Skip to main content

ഉയിരിനെക്കുറിച്ച് ചില തിരുത്തലുകൾ

ഇടയ്ക്കിടെ
കൊണ്ടുകളയുന്ന തെരുവിൽ
രണ്ട് ഇടതുകാലുകളുടേതായിരുന്നു
നടത്തം

പലപ്പോഴും മുടങ്ങിയിരുന്നു
ജീവിതം
ഇടയ്ക്കിടയ്ക്ക് മുടന്തിയിരുന്നു
നടത്തം

തെരുവ് കൊണ്ടുകളയുന്നതിന്
വീട്ടിൽ നിന്നും
അടികിട്ടുന്ന കുട്ടിയായിരുന്നു

നൃത്തം ഭക്ഷിച്ചു ജീവിയ്ക്കുന്ന
മീനുകളോടൊപ്പമാണ്
ഇപ്പം താമസം
ചലനങ്ങൾ മാത്രം
ഇട്ടു കൊടുത്താൽ മതിയായിരുന്നു

എത്ര വേദനിച്ചാലും
സഹതാപങ്ങളിൽ വിശ്വാസമില്ലാത്തവനായിരുന്നു

വേദനിയ്ക്കുമ്പോഴെല്ലാം
അളവില്ലാത്ത സഹതാപം
ഒരു ലോറിനിറയെ
കയറ്റി വരുന്നതിനിടയിൽ
പരിധിയില്ലാതെ മറിഞ്ഞുപോയ
ഇനിയും മറിഞ്ഞുതീരാത്ത ലോറിയിലെ
മരിച്ചുപോയ ഡ്രൈവറായിരുന്നു
എന്റെ ദൈവം..

ഇപ്പോൾ
ദൈവത്തിലും
വിശ്വാസമില്ലാതെയായി

ശലഭങ്ങൾക്ക് മാത്രം കൊണ്ടുവരാൻ
കഴിയുന്ന
വസന്തത്തിന്റെ തരിയില്ലേ?

ഉയിരിന്റെ
എന്ന്
തിരുത്തുവാൻ കഴിയുമോ
എന്ന് നിശ്ശബ്ദമായി
ആരായുക മാത്രമാണ്
ഓരോ ഋതുവിലും
ഞാൻ..

Comments

  1. വേദനിയ്ക്കുമ്പോഴെല്ലാം
    അളവില്ലാത്ത സഹതാപം
    ഒരു ലോറിനിറയെ
    കയറ്റി വരുന്നതിനിടയിൽ
    പരിധിയില്ലാതെ മറിഞ്ഞുപോയ
    ഇനിയും മറിഞ്ഞുതീരാത്ത ലോറിയിലെ
    മരിച്ചുപോയ ഡ്രൈവറായിരുന്നു
    എന്റെ ദൈവം..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...