Skip to main content

സ്ഥലകാലങ്ങളെ കുറിച്ച്

സ്ഥലകാലങ്ങളിൽ
തെറ്റിയ സമനിലകളിൽ

നൃത്തത്തെ ഉമ്മവെച്ച്
നിശ്ചലമാക്കുന്ന
ഇടങ്ങളിൽ
ജീവിച്ചിരിയ്ക്കുവാൻ
ഒരിത്തിരി സ്ഥലം മതി
സ്വയം ഒരു ഭ്രാന്തന്

സ്ഥലം സമയമാക്കുന്ന കലയാണ്

അതുകൊണ്ട്
ഭ്രാന്ത് പലപ്പോഴും
ഒരു തെരഞ്ഞെടുപ്പാവുകയാണ്
പലർക്കും

ഇറക്കി വെയ്ക്കാൻ
കൂടെ കാണും
ആകെ
നോട്ടങ്ങളുടെ ഒരു കെട്ട്

2

ഇവിടെ
ഭ്രാന്ത് ഒരു കവലയാണ്

നിരോധിക്കപ്പെട്ട ഇടത്തേയ്ക്കോ
അനുവദിക്കപ്പെട്ട വലത്തോട്ടൊ
സ്റ്റേറ്റ് എന്ന അവസ്ഥ
നിശ്ചയിച്ചിരിയ്ക്കുന്ന അളവിൽ
അനിയന്ത്രിതമായി തിരിയാനും
നിയന്ത്രിതമായി ചിരിയ്ക്കാനും
ശബ്ദം പുരട്ടി
നിശ്ശബ്ദമായി മാത്രം കരയാനും
അനുവാദമുള്ള ഇടം

എത്രത്തോളം
ഭ്രാന്തനെന്ന വിളിയ്ക്ക്
ഉടമയാണെങ്കിലും

എത്രമാത്രം
ഭ്രാന്തിന്റെ ദൗർബല്യങ്ങൾക്ക്
അടിമയാണെങ്കിലും

ചുറ്റുമാരുമില്ലെന്ന്
ഉറപ്പാക്കേണ്ട കടമ
ഭ്രാന്തന്റെ മാത്രം തോളിൽ

ഇവിടെ ഭ്രാന്ത്
ഉം എന്ന വാക്കും കൂട്ടി മുറുക്കി
വീണ്ടും വീണ്ടും
ഒരാളുടെ കഴുത്തിൽ മാത്രം
ഉച്ചത്തിൽ
മുറുക്കാവുന്ന കുരുക്കാവുന്നു

ഒരു കൂട്ടം ആൾക്കാർക്ക്
വായിൽ ഒരുമിച്ചിട്ട് ചവയ്ക്കാവുന്ന
മുറുക്കാനും

തുപ്പാനുള്ള ഇടം മാത്രം
സാവകാശം എന്ന് പറയാവുന്ന
അവകാശങ്ങൾ കൊണ്ട്
ചിലർക്കുമാത്രം സാധ്യമാവുന്ന
വെറുമൊരു തിരഞ്ഞെടുപ്പ്

പൊതുയിടമാണ്

തെരഞ്ഞെടുപ്പെന്ന്
എടുത്തെഴുതുമ്പോൾ
തിരുത്തുവാനാകുന്നില്ല
ഭ്രാന്തർ
ഭ്രാന്തരാൽ
ഭ്രാന്തരെ

3

ചിലയിടങ്ങൾ
ഒരാൾക്ക് മാത്രം
ഒറ്റയ്ക്ക്
പിൻവലിയ്ക്കാവുന്ന
ഭ്രാന്തിന്റെ എടിഎം കൗണ്ടറുകൾ

അപ്പോൾ
അയാൾ
അയാളുടെ കൂട്ടങ്ങൾ സൃഷ്ടിച്ച്
വരിയുടെ ഒരറ്റത്ത്
കാത്തുനിൽപ്പുകൾ കൂട്ടിവെച്ച്
പലപ്പോഴും ഒന്നേന്നുതുടങ്ങേണ്ടി
ഇഴയലച്ചിലുകളിൽ
അതിശയങ്ങളുടെ
പലയക്ഷര ബിനാലേ

