Skip to main content

ഭാഷയുടെ ഭാരമില്ലായ്മയിൽ

ഭാഷയുടെ ഭാരമില്ലായ്‌മയിൽ
തല വെച്ച് കിടക്കുന്നു
ഉണരുമ്പോൾ
ഒരു അപ്പൂപ്പന്താടിയേ തുറന്ന് വെച്ച്  പഠിക്കുന്നു

ഭാരമില്ലായ്മകൾ കൂട്ടി വെച്ച്
ഭാരമുള്ള ഒരു വാക്കിൻ്റെ മടിയിലേക്ക്
പിന്നേയും അപ്പൂപ്പന്താടികൾക്കൊപ്പം
പറന്നിറങ്ങുന്നു

ഭാരമില്ലായ്മയേ ഒരു വേനൽക്കാലം
കൂട്ടികൊണ്ട് പോകുന്നു
ഒരു കുടുസ്സുമുറി തുറന്ന് 
ഒരേസമയം പുറത്തേക്ക് വരും
രണ്ട് ഭാരമില്ലായ്മകൾ
പിന്നാലെ അവയുടെ കണ്ടുമുട്ടലുകൾ

കുടുസ്സുമുറികൾ
അവയുടെ ഭാരമില്ലായ്മകൾ
എന്ന് പുറത്തേ രണ്ടുചിരട്ടകൾ 

ഓളങ്ങൾ കിടന്ന് കിടന്ന് ഭാരമില്ലായ്മകൾ മറികടന്ന് 
ഒരു ഭാഷയാകുന്നിടത്ത്
ഉടൽ, ഭാരമില്ലായ്മയുടെ കുടുക്കഴിക്കുന്നു

തിരകൾ ചരിച്ച് കളഞ്ഞാൽ
തീരങ്ങൾ
മടങ്ങിപ്പോകലുകളിലേക്ക് 
കടലെടുക്കും ടിക്കറ്റുകൾ
ഒരു ചിരട്ടയുടെ രണ്ടാമത്തെ ഭാരം
മണ്ണ് കൊണ്ട് നിറക്കുന്നു
ഉടലിനൊപ്പം മണൽ,
നിലത്തുകിടക്കുന്നു

ചിരട്ടയുടെ ഒന്നാമത്തെ ഭാരം
വായനക്കാരൻ 
തൻ്റെ മനസ്സിൽ കൊണ്ട് നടന്നോട്ടെ എന്ന വിചാരം ഇപ്പോൾ കവിതയിൽ
അതിൻ്റെ വിരൽത്തുമ്പിൽ

വേണ്ട അതിൻ്റെ ഭാരം
എഴുത്തുകാരൻ്റെ മനസ്സിലേക്ക് തന്നെ
തിരികേ
പിടിച്ചുവെച്ച് കവിത പിന്മാറുന്നു

മനസ്സിൻ്റെ ഭാരമാണ്
ചിരട്ടനിറയേ

പച്ചത്തുള്ളനേയും കൂട്ടി
അഴികൾക്ക് സമാന്തരമായ
നഗരച്ചെരിവിലെ ഗ്രാമീണ ജീവിതത്തിൻ്റെ ചതുരജാലകങ്ങൾ തുറക്കുന്നു

ചാട്ടം പുറത്ത് ഊരിയിട്ട
പച്ചത്തുഉളനുമായി ഒരു ചാട്ടവും
അതിൻ്റെ ഇരുത്തവും 
ഒരു പുൽത്തുമ്പ് ചരിയും വരെ പങ്കുവെക്കുന്നു

അത് ഇപ്പോൾ കവിത
അറിയാത്ത രഹസ്യം
അതും ഒരു ദീർഘനിശ്വാസത്തിൽ പിടിച്ച് നിൽക്കും മുമ്പ്

ചാട്ടത്തിൻ്റെ ജഗ്ഗ് ചരിച്ച്
പച്ചത്തുള്ളനിൽ നിന്ന് ഒരു ചാട്ടം
ഒഴിച്ചെടുക്കുന്ന പോലെ
ഇരുന്നിടത്ത് പച്ചത്തുള്ളനിൽ  
അതിലെ പച്ചയും നിശ്ചലതയും ചരിയുന്നു
തുളുമ്പും മുമ്പ് ചാട്ടത്തിലേക്ക് അതിൻ്റെ തിരിച്ചുപോക്ക്
നിശ്ചലതയുടെ പച്ച ഇപ്പോൾ എൻ്റെ ഉടലിൽ നിറയേ

ഇരുത്തം കുറച്ചാൽ
ഗ്രാമീണത കൂട്ടിവെച്ചാൽ
പച്ചത്തുള്ളൻ ചാട്ടത്തിൻ്റെ ഒരു മഗ്ഗ്
പച്ചയുടെ ചതുരം ചുറ്റും 
പുറത്ത് ഒട്ടിച്ചാൽ
ഒരു ചിത്രം
ഊരിയിട്ട ചെരുപ്പ് മുറിക്ക് പുറത്ത്
ഉറക്കം ചരിക്കുന്നു

നടന്ന് വന്ന ഇടങ്ങളിൽ 
കാലടികൾ ഒഴിച്ച് കളയുന്നു
കയറിയ ഉടൻ ഒരു പച്ചത്തുള്ളൻ ചാട്ടം
തലയിലേക്ക് കമഴ്ത്തുന്നു

വെളിയിൽ
കുര കുറച്ച് വെച്ച 
വേട്ടപ്പട്ടികൾ പിന്തുടരുമ്പോൾ ഒതുങ്ങുന്ന 
അതിൻ്റെ അരക്കെട്ടിലേക്ക് 
ചരിയുന്ന അവയുടെ
ഇടതൂർന്ന ഉടലുകൾ
വാതിലുകൾ ഇറുകിയടച്ചാൽ
ജനാലകൾ കട്ടിലുകൾ വീടിനുള്ളിൽ പതിയേ ചരിയുന്ന പോലെ

