Skip to main content

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു" എന്ന് പേരുള്ള പൂച്ചയും ഞാനും

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു" 
എന്ന് പേരുള്ള പൂച്ചയും, 
പിന്നെ ഞാനും..
ഞങ്ങൾ ഒരു കുറുമ്പിലേയ്ക്ക്;
പരസ്പരം മുറിച്ചു കടക്കാനുള്ള
രണ്ടുപേർ മാത്രമുള്ള, 
മത്സരത്തിനു കാത്തു നില്ക്കുന്നു..
ഞാൻ എന്ന് പറയുന്ന ഇടവേളയിൽ;
പൂച്ചയുടെ പുച്ഛം നിറഞ്ഞ തിരിഞ്ഞു നോട്ടത്തിൽ,
പട്ടി എന്ന പദം-
അടങ്ങിയിട്ടില്ല; എന്ന് വിശ്വസിക്കുവാൻ,
ഒരു നിമിഷം ഞാൻ കൂടുതൽ എടുക്കുന്നില്ല..
രണ്ടു പേരെ ഉള്ളു എങ്കിലും;
മത്സര സമയം ആകുവാൻ,
കടന്നു പോകേണ്ട ഓരോ നിമിഷവും,
ഒരു മത്സരാർഥി ആണെന്ന്;
ഒരു യുവ കവിയെ പോലെ ഞാൻ; സങ്കല്പ്പിക്കുന്നുമില്ല...
അതിനിടയിൽ
മുടി അഴിച്ചിട്ടു; എന്റെ മുമ്പിലൂടെ-
കടന്നു പോകുന്ന പെണ്‍കുട്ടിയെ ഞാൻ; നോക്കുന്നുണ്ട്;സമയം പോലെ.. കൂടെ കൂടെ..
അവളോടൊപ്പം പോകുന്ന;
ആണിന്;
എന്നേക്കാൾ സമയം ഉണ്ടല്ലോ,
എന്ന് അതിശയിക്കുന്നുമുണ്ട്..
ആ അതിശയത്തിനിടയിൽ നോക്കുമ്പോൾ;
എന്റെ വാച്ചിൽ നിന്നും-
അവന്റെ വാച്ചിലേയ്ക്ക്;
നടന്നു പോകുന്ന;
രണ്ടു മൂന്നു മണിക്കൂറുകളും;
ഞെട്ടലോടെ കാണുന്നു..
പിന്നെ കണ്ടില്ലെന്നു നടിക്കുവാൻ തീരുമാനിക്കുന്നു!
അതിനിടയിൽ ഞാൻ തള്ളി നീക്കുന്ന,
വിരസ നിമിഷങ്ങളെ;
ആരും കാണാതെ; പൂച്ച-
ഒരു മ്യാവൂ ശബ്ദത്തിൽ,
എന്റെ സമയത്തിൽ തന്നെ,
കൊണ്ടൊട്ടിക്കുന്നുമുണ്ട്..
രണ്ടു പേര് മാത്രം ഉള്ളൂ-
എന്നുള്ളത്കൊണ്ട് തന്നെ;
കാത്തിരിപ്പിൽ ഉടനീളം;
ആംഗലേയ ഭാഷയിലെ-
ക്യൂ എന്ന അക്ഷരം;
കുറച്ചു വില കൂടുതൽ കിട്ടാൻ വേണ്ടി,
ഞാൻ ഒഴിവാക്കുകയാണ്..
അതിനിടയിൽ,
കുറച്ചു വിലയ്ക്ക് വേണ്ടിയല്ലേ-
മനുഷ്യനെന്ന നിലയിൽ
നമ്മളൊക്കെ കഷ്ടപ്പെടുന്നത്?
എന്നുള്ള എന്റെ എഴുത്തിന്റെ ലിപിയിലുള്ള, ആത്മഗതം;
അച്ചടി ഭാഷയിൽ ചോരുന്ന ഒച്ച;
ഞാൻ കേൾക്കുന്നു..
അതിനിടയ്ക്ക് നടക്കുന്ന മത്സരത്തിനെ;
ഒരു സമ്മേളനം,
എന്ന് ആരൊക്കെയോ; തെറ്റിദ്ധരിക്കുന്നുണ്ട്..
അത് അവര്ക്ക്-
ഈ മത്സരത്തെ കുറിച്ച്;
ഒരു ചുക്കും;
അറിയാത്തത് കൊണ്ടാണെന്ന്- സമാധാനപ്പെടുന്നുമുണ്ട്..
ജയിച്ചു കുറുമ്പിൽ എത്തിയാൽ,
ആ കുറുമ്പുകളെ വെറും;
ഉറുമ്പുകൾ ആക്കാം...
മധുരത്തിലെയ്ക്ക് പോലും..
വരി വരിയായി നടത്താം...
എന്നും ഞാൻ വീമ്പു പറയുന്ന പോസ്റ്റർ;
ഒട്ടിച്ചു കഴിഞ്ഞിരിക്കുന്നു!
പൂച്ചയോട് മത്സരിക്കുന്ന,
മനുഷ്യൻ എന്ന നിലയിൽ,
തലയുയർത്തി നിൽക്കുന്നതിനിടയിൽ;
ഞാൻ പങ്കെടുക്കുന്നതിനു മുമ്പ്തന്നെ-
മത്സരം തുടങ്ങുകയാണ്...
എന്റെ തലയ്ക്കു മുകളിലൂടെ,
പൂച്ച ചാടി കടന്നു പോകും;
എന്നുള്ള;
എല്ലാവരുടെയും പ്രതീക്ഷകളെ,
അസ്ഥാനത്താക്കി,
പൂച്ച തന്റെ;
വില തന്നെ കളഞ്ഞുകുളിച്ച്,
എന്റെ കാലിന്റെ ഇടയിലൂടെ-
വിജയം എന്ന് വിളിക്കുവാനാകാത്ത;
ജയത്തിലെയ്ക്ക്; കുറുക്കെ-
നടന്നു കയറുകയാണ്..
മനുഷ്യൻ എന്ന വില,
കളയാനാവാത്തത് കാരണം;
ഞാൻ പങ്കെടുക്കാതെ തന്നെ;
തോറ്റു കൊടുക്കുന്നു..
മനുഷ്യൻ എന്ന വില-
നിലനിർത്തിയെങ്കിലും;
തോറ്റത് കാരണം;
കുറെയേറെ പേര്; അവരുടെ വില കളഞ്ഞു-
എന്നെ പട്ടിയെന്ന് വിളിക്കുന്നു..
തോറ്റെങ്കിലും;
മനുഷ്യനെന്ന നിലയിൽ;
ജയിച്ചത്‌ കാരണം;
ഇനി മത്സരം പട്ടിയോടായിരിക്കും എന്ന് തിരിച്ചറിഞ്ഞു;
കുരയ്ക്കുവാൻ പഠിക്കുവാൻ വയ്യാതെ;
ഞാൻ മത്സരത്തിൽ നിന്ന്; പിൻമാറുന്നു..
തോറ്റു പോയെങ്കിലും;
പങ്കെടുത്തില്ല എന്നുള്ള തെറ്റ് പോലും
എന്റേതല്ല; എന്നുള്ള ദാർഷ്ട്യത്തിൽ-
നാളെ കൂടി നീണ്ടു നിന്നെക്കാവുന്ന;
ഈ മത്സരത്തിന്റെ പന്തൽ;
ഇന്നേ ഞാൻ അഴിച്ചു തുടങ്ങുന്നു...

