Skip to main content

Posts

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി അടക്കി തുടങ്ങിയ അസ്തമയസന്ധ്യ ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ കണ്ണ് പൊത്തി   വൈകുവോളം കളിച്ചിട്ടും  കൊതി തീരാത്ത  ഇരുട്ട് ആ ഇരുട്ടത്തും വഴിയിൽ കാണാവുന്ന അന്തിച്ചന്ത.. നല്ല പാകം വന്ന നൃത്തം; മൊത്തവിലയ്ക്കെടുത്തു, ചുവടുകളാക്കി, ആ ചന്തയിൽ ചില്ലറയ്ക്ക്; മുറിച്ചു കൊടുക്കുന്ന മുടന്തൻ മയിൽ.. നീ... ആ മയിൽ എന്ത് വിലകൊടുത്തും എന്നും മോഹവിലയ്ക്കെടുക്കുന്ന മനോഹര നൃത്തം! ഞാനോ ആ   മയിലിന്റെ കാലിലെ ഒടുക്കത്തെ  മാറാത്ത  മുടന്തും ഇന്ന് ആ മുടന്ത് അടക്കിയ കല്ലറയ്ക്ക് മുന്നിൽ.. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;  മയിലിനെ പോലെ നൃത്തവും    വെച്ച്; നീ  കടന്നു പോകുന്നു  .... കാലത്തോടൊപ്പം !

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....    

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

ശലഭത്തിന്റെ ശബ്ദരേഖ

ഉണരാൻ വൈകിയത് പോലെ ധൃതിപിടിച്ചു ഒരു പൂവ് വിരിയുന്നു വലിച്ചെറിഞ്ഞ പത്രം പോലെ  ഇതളിൽ  അലക്ഷ്യമായി കാണപ്പെട്ട തേൻ എടുത്തു പാലുകാച്ചുന്നു മൊട്ടുകൾക്ക് താരാട്ടു പാട്ട് വരച്ചു  കൊടുക്കുന്നു വീട്ടുജോലികൾ തിരക്കിട്ടു  ചെയ്യുന്നത് പോലെ ധൃതിപിടിച്ചു പരാഗണം നടത്തുന്നതിനിടയിൽ കഴിഞ്ഞു കാണുമോ? എന്നാകുലപ്പെട്ടു റേഡിയോ വെച്ചു 'നോക്കുമ്പോൾ' കേൾക്കുന്നു.. ഇതുവരെ കാണാത്ത നിറങ്ങളിൽ  ശലഭത്തിന്റെ കഴിയാറായ  ശബ്ദരേഖ...

ജലത്തിന്റെ ചാരം

എന്നെ അടക്കുമ്പോൾ വെട്ടിമുറിച്ചേക്കാവുന്ന മരം അതിന്റെ കൊമ്പിൽ ഞാൻ മരിക്കുവാൻ കാത്തിരിക്കുന്ന കിളി അതിന്റെ ചിറകിന്റെ മൂർച്ചയിൽ മുറിഞ്ഞു പോയ ആകാശം കാത്തിരിപ്പിന്റെ ചില്ലകൾ കത്തിത്തുടങ്ങിയ ചിത അതിന്റെ വേവുന്ന മരച്ചില്ലകൾ ഇലകളെ ഒരു  ശിശിരത്തിലെയ്ക്ക് അഴിച്ചു കെട്ടുന്ന കാലം അക്ഷരാർത്ഥത്തിൽ ഇറ്റു വീഴുന്ന മരത്തുള്ളികൾ  തണൽ രൂപത്തിൽ കാണുന്ന കത്തുന്ന മരത്തിന്റെ എക്സ്റേ തിരിച്ചറിയാത്തവര്ക്ക് പ്രണയം വെറും തെറ്റിദ്ധാരണകൾ എരിയുന്ന ചോര അതൊഴുകുന്ന ശരീരം ജലത്തിന്റെ ചാരം ആരും കാണാതിരിക്കുവാൻ വെളിച്ചം അണച്ച് ശരീരത്തിന്റെ രൂപത്തിൽ കത്തുന്ന തീ ഖരരൂപത്തിൽ പടരുന്നനാളങ്ങൾ മണ്ണിൽ ജലരൂപത്തിൽ  നേരത്തെ അടക്കിയ വേരുകൾ കണ്ണീർമഴ ശ്വസിച്ച വായു തന്നെയാവും പറക്കുന്ന ചാരത്തിന്റെ അനന്തരാവകാശി പക്ഷെ മരിച്ചു തീരുന്നതിനു മുമ്പ് കത്തി തീർന്ന എന്റെ  ചിത അത് എങ്ങിനെ തിരിച്ചറിയും?