കോട്ടിയ പ്ലാവിലയിൽ
പച്ചയേ മറയ്ക്കും 
അതിൻ്റെ ഈർക്കിൽ ചരിവ്

നെടുവീർപ്പുകളിൽ പിടിച്ചുനിൽക്കുന്നു
ദീർഘനിശ്വാസം ചരിക്കുന്നു

മൈന ഭ്രൂണങ്ങൾ
അവയുടെ തവിട്ട്
നിരാകരണത്തിൻ്റെ നിറമഞ്ഞകൾ
പുറത്തേക്ക് തുളുമ്പുന്നു
മൈനകളുടെ തീയേറ്ററിൽ
ദൈവം ഒരു കാണി
ചരിത്രം തവിട്ട് ഉടലുകളുടെ റിവ്യൂ

നാവും പുറത്തേക്കിട്ട്
വേട്ടപ്പട്ടികൾ
കിതപ്പുകൾ ആറിച്ച് ചരിത്രം അവ ചരിച്ച് കളയും മുമ്പ്
ഇരയെ അതിൻ്റെ ജീവനിൽ നിന്ന് അഴിച്ചെടുക്കുന്ന
അവയുടെ ഇറുകിയ കടികൾ
വിരൽ ത്തുമ്പുകളിലേക്ക് അവയുടെ
വന്നു കിടപ്പ്

ഉടലേ എൻ്റെ ദുർന്നടപ്പുകളുടെ
വേട്ടപ്പട്ടിയേ
വരൂ ഓരോ വേട്ടയാടലിലും
എന്നോടൊപ്പം ചരിയൂ കുതിക്കൂ
വേഗതകൂട്ടിയ പിന്തുടരലുകളിൽ
കിതപ്പറിയാതെ പങ്കെടുക്കൂ
കിതപ്പാറ്റി ആത്മാവിന്നും അരികിൽ വന്ന് കിടക്കു

കവിതയെഴുതിയ വിരലുകളിൽ
നിന്ന് 
വേട്ടപ്പട്ടികളുടെ കിതപ്പ് ചരിച്ച് കളയും മുമ്പ്
നാവ് പോലെ കവിതക്ക് മുമ്പിലേക്കിടും
വാക്കുകൾ
നോവുകൾ

വിരലുകളുടെ വേട്ടപ്പട്ടികൾ പ്രത്യയശാസ്‌ത്രങ്ങളുടെ ഉടലുകൾ തലോടിയിരിക്കുന്നു

ഒരു മിടിപ്പിൻ്റെ കൊളുത്ത്
ഹൃദയത്തിൽ തുളുമ്പുമ്പോഴും
ഉടലാലയങ്ങളിൽ ഒരു മറുകിൻ്റെ
കറുപ്പിലേക്കുള്ള അതിൻ്റെ തനിനാടൻ
തുറന്നിടൽ

പല വാക്കുകൾ എടുത്തു വെക്കും
കവിതയുടെ വേട്ടക്കിതപ്പ്

ഉടൽ നടത്തത്തിലെക്ക് അഴിഞ്ഞു പോകും ഇടങ്ങളിൽ
നഗ്നമാവും നൃത്തങ്ങൾ

അപ്പോഴും 
ദെവത്തിൻ്റെ ചാരുകസേരയിൽ
ഭൂമിയെ ഉരുമിയിരിക്കും
ഭാരം

ഒപ്പം ദൈവത്തിൻ്റെ വേട്ടപ്പട്ടിയായി
ഭ്രമണം, സമയം വെളിയിലേക്കിട്ട ഒരു വാക്ക്
ഒരു കവിതവിരലിൽ ഉരുമിയിരിക്കും
ഉറപ്പ്

മറക്കുവാൻ സമയമായിരിക്കുന്നു
ഭ്രമണം ചാരിയിട്ട ദിവസങ്ങൾ

അനിശ്ചിതത്ത്വത്തിൻ്റെ ഭാരമില്ലായ്മകൾ ഭാഷയിൽ ചേർത്ത് 
വിഹ്വലതയുടെ ഭാരത്തെ
വിത്തിൽ ഒളിപ്പിച്ച്
എത്ര മനോഹരമായാണ് അപ്പൂപ്പന്താടികൾ
വിഹ്വലതകൾ കൊണ്ട് നടക്കുന്നത്
നോക്കിയിരിക്കുന്നു

തുറന്നിട്ട് കഴിഞ്ഞാൽ
മനുഷ്യത്വം ഒരു വേട്ടപ്പട്ടിയാണ്
ദൈവം വേട്ടയാടൽ കഴിഞ്ഞ ഒരു വാക്ക്

യാചകൻ നോട്ടം തിരയുന്ന പോലെ
പ്രാർത്ഥനകൾ തിരയും ദൈവം

ഇനി അവിചാരിതം എന്ന വാക്കിനെ 
സാക്ഷി നിർത്തിയാൽ
ദൈവം
ഒരിക്കലും കവിത എഴുതിയിട്ടില്ലാത്ത കവിത വായിച്ചിട്ടില്ലാത്ത
ഒരാളേ കണ്ടുമുട്ടും 
പരിചയപ്പെടും

അന്ന്
ദൈവമായിരുന്ന കാലത്തിൻ്റെ  
വ്യർത്ഥത, നിർത്ഥകത
ചരിച്ച് കളയുവാൻ ദൈവം 
ഒരു ചിരട്ട തിരയും
ഉറപ്പ്!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്