Skip to main content

തീവണ്ടിയുടെ ഫിലിംറോൾ

പുറപ്പെട്ട് പോകുന്ന പകൽ

നീ നൃത്തത്തിന്റെ വേരുള്ള
ഇലയുടെ ഗുഹ്യഭാഗമുള്ള മരം

നീ ജാലകങ്ങൾ മേയുന്ന
തീവണ്ടിയുടെ കാട്
നീ ഓടക്കുഴൽ സുഷിരങ്ങൾ
കൂട്ടിയിട്ട കുന്ന്
നിന്നിൽ മേയുന്നു മീനുകൾ
നിന്നിൽ നിന്നും കുന്നിറങ്ങുന്നു മഴ

എന്തോ കണ്ട് പേടിച്ചിട്ടുണ്ട് നീ

ഭ്രാന്തിന്റെ തകിട് കോർത്ത്
നിന്നിൽ ജപിച്ചുകെട്ടുന്നുണ്ട്
എന്റെ ചുണ്ടുകൾ

നിന്നിൽ ഒഴുകുന്നു
വെള്ളാരം കല്ലുകൾ പിടിയ്ക്കുന്ന പുഴ
നീ ചില്ലകളുടെ ഒഴുക്കുള്ള
കിളികളുടെ കടവുള്ള മരം

നിന്റെ കരയിൽ കുത്തിയിരിക്കുന്നു
ഇലനൊണച്ചിപകൽ

നിന്നിൽ നനയുന്നു ഇലകൾ
അതിന്റെ ഒച്ച തീവണ്ടിയുടെ വാതിലാവുന്നു

വാതിലറിയാതെ
തീവണ്ടി പിൻവലിയ്ക്കുന്ന വേരുകൾ
നിന്നിൽ പിൻകഴുത്തുള്ള പാളങ്ങൾ

നിന്റെ പകൽ പുഴയ്ക്കകം
ഒഴിച്ചുവെച്ചിരിയ്ക്കുന്ന കുപ്പി

അവിടെ വാതിൽ നിർത്തി
മടങ്ങിപ്പോകുന്നതെല്ലാം തീവണ്ടി

മടങ്ങിപ്പോയ തീവണ്ടി
തൊട്ടാവാടിച്ചെടിയാവുകയും
അതിൽ എന്റെ മിടിപ്പുകൾ
വാതിലിന്റെ കൊത്തുപണി ചെയ്ത
ഇലയാവുകയും ചെയ്തേക്കാം

ഇറങ്ങരുത്
ഇറങ്ങുക എന്നാൽ
ഉള്ളുകൊണ്ടുള്ള
മുള്ളാവുകയാണ് അത്

നിന്റെ ഇമകൾ
ഞാനെന്ന തീവണ്ടിയുടെ
പ്ലാറ്റ്ഫോം ആകുന്നതങ്ങിനാവാം

അവിടെ നമ്മൾ
കൊണ്ടുനിർത്തപ്പെട്ട
രണ്ടുതീവണ്ടികുഞ്ഞുങ്ങൾ

നീ
ഇമയുടെ മടിയിൽ കിടക്കുന്ന തീവണ്ടി
ഇടയ്ക്ക് നമ്മൾ
കുമ്പിളിൽ കുത്തിനിർത്തപ്പെട്ട
രണ്ടു തീവണ്ടികൾ
അപ്പോൾ ഒഴുകിവരുന്ന
നാടകഗാനം പോലും മറ്റൊരു തീവണ്ടി.

ഞാനിടയ്ക്ക് നിന്നോട് മിണ്ടാൻ വേണ്ടി
ജീവിതത്തിൽ ചാരി നിർത്തപ്പെട്ട
ഒറ്റപ്പെട്ട തീവണ്ടി.

നീ കണ്ണുകളുടെ എഡിറ്റിംങ് ടേമ്പിൾ

ജീവിതത്തിന്റെ എഡിറ്റിംങ്ങ് ടേമ്പിളിൽ
കിടക്കുമ്പോൾ കെട്ടിപ്പിടിയ്ക്കുന്ന നമ്മൾ

വൈകുന്നേരം നമുക്കരികിൽ
കുട്ടിക്യൂറാ മണമുള്ള
നേരം കുടഞ്ഞിട്ട് തീർന്ന പൗഡർടിൻ

നമ്മൾ
വെട്ടിയൊതുക്കപ്പെടാൻ
നമ്മൾ വെട്ടിയൊട്ടിക്കപ്പെടാൻ
നമ്മൾ വെട്ടിമുറിയ്ക്കപ്പെടാൻ
നമ്മൾ കൊണ്ടുനിർത്തപ്പെടാൻ
നമ്മൾ കൂകിവിളിച്ച് പായാൻ
ചുരുണ്ടുകിടക്കുന്ന
പഴകിയതീവണ്ടികളുടെ
രണ്ടുസ്ഥിരം ഫിലിംറോളുകൾ.

Comments

  1. ഞാനിടയ്ക്ക് നിന്നോട് മിണ്ടാൻ വേണ്ടി
    ജീവിതത്തിൽ ചാരി നിർത്തപ്പെട്ട
    ഒറ്റപ്പെട്ട തീവണ്ടി....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...