കവിതയിലെ കുറ്റകൃത്യങ്ങൾ

സൂപ്പർമാർക്കറ്റിൽ അടുക്കി വച്ചിരിക്കുന്ന ആഴ്ചപ്പതിപ്പുകൾ അതിൽ കവിതകൾ മാത്രം തീപിടിച്ച പോലെ ഒന്നോടിച്ചു നോക്കുകയായിരുന്നു പേജ് സൂചികകൾ നോക്കി കവിതകൾ 26, 42, 51 എന്നീ പേജുകളിൽ എന്റെ തിടുക്കം കണ്ട് സൌകര്യത്തിനു അവ അടുത്തടുത്ത താളുകളിലേയ്ക്ക് മാറുന്നു ഞാൻ ഓടിച്ചു വായിക്കുന്നു വായിച്ചു തീരുമ്പോഴേക്കും ആഴ്ചപ്പതിപ്പിന് തീപിടിക്കുന്നു പിന്നെ ആരും കാണാതെ ചാരം മടക്കി തിരികെ വെയ്ക്കുമ്പോൾ; കാണുന്നു .. കവിതകൊണ്ട് തീപ്പട്ടിക്കൊള്ളി ഉണ്ടാക്കുന്ന ഒരാൾ പടക്കം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരാൾ രഹസ്യമായി കവിത തന്നെ വാറ്റുന്ന വേറൊരാൾ എഴുതുന്നത്‌ തന്നെ ഒരു കുറ്റമാകുന്ന ഈ കാലത്ത് .. കവിതയിൽ ഇത്രയേറെ പരസ്യമായ നിയമ ലംഘനങ്ങൾ ഇതെല്ലാം കണ്ടു സംഭ്രമത്തോടെ തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ.. നീ കവിത എഴുതാറുണ്ടോടാ? എന്ന് ചോദിച്ചു ഒരു എക്സൈസ്കാരൻ അടുത്തേയ്ക്ക് വരുന്നു.. എന്റെ അന്ധാളിപ്പ് കണ്ട് വന്നത് കുറഞ്ഞപക്ഷം ഒരു പോലിസുകാരനായിരുന്നുവെങ്കിൽ.. എത്ര നന്നായേനെ! എന്ന് എനിക്ക് വേണ്ടി അയാൾ വിചാരിക്കുന്നു ..

ടേപ്പ് റിക്കോർഡർ വിളിച്ചു ഒരു പാട്ട് വീട്ടിന്റെ മുറ്റത്ത്‌ വന്നിറങ്ങുന്നു

ഒരു ടാക്സി വിളിച്ചു ഡോർ ഉച്ചത്തിൽ വലിച്ചടച്ചു ശബ്ദം ഉണ്ടാക്കി സ്വന്തം വീട്ടിന്റെ മുറ്റത്ത്‌ വന്നിറങ്ങുന്ന വീട്ടുകാരനെ പോലെ ഒരു ടേപ്പ് റിക്കോർഡർ പിടിച്ചു ഒരു പഴയ പാട്ട് വീട്ടിന്റെ മുറ്റത്ത്‌ വന്നിറങ്ങുന്നു.. വേഗത്തിൽ മുന്നോട്ടുകറങ്ങുന്ന കാസ്സറ്റിന്റെ ശബ്ദത്തിൽ മുരടനക്കി കടന്നു വന്ന ദൂരത്തിൽ ഉച്ചത്തിൽ മുട്ടുന്നു അപ്പോൾ വന്നു കതകു തുറക്കുന്ന അപരിചിത വാതിൽ പൊടുന്നനെ കൊട്ടിയടച്ച് കേട്ട ഗൃഹാതുരമായ ശബ്ദത്തിൽ ആണിയടിച്ചു ഒരു മൂളിപ്പാട്ട് തൂക്കിയിടുന്നു..

