Skip to main content

ഒരു നുള്ള് കാത്തിരിപ്പ്

ഒരു നുള്ള് കാത്തിരിപ്പ് 
ഒരു തുള്ളിയിലെടുത്ത് വെച്ച്
തോരുന്നതിൽ
പിടിച്ചുനിൽക്കുന്ന മഴ

അടയുന്നതിന്റെ മൈലാഞ്ചിയിട്ട
തൊട്ടാവാടികൾ
തുറന്നുകാട്ടും
കൈകളിലെ ശലഭചലനങ്ങൾ

തൊടുമ്പോഴേയ്ക്കും 
ഉണങ്ങാത്ത മാതിരി 
ചലനം ഇമകളിൽ
പിൻവലിയ്ക്കും ഇലകൾ

കാതിൽ ഒരു നുള്ളിന്റെ മൂളൽ

കാത്തിരിപ്പ് ഒരു മുള്ളിലെടുത്ത്
നോവ് കൊണ്ടൊരു
പനിനീർപ്പൂവുണ്ടാക്കുകയായിരുന്നു
അവൾ

ഒരു തുടർച്ചയാവുന്നു കാത്തിരിപ്പ്
അവൾക്ക് മുന്നിൽ
തോർച്ച ഒരു തട്ടം 
മഴ പിടിച്ചിടുന്നത്

പൂത്തിറങ്ങും മിനുക്കം
അലുക്ക് പോലെ പിടിച്ചിട്ട്
ഇരുട്ടിനും പുറത്തിറങ്ങും മിന്നാമിനുങ്ങി

മെല്ലേ ഒരു അലുക്കാവുന്നു കാത്തിരിപ്പ്
അത് പിടിച്ചിട്ട് 
അവൾ പുറത്തേയ്ക്കിറങ്ങുന്നു

പടർന്നുകയറും
കാത്തിരിപ്പിന്റെ വള്ളികൾ

കാത്തിരിയ്ക്കുന്നതിനിടയിൽ
കാത്തിരിയ്ക്കുന്നത് ആരെയാണെന്ന്
മറന്നുപോകുന്ന ഒരാൾ

എന്നിട്ടും കാത്തിരിപ്പിൽ തുടരുന്ന അയാൾ

കാത്തിരിപ്പ് വന്ന് അയാളെ മൂടുന്നതാവണം
അയാൾ കാത്തിരിപ്പിന്റെ കാട് 

കേട്ടിട്ടുണ്ടോ?
കാത്തിരിപ്പ് വന്ന്
കാത്തിരിപ്പിൽ മുട്ടുന്ന സ്വരം

ചാട്ടം കാത്തിരിയ്ക്കും പച്ചത്തുള്ളനെ
പച്ചനിറത്തിൽ വന്ന് ചാട്ടം തൊടുമ്പോൾ
ചാടാൻ മറന്നുപോകുന്നത് പോലെ

അണിഞ്ഞിട്ടുണ്ടാവണം
മഴത്തുള്ളികൾ ഓരോന്നു
തൊടുന്നുണ്ട് ആരോ
എന്നിട്ടും
വാടാൻ മറന്നുപോകും
തൊട്ടാവാടി പോലെ 
അത്
കാത്തിരിപ്പിലേയ്ക്ക് മാത്രം
കൂടുതൽ പടരുന്നു
കാത്തിരിപ്പിലേയ്ക്ക് മടങ്ങുന്നു

സംഗീതമായിത്തുടങ്ങിയിട്ടുണ്ട്
മഴത്തോൽ വലിച്ചുകെട്ടിയ
ആകാശത്തിന്റെ മിഴാവിൽ
മഞ്ഞുതുള്ളികൾ തൊടും ശബ്ദം 

അയാൾ
ചകോരപ്പക്ഷികളുടെ നടത്തം
ശേഖരിയ്ക്കുന്നു

അവൾ
നാലും കാത്തിരിപ്പാവുന്ന
ഒരു വെറ്റിലച്ചെല്ലം

ശരിയൊരു വെറ്റില
മുറുക്കാത്തത് കൊണ്ട് കാലം
നീക്കിവെയ്ക്കുന്ന
അതിലെ സത്യം

വാക്കിന് താഴെ
വാടാത്ത കാത്തിരിപ്പ്‌ കൊണ്ട് നിർമ്മിച്ച
പുതിയൊരു വെറ്റില
അതിന്റെ പച്ചമൂളൽ

2

കാത്തിരിപ്പ്,
പക്ഷികൾ നിർമ്മിയ്ക്കുന്ന ആകാശത്തിന്റെ 
ഒരു ഭാഗമാണെന്ന്
അവൾ

ഒരു തലയാട്ടൽ അധികം നിർമ്മിച്ച്
സമ്മതം ഒരു താളമാണെന്ന് ഞാൻ

മേഘങ്ങൾ വായിക്കും ബ്യൂഗിൾ
താളത്തിൽ കടന്നുപോകും
ഒരു ബാൻഡാവുന്നു ആകാശം

കാത്തിരിപ്പ് മനുഷ്യന്റെ ആകൃതിയുള്ള
താക്കോലുകളാണെന്ന് 
അതുപയോഗിച്ച് അവർ തുറന്നുകയറാത്ത ഇടങ്ങളില്ലെന്ന്
കലപിലകൾ കൊണ്ട് 
അഭിപ്രായം മറച്ച് കിളികൾ

ആകാശം നിർമ്മിച്ച 
പക്ഷിയാണ് കാത്തിരിപ്പ് എന്ന് 
അതിലൊരു കിളി

ആകാശത്തിന് എത്താനാവാത്ത
ഉയരങ്ങളിൽ
നീലനിറം കുറച്ച് കൂടിയ ആകാശം 
ആ കിളിയുടെ മാത്രം വായ പൊത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!