Skip to main content

ശലഭശിവൻ

മഴ
ഇറ്റിറ്റു വീഴുന്ന
തുള്ളികൾ ചേർത്ത്
കല്ലുമാലകൾ കോർക്കുകയായിരുന്നു
ജലം

അടയക്കാ നിറങ്ങളിൽ
വെറ്റില ചവച്ചു ചുവന്ന് നിൽക്കുന്ന
തളിരിലകൾ

ജലപാതയിലൂടെ
ഭാരം പേറി
തോണിയായി
നീങ്ങുന്ന മനസ്സ്

പെയ്ത മഴയുടെ
ശീലം പോലെ
ഒഴുകിപ്പോകുന്ന
അതേജലം

കാണാതെ പോയ
നീളം തിരഞ്ഞ്
വീതിയിൽ കലങ്ങിയൊഴുകുന്ന
പുഴകൾ

നിശ്ചലത പച്ചകുത്തിയ പായൽ

ഒളിച്ചു മുഖം നോക്കുന്ന കുളങ്ങൾ

വെള്ളം കുടിച്ച പാടുകളിൽ
തെന്നി വീണു കിടക്കുന്ന
മിന്നൽ

കടലിന്റെ
അരക്കെട്ട് പോലെ
പാതിനഗ്നനത
ഉണക്കിയെടുത്തുടുക്കുന്ന
തിരമാലകൾ

അഗ്നിയുടെ
സുതാര്യത കയറിയിറങ്ങിയ
ചിറകുകൾ
വെറുതെ എടുത്തുടുത്ത് പറക്കുന്ന
തുമ്പികൾ

പൂന്തോട്ടത്തിലേയ്ക്കിറങ്ങും
മുമ്പ്
അച്ചടിച്ച പൂക്കൾ നോക്കുന്ന
ചെടികൾ

അവ പലപല നിറങ്ങളിൽ
പൂക്കുന്ന വായനശാലകൾ

ഒരേസമയം
നൂലും സൂചിയുമായി
വാക്കും പ്രവർത്തിയും കോർക്കുന്ന
തുന്നൽ

നിറയെ നിറങ്ങളിൽ
പൂത്ത് വിടർന്നു നിൽക്കുന്ന
പൂക്കളുടെ മൊട്ട് തിരിഞ്ഞ്
ചെടികളുടെ ഇന്നലെകളിൽ കൂടി
നിലാവിനെ പോലെ
തുളുമ്പുന്ന നമ്മൾ

വസന്തമെഴുതി
തെറ്റിച്ച തെറ്റിന്
വിരിയാത്ത പൂക്കളുടെ
മൊട്ടുകൾക്ക്
കേട്ടെഴുത്തിട്ടു
കൊടുക്കുന്നു, മരിച്ച മനുഷ്യരെ
ആരും കാണാതെ
സമയമാക്കി മാറ്റുന്ന
പൂക്കൾ

അത് കണ്ടെഴുതുന്ന ഘടികാരങ്ങൾ

ഢമരുകം മറിഞ്ഞ്
നിലയില്ലാതെ കാലം
ഒഴുകുന്ന വഴി

അവിടെ വന്ന്
നിലയില്ലാതെ
നിൽക്കുന്ന
സമയം

ഒറ്റ മൊട്ടിനെ നൃത്തം പഠിപ്പിച്ച്
ലോകമായ് വിരിയിച്ച്
നോക്കിന്റെ സർപ്പമില്ലാതെ
വാക്കിന്റെ ഗംഗയാക്കി
അവൻ ....

ശലഭശിവൻ!

(16th April 2016)

Comments

  1. Replies
    1. നന്ദി സ്നേഹം ഹേബി കാണാറേ ഇല്ലല്ലോ

      Delete
  2. എന്‍റെ ശിവനേ...
    ഗംഗാപ്രവാഹംതന്നെ,,,
    ആശംസകള്‍

    ReplyDelete
  3. ജലപാതയിലൂടെ ഭാരം പേറി തോണിയായി
    ശലഭയാനം പോലുള്ള നീങ്ങുന്ന മനസ്സ് ...

    ReplyDelete
    Replies
    1. മുരളി ഭായ് ഏറെ സന്തോഷം സ്നേഹപൂർവം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...