കാത്തുനിൽപ്പ്

നീ ഓടിച്ചുകൊണ്ട് വരുന്ന വണ്ടി  വിയർത്തൊലിച്ചു നിന്ന് അതിനു ഞാൻ കൈ കാണിക്കുന്നു  ഞാൻ തന്നെ നിർത്തുന്നു എവിടെയോ  വെച്ച് കണ്ട്  ദയ തോന്നി ഇവിടെ കൊണ്ട് ഇറക്കിവിട്ടതു പോലെ നീ ഓടിച്ചു പോകുന്നു നീ നിർത്തി ഞാൻ കയറിപ്പോയത്കൊണ്ട് അവിടെയില്ലാത്തത് പോലെ... ഞാൻ ഇല്ലാതാവുന്നു........ 

തിരശീലയ്ക്ക് പിന്നിൽ

നിലാവിന്റെ നൂല് നൂറ്റു, ഓളത്തിന്റെ കര കൊടുത്തു, തോണിക്കഴഞ്ചിൽ- വെയിലുണക്കി, ഓരോ മീനും;  മുള്ളിൽ വെള്ളം നിറച്ചു, രാപകൽ ഓരോരോ പുതുപുഴ; നെയ്തു കൂട്ടുന്നു... മഴ; അത് നനയാതെ- എടുത്തു വെച്ച്, ഋതുമതിയാകുമ്പോൾ മാത്രം ഓരോന്നായി എടുത്തുടുത്തു, ഒരുങ്ങി;  മാനത്തു ഭംഗി നോക്കുന്നു! ഈ ചിത്രത്തിന്റെ- നീക്കിയിട്ട കാല്പനീക തിരശീലയ്ക്ക് പിന്നിൽ; ഓരോ മീനും; കുറച്ചാഴത്തിൽ കീറിപോയ ഒരു വർത്തമാന പുഴ തുന്നുന്നു!

രണ്ടു ഋതുക്കളിൽ കണ്ടു മുട്ടുന്ന പ്രണയിതാക്കൾ

 ജന്മങ്ങൾക്കു ശേഷം രണ്ടു വ്യത്യസ്ത ഋതുക്കളിൽ കണ്ടുമുട്ടുന്ന രണ്ടു പ്രണയിതാക്കൾ അവർക്കു നമ്മൾ എന്ന് പേരിടുകയാണ് നീയും നീയറിയാതെ മറ്റൊരു ഞാനും മഴത്തുള്ളി ചിറകുകൾ നീർത്തി ഉടൻ പറന്നു തുടങ്ങുന്ന ജലശലഭങ്ങൾ മരിച്ചു പോയ നമ്മുടെ ഉടലുകളെ നമ്മൾ രതി കൊണ്ട് പരിചയപ്പെടുത്തുന്നു എന്റെ ശരീരം അഴിച്ചിട്ട നിന്റെ മുലഞ്ഞെട്ടിൽ നീ ഒളിപ്പിച്ചു വെച്ചിരുന്ന മാതൃത്വവും അതിന്റെ ആകാശ ആകൃതിയുള്ള സ്വപ്നങ്ങളും മറ്റൊരു ആലിംഗനത്തിൽ നമ്മൾ ഒളിപ്പിച്ച കടലും മഴവിൽ നിറമുള്ള തിരമാലകളും നമ്മൾ ആദ്യം കണ്ടുമുട്ടിയപ്പോൾ വെച്ച് മറന്ന പെയ്തുകൊണ്ടിരുന്ന മഴ എടുക്കാൻ വെച്ചുകൊണ്ടിരുന്ന ചുംബനം മുറിച്ചു അന്നോളം ഇരുട്ട് കണ്ടിട്ടില്ലാത്ത ഏതോ ആദ്യരാത്രി പകുത്തു അടയാളവും വെച്ച് നിന്റെ ഉടലിൽ നിന്നും ഒന്നുമറിയാതെ ഇന്നത്തേയ്ക്ക് മുലപ്പാൽ പോലെ ഒലിച്ചിറങ്ങുകയാണ് അന്ന് ഞാൻ..