ഒറ്റപ്പെട്ട ഒരാൾ
പലപ്പോഴായി കൂട്ടിവെയ്ക്കാൻ
വിധിയ്ക്കപ്പെട്ട
പൊതുജനകൂട്ടം

ഉണ്ടായിയെന്ന് വരില്ല
എല്ലാ കാത്തുനിൽപ്പുകൾക്കും
തുടക്കവും ഒടുക്കവും

കാത്തുനിൽക്കുമ്പോൾ
കാത്തുനിൽക്കുന്നയാൾ
കാത്തുനിൽപ്പിന്റെ ഇടവേളകളിൽ
കാത്തുനിൽക്കുന്ന ഇടങ്ങളിൽ
കാത്തിരിപ്പിന്റെ തത്തകളെ
പലനിറങ്ങളിൽ വരച്ചും
പാലും പഴവും കൊടുത്ത് വളർത്തിയും
ഒറ്റനിറത്തിൽ കാക്കകളെ
വരച്ച് ഉപേക്ഷിച്ചും
ഇടങ്ങളെ വരയ്ക്കാതെയും
തരിശ്ശായി ഇടാവുന്ന ഇടങ്ങളാവുന്നു

വരച്ചാൽ
അതിന്റെ കറുപ്പ്
കൂട്ടുകയും കുറയ്ക്കുകയും
ചെയ്യുന്നത്
കാക്കയിലെ കാലത്തിന്റെ ഇഷ്ടം
നിറങ്ങളിലെ വരയവശിഷ്ടങ്ങൾ

കാലം ഇവിടെ
കൂട്ടിവെച്ചമരത്തിന്റെ
പലനിറയിലകൾ

എല്ലാ കൂട്ടലുകൾക്കും
കൂട്ടങ്ങളുടെ കുറവുകൾക്കുമിടയിൽ
ഒറ്റപ്പെട്ടവരുടെ കറുത്ത ഉപമകളാവുകയാണ്
കാക്കകൾ

കറുപ്പ്
ഒറ്റപ്പെടാൻ പുരട്ടിയെടുക്കുന്ന
കാലുകളുടെ കുറച്ചുകൊടുക്കലുകളുടെ മാത്രം
നിറമല്ല

ഏറ്റവും ഭാരമുള്ള
നിറമെന്ന നിലയിൽ
കറുപ്പ് പുരട്ടികൊടുക്കില്ലെന്ന്
പറയാനുള്ള ഉറപ്പുമില്ല

കറുത്തജനങ്ങളുടെ
ഒഴുകുന്ന നട്ടെല്ലുകളുടെ
ഇടയിലൂടെ നടന്നുപോകുന്ന
ജനാധിപത്യരാജ്യത്ത്

ഉറപ്പും കറുപ്പുമെല്ലാം
സ്വയം നിറയ്ക്കുന്നതിനിടയിൽ
സ്വയം ഉണ്ടായിപ്പോകുന്നതാവണം
കാക്കകൾ

ഉയരത്തിൽ
ഒരു കൊടിയുടേയും നിറമില്ലാതെ
ഉയർന്നുപറക്കാൻ വേണ്ടി മാത്രം

രക്തമെത്ര പഴകിയാലും
പാഴായിപ്പോയാലും
പാഴായിപ്പോവില്ലായിരിക്കും
കറുപ്പ് കൂട്ടിവെയ്ക്കാൻ
പലപ്പോഴും സ്വയം മറക്കുന്ന
ചുവപ്പ്

