Skip to main content

മറക്കേണ്ടവയുടെ പട്ടിക

ആകാശത്ത് പതിവായി
 കിളികളെ കൃഷി-
 ചെയ്തുകൊണ്ടിരുന്ന കർഷകൻ
പറക്കൽ വിളവെടുക്കുവാനായി
മരത്തിൽ കയറി ഭാരമില്ലായ്മയുടെ
വിത്ത് വിതച്ചിട്ടിറങ്ങുന്നതിനിടയിൽ
ആരോടും ഒന്നും മിണ്ടാതെ
അപ്പോൾ കണ്ട
ഒരു കിളിയിലെയ്ക്ക്പറന്നു പോകുന്നു

കളകൾ പോലെ
തോണികൾ കിളിച്ചു നില്ക്കുന്ന പുഴ
കഞ്ഞിക്കലത്തിലെ പറ്റുകൾ പോലെ
വറ്റിക്കിടക്കുന്ന കുറച്ചു വെള്ളം
അതും കെട്ടിക്കിടക്കുന്നു
തിളയ്ക്കുന്നു


മുറിവുകളിലെയ്ക്കു മുള്ളുകൾ
പെറുക്കിവെച്ചുകൊണ്ടിരുന്ന ഒരു മുക്കുവൻ
പെറുക്കിവെയ്ക്കുന്നതിനിടയിൽ 
ഒന്നും പറയാതെ
നീന്തുന്ന മീനിലേയ്ക്ക്
പിടച്ച്  പോകുന്നു


കായലെന്ന ക്യാൻവാസിൽ
പതിവ് പോലെ വരയ്ക്കപ്പെടുന്ന
സൂര്യന്റെ ചിത്രം
പറന്നകന്നു പോകുന്ന  രണ്ടുകിളികൾ

 മീനുകൾക്കിടയിൽ
വലയിൽ
 മുക്കുവന്റെ ജഡം


പതിവ് പോലെ
 അയൽക്കാർ
മെഴുതിരി വെളിച്ചത്തിൽ
ഒരു ബൾബ്‌ കത്തിക്കിടക്കുന്നത് കാണുന്നു

നാളെ മറക്കേണ്ടവയുടെ  പട്ടികയിൽ
കൃഷിക്കാരനെയും മുക്കുവനെയും
 എഴുതിച്ചേർത്തു
ഒരാൾ അയാളുടെ കൂട്ടമായി
 കൃത്യമായി ഉറങ്ങാൻ പോകുന്നു.. 

Comments

  1. വിവേകപൂർണ്ണമായ മറവിയാണത്രേ ഓർമ്മ. ഇതിനൊക്കെ ഇടക്ക്‌ ഓർക്കാനാർക്കുനേരം.

    ReplyDelete
  2. എല്ലാവരുംകൂടി മറന്നുപോയ ഒന്നാകും ഒരിക്കല്‍ ഭൂമി..

    ReplyDelete
  3. മറക്കേണ്ടതൊക്കെ കൃത്യമായി എഴുതിവയ്ക്കണം

    ReplyDelete
  4. നാളെ മറക്കേണ്ടവയുടെ പട്ടികയിൽ
    കൃഷിക്കാരനെയും മുക്കുവനെയും എഴുതിച്ചേർത്തു

    ReplyDelete

Post a Comment