ഒരു മഴ പിറകൊട്ടെടുത്തു തിരിച്ചു പോകുന്നു

ഞാനും  പാളങ്ങളും മാത്രമുള്ള ഒരു സ്റ്റേഷൻ നില്ക്കുന്ന ഞാനേത്? നീണ്ടുകിടക്കുന്ന  പാളമേത്    എന്ന്  തിരിച്ചറിയുവാനാകാത്തത് പോലെ മുന്നോട്ടു പോകുവാനാകാതെ ഒരു തീവണ്ടി വന്നു  നിൽക്കുന്നു.. അതിനെ പച്ച നിറത്തിൽ ജീവിതം എന്നാരോ വിളിക്കുന്നു കിട്ടിയ ഓരോ അവസരങ്ങളിലും തുറക്കുവാൻ പരാജയപ്പെട്ടത് കൊണ്ട്  ജനാലകളായിപ്പോയ പരശതം വാതിലുകൾ  ചക്രങ്ങൾ  അല്ലാതെ  ഒന്നും ചതുരത്തിൽ ഇല്ലാത്ത  ബോഗ്ഗികൾ ചക്രങ്ങൾ പോലും അത്രമേൽ ചലിക്കുവാനാകാതെ   നിന്നു പോയതിനാലാവണം  ചതുരങ്ങളായി പോയത് പ്രക്ഷേപണം ചെയ്യുന്നതിനിടയിൽ  ചന്ദ്രനുമായുള്ള ബന്ധം നഷ്ടപെട്ട നിലാവുണ്ടാക്കുന്ന  രാത്രിയുടെ അരോചകമായ ഒച്ച നനഞ്ഞ ശബ്ദങ്ങൾ നിലവിളിയായി കിളിച്ചു പോകുമോ എന്ന പേടി ഒരു ചീവിടൊച്ചയായി ഒതുക്കുന്ന ഇരുട്ട് പാളങ്ങളിൽ നിന്ന് തെറിച്ച  ചെളി പോലെ ചക്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന  ഇരുട്ടിനെ പോലും  പലപ്പോഴും കബളിപ്പിക്കുന്ന തിളക്കം ഇനി ചലിക്കുവാനിടയില്ലാത്ത തീവണ്ടിയെ  ഒരു നൂലുണ്ടയായി ചുരുട്ടി അതിന്റെ ലക്ഷ്യത്തിലേയ്ക്ക...

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത്

നീലിച്ച ഞരമ്പുകൾ മരങ്ങളിൽ പിടയ്ക്കുന്നു  ഇനിയും തിരിച്ചു വന്നിട്ടില്ല മൈലാഞ്ചി അരച്ചിടാൻ ഒരു കുരുവിയും കൂട്ടി തെരുവിലേയ്ക്ക്  പോയ പച്ചിലകൾ കത്തിക്കിടക്കുന്ന ചുവന്ന വെളിച്ചങ്ങൾ കെട്ടുകഴിഞ്ഞാൽ വാഹനങ്ങളെ; നിങ്ങൾ തെരുവിലെ തിരക്കിലേയ്ക്ക് തുളുമ്പരുതേ.. അനങ്ങരുതേ നടക്കാനിരിക്കുന്നത് തെരുവുകളെ;  മരങ്ങളായി പ്രഖ്യാപിക്കുന്ന ചടങ്ങാണ് ചലിച്ചു കഴിഞ്ഞാൽ നിങ്ങളാവും പിന്നെ ആ മരങ്ങളിലെ ഇലകൾ വെയിലിനെ നേരിട്ട് തണലാക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് കേട്ടിട്ടുണ്ടോ മരങ്ങളുടെ ആവശ്യമില്ലിനി വീതികൂടിയ തെരുവുകൾക്ക്‌ മരങ്ങളുടെ പേര് മതി അതാ മഹാഗണി തെരുവ് അശോക തൈതെരുവ് ചുവന്ന തെരുവിന് ഒരു പേരിന്റെ  ആവശ്യമേ ഇല്ല ഇതൊന്നും കേട്ട് ഭയക്കരുത് ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന കറുത്തപുകയാണ് നല്ലൊരു നാളയെ പോലും ഭൂമുഖത്തുനിന്നും കത്തിച്ചു  കളയാൻ നിങ്ങൾ ഭയക്കുന്ന ആ പുക മാത്രം മതി വികസനം  അതിന്  നല്ലൊരു  മറയാണ്! 

ഒരിലയാക്കാതിരിക്കൂ...