എത്തി നോക്കുന്ന
നിറത്തിന് പോലും
നിറം കറുത്തത് കൊടുത്ത്
ശീലിച്ചുപോയതാവണം
കണ്ണുകൾ

ഓരോ കാക്കയ്ക്കിടയിലും
കറുപ്പിലും വെളുപ്പിലും
കാണാവുന്ന
രണ്ടുനിറങ്ങളുടെ കാലങ്ങൾ

മരണത്തിന് മുമ്പുള്ളതും
ജീവിതത്തിന് ശേഷമുള്ളതും

ക്രിയ കർമ്മങ്ങളിൽ കുറച്ചുവെച്ചത്
ഉരുള വെളുപ്പുകളിൽ കൂട്ടിയുരുട്ടിവെച്ചത്

കൈകൊട്ടി
ശബ്ദം കൊണ്ടുണ്ടാക്കിയെടുക്കുന്ന
ആകാശത്തിൽ
എന്നാലും അവസാനം
സമാധാനത്തിന്റെ പേരിൽ
പറക്കുവാനുള്ള അവകാശം
പറത്തിവിടുന്നവരുടെ
കൈകൾക്ക് കീഴിൽ
പറന്നു നല്ല പരിചയമില്ലാത്ത
പ്രാവുകൾക്ക് മാത്രം സ്വന്തം

4

കറുപ്പ് കാലങ്ങളായി കുറഞ്ഞുകഴിഞ്ഞാൽ
ഒഴുകിപ്പോകുന്ന നരയുടെ
ഭാരം സ്വാഭാവികമായി
ചുമക്കുന്നവയാകും പുഴകൾ

പുഴകൾ
പ്രായമാകുന്ന ഗ്രാമത്തിലെ
വയസ്സായ
താമസക്കാരൻ

വറ്റിപ്പോയ
കാലടികളുള്ള
നടക്കുന്ന ഒരു മനുഷ്യൻ

അത്
നോക്കുവാൻ
ആരോരുമില്ലാത്തിടത്തെത്തുമ്പോൾ
ഇരുവശത്തേയ്ക്കും നോക്കി
ഇരുകരയുണ്ടാക്കി
ഒഴുകാൻ തുടങ്ങുന്നു

ഒരു വശത്ത്
കൂട്ടിവെച്ച എല്ലുകൾ
മറുവശത്ത്
എല്ലുകൾ പൊട്ടി ഒഴുകിപ്പോകുന്ന
ശബ്ദം

ശബ്ദത്തിനും
ശരീരത്തിനും
ഇടയിലാണ്
ഒഴുക്ക്

എത്തേണ്ടയിടം വെച്ച്
അപ്പോഴും പുഴ
സ്വയം കത്തിയെരിയുന്ന ഒരു കത്ത്

കൂട്ടിവെച്ചിരുന്ന
ഏതോ കാലത്തെ
മേൽവിലാസങ്ങളുടെ കാട്

ഒഴിച്ചിട്ടതാവണം
തിരക്കിട്ടെഴുതാൻ ഒരിത്തിരി ഇടം

കാലാവസ്ഥകളിൽ
മഴയുടെ ഉറപ്പുള്ള
ജലത്തിന്റെ മുറുക്ക്

ഇപ്പോൾ
വറ്റിപ്പോയ കാറ്റിന്റെ വറ്റൽ
കൊറിച്ചിരിയ്ക്കുന്ന
മറ്റൊരു കടൽ

ചുറ്റും
കാഴ്ച്ചകൾ മുരടിയ്ക്കുന്ന ഒച്ചയാണ്

വരുന്നത്
കറുത്ത നടത്തങ്ങളുടെ നൃത്തം
ഈ ഒച്ചയും കടന്നുപോകുമായിരിയ്ക്കും.....

Comments

  1. ചുറ്റും
    കാഴ്ച്ചകൾ മുരടിയ്ക്കുന്ന ഒച്ചയാണ്

    വരുന്നത്
    കറുത്ത നടത്തങ്ങളുടെ നൃത്തം
    ഈ ഒച്ചയും കടന്നുപോകുമായിരിയ്ക്കും...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

കണ്ണുനീർ പുരാണം

സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ.. സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ "ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ ഏതു അസുരനേയും നിർവീര്യമാക്കുന്ന  ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന അശുവിനെ പശുവാക്കി മാറ്റുന്ന ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ   ഉപ്പുകലര്ന്ന മിട്ടായിയേ ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും