പിടയ്ക്കുന്ന ജീവിതം....

    ReplyDelete
  2. അമ്മ, അച്ഛന്‍,ഭാര്യ ,സഹോദരി ,കുഞ്ഞുങ്ങൾ അങ്ങനെ നമ്മുടെ ജീവൻ ഭദ്രമാക്കി വയ്ക്കുന്ന ഒരുപാട് സ്നേഹ കൊളുത്തുകളുണ്ട് ജീവിതത്തിന് ആശ്വാസമായി ഒരു നിശ്വാസം പോലെ .കവിത വളരെ നന്നായിട്ടുണ്ട് .ആശംസകൾ .

    ReplyDelete
  3. എല്ലാത്തിനും മീതെ ജീവന്‍ പിടിച്ചു നിര്‍ത്തുന്ന ഒന്ന് ...! നന്നായിരിക്കുന്നു ....!

    ReplyDelete
  4. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  5. ബൈജുവിന്റെ കവിതകള്‍ക്ക് മുന്നില്‍ പലപ്പോഴും സ്തബ്ധനായി നിന്നുപോകാറുണ്ട്!

    ReplyDelete
  6. വലിയൊരു മനോഹരം എന്ന് പറയാന്‍ തോന്നുന്ന വരികള്‍

    ReplyDelete
  7. വേദനിപ്പിക്കുന്ന കവിത.
    കാണുന്ന ഓരോ വസ്തുവിലും കവിത ഒളിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുന്നത് ഇവിടെ വരുമ്പോഴാണ്.

    ReplyDelete
  8. മരുന്നിനും,മന്ത്രത്തിനും
    എത്തിപ്പിടിക്കുവാൻ പറ്റാത്ത ചില വേദനകൾ

    ReplyDelete
  9. എന്നത്തേയും പോലെ ചിന്തിപ്പിക്കുന്ന വരികൾ..ആഴമേറിയ ആശയം

    ReplyDelete
  10. എല്ലാവര്ക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete
  11. കണ്ണുകളിൽ ഇഴയുന്ന
    കണ്‍ പീലികൾ
    ഉറുമ്പിനു വഴി പറഞ്ഞു
    കൊടുക്കുന്നുണ്ട് -- nice

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