Skip to main content

രഹസ്യം

ഒരു സായാഹ്നക്കടലാകെ
ഒരു ഉത്സാഹത്തിരയിൽ
പൊതിഞ്ഞെടുത്ത്

ഭൂഗുരുത്വാകർഷണം
മുഴുവൻ പൂക്കളാക്കി
നിന്നടുത്തെയ്ക്ക്
ഓടിയണയുകയാണ് ഞാൻ


നീയോ ഒരു പുഴ വായിച്ചു
അതിൽ നീ വളർത്തുന്ന മീനിനു
കാതിൽ
 കഥപറഞ്ഞു കൊടുക്കുകയാവാം

ഒരു കൊടുങ്കാറ്റു പോലെ
ഞാനെത്തി
ഒരു കുളിര് കാറ്റിലേയ്ക്ക്
വേഷം മാറുന്നതിനിടയിൽ
ഒഴുക്കിനിടയിൽ 
ഒരു കണ്ണുനീർത്തുള്ളി എടുത്ത് വെച്ച് 
പുഴ മടക്കി 
ഉറങ്ങി പോകുന്ന നീ 

നിന്റെ കണ്ണിന്നരികിൽ
നീ തുറന്നു വെച്ചിരിക്കുന്ന
സ്വപ്നങ്ങളുടെ നിഘണ്ടു

മഴവെള്ളം കൊണ്ട് നീ
അടയാളപ്പെടുത്തിയ
പുഴയിലെ ഇഷ്ട ഭാഗങ്ങൾ

നിന്റെ ചുണ്ടുകളിൽ നിന്ന്
ചുംബനം തെറിച്ചു
എപ്പോഴോ നനഞ്ഞു പോയ
പുഴയുടെ പുറംചട്ട

നീ വായിച്ചു നിർത്തിയ
പാതിയിൽ
ബാക്കി ഒഴുകുവാനാകാതെ
ഓളങ്ങൾ ഇളക്കി
ഞാൻ വായിക്കാത്ത
നിന്റെ പുഴ

നീ വായിച്ചതൊക്കെയും
ഞാനറിയാതെ
ഞാൻ പൊതിഞ്ഞു കൊണ്ടുവന്ന കടൽ
പൊതിയഴിച്ചു
കട്ടെടുക്കുന്നതിനിടയിൽ

നിന്റെ മീൻ
ഒരു പിടച്ചിലിൽ
കണ്ടുപിടിക്കുന്നു...

പുഴ 
കടലിലേയെക്കൊഴുകുന്നതിന്റെ
രഹസ്യം!

Comments

  1. എത്ര അനായാസമായാണ് ബിംബകൽപ്പനകൾ പിറവിയെടുക്കുന്നത്... വലിയ വായന ആവശ്യപ്പെടുന്ന കവിത....

    ReplyDelete
  2. പുഴ മടക്കി
    ഉറങ്ങി പോകുന്ന നീ ....
    Super one.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം