Skip to main content

വെളുത്ത പേരുള്ള നഗരം

വെളുത്ത പേരുള്ള നഗരം
 -------------------
 നേരം ഇരുട്ടിയിട്ടില്ല
ഇതിൽ കൂടുതൽ ഇരുട്ടുമെന്ന്
പ്രതീക്ഷയുമില്ല

നഗരത്തിലെ ഇരുട്ടാണ്‌
ഇരുട്ടില്ലാതെ ഒരു നഗരവുമില്ല
 പകലുപോലും

 ഒഴിവാക്കുവാനാകാത്ത
ബാധ്യതകളുടെ കുറ്റബോധമാണ്
 മനസ്സിൽ

ഒഴിക്കുവാനല്ലെങ്കിലും
അരയിൽ ഒറ്റമണി ജപിച്ചുകെട്ടിയ
ഇരട്ടഉടലുള്ളപെണ്ണിനെ
നിർത്താതെ പൂജിക്കുകയാണ് ഞാൻ

അവൾ ഇടയ്ക്കിടയ്ക്ക്
 ചുമയ്ക്കുന്നുണ്ട്
പൂജമുടക്കുന്നുണ്ട്

അടുത്തുകൂടിനടന്നുപോയ
പൂച്ചയെ
എറിഞ്ഞുടയ്ക്കുന്നുണ്ട്

നാളീകേരം പോലെ ഉരുണ്ടുരുണ്ട്
 പൂച്ച മൂന്നു കണ്ണിൽ
 ഒച്ചവെയ്ക്കുന്നു

 ഓരോ ഒച്ചയും മീനുകൾ ആവുന്നുണ്ട്

പിടിച്ചപ്പോഴേ
 പുറമാകെ അരപ്പ്
 അരച്ച് പുരട്ടിയിട്ടുള്ളത് പോലെ
പിടയ്ക്കുന്നമീനുകൾ

കണ്ണുകൾ പോലും ആരുടെയോ
ചുവന്ന അരപ്പായിരുന്നുവെന്ന്‌
തിരിച്ചറിയുമ്പോൾ
മരണം പോലും പൂർത്തിയാക്കാതെ
 പിടപ്പ് പാതിയിൽ നിർത്തി
കൊതിപ്പിക്കുന്ന മണം
 പുറത്തു വിടുന്ന മീനുകൾ

വെളുത്ത പേരുള്ള നഗരം

പണ്ട് ഭരിച്ചിരുന്ന
മരിച്ചുപോയ രാജാവ്
മഴവില്ല് അനുവദിച്ചുകൊടുത്ത നഗരം

 ആ മഴവില്ല്
 നിലവിൽ വന്നിട്ടില്ല

ആകാശത്തിന്‌ സ്ഥലമില്ലാത്തതാണ്
കാരണം

അതുകൊണ്ട് നിറങ്ങൾ
വീട്ടിലിരിക്കുന്നു

വെളുപ്പ്‌ മാത്രം
പഴഞ്ഞൻ ശൈലിയിൽ
വവുരിട്ടു
മുല്ലപ്പൂ വെച്ച്
ഇരുട്ടുമ്പോൾ പണിയ്ക്ക് പോകും

ചെയ്യുന്ന ജോലിയുടെ പേരാണ്
കറുപ്പ്

അല്ലെങ്കിലും
നഗരത്തിലെ രാത്രിക്ക്
 നിയമസാധുതയില്ല

രാത്രി എല്ലായിടവും
ഇരുട്ടിലൂടെ മാത്രം കടന്നു പോകുന്നു

പോലീസുകാർ പാറാവ്‌ നിൽക്കുന്നു

പകൽ പുറത്തിറങ്ങി
കാഴ്ച നഷ്ടപ്പെട്ടവർ
കണ്ണ് തിരഞ്ഞ് രാത്രി പുറത്തിറങ്ങും

അവർ മൂങ്ങകളെ പോലെ
 ചോദ്യം ചെയ്യപ്പെടും
മൂളലുകൾ പോലെ മൊഴി
രഹസ്യമായി രേഖപ്പെടുത്തപ്പെടും

എന്റെ പൂജ കഴിഞ്ഞിട്ടില്ല
 മണി അഴിഞ്ഞുപോയ പെണ്ണ് 
കാശെണ്ണി നോക്കുന്നു
തുണിയെടുത്തുടുക്കുന്നു

 കറൻസിനോട്ടിൽ
കീശ വെച്ച് പിടിപ്പിച്ച ഭിക്ഷക്കാരൻ
 എന്നെ അവഗണിച്ച്
അവളുടെ നേരെ കൈനീട്ടുന്നു

അവൾ നഗരത്തിലെ
 ഏറ്റവും ഉയർന്നകെട്ടിടത്തിലെ
 അറുപത്തി ഒമ്പതാം നിലയിലെ
 അറുനൂറ്റി തൊണ്ണൂറ്റിരണ്ടാം മുറി
 മുറിച്ച്
അയാളുടെ കൈയ്യിൽ
വെച്ചുകൊടുക്കുന്നു

അവൾ മണിഅഴിഞ്ഞുപോയതറിയാതെ
കാശെണ്ണിവാങ്ങിയതറിയാതെ
നിർത്താതെ
 കിലുങ്ങിക്കൊണ്ടേയിരിക്കുന്നു…

Comments

  1. എനിക്ക് ആ നഗരത്തിൽ പ്രവേശിക്കാനാവുന്നില്ലല്ലോ

    ReplyDelete
  2. വികൃതമായ മോഡേണ്‍ നഗരം.

    ReplyDelete
  3. ഹോ.. എന്തൊരു നഗരം ! ബൈജു...നന്നായിട്ടുണ്ട് ഇഷ്ടം

    ReplyDelete
  4. വെളുവെളുത്ത നഗരം
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്