രണ്ടുകവിൾ നിശ്ശബ്ദത കുടിയ്ക്കാനെടുക്കുന്ന സമയം
ചുണ്ടുകളുടെ ഘടികാരം
മിണ്ടുക എന്നതിന്റെ നിമിഷസൂചി
ചുംബനം ചുറ്റിവരാനെടുക്കുന്ന
മണിക്കൂർ തലം
ചുണ്ടുകളുടെ ഘടികാരം
തൂക്കിയിട്ടു നടക്കുന്ന
രണ്ടുചുവരുകളാകുന്നു
മുഖങ്ങൾ
മുഖത്തിന്റെ ചുവരും
നഖത്തിന്റെ ജാലകവുമുള്ള
ഒരാൾ
വീടിനകത്ത് കൂടുകൂട്ടിയ
മനുഷ്യൻ
ഉടൽ
സമയത്തിന്റെ നാൽക്കാലികൾ
മുഖമുയർത്തി നോക്കുന്ന
ഇടങ്ങൾ
തണലിനടിയിലെ
ഘടികാരമേ
അതിന്റെ സമയം നട്ടുനനയ്ക്കുന്ന
കറുത്ത സൂചിയേ
പ്രാവിന്റെ നടത്തത്തിന്റെ
പാവയാവുന്ന
തണൽ
ഉടൽ പെൻഡുലങ്ങൾ
മഴ വളർത്തിയിരിക്കുന്നു
തോർന്ന ഇടത്തിന്റെ ഗുഹകളിൽ
പായലിന്റെ ഉടൽ തെന്നി വീഴും നിഴൽ
നടത്തത്തിന്റെ പാവയുള്ള പ്രാവ്
ഘടികാരങ്ങൾ
പെൻഡുലങ്ങൾ
മേയ്ക്കുവാനിറങ്ങുന്ന ഇടങ്ങൾ
ഇടയ്ക്കിടെ ചന്ദ്രൻ
പുറത്തേയ്ക്ക് വരുന്ന
നിലാവിന്റെ ഗുഹ
മരണമെന്ന അവയവം
രാത്രി
പ്രാവിന്റെ നടത്തം
മേയ്ക്കുവാനിറങ്ങുന്ന ഒരിടം
ഉടലാവുന്നു.
ചുണ്ടുകളുടെ ഘടികാരം
ReplyDeleteതൂക്കിയിട്ടു നടക്കുന്ന
രണ്ടുചുവരുകളാകുന്നു മുഖങ്ങൾ ..!