Skip to main content

ആ ദിവസങ്ങൾ


വിരിച്ച വെയിലിൽ
രാവിലെ മുതൽ
കിടന്നു ഉണങ്ങിപ്പോയ  സൂര്യനെ
എടുത്തു ചാക്കിൽ കെട്ടിവെയ്ക്കുകയാണ്
വൈകുന്നേരത്തെ പോലെ നരച്ച മുറ്റം

കുറച്ചകലെ
കേട്ട പാട്ടിൽ കൈകഴുകി
ഒരു പശുവിലെയ്ക്ക് എണീറ്റ്‌
പൊയ്ക്കൊണ്ടിരിക്കുന്നു  
ചാണകം വെച്ച്
 കളിച്ചു കൊണ്ടിരുന്ന കുട്ടി

വരമ്പിലൂടെ നടന്നു
 അങ്ങ് തെരുവിലേയ്ക്ക്
കയറിക്കഴിഞ്ഞിരുന്നു
കൃഷിചെയ്യാൻ മറന്നു
തരിശുകിടന്ന  പാടം

ഒഴുകുവാനുള്ള വെള്ളമുണ്ടെങ്കിലും
ഇറങ്ങുവാനുള്ള ആഴമേ ഉള്ളൂ
എന്ന് പറഞ്ഞു ശരിക്കും ഓർമയിൽ
കൂടെ നടക്കുകയാണ്
കൂടെ പഠിച്ച പെണ്ണിനെ പോലെ
കെട്ടിയിട്ട തോണിയെ  അഴിച്ചു കളഞ്ഞ പുഴ

കുടിച്ച പാലിന്റെ പാട പോലെ
തൂത്തുകളഞ്ഞിട്ടും പറ്റിപ്പിടിച്ചിരിക്കുകയാണ്
 മധുരത്തിനും പഞ്ചസാരയ്ക്കുമിടയിൽ
വല്ലാതെ പിരിഞ്ഞു പോയ
ആ ദിവസങ്ങൾ....

Comments

  1. ഒഴുകുവാനുള്ള വെള്ളമുണ്ടെങ്കിലും
    ഇറങ്ങുവാനുള്ള ആഴമേ ഉള്ളൂ
    എന്ന് പറഞ്ഞു ശരിക്കും ഓർമയിൽ
    കൂടെ നടക്കുകയാണ്
    കൂടെ പഠിച്ച പെണ്ണിനെ പോലെ
    കെട്ടിയിട്ട തോണിയെ അഴിച്ചു കളഞ്ഞ പുഴ'

    എത്രമാത്രം ഭാവനകളാണ് ഭായിയുടെ
    മനസിലേക്ക് ഓളങ്ങൾ പോലെ ഇങ്ങിനെ വന്ന് കൊണ്ടിരിക്കുന്നത്...!

    ReplyDelete
  2. വാക്കുകളുടെ അടുക്കിവക്കലിലൂടെ പ്രകൃതിയുടെ സൗന്ദര്യവും നേര്‍ക്കാഴ്ചയുടെ പരുപരുത്ത യാഥാര്‍ത്യങ്ങളും പണിതുവച്ച സൃഷ്ടി..

    ReplyDelete
  3. തരിശുപാടങ്ങളൊക്കെ തെരുവ് കയ്യേറുന്നു
    കവിതയൊക്കെ ഭാവന കയ്യേറുന്നു

    ReplyDelete
  4. നല്ല കവിതക്ക് നല്ല നമസ്കാരം

    ReplyDelete
  5. ബിംബങ്ങള്‍ക്കിടയില്‍ക്കിടന്ന് കവിതയ്ക്ക് ശ്വാസം മുട്ടുന്നതായി അനുഭവപ്പെടുന്നു

    ReplyDelete

Post a Comment