Skip to main content

ഒരു തിരുത്തും ആവശ്യപ്പെടാത്ത തെറ്റ്


 
ഒരു ടയർ ചരിച്ച് ചക്രത്തിലിടുമ്പോലെ
ഡീസൽ മണം രാവി
ഒരു വണ്ടിക്കിടുന്നു

ഉടലിൻ്റെ ചരിപ്പാണ്
ഭ്രാന്തിൻ്റെ രാവലാണ് അതും സമനിലയിലേയ്ക്കിടുവാൻ

ഒരു ഉപ്പൻ്റെ നടത്തം
അതിൻ്റെ നോട്ടത്തിൻ്റെ കടുംചുവപ്പോടെ
കട്ടെടുക്കുന്നു
ഒരു നീലപ്പൊന്മാൻ നീല
ഓളങ്ങളിൽ ബാക്കിയാവുന്നു

എൻ്റെ പക്ഷിക്കിടുവാൻ
ഞാൻ പക്ഷിയെ ചരിക്കുന്നു
അതിൻ്റെ ആകാശത്തേ ചരിക്കുന്നു
അതിൻ്റെ നീലയേ
പിന്നാലെ അതിൻ്റെ ശൂന്യതയെ
പിന്നെ അവളെ

അവൾ പക്ഷിയുടെ ഉടമസ്ഥ
അതിൻ്റെ നടത്തം പറക്കൽ
എന്നിവ യഥാക്രമം അവൾ വേർതിരിക്കുന്നു 
നടത്തം മാത്രം ചരിക്കുന്നു
അതിൻ്റെ പരുക്ക് മാത്രം
അവൾ മാറ്റിയിടുന്നു

എൻ്റെ വേനലിൻ്റെ പക്ഷിയേ അവൾ
ആകാശം ജലം ഭാഷ  എന്നിവ കാട്ടി പ്രകോപിപ്പിക്കുന്നു

പ്രകോപനമല്ല
പ്രലോഭിപ്പിക്കുക എന്നതാണ് 
കൂടുതൽ ശരി എന്ന് പിന്നാലെ കൂടി ജലം
തിരുത്തുവാൻ ശ്രമിക്കുന്നു

ഇന്നലെകൾ 
പിന്നിലേക്ക് പിന്നിലേക്ക് 
നിലാവിനേ തിരുത്തുന്നു
നിരന്തരം തിരുത്തപ്പെടും ചന്ദ്രൻ
ഋതുക്കൾക്ക് നടുവിൽ
ഒപ്പനവെച്ചിട്ടു പോയവരുടെ
കാൽപ്പാടുകൾക്കരികിൽ

ഭാഷാപരമായി ദാഹം കൂടുതൽ ആകർഷകമാകുന്നു

ഒരു ഭാഷയിലും കൊള്ളാത്ത ജലം ആകാശത്തിലേക്ക് മടങ്ങിപ്പോകുന്നു
മെല്ലെ എന്ന വാക്കിൽ 
കുടുങ്ങിക്കിടക്കും കടൽ

പ്രകോപിക്കപ്പെട്ട ആകാശം
ഒരു നീക്കുപോക്കിനും തയ്യാറാവുന്നില്ല
ഒരു പക്ഷിയുടലിലും കൊള്ളുന്നില്ല
അവളുടെ ദാഹം

അവൾ മാറ്റിയിടുന്നില്ല നൃത്തം
മറ്റൊരു ഉടലിലേക്കും

അവൾ, ഒരു തിരുത്തും 
ആവശ്യപ്പെടാത്ത തെറ്റ് എന്ന ഒത്തുതീർപ്പിലെത്തുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?