Skip to main content

ഏകാന്തതയുടെ കറ


ഒരോർമ്മയേ ഘടികാരമാക്കും ചുവർ

ഭിത്തി ടാപ്പുചെയ്യുന്നു
ചിത്രങ്ങളുടെ കറ ചിരട്ടയിൽ
ശേഖരിക്കുന്നു

ഏകാന്തതയുടെ ചുറ്റിവരലാവണം
ഊറി വരും കറ

ദുഃഖം ടാപ്പ് ചെയ്യുന്ന മരത്തിൽ
ചിരട്ടകൾ

ഒരു ഭാഷ അടച്ച് 
ഒരു വാക്കിൻ്റെ പരതൽ
നിഘണ്ടു എടുത്ത് വെക്കുമ്പോലെ
തേടിയതൊന്നും പൂർണ്ണമല്ല
എന്ന വിരലിൻ്റെ തോന്നൽ
വാക്ക് നീക്കുന്നു

നിഘണ്ടു ടാപ്പ് ചെയ്യുന്നു
വാക്കിൻ്റെ ചോട്ടിൽ
ചിരട്ടകൾ

താൻ അതല്ല എന്ന നിഘണ്ടുവിൻ്റെ വീണ്ടുവിചാരം
ഒരു സാക്ഷ പോലെ നീക്കാമെന്ന്
തോന്നുന്നു
വാതിൽ കഴിഞ്ഞ് വാക്കാവും
ഉടൽ

ഒരു ഇല കുറുകേ ചാടുമ്പോൾ
സഡൻ ബ്രേക്കിടും മരം
അതിൻ്റെ നിർത്തലുകൾ
തോന്നലുകൾ
നിർത്തലിൻ്റെ ഉരഞ്ഞ ശബ്‌ദം
വേരാകുവാൻ പോകും മണ്ണ്

അന്തരീക്ഷത്തിൽ 
അധികം വന്ന ആകാശം 
എന്നും തീയതികൾ ഉറയൊഴിച്ചിരുന്ന പോലെ
മേഘങ്ങൾ പൊങ്ങിക്കിടക്കും ആകാശത്തിൻ്റെ ഒരു കുടം ശൂന്യത നീക്കി നീക്കി വെക്കുന്നു

ഭംഗി കൊണ്ട്
വിഹ്വലതകളെ കട്ടെടുക്കുന്ന
വെണ്ണക്ക് മുന്നിലെ കൃഷ്‌ണനാക്കുന്നു

കാത്തിരിപ്പുകളുടെ
കൃഷ്ണവിരൽ പരതൽ
അത്രയും ശാന്തമായി 
ദീർഘമായി നീലിക്കുന്നു

ആകാശം
നീലനിറങ്ങളുടെ നിഘണ്ടു
ഓരോ വിരലിലും അതിൻ്റെ പരതൽ

ഓരോ വാക്കും പരതും വിധം
പരതലില അനുയോജ്യമായ കാറ്റ്
കാത്തിരിക്കുമ്പോലെ
അടരുന്ന കാറ്റ്
വിടരുന്ന മൗനം

മോക്ഷം ഒരു ഭാഷയാണെങ്കിൽ
ഒരു അപേക്ഷയാവുകയാണ് പ്രായം

സംസാരിക്കുമ്പോൾ 
എരിയുന്ന ഭാഷ കണ്ടെത്തിയാൽ
കണ്ടെത്തലിലാവും അടക്കുക
എന്ന് കരുതിയിരുന്നു

ഭാഷ എരിയുന്ന ശരീരം,
വാക്കുകളില്ലാതെ കവിതയാവുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....