Comments

  1. ശ്ശോ...ഇവനെക്കൊണ്ട് ഞാന്‍ തോറ്റു എന്ന് പറഞ്ഞ് ഞാന്‍ മടങ്ങുന്നു. ബിംബങ്ങളൊന്നുമങ്ങോട്ട് വിളങ്ങുന്നില്ല

    ReplyDelete
  2. എല്ലാവരുടെയും പ്രതീക്ഷകളെ,
    അസ്ഥാനത്താക്കി,
    പൂച്ച തന്റെ;
    വില തന്നെ കളഞ്ഞുകുളിച്ച്,
    എന്റെ കാലിന്റെ ഇടയിലൂടെ-
    വിജയം എന്ന് വിളിക്കുവാനാകാത്ത;
    ജയത്തിലെയ്ക്ക്; കുറുക്കെ-
    നടന്നു കയറുകയാണ്..

    ReplyDelete

  3. കുറെയേറെ പേര്; അവരുടെ വില കളഞ്ഞു-
    എന്നെ പട്ടിയെന്ന് വിളിക്കുന്നു...
    ഇതെനിക്കും തോന്നാറുണ്ട്...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

എൻ്റെ ഒന്നാമത്തെ ഏകാന്തത അതിൻ്റെ രണ്ടാമത്തെ ഏകാന്തതയോട് തെളിവ് ചോദിക്കുന്നു

എൻ്റെ ഒന്നാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു? ഒന്നുമില്ല, അത് എൻ്റെ രണ്ടാമത്തെ  ഏകാന്തത എന്ത് ചെയ്യുന്നു എന്ന്  എത്തിനോക്കുക മാത്രം ചെയ്യുന്നു രണ്ടും മൂന്നും ഏകാന്തതകൾ ഒന്നും ചെയ്യുന്നില്ല എന്നിട്ടും എൻ്റെ രണ്ടാമത്തെ ഏകാന്തത നിൻ്റെ ഒന്നാമത്തെ ഏകാന്തതയെ അനുഗമിക്കുക മാത്രം ചെയ്യുന്നു അനുകരിക്കുവാനാകാത്ത ഒരേകാന്തത നീ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു എൻ്റെ കാണാതെപോയ ഒരേകാന്തതയേ നിൻ്റെ രണ്ടും മൂന്നും ഏകാന്തതകൾ, അവയുടെ നിഗമനങ്ങൾ,  തിരഞ്ഞ് പോയിട്ടുണ്ടാവണം 2 ഒരു പ്രണയ ഗാനത്തിൽ കമിതാക്കൾ  പ്രണയവും ഗാനവുമായി ഒരകലം വേണുനാഗവള്ളിമുഖമുള്ള ഏകാന്തത പാലിക്കുന്നത് പോലെ നീ എൻ്റെ അനേകം ഏകാന്തതകളുടെ പാലക ഏറ്റവും അവസാനം അനുഭവപെട്ട ഒരേകാന്തത, അതിൻ്റെ ഒരു ശരിപ്പകർപ്പ് എൻ്റെ ഉടൽ കൊണ്ടുനടന്നിരുന്നു കാലവുമായുള്ള അതിൻ്റെ അകലം പ്രണയമാവുന്നു ഒരു പരിമിതിയാവുന്നില്ല ഇരുട്ട്  ഉടലിൻ്റെ സ്‌ക്രീൻഷോട്ട്, സ്വതന്ത്രഏകാന്തത എന്നൊക്കെയുള്ള അതിൻ്റെ വിലയിരുത്തലുകൾ നിലാവുമായി ഇടകലർന്ന് ഉടൽ അതിൻ്റെ പരിധി ലംഘിക്കുന്നത് പോലെ ഇരുട്ടിൻ്റെ പരിമിതികൾ  പരമാവധി ഇട്ടുവെക്കാവുന്ന  ഒന്നാവുകയാവണം ചന്ദ്രൻ ...

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...