Skip to main content

എഡിറ്റിങ് ടേബിളിലെ സൂര്യൻ

 

വിരലറ്റങ്ങൾ നീറ്റലുകൾക്ക്
വിട്ടുകൊടുത്ത്
വിരിയുന്നതിലേക്ക്
മടങ്ങും എന്റെ പൂക്കൾ

വേട്ടയാടാൻ ഇറങ്ങും മുമ്പ്
ഇരകളിലേയ്ക്ക് എത്തും മുമ്പ്
വേട്ടമൃഗങ്ങൾ കൊണ്ട് നടക്കുന്ന
എഡിറ്ററാവുന്നു സൂര്യൻ

ഗോളാകൃതിയിൽ കറങ്ങുന്നുണ്ട്,
വേട്ട
വേട്ടമൃഗങ്ങളുടെ എഡിറ്റിങ്ങ് ടേബിളിൽ

ഞാൻ വേട്ടമൃഗങ്ങളോട് 
എഡിറ്റിങ്ങ് കടം വാങ്ങുന്നു

എഡിറ്റിങുകളുടെ കടൽ
മീൻ പഠിയ്ക്കുന്നുണ്ടാവണം അത്
മുറിച്ചുമുറിച്ചിട്ട മണങ്ങൾ

നഗ്നതയുടെ എഡിറ്ററേ
എന്ന് നിന്റെ കാതിൽ ഞാൻ

മൃഗമാവുകയായിരുന്നു
കാട് പറഞ്ഞ രഹസ്യം

രഹസ്യം സാക്ഷ്യപ്പെടുത്തിയ മൃഗം
എന്ന് ചുരുക്കി,
ഏറ്റവും ലളിതമായ മൃഗമാവുകയായിരുന്നു

ലാളിത്യം
നമുക്കരികിൽ മറ്റൊരു മൃഗം

ആകാശം സാക്ഷ്യപ്പെടുത്തിയ കിളി
എന്ന് മാത്രം പറന്നു

ഉടലിനെ സാക്ഷ്യപ്പെടുത്താറുണ്ടോ
എന്ന് ചോദിച്ചു
അഴിഞ്ഞ കാത്

ഒരു ഡേകെയർ സെന്ററാവുകയായിരുന്നു
ചന്ദ്രൻ
അത് നിലാവിന്റെ കുഞ്ഞുങ്ങളെ

ഇല്ല എന്ന വാക്കു കൊണ്ട് സാക്ഷ്യപ്പെടുത്തിയ
ഒന്നാവുകയായിരുന്നു കവിത

കിട്ടിയില്ല
മൃഗമാവാനുള്ള സമയം 
കാട്ടിയില്ല വിശ്വസ്തത
വിശ്വസ്തത കാട്ടും മുമ്പ് 
മരിച്ചുപോയ നായ ഇനി കവിതയാകുമായിരിയ്ക്കും.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!