 നീ ഇങ്ങനെ ജലത്തിൽ നൃത്തം വെച്ച് എന്നെ  ഒരിലയാക്കാതിരിക്കൂ മരത്തിന്റെ അമ്മപ്രതിബിംബമേ നോക്കൂ ജലം ശേഖരിച്ച വേരുകൾ എനിക്കും നിനക്കുമിടയിൽ ഒരു ഓളം വൃത്തത്തിൽ വരച്ചു മരം തന്നെ നഷ്ടപ്പെട്ടു ഒരു മഴയിലേയ്ക്ക്  മിന്നലിലൂടെ  തിരിച്ചു പോകുന്നത് നീ ഇനി എന്നെ  ഒരു വിരലിൽ  തൊട്ടെടുത്തു പൊട്ടാക്കി  കാതിൽ പുരട്ടി ആടുന്നൊരു പാട്ടാക്കൂ എന്റെ കാണുന്ന കണ്ണുകൾ നിന്റെ  കേട്ടതാരാട്ടിൽ പൊതിഞ്ഞെടുത്തു പാടുന്നൊരു വീണയാക്കൂ നിന്റെ മടിയിൽ ഒരു കുഞ്ഞായി അതുവരെ  നിഷ്കളങ്കമായി ഞാൻ വീണുറങ്ങട്ടെ!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ സഞ്ചരിക്കുമ്പോൾ അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും വെള്ളം തന്നെയാവണമെന്നില്ല ചിലപ്പോ ഒരു കുഞ്ഞുകാട് ഒരു ഗ്രാമം തലയില്ലാത്ത ജഡങ്ങൾ ജീവനുള്ള കമിതാക്കൾ ആരും കാണാത്ത വിനോദസഞ്ചാര സൌന്ദര്യങ്ങൾ ആരോരുമില്ലാത്ത പുഴ വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി ഒക്കെ ഒഴുകി വീണെന്ന് വരാം അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ  അഴകു കൂടി  അലിഞ്ഞലിഞ്ഞു വെള്ളമായിതീരുന്നതാവാം ആ വെള്ളച്ചാട്ടത്തിൽ  ചാടി ആത്മഹത്യക്ക് വന്ന ഒരാൾ അയാൾക്ക് ചെയ്യേണ്ടിയിരുന്ന ഒന്നിലധികം ആത്മഹത്യകൾ കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം വേദനകളെ ഒഴുക്കി വിട്ട് രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു വിശ്രമിച്ചു കൊണ്ടിരുന്ന ഒരു ദുർബല നിമിഷത്തിൽ മരണത്തിൽ നിന്നും അറിയാതെ പിന്മാറി പോയ   അയാൾ അയാളുടെ ഒരുകൂട്ടം അവർ വേണ്ടെന്നു  വെച്ച കൂട്ട ആത്മഹത്യാ ആ ആത്മഹത്യകൾ ജീവൻ നിലനിർത്താൻ  കൃത്രിമശ്വാസം എടുക്കുന്നത് പോലെ കൊടുക്കുന്നത് മാതിരി തോന്നുംവിധം ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ  പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു! ...

വെള്ളത്തിനടിയിൽ പെയ്യുന്ന മഴ

വെള്ളത്തിനടിയിൽ പെയ്യുന്ന മഴ മീനിനെ പോലെ നനയുന്ന നമ്മൾ  ജലം അലിയുന്ന  നിശബ്ദതയിൽ ശ്വാസത്തിന് വേണ്ടി ഉപരിതലത്തിലേയ്ക്ക് പൊങ്ങിവരുന്ന രണ്ടു കുമിളകൾ നമ്മുടെ സ്ഫടിക തുല്യമായ  രണ്ടു തുള്ളികൾ അവ ഒന്നിക്കുന്ന ജലപ്പരപ്പ് ചില പ്രണയങ്ങൾ അങ്ങിനെയാണ് നമുക്ക് പ്രണയിക്കുവാനായി മന:പൂർവ്വം ജലത്തിൽ പോലും ദൈവം  ഒഴിച്ചിടുന്ന സ്ഥലങ്ങൾ നിമിഷങ്ങൾ കടൽ തീരത്ത് അസ്തമയ സൂര്യന്റെ ചുവപ്പ്  കൊറിച്ച് ചരിഞ്ഞു കിടക്കുന്ന, തണുതണുത്ത ഒരു കുപ്പി വെള്ളത്തിന്റെ  നഗ്നതയിൽ ദൈവം നമ്മുടെ ദാഹം  കൊതിയോടെ കണ്ടിരിക്കുന്നു!

