Skip to main content

തീർത്ഥയാത്ര

ജീവിതത്തിന്റെ വിവിധ
അവസ്ഥകളിലേയ്ക്കു
ജലം പോലെ 
തീർത്ഥയാത്ര പോകുവാൻ
ടിക്കറ്റിന് വേണ്ടി
ഒരു തീവണ്ടി പോലെ
കാത്തു നില്ക്കുന്നു ഞാൻ

എനിക്ക് മുമ്പിൽ
നീണ്ടു കിടക്കുന്ന
ഐസ് ഇട്ടുറപ്പിച്ച
പൊള്ളുന്ന പാത
ഒരു തീപാളം

മുമ്പിൽ ഒരു തിക്കും
തിരക്കുമില്ലാതെ
കാത്തു നില്ക്കുന്നവർ
മരിച്ചവർ
ഒരു ചിത കടന്ന്
ടിക്കെറ്റിനു നീളുന്ന കൈകൾ

നിമിഷ സൂചി പോലെ
വിറയ്ക്കുന്ന കൈയുള്ള
സമയം
ടിക്കറ്റ്‌ പോലെ മുറിച്ചു തരുന്ന
മഴ പറ്റിയ ഒരു
പഴയആകാശം

പാളത്തിലൂടെ
താളത്തിൽ
ഒഴുകുന്ന ഒച്ച
അതു കേൾപ്പിച്ചു
കടന്നു വരുന്ന പുഴ


ഞാനെന്ന തീവണ്ടി പുഴയിലേക്ക്
ഇറങ്ങുന്നു
അല്ല തിരുത്തലോടെ കയറുന്നു


ഓളം തെറ്റിയ പാളങ്ങളിൽ 
പുഴയുടെ അവസാന  ബോഗ്ഗി 

മഴ ഒരു പച്ച സിഗ്നൽ
പുഴ വേഗം കൂട്ടുന്നു

എനിക്ക് മുമ്പേ
മരിച്ചവർ നിറയെ
പുഴയിൽ
ഞാൻ തനിയെ
കാത്തിരിക്കുവാൻ
ആരും ഇല്ലാത്ത
വസന്തം എന്ന് രേഖപ്പെടുത്തിയ
സ്റ്റേഷനുകൾ

ഇടയ്ക്കിടെ വേനലിന്റെ
അടയാളങ്ങൾ
പുഴ നിർത്തി ഇടുന്ന ഇടങ്ങൾ
പാലങ്ങൾ പുഴ മുറിച്ചു കടക്കുന്നു

ഇരുന്നിരുന്ന് മടുപ്പ്
മലർന്ന് കിടപ്പ്
പൊള്ളുന്ന പകൽ
കാറ്റിന്റെ താരാട്ട്
രാത്രി കറുത്ത മഞ്ഞ്
വെറും തളർന്ന ഇരുട്ട്

മിന്നാം മിന്നികൾ
സ്വപ്നം പറത്തുന്നു
ഉറക്കം ഉണരുമ്പോൾ
പുഴ എനിക്ക് മുകളിൽ
കമഴ്ന്നു കിടന്നൊഴുകുന്നു
ഞങ്ങൾക്കിടയിൽ
നീന്തൽ പഠിക്കുന്ന
മഴത്തുള്ളികൾ
മരണമെന്ന സ്റ്റേഷൻ

മഴയിലെ
തുള്ളി പോലെ
മനോഹര മരണം

ഇലയിൽ
അച്ചടിച്ച്‌ വരുന്ന
മഴയുടെ ചിത്രം
അന്നത്തെ പത്രം

ഇലയിൽ പറ്റിയ
മഴ തുള്ളികൾ
എന്നത്തേയും
ചൂടുള്ള വാർത്ത‍
മരിച്ചവരുടെ
പടം ഉള്ള
ചരമ കോളം

മഴവെള്ളം വീണ
ഇരിപ്പിടം വെടിപ്പാക്കി

പുഴയിൽ ചാരി ഇരിക്കുന്നു
മറ്റൊരു ഉണങ്ങിയ ജീവിതം
പുതിയ ജാലക കാഴ്ചകൾ

Comments

  1. മണ്ണിലൂടെ നടന്നു മഴ നനഞു പുഴ കടന്നു യാത്ര.....നീണ്ടുകിടക്കുന്ന പാതപോലെ ജീവിതം .

    ReplyDelete
  2. ഐസ് കട്ടകൾ പോലെ പൊള്ളുന്ന ബിംബകൽപ്പനകൾ ......

    ReplyDelete
  3. മരണ ബിംബങ്ങളാൽ ഒരു തീർത്ഥയാത്ര

    ReplyDelete
  4. ഞാന്‍ തനിയെ തീര്‍ത്ഥയാത്ര പോകുന്നു.....................
    ആശംസകള്‍

    ReplyDelete
  5. ഉറക്കം ഉണരുമ്പോൾ
    പുഴ എനിക്ക് മുകളിൽ
    കമഴ്ന്നു കിടന്നൊഴുകുന്നു
    ഞങ്ങൾക്കിടയിൽ
    നീന്തൽ പഠിക്കുന്ന
    മഴത്തുള്ളികൾ ..

    കണ്ണിന് കാണാന്‍ കഴിയാത്ത മനസ്സിന് കാണാന്‍ കഴിയുന്ന മനോഹരമായ കാഴ്ച്ചകള്‍

    ReplyDelete
  6. നല്ല വരികള്‍

    ReplyDelete
  7. എവിടുന്നു കണ്ടെത്തുന്നു ഈ മായക്കാഴ്ചകൾ ?
    മനോഹരം .. തീവ്രം .

