Friday, 28 September 2018

മുറിവിന്റെ അച്ചാർ

കവിതയുടെ മൃഗത്തിനാൽ
ആക്രമിക്കപ്പെടുന്ന വ്യക്തിയാവുന്നു

ഒരു മുരൾച്ച ബാക്കിവെയ്ക്കുവാൻ
കുതറുന്നതിനിടയിൽ
നടന്നുപോകുന്ന ഇടങ്ങളിൽ
ചിതറുന്ന വാക്കുകളാൽ
വിരിഞ്ഞുപോകുന്നു
അതിലും കുറഞ്ഞവാക്കുകളിൽ
വിതറിപ്പോകുന്നു

തുറന്നുവെയ്ക്കുവാൻ
മുറിയുടെ മൂലയിൽ
കടന്നുപോയ തീവണ്ടി

അതിൽ പരതുവാൻ
ജാലകങ്ങളുടെ നിഘണ്ടു
ഓരോതീവണ്ടികൾ കടന്നുപോകുമ്പോഴും
മുറി കുറച്ചുകൂടി ചെറുതാവുന്നു

നീളം കൂടുന്ന പ്ലാറ്റ്ഫോമുകൾ
മുറിച്ചുകടക്കുന്നവരുടെ എണ്ണം
കൂടുന്നു.
ഞാനിപ്പോൾ മുറി മുറിച്ചുകടക്കുന്ന
ഒരാൾ

തൊട്ടുനക്കുവാൻ
മുറി നിറയെ
അച്ചാറിട്ട തീവണ്ടികൾ

അടർത്തിയെടുത്തിട്ടുണ്ട്
കടന്നുപോയ തീവണ്ടിയുടെ
ഒരു ജാലകം

മുറ്റത്ത് നട്ടു വെച്ച ഒരു മുറി

ശൂന്യതയ്ക്ക് പകരം
കിളിർത്തു വരുന്ന ചെടിയേ തൊടുന്നു

വളർത്തുവാൻ നല്ലതാണ്
തോന്നലുകൾ
അവ അവയ്ക്കിഷ്ടപ്പെട്ട
പാടുകൾ പുറത്ത് വളർത്തി
ഉള്ളിൽ മൃഗമായി കിടന്നുറങ്ങുന്നു

ദേശീയത തന്നെ മൃഗമായ രാജ്യമാണ്
അവിടുത്തെ രക്തം കുറഞ്ഞ
പ്രജയാണ്

ഇനി ഉള്ളത്
ചലനത്തിന്റെ
അവസാന കരു എന്ന നിലയിൽ
കുറച്ച് ശ്വാസങ്ങൾ

നീക്കി നീക്കിവെയ്ക്കണം
മരിയ്ക്കുവോളം

മെരുങ്ങുമായിരിയ്ക്കും...

2 comments:

 1. ദേശീയത തന്നെ മൃഗമായ രാജ്യമാണ്
  അവിടുത്തെ രക്തം കുറഞ്ഞ
  പ്രജയാണ്

  ഇനി ഉള്ളത്
  ചലനത്തിന്റെ
  അവസാന കരു എന്ന നിലയിൽ
  കുറച്ച് ശ്വാസങ്ങൾ

  നീക്കി നീക്കിവെയ്ക്കണം
  മരിയ്ക്കുവോളം

  മെരുങ്ങുമായിരിയ്ക്കും...

  ReplyDelete