കുറച്ചു കവിതകൾ ആറ് മുറിച്ചു കടക്കുന്നു

1. ഒരു യാത്രയുടെ പാതി  _______________________ വാതിലുകൾ കൊട്ടിയടച്ച് ജനാലയിൽ കൂടി ഒരു വീട് പുറത്തേയ്ക്കിറങ്ങുന്നു.. വിശക്കുന്ന വയറിന്റെ ഒരറ്റം, പകുതി വിലയ്ക്ക് തൂക്കിവിറ്റ്; അകലെ പെയ്യുന്ന ചാറ്റൽമഴയുടെ ഒച്ച കീറി, ഒരു പകുതി വിലപേശി വാങ്ങുന്നു.. പതിരാവടുപ്പിച്ചു; ഇരിക്കാൻ ഇരിപ്പിടം ഇല്ലാത്ത, മുത്തുകൾ കളഞ്ഞു പോയ, ഒരു കൊലുസ്സിന്റെ- കിലുക്കത്തിൽ തൂങ്ങിനിന്ന്, യാത്ര ചെയ്തു. ഇല്ലാത്ത വീട്ടിലേയ്ക്കുള്ള വഴിയിൽ നനഞ്ഞിറങ്ങുന്നു.. ************************* 2.  കവിതയെ കുറിച്ച് ഒരു നാടകം _____________________________ കവിതയെ കുറിച്ച് ഒരു നാടകം നടക്കുന്നു അരങ്ങിൽ മരങ്ങൾ കസേര എന്ന അടയാളപ്പെടുത്തിയ വേരുകളിൽ കാണികൾ അവ മരങ്ങൾ അല്ല എന്ന് തിരിച്ചറിയുവാൻ മനുഷ്യരെ പോലെ ചലിക്കുന്നു തിരശ്ശീല കരിയില കൊണ്ട് തുന്നിയതാവും കാറ്റിനേക്കാൾ നേർത്തതാവും അതുയർത്തുവാൻ മറന്ന; ഉറക്കം തൂങ്ങി-  മുഖങ്ങളുണ്ടാവും അഴിഞ്ഞു വീണ തിരശീലക്കിപ്പുറം, ഉറക്കത്തിനിടയിൽ; എല്ലാം കാണുന്നതായി കാണികൾ അതിലും ഭംഗിയായി അഭിനയിക്കുന്നുണ്ടാവും... *************************** 3.ആന...

കാഥികന്റെ പ്രതിമ

തെരുവിലേയ്ക്ക് പോകുവാൻ അവസാന വണ്ടിയ്ക്കു കാത്തു നില്ക്കുന്ന ഒരാൾ കാത്തുനിന്നു മടുത്തു വന്ന ബസ്സ്‌  തന്നെ  ബസ്‌ സ്റ്റാന്റായി മാറിയ അതിശയത്തിൽ വല്ലാതെവൈകി യാത്രചെയ്തെത്തുമ്പോൾ ഇറങ്ങേണ്ട സ്ഥലം തന്നെ  അപ്രത്യക്ഷമാകുന്നു അവിടെ ഉണ്ടായിരുന്ന  നാലും കൂടിയ മുക്ക് മുറുക്കാൻ കട അരയാൽത്തറ അമ്പലക്കുളം എല്ലാം ഇല്ലാതായിരിക്കുന്നു ആകെ ഉള്ളത് അങ്ങോട്ട്‌ നോക്കൂ എന്ന് ഓർമിപ്പിക്കുന്ന  ഒരു കാഥികന്റെ അര്ദ്ധകായപ്രതിമ ചുറ്റും തളം കെട്ടി കിടക്കുന്ന  അയാളുടെ ശബ്ദത്തിന്റെ ഘനഗംഭീര നിശബ്ദത! ഇറങ്ങേണ്ട  തെരുവ് പോലും തിരിച്ചറിയാതെ  മടിച്ചുമടിച്ചയാൾ  പിടിച്ചിറങ്ങുമ്പോൾ വണ്ടി തന്നെ  മറ്റൊരു യാത്രക്കാരനായി അയാൾക്ക്‌ പിറകെയിറങ്ങുവാൻ  വാതിലിൽ വല്ലാതെ ധൃതി കൂട്ടുന്നു എല്ലാവരും ഇറങ്ങിതീരും  മുമ്പ് അവിടെ കാത്തുനിന്ന കുറച്ചുപേർ പൂര്ണമായും ഇറങ്ങിതീരാത്ത അയാളിലെയ്ക്ക് ടിക്കറ്റ്‌ എടുത്തുകയറുന്നു കാണേണ്ട സ്വപ്നങ്ങളുടെ പട്ടിക  കൈയ്യിൽക്കൊടുത്തു കയറിയപാടെ  ഉറങ്ങിത്തുടങ്ങുന്നു! 