    ReplyDelete
  8. കൊള്ളാം മാഷേ

    ReplyDelete
  9. എല്ലാവര്ക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

അസമയത്തെ പ്രജ

 അസമയത്തെ അടുക്കള സാങ്കേതികമായി  നിഷ്‌ക്കളങ്കമായ ഒരു ബിംബം  മാത്രമാണ് എന്നാലും അവളോട് പറഞ്ഞാൽ ശ് ച്ചീ നിങ്ങൾക്കീ വിചാരം, മാത്രമേയുള്ളോ എന്ന നുള്ളലോടെ ഒരു തള്ളൽ ലഭിച്ചേക്കാവുന്ന ഒരു സാധാരണ പ്രതികരണം മാത്രമാവും എന്നാലും അസമയത്ത് അടുക്കളയിൽ ഒരു സാങ്കേതിക വിദ്യയുടേയും സഹായമില്ലാതെ വെറും കൈയ്യോടെ പ്രവേശിക്കുന്ന പുരുഷൻ ഒരു നുള്ളിനും തള്ളിനും അപ്പുറം ഞാൻ തന്നെയാണ് കൊതി അതും അര മുക്കാൽ മണിക്കൂറോളം മാരിനേറ്റ് ചെയ്ത് വെച്ചത് തണ്ടോട് കൂടി വെച്ച കറിവേപ്പിലയിൽ നല്ല വെളിച്ചെണ്ണയിൽ വറുത്ത് കോരിയെടുത്താൽ പൊരിച്ച മീനായേക്കുന്നത് എന്നാലും കുശിനിക്കാരൻ്റെ സ്വപ്നങ്ങളിൽ അസമയത്ത് ചെന്ന് ഒരു ചായ ചോദിക്കുന്ന ശല്യക്കാരനായ ഒരു ഇടപാടുകാരൻ അതും ഏത് നിമിഷവും  ഒരു ഉപഭോക്താവ് ആയേക്കാവുന്നതും ഞാൻ തന്നെയാണ് സ്വതന്ത്രവിപണിയിൽ ഒരു പോപ്പ്കോൺ ഉടൽ സൂക്ഷിക്കുന്നത്  അത് ഭാരമില്ലാതെ  കൊണ്ട് നടക്കുന്നത് ഒന്നും അത്ര വലിയ കാര്യമൊന്നുമില്ല പ്രത്യേകിച്ച് ഇന്ന് വിധേയത്വങ്ങളുടെ പോപ്പ്കോൺ അഥവാ ഉടലിൻ്റെ പോപ്പ്കോൺ എഡിഷൻ എന്ന് ചുരുക്കിയാൽ മുദ്രാവാക്യങ്ങൾ പോലും പോപ്പ്കോൺ ചവപ്പ് പോലെ അത്രയും ലാഘവത്വം നിറഞ്ഞതാവ...

നൃത്തം ചെയ്യുന്ന രക്ഷിതാക്കളേ വിളിച്ചുവരുത്തുന്ന വിദ്യാലയങ്ങൾ

 കുട്ടികൾ വികൃതി കാണിച്ചതിൻ്റെ പേരിൽ നൃത്തം ചെയ്യുന്ന രക്ഷിതാക്കളേ വിളിച്ചുവരുത്തുന്ന വിദ്യാലയങ്ങൾ അവിടുത്തേ ഒരു അധ്യാപിക എന്നേക്കാൾ വികൃതിയാണ് എന്നാലും അത് എനിക്ക് ഉസ്‌കൂളിൽ പോകാതിരിക്കുവാനുള്ള കാരണമാകുന്നില്ല സ്കൂളിൽ പോകാതിരിക്കുവാൻ വേണ്ടി കാരണങ്ങൾ ഒരുപാട് കണ്ടുപിടിച്ച് സ്‌കൂളിൽ പോകാതിരുന്ന കുട്ടിയായിരുന്നു ഞാൻ അതിപ്പോൾ പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഞാനൊട്ടു ശാസ്‌ത്രജ്ഞനുമായിട്ടില്ല പ്രണയം പഠിപ്പിച്ചിരുന്ന കാലങ്ങളിൽ എന്നേ ഏറ്റവും കൂടുതൽ  മുട്ടേൽ നിർത്തിച്ചത് അവളായിരുന്നു എന്നിട്ടെന്താ ഇന്നിപ്പോൾ  ഉസ്‌കൂളിലേക്ക് എന്നോടൊപ്പം വരേണ്ടത് അവളാണ് അപ്പോഴും എനിക്ക് കവിതയിൽ  ഇത്രയും ഗൃഹപാഠം ഇട്ട് തരുന്ന  അധ്യാപിക ആരാണെന്ന സംശയം അവൾക്കില്ലാതില്ല അത് പക്ഷേ കവിതയെഴുതുന്ന കാലത്താണ് അന്ന് പുഴയിൽ  വെള്ളം പൊങ്ങിയിരുന്നു എന്നൊരു കളവ് എൻ്റെ കവിതയേ ആവർത്തിച്ച് നനച്ചു ഒരുമിച്ച്  ഒരു കുട ചൂടി ഞങ്ങൾ  ആ നനവ് നടന്നുതീർത്തു മഴക്കാലത്ത് തടിപ്പാലം പോലെ  കാതിലെ തുളസിക്കമ്പ് ഞങ്ങളുടെ നിശ്ശബ്ദതകൾക്കിടയിൽ അപ്പോഴും വഴുക്കി അന്നേരവും അവളുടെ കാതിലെ തുളസിക്കമ്പ് ഞങ്ങൾ ഭാഷ പോലും ...