മുറച്ചെറുക്കൻ

ഉമ്മ വെച്ചുമ്മ വെച്ച് എനിക്ക് ഭ്രാന്താകുമ്പോ എന്റെ മുടിയിൽ ഒരുമയിൽ‌പീലി  കിളിച്ചുവരും.. .. അന്നേരം നിന്റെ ഇമകളിൽ  ആയിരം മയിലുകൾ പറന്നു വരും പറന്നുപറന്നുവന്നവ പലനിറങ്ങളിൽ പീലിനിവർത്തി നൃത്തം വെയ്ക്കും  നീ നൃത്തം; കാണാതെയെഴുതിപഠിച്ചൊരു- പാട്ടാകും.. നിന്റെ പാടുന്ന ചുണ്ടിൽ ഉമിനീരാഴത്തിൽ എന്റെ ചുണ്ട് വെയ്ക്കുന്ന നൃത്തം മഴയാകും പാട്ടിന്റെ താക്കോൽകൂട്ടം  അരയിൽ തിരുകി നീ ചുണ്ടിൽ അറിയാത്തൊരു; ചിരി കിലുക്കും.. ആ കിലുക്കം തിരിച്ചറിഞ്ഞു ഒരു മറുകിന്റെ കറുപ്പണിഞ്ഞു ജന്മത്തിന്റെ പകുതിയിൽ വെച്ച്  ഒരു മൂക്കൂത്തിത്തിളക്കത്തിൽ  കയറിവരുന്ന മുറപ്പെണ്ണിനെ ഞാൻ തിരിച്ചറിയും.. ആ തിരിച്ചറിവ് ഇതുവരെ  ശരീരഭാഷയിൽ മിണ്ടാത്ത, തൊടാത്ത,  പുതിയൊരു   സ്പർശത്തിൻ അറിയാത്ത തണുപ്പാകും. ആ തണുപ്പ് നിന്റെ കാണാത്ത പുഴയുടെ അഴകാകും നീ തമിഴ് ഭാഷയിൽ നിറഞ്ഞൊഴുകുന്ന  പുഴയാവും.. ഞാൻ അതിന്റെ ഓളങ്ങളിൽ തുളുമ്പും നിലാവലിഞ്ഞവെണ്ണയാകും..  അപ്പോ ഞാൻ  നിന്നെ കണ്ണിൽ വെച്ച പഴയ  ഉമ്മകൾ ഇമകളായി തളിരിട്ടു പൂവിട്ടു  തുടങ്ങും ...

ബിഗ്‌ ബജറ്റ്

ഭൂമിയിൽ ആദ്യം ഷൂട്ട് ചെയ്ത  ബിഗ്‌ ബജറ്റ് ചിത്രങ്ങളായിരുന്നു  മരങ്ങൾ, എല്ലായിടവും ഇല്ലെങ്കിലും ചിലയിടങ്ങളിൽ എങ്കിലും ഇപ്പോഴും നിറഞ്ഞസദസ്സിൽ  ഓടിക്കൊണ്ടിരിക്കുന്നത് അതിൽ സ്വാഭാവികതയ്ക്കു വേണ്ടി അന്ന് സെറ്റ് ഇട്ടു നിർമ്മിച്ചവയായിരുന്നു ഇന്നത്തെ  ഒഴുകുന്ന പുഴകളും മനോഹരമായ പ്രകൃതിയും ഓരോ മരത്തിന്റെയും എഴുതികാണിപ്പ് അവസാനമായിരുന്നു അതായിരുന്നു വേരുകൾ അതിൽ വില്ലന്മാരായി വേഷമിട്ടവരാണ്,  ഇപ്പോഴും; മനുഷ്യരായി അഭിനയിച്ചു-  തകർത്തുകൊണ്ടിരിക്കുന്നത്..